വീക്ഷണം

പോലീസ് ഒരു ഭീകര ജീവിയല്ല; ഇടുക്കിയിലെ കോതമംഗലംകാരന്‍ പൗലോസ്‌ പോലീസുതന്നെ ഇംഗ്ലണ്ടില്‍ കണ്ട പോലീസ്‌

പോലീസ് എന്നു കേട്ടാല്‍ മനസില്‍ ഓടി വരുന്നത് ഒരുതരം ഭയവും ഭീകരതയും ആണ്. കക്കയം ക്യാമ്പില്‍ ഉരുട്ടി കൊന്ന രാജനും മുരളിയും കണ്ണനും ഒക്കെ ഇന്നലകളില്‍ നമ്മുടെ കണ്മുന്‍പില്‍ കൂടി ആണ് കടന്നു പോയത്. വികസിച്ച രാജ്യങ്ങളില്‍ പോലും ഇന്നും കസ്റ്റഡി മരണങ്ങള്‍ പൂര്‍ണ്ണമായി ഇല്ലായ്മ ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. ഇതൊക്കെയാണ് സാധാരണ മനുഷ്യരുടെ മുന്‍പില്‍ പോലീസിന്റെ മുഖം. എന്നാല്‍ എനിക്ക് ഇടുക്കിയിലെ ഒരു പോലീസുകാരന്റെ ഭാഗത്തുനിന്നും 32 വര്‍ഷംമുന്‍പ് ലഭിച്ച ഒരനുഭവം ഇന്നും ഒരു നല്ല ഓര്‍മയായി കടന്നു വരാറുണ്ട് .

കടുത്ത കഷ്ടപ്പാടുകളുടെ ഒരുകാലം. അന്ന് തടിയംപാട് ടൌണില്‍ നില്‍ക്കുമ്പോള്‍ ഒരു പോലീസുകാരന്‍ എന്നെ അറസ്റ്റ് ചെയ്യാന്‍ വന്നു. കാരണം ഞാന്‍ ഡ്രൈവിംഗ് ലൈസന്‍സ് ഇല്ലാതെ വണ്ടി ഓടിച്ചു. അതിനു കോടതിയില്‍ നിന്നും വന്ന സമന്‍സിനു സമയത്തിനു കോടതിയില്‍ ഹാജരായില്ല. അതുകൊണ്ടാണ് അറസ്റ്റ് വാറണ്ട് ഉണ്ടായത്.
എന്ത് കൊണ്ട് സമന്‍സിനു ഹാജരായില്ല എന്ന ചോദ്യത്തിനു 'സാറെ ഹാജരായാല്‍ എന്‍റെ കൈയില്‍ പിഴ അടക്കാന്‍ ഉള്ള 45 രൂപ ഇല്ലാത്തത് കൊണ്ടാണ് , അതുകൂടാതെ അന്ന് തൊടുപുഴയില്‍ ആണ് കോടതി അവിടെ വരെപോകാന്‍ ബസ്‌ കൂലിയും വേണം അതില്ലാതിരുന്നത് കൊണ്ടാണ് ഞാന്‍ കോടതില്‍ ഹജരാകാതിരുന്നത്' എന്നു ഞാന്‍ മറുപടി പറഞ്ഞു.

മറുപടി കേട്ട പോലീസുകാരന്‍ ചോദിച്ചു, നിന്റെ കൈയില്‍ എന്നു പണം ഉണ്ടാകും? ഞാന്‍ പറഞ്ഞു അടുത്ത ആഴ്ച എങ്ങനെ എങ്കിലും ഉണ്ടാക്കാം. അതിന്റെ കൂടെ ഞാന്‍ പറഞ്ഞു. സാര്‍ എന്നെ അറസ്റ്റ് ചെയ്താലും കോടതില്‍ ഹാജരാക്കപ്പെട്ടു ജയിലില്‍ പോകാനെ എനിക്ക് കഴിയു. കാരണം പിഴ അടക്കാന്‍ എനിക്ക് നിവര്‍ത്തിയില്ല. ഇതു കേട്ട പോലീസുകാരന്‍ പറഞ്ഞു, നീ അടുത്ത ബുധനാഴ്ച പണവും ആയി പോലീസ് സ്റ്റേഷനില്‍ വരിക. അവിടെ നിന്നും നമുക്ക് തൊടുപുഴയില്‍ പോയി കോടതിയില്‍ ഹാജരാക്കാം. അങ്ങനെ എന്നെ അറസ്റ്റ് ചെയ്യാതെ ആ പോലീസുകാരന്‍ പോയി .

