വീക്ഷണം

ശ്രീനാരായണഗുരുവും എന്റെ ലോറിയും.......

ശ്രീ നാരായണ ഗുരുദേവനും എസ്എന്‍ഡിപി യോഗവും വെള്ളാപ്പള്ളി നടേശനും, എല്ലാം ഇന്നു വാര്‍ത്താ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന കാലമാണല്ലോ, എന്താണെങ്കിലും ഇത്തരം ചര്‍ച്ചകളില്‍ കൂടി ഗുരുദേവന്‍ എന്തായിരുന്നു എന്നു പുതിയ തലമുറയ്ക്ക് പഠിക്കാന്‍ ഉപഹരിക്കും എന്നതില്‍ സംശയമില്ല. എന്നാല്‍ ഇത്തരം ഒരു എഴുത്തിന് പ്രേരിപ്പിച്ചത് ദിവസങ്ങള്‍ക്കു മുന്‍പ് മാതൃഭൂമി ചാനലില്‍ കണ്ട ഒരു ചര്‍ച്ചയാണ്. ചര്‍ച്ചയില്‍ ഗുരുദേവന്‍ കേരളത്തിന്റെ മുഴുവന്‍ നവോത്ഥാന നായകന്‍ ആണെന്ന് ആ ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ പറഞ്ഞപ്പോള്‍ അങ്ങനെയല്ല എന്നു മന്‍മഥന്‍ എന്ന ഒരു എസ്എന്‍ഡിപി നേതാവ് പറഞ്ഞു. അങ്ങനെയെങ്കില്‍ ഏതെങ്കിലും ഒരു ക്രിസ്ത്യാനിയോ മുസ്ലിമോ ഗുരുദേവന്റെ ഒരു ഫോട്ടോ അവരുടെ വീട്ടില്‍ വയ്ക്കാറുണ്ടോ, അത് ചെയ്യുന്നത് ഈഴവര്‍ മാത്രമല്ലേ ഉള്ളു എന്ന് അദ്ദേഹം ന്യായീകരണം നിരത്തുന്നു.

എന്നാല്‍ അദ്ദേഹത്തിന് തെറ്റ് പറ്റി എന്നു പറയാന്‍ എനിക്ക് കഴിയും. ഞാന്‍ നാട്ടില്‍ ആയിരുന്നപ്പോള്‍ ഗുരുദേവന്റെയും, ഭഗവാന്‍ ശ്രീകൃഷ്ണന്‍ അര്‍ജുനനും ഒപ്പം തേരില്‍ നില്‍ക്കുന്ന പടവും, അതോടൊപ്പം ക്രിസ്തുവിന്റെ ഫോട്ടോയും മുറിയില്‍ സൂക്ഷിച്ചിരുന്നു. അത് മാത്രമല്ല ജീവിതത്തില്‍ ആദ്യമായി എന്നില്‍ കുടികൊണ്ട ഒരു ആഗ്രഹം എന്നെങ്കിലും ഒരു പുതിയ ലോറി വാങ്ങുക എന്നതായിരുന്നു. അതിനു കാരണം എന്നത് ആദ്യമായി തടിയംപാട് എന്ന എന്റെ ഗ്രാമത്തില്‍ ലോറി വാങ്ങിയത് സ്കറിയ ചേട്ടന്‍ എന്ന മലഞ്ചരക്ക് കച്ചവടക്കാരന്‍ ആയിരുന്നു, അത് 1980 കളുടെ തുടക്കത്തില്‍ ആയിരുന്നു. മനോജ്‌ എന്നായിരുന്നു ആ ലോറിയുടെ പേര്‍ . രാത്രിയില്‍ ആണ് ലോറി തടിയംപാട് ആദ്യമായി എത്തുന്നത്‌. അന്ന് ആ പ്രദേശത്തെ മുഴുവന്‍ ആളുകളും ആ ലോറി കാണുന്നതിനു വേണ്ടി തടിയംപാട് കൂടിയിരുന്നു. ഞാനും അതില്‍ ഒരാളായിരുന്നു. അന്ന് വളരെ പയ്യന്‍ ആയിരുന്ന എന്റെ മനസില്‍ ഒരു ലോറി വാങ്ങുന്നത് വലിയ ഒരു കാര്യമായി തോന്നി. പിന്നീട് 80 കളുടെ മധ്യത്തില്‍ ഇസ്മയില്‍ അണ്ണന്‍ എന്ന മലഞ്ചരക്ക് കച്ചവടക്കാരനും ഒരു ലോറി വാങ്ങി. അതും വരുന്നത് കാണാന്‍ തടിയംപാട് രാത്രിയില്‍ ആളുകള്‍ കൂടി. ഞാനും അതില്‍ ഒരാളായിരുന്നു. ആ ലോറിയുടെ പേര് ബഷീര്‍ എന്നായിരുന്നു. അന്ന് ഞാന്‍ മനസില്‍ തീരുമാനിച്ചു എനിക്കും എന്നെങ്കിലും ഒരു ലോറി വാങ്ങണം എന്ന്. ഇതു ചിന്തിക്കുന്ന കാലത്ത് ഒരു നല്ല ഷര്‍ട്ട്‌ മേടിക്കാന്‍ കഴിയാത്ത കാലം ആയിരുന്നു എന്നതായിരുന്നു വസ്തുത .
1996 ല്‍ എന്റെ സ്വപ്നം സാക്ഷാല്‍ക്കരിച്ചു. ഞാന്‍ തൊടുപുഴയില്‍ പുതിയ ചെയിസ് എടുത്തു ബോഡി കെട്ടി വണ്ടി വില്‍ക്കുന്ന ഗുരുദേവന്‍ ഭാസ്കരന്‍ എന്ന ആളിന്റെ അടുത്തുനിന്നും ആയിരുന്നു ലോറി വാങ്ങിയത്. അന്ന് അദേഹം ബോഡി കെട്ടി വില്‍ക്കുന്ന എല്ലാ വണ്ടിയിലും ഗുരുദേവന്‍ എന്നു പേര് എഴുതി ആണ് വിലപ്പനക്ക് ഇടുന്നത്. ഗുരുദേവന്‍ മായിച്ചു വാങ്ങുന്ന ആളിന് ഇഷ്ടമുള്ള പേര് എഴുതി കൊടുക്കുകയായിരുന്നു പതിവ്. കച്ചവടം ഉറപ്പിച്ചു. പണംകൊടുത്തു കഴിഞ്ഞപ്പോള്‍ എന്ത് പേരാണ് എഴുതേണ്ടത് എന്നു ഭാസ്ക്കരന്‍ ചേട്ടന്‍ ചോദിച്ചു. ഞാന്‍ എന്റെ വീട്ടുപേര്‍ എഴുതാന്‍ ആണ് ഉദേശിച്ചിരുന്നത്. എന്നാല്‍ ഞാന്‍ മാറിനിന്ന് ആലോചിച്ചിട്ട് ഗുരുദേവന്‍ മയിക്കേണ്ട എന്നു പറഞ്ഞു. അതിനു അന്ന് എന്നെ പ്രേരിപ്പിച്ചത് എന്‍റെ വീട്ടുപേര്‍ എഴുതാന്‍ ഗുരുദേവനെ മായിക്കണമെല്ലോ എന്നായിരുന്നു. മാത്രമല്ല, ഗുരുദേവനേക്കാള്‍ മഹത്വം എന്റെ വീട്ടുപേരിനില്ല എന്നുള്ള തിരിച്ചറിവാണ് അങ്ങനെ ചെയ്യാന്‍ എന്നെ പ്രേരിപ്പിചത്. പിന്നീട് 2003 ല്‍ ഇംഗ്ലണ്ടിലേക്ക് പോരുന്നതിനു മുന്‍പ് ലോറി വിറ്റു. എന്റെ കൈവശം ഇരുന്ന കാലം മുഴുവന്‍ ഗുരുദേവന്‍ എന്ന പേരില്‍ ആണ് ലോറി ഓടിയിരുന്നത്.
അതിനാല്‍ ഇത്തരം ചിന്തകള്‍ ഉള്ള ധാരാളം ആളുകള്‍ മറ്റു സമൂദായത്തില്‍ ഉണ്ട് എന്നു മന്‍മഥനെ പോലുള്ള നേതാക്കള്‍ അറിയണം എന്നാണ് അഭൃര്‍ഥിക്കാന്‍ ഉള്ളത് .
കൃഷി , കച്ചവടം, കൈതൊഴില്‍ ഇവ അഭിവൃദ്ധിപ്പെടുത്തുന്നതിനെപ്പറ്റിയും, മിതവ്യയത്തെപ്പറ്റിയും പ്രസംഗിക്കുക, വിദ്യകൊണ്ട് സ്വതന്ത്രരാവുക , ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷിന് , ആയിത്തോച്ചാടനം, ഇരുട്ടടച്ച വവ്വാലിന്റെ നാറ്റമുള്ള ക്ഷേത്രങ്ങള്‍കൊണ്ട് എന്തു പ്രയോജനം... ഇതൊക്കെ ഗുരുദേവന്‍ പറഞ്ഞത് ഈഴവര്‍ക്ക് മാത്രം വേണ്ടി ആയിരുന്നോ? വൈക്കത്ത്‌ അദ്ദേഹം സ്ഥാപിച്ച കണ്ണാടിയും അരുവിപ്പുറത്ത് സ്ഥാപിച്ച ഈഴവ ശിവനും എങ്ങനെ ഈഴവരുടെ മാത്രം ആകും? അദ്ദേഹം ഉണ്ടാക്കിയ സാമൂഹിക പരിഷ്ക്കരണത്തിന്റെ ഗുണം കേരളം ഒട്ടാകെ ആണ് അനുഭവിച്ചത്. അത്തരം സാമൂഹിക മാറ്റങ്ങള്‍ക്ക് വേണ്ടി ശ്രമിച്ച ക്രിസ്തുവും ഗാന്ധിജിയും, മാര്‍ട്ടിന്‍ ലൂതര്‍കിംഗും , മാര്‍ട്ടിന്‍ ലൂതറും , ശ്രീനാരായണ ഗുരും എല്ലാം ലോക സമൂഹത്തിന്റെ പൊതുസ്വത്താണ്. അത് ഒരു വിഭാഗത്തിന്റെതു മാത്രമായി പരിമിതപ്പെടുത്താന്‍ ശ്രമിക്കുന്നത് അവരോട് ചെയ്യുന്ന അനീതിമാത്രമായേ കാണാന്‍ കഴിയു.

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ആദ്യഘട്ടത്തില്‍ പോലും ഒരു ക്രിസ്ത്യാനികള്‍ ഒരു നല്ല ജോലിയില്‍ എത്തിയതായി കാണാന്‍ കഴിയില്ല . കാരണം രാജഭരണം നിലനിന്ന കാലത്ത് മുഴുവന്‍ സര്‍ക്കാര്‍ ഉദൃഗസ്ഥന്മാരും, പട്ടാളക്കാരും ,പോലീസും എല്ലാം നായന്മാര്‍ മാത്രമായിരുന്നു. 1857 ല്‍ ബ്രിട്ടീഷ്‌ സര്‍ക്കാര്‍ ഈസ്റ്റ്‌ ഇന്ത്യന്‍ കമ്പനിയില്‍ നിന്നും അധികാരം ഏറ്റെടുത്തതിനു ശേഷം മാത്രാണ് ക്രിസ്ത്യന്‍ മിഷനറിയെ പോലും ഇന്ത്യയില്‍ വരാന്‍ അനുവദിച്ചത് എന്നു വായിച്ചതു ഓര്‍ക്കുന്നു. അതിനു ശേഷമാണ് കൂടുതല്‍ സ്കൂളുകള്‍ തന്നെ ഉണ്ടായത്. ആ കാലത്ത് ക്രിസ്ത്യന്‍ സമൂഹവും അവഗണനയില്‍ തന്നെ ആയിരുന്നു. ഇതില്‍ നിന്നും ഒട്ടും വ്യത്യസ്തമായിരുന്നില്ല മുസ്ലിം സമൂഹത്തിന്റെ അവസ്ഥയും. അപ്പോള്‍ സാമൂഹിക നീതിക്ക് വേണ്ടി ഗുരുദേവന്‍ ഉയര്‍ത്തിയ മുദ്രാവാക്യം കേവലം ഈഴവരുടെ മോചനത്തിന് വേണ്ടി ആയിരുന്നു എന്നു പറയാന്‍ കഴിയില്ല. അതുകൊണ്ടാണ് എന്നെപോലെയുള്ളവര്‍ ഗുരുദേവന്റെ പേര് ലോറിയില്‍ എഴുതുകയും വീട്ടില്‍ പടം വയ്ക്കുകയും ചെയ്തിരുന്നത്.
ഇന്ത്യയിലേക്ക് വന്ന സെമിറ്റിക്ക് മതങ്ങളായ ക്രിസ്ത്യന്‍ , മുസ്ലിം മതങ്ങളിലേക്ക് സ്വാതന്ത്ര്യം അന്വഷിച്ച് പിന്നോക്ക വിഭാഗങ്ങള്‍ കടന്നു ചെന്നപ്പോള്‍ ഭാരതത്തിന്റെ തനതായ സംസ്കാരത്തില്‍ നിന്നും ഉരുത്തിരിഞ്ഞു വന്ന ലോകത്തെ മറ്റു സംസ്കാരങ്ങളെക്കാള്‍ ശ്രേഷ്ഠമായ ഭാരതീയ സംസ്കാരത്തില്‍ അടിഞ്ഞുകൂടിയ ചപ്പു ചവറുകള്‍ അടിച്ചു മാറ്റി അതിനെ ശുദ്ധീകരിക്കാനാണ് ഗുരുദേവന്‍ ശ്രമിച്ചത്‌. അതല്ലാതെ മതം മാറാന്‍ അല്ല എന്നതും അദ്ദേഹം കാണിച്ച നേര്‍വഴികള്‍ തന്നെ ആയിരുന്നു. പരബ്രഹ്മം അഥവാ ആത്മാവിനെയാണ് അദ്ദേഹം ദൈവമായി കണ്ടത് .
രവിന്ദ്രനാഥ ടഗോര്‍ ഗുരുവിനെ പറ്റി പറഞ്ഞത് ഭാരതത്തില്‍ ഇന്ന് ജീവിച്ചിരിക്കുന്ന പരമഹംസന്മാരില്‍ സ്വാമിയെപ്പോലെ പരിശുദ്ധാത്മാവായി മറ്റൊരാളുമില്ല എന്നാണ്. അത്തരം ഒരു മഹാനുഭാവനെ ആണ് മന്‍മഥനെപോലെയുള്ള നേതാക്കള്‍ ഒരു ജാതിയുടെ തടവറയില്‍ കെട്ടാന്‍ ശ്രമിക്കുന്നത് എന്നത് നിര്‍ഭാഗ്യകാരമാണ്.

 • കാണപ്പെട്ട ദൈവങ്ങളെ മാറ്റി നിര്‍ത്തി കാണാത്ത ദൈവങ്ങള്‍ക്ക് പിന്നാലെ പായുന്നവര്‍ ...
 • ഇന്ത്യയിലെ നോട്ടു നിരോധനം ബാക്കിവച്ചത്...
 • എന്താണ് ഈ മലയാളികള്‍ ഇങ്ങനെ!
 • വിവാഹം - തലമുറകളിലൂടെ മാറുന്ന സങ്കല്‍പ്പങ്ങള്‍
 • ലിവര്‍പൂളിലെ ആന്റോ ജോസിന്റെ പിതാവ് ജോസ് വര്‍ഗിസ് എഴുതിയ 'ഒരു കുടിയേറ്റക്കാരന്റെ ഓര്‍മ്മകുറിപ്പുകള്‍ ' ഒരവലോകനം
 • താര ദൈവങ്ങളെ ഇനി നമുക്ക് ഭൂമിയിലേക്ക് ഇറക്കിവയ്ക്കാം
 • പേടിക്കണം ബ്ലൂവെയില്‍ എന്ന മരണക്കളിയെ ...
 • ഈ വാട്സാപ്പ് സന്ദേശം ഉണ്ടാക്കിയ രാജ്യസ്നേഹിക്കു സലൂട്ട്
 • കേരളത്തിലേത് ആതുരാലയങ്ങളോ അറവു ശാലകളോ!
 • 2039ല്‍ കോട്ടയത്ത് നിന്ന് ന്യൂയോര്‍ക്കിലേക്കുള്ള ആകാശയാത്രയില്‍ കണ്ട കാഴ്ചകള്‍ ..
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway