കോട്ടയം: ഏറ്റുമാനൂര്‍ പേരൂരില്‍ മീനച്ചിലാറ്റില്‍ ചാടി യുവ അഭിഭാഷകയും രണ്ട് പിഞ്ചുമക്കളും മരിച്ചു. ഏറ്റുമാനൂര്‍ നീറിക്കാട് തൊണ്ണന്‍മാവുങ്കല്‍ ജിമ്മിയുടെ ഭാര്യ അഡ്വ. ജിസ്മോള്‍ തോമസ് (34), മക്കളായ നേഹ (5), പൊന്നു (2) എന്നിവരാണ് മരിച്ചത്. ഹൈക്കോടതിയിലും പാലായിലും അഭിഭാഷകയായി പ്രവര്‍ത്തിച്ചു വരുകയായിരുന്നു.
മുത്തോലി പഞ്ചായത്ത് മുന്‍ അംഗമായിരുന്ന ജിസ്മോള്‍, 2019-2020 കാലയളവില്‍ പഞ്ചായത്ത് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അയര്‍ക്കുന്നം സ്വദേശിയാണ്. മീനച്ചിലാറ്റില്‍ ഏറ്റുമാനൂര്‍ പുളിക്കുന്ന് കടവില്‍ ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെ ആയിരുന്നു സംഭവം. സ്കൂട്ടറില്‍ മക്കളുമായി എത്തിയ യുവതി മീനച്ചിലാറിന്റെ സംരക്ഷണവേലി കടന്ന് കുട്ടികളുമായി ആഴം കൂടിയ അപകടമേഖലയായ പുളിങ്കുന്ന് കടവിലേക്ക് ഇറങ്ങുകയായിരുന്നു.
ഇവര്‍ ഇറങ്ങിപ്പോകുന്നത് മറ്റാരും കണ്ടിരുന്നില്ല. ഒരു മൃതദേഹം ആറ്റിലൂടെ ഒഴുകിവരുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ ആറ്റില്‍ തിരച്ചില്‍ നടത്തിയപ്പോഴാണ് മൂന്നു പേരെയും കണ്ടെത്തിയത്. അയര്‍ക്കുന്നം ഏറ്റുമാനൂര്‍ സ്റ്റേഷനില്‍ നിന്നുള്ള പൊലീസ് സംഘവും സ്ഥലത്തെത്തി. കുടുംബവഴക്കിനെ തുടര്‍ന്നാണ് ആത്മഹത്യ എന്നാണ് വിവരം.