പക്ഷെ അടുത്ത ബുധനാഴ്ചയും പണം ഉണ്ടായില്ല. പിന്നെയും പോലീസുകാരന്‍ വന്നു. ഞാന്‍ പറഞ്ഞു, 'സാറെ ക്ഷമിക്കണം എന്റെ കൈയില്‍ പണം ഉണ്ടാകാത്തത് കൊണ്ടാണ് ഞാന്‍ വരാത്തത്. അതുകൊണ്ട് അടുത്ത ബുധനാഴ്ച ഞാന്‍ പണം കൊണ്ട് വന്നു ഹാജരായികൊള്ളാം'. അദ്ദേഹം അത് കേട്ട് പിന്നെയും പോയി. ആ ബുധനഴ്ച ഞാന്‍ പണം ഉണ്ടാക്കി പോലീസ് സ്റ്റേഷനില്‍ ചെന്നു. അദ്ദേഹം എന്റെ അറസ്റ്റ് രേഖപ്പെടുത്തി തൊടുപുഴ കോടതിയില്‍ കൊണ്ടുപോയി. കോടതി എന്നോട് ചോദിച്ചു, എന്തുകൊണ്ട് സമന്‍സിനു ഹാജരായില്ല ? പിഴ അടക്കാന്‍ പണം ഇല്ലാത്തത് കൊണ്ടാണ് എന്ന് ഞാന്‍ പറഞ്ഞു. 45 രൂപ ശിക്ഷ വിധിച്ചു. ഞാന്‍ അത് അടച്ചു തിരിച്ചു പോന്നു. ചെറുതോണിയില്‍ ബസ്‌ ഇറങ്ങിയ ഞാന്‍ കൈയില്‍ ബാക്കി ഉണ്ടായിരുന്ന 15 രൂപ ആ പോലീസുകാരന് വച്ച് നീട്ടി. അദ്ദേഹം തനിക്ക് വേണ്ട എന്നു പറഞ്ഞു. എനിക്ക് ഒരു നാരങ്ങവെള്ളവും മേടിച്ചു തന്നു പിരിഞ്ഞു. ആ മാന്യന്‍ ആയ പോലീസ്കാരന്റെ പേര് പൗലോസ്‌ എന്നായിരുന്നു. അദ്ദേഹത്തിന്റെ വീടു കോതമംഗലം ആണ് എന്നു ഞാന്‍ പിന്നിട് മനസിലാക്കി.

നിയമം പഠിക്കുമ്പോള്‍ പഠിക്കുന്ന ഒരു ആപ്ത വാക്യമുണ്ട്. Fiat justitia ruat caelum . ഈ റോമന്‍ വാക്കിന്റെ അര്‍ഥം 'സ്വര്‍ഗം ഇടിഞ്ഞു വീണാലും നിയമം നടപ്പില്‍ ആകണം' എന്നാണ്. ഇവിടെ ആ പോലീസ്കാരന്‍ നിയമം നടപ്പില്‍ ആക്കാന്‍ ശ്രമിച്ചാല്‍ എന്നെ കണ്ടപ്പോള്‍ തന്നെ അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കി ശിക്ഷിച്ചു ജയിലില്‍ വിടണം. പക്ഷെ എന്‍റെ അവസ്ഥ തിരിച്ചറിഞ്ഞു നിയമം മനുഷ്യത്വപരമായി നടത്തി. അദ്ദേഹം നിയമത്തിനു മനുഷ്യ മുഖം നല്‍കി. അന്ന് അദ്ദേഹം എന്നെ അറസ്റ്റ് ചെയ്തു ശിക്ഷ വാങ്ങി ജയിലില്‍ വിട്ടാല്‍ അതിലൂടെ ഭാവിയില്‍ ഒരു ക്രിമിനലിനെ സൃഷ്ടിക്കാനെ ചിലപ്പോള്‍ കഴിയുമയിരുന്നോള്ളു.
ഞാന്‍ കുറെ വര്‍ഷങ്ങള്‍ക്കു ശേഷം ആ പോലീസുകാരനെ കണ്ടു. അന്ന് ഞാന്‍ കുറെ വണ്ടികളുടെ ഉടമസ്ഥാന്‍. അതുകൂടാതെ വണ്ടികളുടെ കച്ചവടം, ഡ്രൈവിംഗ് സ്കൂള്‍, പുല്ലു വീടു മാറ്റി വാര്‍ക്ക വീടു പണിതു. അങ്ങനെ സാമ്പത്തികമായി ഒരുവിധം നല്ലനിലയില്‍ ആയിരുന്നു. ഞാന്‍ കണ്ട നിമിഷം തന്നെ ഓടിച്ചെന്നു ചോദിച്ചു.

'സാര്‍ എന്നെ ഓര്‍ക്കുന്നുണ്ടോ ?' അദ്ദേഹം പറഞ്ഞു ഓര്‍ക്കുന്നുണ്ട്.
ഞാന്‍ പറഞ്ഞു. സാറെ എന്‍റെന്റെ കഷ്ടപ്പാടുകളുടെ കാലം കഴിഞ്ഞു. ഞാന്‍ സാമ്പത്തികമായി കുഴപ്പം ഇല്ലാത്ത അവസ്ഥയിലാണ്, ഞാന്‍ സാറിന് വേണ്ടി എന്തെങ്കിലും ചെയ്യേട്ടെ? അദേഹം പറഞ്ഞു. ഒന്നും വേണ്ട ഈ സ്നേഹം മാത്രം മതി. ഇന്നും എന്റെ പഴയ ഓര്‍മ്മയുടെ ഭാണ്ഡം തുറക്കുമ്പോള്‍ അതില്‍ നിന്നും പവിഴ മുത്തുകള്‍ പോലെ ആ പോലീസുകാരന്‍ ജ്വലിക്കുന്നത് ഞാന്‍ കണ്ണിരോടെ കാണാറുണ്ട്.

ഇംഗ്ലണ്ടിലെ പോലീസ് ആണ് ലോകത്തിലെ ഏറ്റവും നല്ല പോലീസ് എന്നു ഞാന്‍ വായിച്ചിട്ടുണ്ടായിരുന്നു. പന്ത്രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് വന്നപ്പോള്‍ ജോലിക്ക് പോയിട്ട് ബെര്‍ക്കിന്‍ഹെഡില്‍ ഉള്ള ഒരു പെട്രോള്‍ സ്റ്റേഷനില്‍ നിന്നും പെട്രോള്‍ നിറച്ചിട്ട്‌ പുറത്തേക്കു ഇറങ്ങിയപ്പോള്‍ ഒരു പോലീസ് കാര്‍ പാഞ്ഞു വന്നു വളരെ ശക്തമായി നീല ലൈറ്റ് അടിച്ചു. ഞാന്‍ വളരെ സ്ലോവില്‍ മുന്‍പോട്ടു പോയി. വീണ്ടും പോലിസ് ലൈറ്റ് അടിച്ചുകൊണ്ടിരുന്നു. ഞാന്‍ നിര്‍ത്താതെ പതിയെ മുന്‍പോട്ടു പോയ്കൊണ്ടിരുന്നു. അവസാനം പോലീസ് എന്നെ ഓവര്‍ ടേക്ക് ചെയ്തു കാര്‍ നിര്‍ത്താന്‍ ആജ്ഞാപിച്ചു. ഞാന്‍ കാര്‍ നിര്‍ത്തി ഇറങ്ങാന്‍ ശ്രമിച്ചപ്പോള്‍ കാറില്‍ ഇരിക്കാന്‍ പറഞ്ഞു. അടുത്ത് വന്ന പോലീസുകാരന്‍ അദ്ദേഹത്തിന്റെ പേര് പറഞ്ഞു. എന്നിട്ട് പുറത്തിറങ്ങാന്‍ പറഞ്ഞു


ആദ്യത്തെ ചോദ്യം നീ എത്രകാലം ആയി ഈ രാജ്യത്ത് വന്നിട്ട്? ഞാന്‍ പറഞ്ഞു ഒരു മാസം. ഇംഗ്ലീഷ് അറിയാമോ? എനിക്ക് മനസിലാകും , നിനക്ക് ലൈസന്‍സ് ഉണ്ടോ? ഇല്ല, ഇന്റര്‍ നാഷണല്‍ പെര്‍മിറ്റ്‌ ഉണ്ട്. എന്തുകൊണ്ട് നീല ലൈറ്റ് കണ്ടിട്ട് വണ്ടി നിര്‍ത്തിയില്ല? എനിക്ക് അറിയില്ലായിരുന്നു. പോലീസുകാരന്‍ വിശദമായി പറഞ്ഞു തന്നു. പോലീസ് ബ്ലു ലൈറ്റ് അടിച്ചാല്‍ അപ്പോള്‍ തന്നെ ലെഫ്റ്റ് സിഗ്നല്‍ ഇടണം അതിന്‍റെ അര്‍ഥം പോലീസ് നിര്‍ദേശം അനുസരിച്ചു എന്നാണ്. പിന്നിട് പാര്‍ക്ക്‌ ചെയ്യാവുന്ന സ്ഥലം കണ്ടു പിടിച്ചു പാര്‍ക്ക്‌ ചെയ്യണം. അതിനു ശേഷം കാറില്‍ തന്നെ ഇരിക്കണം. ഇതെല്ലാം പറഞ്ഞു തന്ന ശേഷം ഇനി ആവര്‍ത്തിക്കരുത് എന്നു പറഞ്ഞു അദ്ദേഹം പോയി..ലൈറ്റ് ഇാതെ കാര്‍ ഓടിച്ചതിനാണ് പോലീസ് പിടിച്ചത്.


അവരുടെ വളരെ മനോഹരമായ പെരുമാറ്റം കണ്ടു ഞാന്‍ ചിഫ് കോണ്‍സ്റ്റബിളിനു കത്തെഴുതി. എനിക്ക് ഒരു ഓഫീസറും ആയി സംസാരിക്കാന്‍ ഒരു അവസരം തരണം. ഒരു പോലീസ് സ്റ്റേഷന്‍ കാണാനും അനുവദിക്കണം- ഇതായിരുന്നു ആവശ്യം. അതിന്‍റെ അടിസ്ഥാനത്തില്‍ ലിവര്‍പൂള്‍ സിറ്റി പോലീസ് സൂപ്പ്രണ്ടും ആയി എനിക്ക് ഇന്റര്‍വ്യൂ നടത്താനും അത് കേരളത്തിലെ പത്രത്തില്‍ പ്രസിദ്ധികരിക്കാന്‍ കഴിയുകയും ചെയ്തു. അങ്ങനെ പിന്നീട് പല പ്രാവശ്യം പോലീസിനെ അഭിമുഖികരിച്ചപ്പോഴും ഇവിടെ കണ്ടത് നാട്ടില്‍ കണ്ട പഴയ പൗലോസ്‌ പോലീസിനെയാണ് .

(ഫോട്ടോ- ലിവര്‍പൂള്‍ പോലീസ് സൂപ്പ്രണ്ട് പീറ്റര്‍ എഡ് ജിനോടൊപ്പം ലേഖകന്‍ )

 • കാണപ്പെട്ട ദൈവങ്ങളെ മാറ്റി നിര്‍ത്തി കാണാത്ത ദൈവങ്ങള്‍ക്ക് പിന്നാലെ പായുന്നവര്‍ ...
 • ഇന്ത്യയിലെ നോട്ടു നിരോധനം ബാക്കിവച്ചത്...
 • എന്താണ് ഈ മലയാളികള്‍ ഇങ്ങനെ!
 • വിവാഹം - തലമുറകളിലൂടെ മാറുന്ന സങ്കല്‍പ്പങ്ങള്‍
 • ലിവര്‍പൂളിലെ ആന്റോ ജോസിന്റെ പിതാവ് ജോസ് വര്‍ഗിസ് എഴുതിയ 'ഒരു കുടിയേറ്റക്കാരന്റെ ഓര്‍മ്മകുറിപ്പുകള്‍ ' ഒരവലോകനം
 • താര ദൈവങ്ങളെ ഇനി നമുക്ക് ഭൂമിയിലേക്ക് ഇറക്കിവയ്ക്കാം
 • പേടിക്കണം ബ്ലൂവെയില്‍ എന്ന മരണക്കളിയെ ...
 • ഈ വാട്സാപ്പ് സന്ദേശം ഉണ്ടാക്കിയ രാജ്യസ്നേഹിക്കു സലൂട്ട്
 • കേരളത്തിലേത് ആതുരാലയങ്ങളോ അറവു ശാലകളോ!
 • 2039ല്‍ കോട്ടയത്ത് നിന്ന് ന്യൂയോര്‍ക്കിലേക്കുള്ള ആകാശയാത്രയില്‍ കണ്ട കാഴ്ചകള്‍ ..
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway