ഇന്റര്‍വ്യൂ

എല്ലാവര്‍ക്കും അറിയാവുന്ന മണി തന്നെയാണ് വീട്ടിലെയും മണി - നിമ്മി

കലാഭവന്‍ മണിയുടെ രാസപരിശോധനാ ഫലത്തില്‍ കീടനാശിനി സാന്നിധ്യം സ്ഥിരീകരിച്ചതോടെ വലിയ ഞെട്ടലിലാണ് ഭാര്യ നിമ്മിയും ബന്ധുക്കളും. കൊലപാതകമോ ആത്മഹത്യയോ എന്ന ചോദ്യമാണ് എങ്ങും. സുഹൃത്തുക്കളും സഹായികളും സംശയ നിഴലില്‍ . അതിനിടെയാണ് കുടുംബജീവിതത്തില്‍ പൊരുത്തക്കേടുകള്‍ എന്ന ആരോപണം. ഇതിനെക്കുറിച്ചൊക്കെ മണിയുടെ ഭാര്യ നിമ്മി പ്രതികരിക്കുന്നു.


കലാഭവന്‍ മണിയുടെ മരണം എങ്ങനെ സംഭവിച്ചുവെന്നാണു കരുതുന്നത്?
മണിച്ചേട്ടന്റെ ശരീരത്തില്‍ കീടനാശിനിയുടെ അംശം കണ്ടെത്തിയെന്ന രാസപരിശോധനാ ഫലം ഞെട്ടലോടെയാണു കേട്ടത്. എനിക്കിപ്പോഴും അത് അവിശ്വസനീയമായി തോന്നുന്നു. എല്ലാവരെയും സ്നേഹിച്ച മണിച്ചേട്ടന് ആരാണു ശത്രുക്കളായി ഉണ്ടാകുക?


അവസാനമായി കണ്ടതെപ്പോഴാണ്?

മണിച്ചേട്ടനെ ആശുപത്രിയിലേക്കു കൊണ്ടുപോയത് വൈകിയാണ് അറിഞ്ഞത്. എറണാകുളത്ത് അമൃത ആശുപത്രിയില്‍ പോയിക്കണ്ടപ്പോള്‍ മണിച്ചേട്ടന്‍ തന്നെയാണ് കിടക്കുന്നതെന്നു വിശ്വസിക്കാന്‍ കഴിഞ്ഞില്ല. അടുത്തുപോയി കുറേനേരം നോക്കിനിന്നു. അത്രവലിയ രോഗമൊന്നുമില്ലാതിരുന്ന മണിച്ചേട്ടന്‍ ഗുരുതര രോഗമുള്ളയാളെപ്പോലെ ക്ഷീണിച്ച് അബോധാവസ്ഥയിലാണു കിടന്നത്.


നിങ്ങള്‍ തമ്മില്‍ കുടുംബപ്രശ്നമുണ്ടായിരുന്നെന്ന പ്രചാരണം അറിഞ്ഞോ?

നാട്ടുകാര്‍ക്കു മുഴുവന്‍ നല്ലതായിരുന്ന ഒരാള്‍ എങ്ങനെയാണ് എനിക്ക് മാത്രം ചീത്തയാവുക? എല്ലാവര്‍ക്കും അറിയാവുന്ന മണി തന്നെയാണ് വീട്ടിലെയും മണി. ആത്മഹത്യ ചെയ്യേണ്ട ഒരു പ്രശ്നവും ഞങ്ങള്‍ തമ്മില്‍ ഉണ്ടായിരുന്നില്ല. കഴിഞ്ഞ ഫെബ്രുവരി നാലിനു വിവാഹ വാര്‍ഷിക ദിനത്തില്‍ ഞങ്ങളൊരുമിച്ച് ഉല്ലാസയാത്ര പോയതാണ്.


പിന്നെ ആ പ്രചാരണം വന്നതെങ്ങനെ?

