വായ്പാദാതാക്കള്‍ തമ്മിലുള്ള മത്സരത്തിന്റെ ഭാഗമായി ബാര്‍ക്ലേസും മോര്‍ട്ട്‌ഗേജ് നിരക്ക് വെട്ടിക്കുറച്ചു. ഇപ്പോള്‍, 40 ശതമാനം ഡെപ്പോസിറ്റോടു കൂടി, അഞ്ച് വര്‍ഷത്തെ ഫിക്സ് നിരക്കില്‍ വീട് വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ലഭിക്കുന്ന ഏറ്റവും നിരക്കു കുറഞ്ഞ മോര്‍ട്ട്‌ഗേജ് ഡീലാണ് ബാര്‍ക്ലേസ് വാഗ്ദാനം നല്‍കുന്നത്. അഞ്ച് വര്‍ഷത്തെ എല്ലാ ഫിക്സിഡ് ഡീലുകളിലും നിരക്കുകള്‍ കുറച്ചിട്ടുണ്ട്. ചില ഡീലുകള്‍ക്ക് പലിശയിനത്തില്‍ 0.3 ശതമാനത്തിന്റെ വരെ കുറവാണ് അവര്‍ നല്‍കുന്നത്.
40 ശതമാനം ഡെപ്പോസിറ്റുള്ള ഡീലിന്റെ നിരക്ക് 3.98 ശതമാനത്തില്‍ നിന്നും 3.82 ശതമാനമായി കുറച്ചിരിക്കുകയാണ്. നിലവില്‍ വിപണിയില്‍ ലഭ്യമായതില്‍ ഏറ്റവും നിരക്ക് കുറഞ്ഞ ഡീലാണിത്. എന്നാല്‍, ഇതിന് വായ്പയെടുക്കുന്നവര്‍ 899 പൗണ്ട് ഫീസ് നല്‍കേണ്ടതുണ്ട്. 25 ശതമാനം മാത്രം ഡെപ്പോസിറ്റ് നല്‍കാന്‍ കഴിവുള്ളവര്‍ക്ക് നാലു ശതമാനം നിരക്കിലുള്ള അഞ്ച് വര്‍ഷത്തെ ഫിക്സ് ഡീല്‍ പരിഗണിക്കാവുന്നതാണ്.
എച്ച് എസ് ബി സി, സാന്റാന്‍ഡര്‍, ടി എസ് ബി, നാറ്റ്വെസ്റ്റ്, പ്രിന്‍സിപാലിറ്റി ബില്‍ഡിംഗ് സൊസൈറ്റി എന്നിവര്‍ കഴിഞ്ഞയാഴ്ച മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുറച്ചിരുന്നു. എച്ച് എസ് ബി സി, താമസിക്കുന്നതിനായി വീട് വാങ്ങുന്നവര്‍ക്കും വാടകയ്ക്ക് നല്‍കാനായി വീടു വാങ്ങുന്നവര്‍ക്കും നല്‍കുന്ന മോര്‍ട്ട്‌ഗേജില്‍ നിരക്ക് കുറവ് വരുത്തിയിട്ടുണ്ട്. കഴിഞ്ഞ രണ്ടാഴ്ചക്കാലത്തിനിടയില്‍ ഇത് രണ്ടാം തവണയാണ് ഇവര്‍ നിരക്ക് കുറയ്ക്കുന്നത്. കൃത്യമായി എത്ര കുറവ് ഉണ്ടാകുമെന്നത് ബാങ്ക് ഇന്ന് മാത്രമെ പ്രഖ്യാപിക്കുകയുള്ളു. അതേസമയം, റെസിഡെന്‍ഷ്യല്‍ ഫിക്സ്ഡ് നിരക്കുകളില്‍ സാന്റാന്‍ഡര്‍ ഈ മാസം രണ്ടാം തവണയും കുറവ് വരുത്തുകയാണ്. ഇത്തവണ 0.14 ശതമാനം വരെയാണ് കുറവ് വരുത്തുക.
താമസിക്കുന്നതിനായി വീട് വാങ്ങുന്നവര്‍ക്കും, വാടകയ്ക്ക് നല്‍കുന്നതിനായി വീട് വാങ്ങുന്നവര്‍ക്കും അതുപോലെ റീമോര്‍ട്ട്‌ഗേജിംഗിനും 0.15 ശതമാനത്തിന്റെ കുറവാണ് ടി എസ് ബി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രിന്‍സിപ്പാലിറ്റി ബില്‍ഡിംഗ് സൊസൈറ്റി 0.13 ശതമാനത്തിന്റെ കുറവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നാറ്റ്വെസ്റ്റ് ആണെങ്കില്‍, കുറഞ്ഞ നിരക്കിലുള്ള ചില ബൈ ടു ലെറ്റ് മോര്‍ട്ട്‌ഗേജ് ഡീലുകള്‍ കൊണ്ടുവരാനാണ് ശ്രമിക്കുന്നത്.