അടിമുടി മാറ്റവുമായി ബ്രിട്ടിഷ് പാസ്‌പോര്‍ട്ട്: ചാള്‍സ് രാജാവിന്റെ ചിഹ്നം, അപേക്ഷാ ഫീസില്‍ വര്‍ധന
ബ്രിട്ടിഷ് പാസ്പോര്‍ട്ടില്‍ അടിമുടി മാറ്റം വരുന്നു. അഞ്ചുവര്‍ഷത്തിനുശേഷം പാസ്പോര്‍ട്ടിന്റെ നിറവും ഘടനയും മാറി ഡിജിറ്റല്‍ ഫ്രണ്ട്‌ലി പാസ്പോര്‍ട്ടായി ബ്രിട്ടിഷ് പാസ്പോര്‍ട്ടുകള്‍ മാറും. ഈ മാസം ഒന്നുമുതലാണ് ബ്രിട്ടനില്‍ ഇത്തരത്തിലുള്ള പുതിയ പാസ്പോര്‍ട്ടുകള്‍ വിതരണം ചെയ്തു തുടങ്ങിയത്.
ബ്രിട്ടിഷ് പാസ്‌പോര്‍ട്ടിന്റെ രൂപകല്‍പ്പനയില്‍ അഞ്ച് വര്‍ഷത്തിനിടെ ആദ്യമായാണ് ഇത്തരത്തില്‍ ഹോം ഓഫിസ് വലിയ മാറ്റങ്ങള്‍ കൊണ്ടുവരുന്നത് . വിതരണം ചെയ്യുന്ന പുതിയ പാസ്‌പോര്‍ട്ടില്‍ കിംഗ് ചാള്‍സ് മൂന്നാമന്റെ രാജകീയ ചിഹ്നമാണ് (Coat of Arms) ഇടംപിടിക്കുന്നത്.
പാസ്‌പോര്‍ട്ടില്‍ വന്ന പ്രധാന മാറ്റങ്ങള്‍ ഒറ്റനോട്ടത്തില്‍ എളുപ്പത്തില്‍ തിരിച്ചറിയാന്‍ കഴിയാത്തവയാണെങ്കിലും ഇവയെല്ലാം വളരെ പ്രധാനപ്പെട്ടതും ശ്രദ്ധേയവുമായ മാറ്റങ്ങളാണ്. മുന്‍പ് ഉപയോഗിച്ചിരുന്ന എലിസബത്ത് രാജ്ഞിയുടെ രാജകീയ ചിഹ്നത്തിന് പകരം കിങ് ചാള്‍സ് മൂന്നാമന്റെ ചിഹ്നമാണ് ഇനി പാസ്‌പോര്‍ട്ടില്‍ ഉണ്ടാവുക.
ചിഹ്നത്തിലെ കിരീടം കൂടുതല്‍ വൃത്താകൃതിയില്‍, അഥവാ 'ഡോം' ആകൃതിയില്‍ ആയി. 2022-ല്‍ അധികാരമേറ്റ ശേഷം കിങ് ചാള്‍സ് തിരഞ്ഞെടുത്ത ട്യൂഡര്‍ കിരീടത്തിന്റെ (Tudor Crown) മാതൃകയാണിത്. സര്‍ക്കാര്‍ കെട്ടിടങ്ങളിലും തപാല്‍ പെട്ടികളിലും ഉപയോഗിക്കുന്ന അതേ ചിഹ്നം. എലിസബത്ത് രാജ്ഞിയുടെ ഭരണകാലത്ത് 'സെന്റ് എഡ്വേര്‍ഡ്‌സ് കിരീടമാണ്' ഉപയോഗിച്ചിരുന്നത്.
പുതിയ പാസ്‌പോര്‍ട്ടിനെ ഹോം ഓഫീസ് വിശേഷിപ്പിക്കുന്നത് 'ഇതുവരെ നിര്‍മ്മിച്ചതില്‍ വച്ച് ഏറ്റവും സുരക്ഷിതമായ ബ്രിട്ടിഷ് പാസ്‌പോര്‍ട്ട്' എന്നാണ്. വ്യാജരേഖ ചമയ്ക്കുന്നത് തടയാന്‍ അത്യാധുനിക ആന്റി-ഫോന്‍ജറി സാങ്കേതികവിദ്യകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഫോട്ടോ പതിപ്പിച്ച പേജില്‍ പുതിയ ഹോളോഗ്രാഫിക് സുരക്ഷാ സവിശേഷതകള്‍ ചേര്‍ത്തു. അതിര്‍ത്തികളിലെ പരിശോധന എളുപ്പമാക്കാനും വ്യാജമായി നിര്‍മ്മിക്കാനുള്ള സാധ്യത കുറയ്ക്കാനും ഇത് സഹായിക്കും.
പാസ്‌പോര്‍ട്ടിന്റെ അകത്തെ വിസ പേജുകളില്‍ ബ്രിട്ടനിലെ നാല് രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന യുനെസ്കോ സംരക്ഷിത പ്രകൃതിദൃശ്യങ്ങളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി. ബെന്‍ നെവിസ്, ദി ലേക്ക് ഡിസ്ട്രിക്റ്റ്, ത്രീ ക്ലിഫ്‌സ് ബേ, ജയന്റ്‌സ് കോസ്‌വേ എന്നിവയാണിവ. നിലവിലുള്ള പാസ്‌പോര്‍ട്ടുകള്‍ കാലാവധി തീരുന്നത് വരെ പൂര്‍ണ്ണമായും സാധുവായിരിക്കും. ഡിസംബര്‍ മാസം മുതല്‍ അപേക്ഷിക്കുന്നവര്‍ക്ക് പുതിയ രൂപകല്‍പ്പനയിലുള്ള പാസ്‌പോര്‍ട്ടുകള്‍ ലഭിച്ചുതുടങ്ങും.
ഈ വര്‍ഷം ഏപ്രിലില്‍ പാസ്‌പോര്‍ട്ട് അപേക്ഷാ ഫീസ് വര്‍ധിപ്പിച്ചിരുന്നു: ഓണ്‍ലൈന്‍ വഴി (മുതിര്‍ന്നവര്‍): 94.50 പൗണ്ട് , ഓണ്‍ലൈന്‍ വഴി (കുട്ടികള്‍): 61.50 പൗണ്ട് , പേപ്പര്‍ ഫോം വഴി (മുതിര്‍ന്നവര്‍): 107 പൗണ്ട്, പേപ്പര്‍ ഫോം വഴി (കുട്ടികള്‍): 74 പൗണ്ട്, എന്നിങ്ങനെയാണ് പാസ്പോര്‍ട്ട് അപേക്ഷയ്ക്കുള്ള പുതിയ ഫീസ്.