ദാമ്പത്യ തകര്‍ച്ചയാണ് മരണത്തിനു കാരണമെന്നു പറയുന്നവരുണ്ട്. മണിച്ചേട്ടന്‍ മരിച്ച ദിവസങ്ങളില്‍ പത്രങ്ങളില്‍ വന്ന ചിത്രങ്ങളിലൊന്നും ഞാനുണ്ടായിരുന്നില്ല എന്നതാണു കാരണം. മരണവാര്‍ത്ത തനിക്കുണ്ടാക്കിയ വിഷമത്തെപ്പറ്റിയും ആഘാതത്തെപ്പറ്റിയും ആരും ചിന്തിച്ചില്ല. ഫോട്ടോയ്ക്കു പോസു ചെയ്യാത്തതു മാത്രമാണ് പലരും കണ്ടത്. എന്റെ വിഷമങ്ങള്‍ ആരും കണ്ടില്ല. മോളെ ഓര്‍ത്താണ് ഇപ്പോള്‍ വലിയ സങ്കടം. പരീക്ഷയാണ്. അവള്‍ക്കൊന്നും പഠിക്കാന്‍ പറ്റുന്നില്ല. സ്കൂളിലെ അധ്യാപികയാണ് ഇപ്പോള്‍ അവളെ പഠിപ്പിക്കുന്നതും പരീക്ഷയ്ക്കു കൊണ്ടുപോകുന്നതും.


ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തില്‍ വിശ്വാസമുണ്ടോ?

സത്യം എന്നായാലും പുറത്തുവരുമെന്ന് പൂര്‍ണ വിശ്വാസമുണ്ട്. അതുകൊണ്ടാണ് അന്വേഷണവുമായി മുന്നോട്ടുപോകണമെന്ന് ആഗ്രഹിക്കുന്നതും. അല്ലെങ്കില്‍ മണിച്ചേട്ടന്‍ ജീവന്‍ കൊടുത്തു സ്നേഹിച്ച ആയിരക്കണക്കിനു നാട്ടുകാരോട് ഞങ്ങള്‍ ചെയ്യുന്ന വഞ്ചനയായിരിക്കുമത്.

(കടപ്പാട്- മനോരമ)

 • എന്റെ ഒരു ദിവസവും അടുത്ത ദിവസവും തമ്മില്‍ ഒരു സാമ്യവും ഉണ്ടായിരിക്കില്ല- ലെന
 • കുട്ടിക്കാലം മുതലേ ഞാനും ലാലേട്ടന്റെ ആരാധിക - മഞ്ജുവാര്യര്‍
 • ഞാന്‍ ഇപ്പോഴും മനസ്സുകൊണ്ട് സി.പി.എം. ആണ്- സിന്ധുജോയി
 • ഞാന്‍ ശബരിനാഥന്‍ എന്ന വ്യക്തിയെയാണ് ഇഷ്ടപ്പെടുന്നത്- ദിവ്യ എസ്. അയ്യര്‍
 • 'റോളിന് വേണ്ടി കിടക്ക പങ്കിടാന്‍ ആവശ്യപ്പെട്ടു'; മുതിര്‍ന്ന ആളുകളില്‍ നിന്നാണ് ഈ അനുഭവം - പാര്‍വതി
 • സമരക്കാരുടെ ആവശ്യം ലോ അക്കാഡമിയെ ലൗ അക്കാഡമിയാക്കാന്‍ - ലക്ഷ്‌മി നായര്‍
 • ലൈക്കുകളും കമന്റുകളും മാത്രം പോരാ, നമ്മളെല്ലാം പ്രതിരോധവും പ്രതിഷേധവും തീര്‍ക്കണം- അലന്‍സിയര്‍
 • ഞാന്‍ നല്ല തീരുമാനങ്ങള്‍ക്കൊപ്പം കുറച്ച് തെറ്റായ തീരുമാനങ്ങളും എടുത്തിരുന്നു- മീര ജാസ്മിന്‍
 • വിവാദം അത്ഭുതപ്പെടുത്തി; കേരളത്തിനായി മാന്ത്രികവിദ്യകളൊന്നും കാണിക്കാനില്ല - പ്രൊഫ. ഗീതാ ഗോപിനാഥ്
 • സോഷ്യല്‍ മീഡിയയിലെ ശല്യക്കാരെ നമ്മള്‍ വിചാരിച്ചാല്‍ നന്നാക്കാന്‍ പറ്റില്ല- ഷാലു കുര്യന്‍
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway