യുകെയില്‍ ആശുപത്രി ജീവനക്കാര്‍ കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ജീവനക്കാരുടെ ക്ഷാമം വലിയ വെല്ലുവിളി ആയതോടെയാണ് നിലവിലെ ജീവനക്കാര്‍ ദുരിതം അനുഭവിക്കുന്നത്. നിലവിലുള്ള നഴ്‌സുമാരുടെ ജോലിയും സമ്മര്‍ദ്ദത്തിലാണ്.
റോയല്‍ കോളജ് ഓഫ് നഴ്‌സിങ് നടത്തിയ പഠനത്തില്‍ 20000 ലധികം നഴ്‌സുമാര്‍ തങ്ങളുടെ പ്രതിസന്ധികള്‍ വ്യക്തമാക്കി കഴിഞ്ഞു. 66 ശതമാനം പേര്‍ അസുഖമുണ്ടായിരുന്നെങ്കിലും ഡ്യൂട്ടിക്ക് വരേണ്ടിവന്നതായി കണക്കുകള്‍ പറയുന്നു. 2017 ല്‍ 49 ശതമാനമായിരുന്നു. സ്വന്തം ആരോഗ്യനില അവഗണിച്ചാണ് തിരക്ക് കൂടുമ്പോള്‍ നഴ്‌സുമാര്‍ ജീവിക്കുന്നത്.
ആരോഗ്യപ്രശ്‌നങ്ങള്‍ സഹിച്ചാണ് പലരും ജോലി ചെയ്യുന്നത്. സര്‍വേയില്‍ പങ്കെടുത്തവരില്‍ 65 ശതമാനവും സമ്മര്‍ദ്ദമാണ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും പറയുന്നുണ്ട്. കൂടുതല്‍ സമയം ചിലപ്പോള്‍ ജോലി ചെയ്യേണ്ടിവരും. രോഗികളുടെ എണ്ണം കൂടുന്നതോടെ ജോലി സമ്മര്‍ദ്ദവും ഉയരും.
സഹപ്രവര്‍ത്തകരെ പ്രതിസന്ധിയിലാക്കാതിരിക്കാന്‍ പലരും അസുഖമാണെങ്കിലും ജോലിയ്‌ക്കെത്താറുണ്ട്. ഒഴിവുകള്‍ നികത്തപ്പെടുന്നില്ല. കൂടുതല്‍ നഴ്‌സുമാരെ നിയമിക്കലാണ് ഏക പ്രതിവിധിയെന്ന് നഴ്‌സുമാരുടെ സംഘടന വ്യക്തമാക്കുന്നു. എന്നാല്‍ സര്‍ക്കാരോ ട്രസ്റ്റുകളോ സാമ്പത്തിക ബാധ്യതയുടെ പേര് പറഞ്ഞു ഇത് നീട്ടിക്കൊണ്ടുപോവുകയാണ്.