ലണ്ടന്‍ : ബ്രെക്സിറ്റ് നടപടിയില്‍ പ്രധാനമന്ത്രി തെരേസാ മേയുടെ പ്രഖ്യാപനം വന്നതിനു പിന്നാലെ ഇടിഞ്ഞ പൗണ്ട് മൂല്യം അപ്രതീക്ഷിതമായി തിരിച്ചു കയറി. പ്രധാന കറന്‍സികള്‍ക്കെതിരെ വലിയ ഇടിവ് തടുരുമെന്നു കരുതിയ സമയത്താണ് തിരിച്ചു കയറ്റം. രൂപക്കും ഡോളറിനുമെതിരെ മൂന്നു പോയിന്റ് നേട്ടം ഉണ്ടായി. യൂറോക്കെതിരെ അഞ്ചു പോയിന്റ് കയറ്റം ആണുണ്ടായത്.
ഈ ആഴ്ച ആദ്യം ബ്രെക്സിറ്റ് നടപടിയില്‍ പ്രധാനമന്ത്രി തെരേസാ മേയുടെ പദ്ധതികള്‍ പുറത്തുവന്നതിനെ തുടര്ന്നു രൂപക്കെതിരെ 81 ലേക്കും ഡോളറിനെതിരെ 1.20 എന്ന നിലയിലേക്കും പൗണ്ട് വീണിരുന്നു. യൂറോക്കെതിരെ മൂന്നു പോയിന്റ് കുറഞ്ഞു 1.13 ആയിരുന്നു ഇതാണിപ്പോള്‍ കയറിയത്. രൂപക്കെതിരെ 84 പിന്നിട്ടു, ഡോളറിനെതിരെ 1.23 , യൂറോക്കെതിരെ 1.15 എന്നിങ്ങനെയാണ് പുതിയ നിരക്ക്. എങ്കിലും ഇത് താല്‍ക്കാലിക പ്രതിഭാസം ആയിരിക്കുമെന്നാണ് വിലയിരുത്തല്‍.
യൂറോപ്യന്‍ യൂണിയന് പുറത്തു വരാനും മറ്റു രാജ്യങ്ങളുമായി വ്യാപാര കരാര്‍ ഉണ്ടാക്കാനും യൂറോപ്യന്‍ കുടിയേറ്റം തടയാനുമുള്ള നടപടികളും ചര്‍ച്ചകളും തുടങ്ങിയതോടെ പൗണ്ടിന് വീണ്ടും ക്ഷീണമായിരുന്നു. രൂപക്കെതിരെ 80 നും താഴെയാകുമെന്ന പ്രചാരണം മലയാളികളെ വിഷമിപ്പിച്ചിരുന്നു.
മാര്‍ച്ച് അവസാനത്തോടെ ആര്‍ട്ടിക്കിള്‍ 50 അനുസരിച്ചുള്ള പ്രക്രിയ ആരംഭിക്കുമെന്ന് ടോറി പാര്‍ട്ടി കോണ്‍ഫറന്‍സില്‍ വച്ച് തെരേസ മേ പ്രഖ്യാപിച്ചിരുന്നു. 2017ന്റെ ആദ്യ ക്വാര്‍ട്ടറില്‍ പൗണ്ട് വില 1.15 ഡോളറായി ഇടിയുമെന്നാണ് ബാങ്ക് ഓഫ് അമേരിക്കയിലെ അനലിസ്റ്റായ മെറില്‍ ലൈന്‍ച് നേരത്തെ പ്രവചിച്ചിത്.
ബ്രക്‌സിറ്റ് ഫലം വന്നതോടെ 31 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്കാണ് പൗണ്ട് ഇടിഞ്ഞത്. യൂറോയുമായുള്ള പൗണ്ട് മൂല്യം ഇടിഞ്ഞു 1.10 ല്‍ വരെ എത്തിയിരുന്നു.