വീക്ഷണം

കരുണാകരന്റെ പോലീസല്ല റോബര്‍ട്ട്‌ പീലിന്റെ 'ബോബി'സ്‌, ജനമൈത്രി പോലീസിന്റെ ഉദയം...

ഒരു മലയാളി പോലീസ് മന്ത്രിയെ പറ്റി പറഞ്ഞാല്‍ ആദ്യം മനസിലെത്തുന്ന പേര് കെ കരുണാകരന്റെത് ആയിരിക്കും. കരുണാകരന്റെ പോലീസ് എന്നത് ഒരുകാലത്ത് കേരളത്തില്‍ മുഴങ്ങി കേട്ടിരുന്ന ശബ്ദമാണ്. എന്നാല്‍ അദ്ദേഹം പോലീസിനെ ജനകീയമാക്കുന്നതിനു വേണ്ടി എടുത്തുപറയാവുന്ന മാറ്റങ്ങള്‍ ഒന്നും ഉണ്ടാക്കിയതായി അറിവില്ല. എന്നാല്‍ ബ്രിട്ടനിലെ ആധുനിക പോലീസിന്റെ ശില്‍പി എന്നറിയപ്പെടുന്ന റോബര്‍ട്ട്‌ പീല്‍ എന്ന ഹോം സെക്രെട്ടറി ഉണ്ടാക്കിയത് വലിയ വിപ്ലവമായിരുന്നു. ആ കാലത്ത് 'ബോബിസ്' എന്നാണ് ബ്രിട്ടനിലെ പോലിസ്‌ അറിയപ്പെട്ടിരുന്നത്. ഇതിന്‍റെ അര്‍ഥം 'റോബിയുടെ പോലീസ്' എന്നാണ്.


അദ്ദേഹം പോലീസും ജനങ്ങളും തമ്മിലുള്ള വലിയ അകലം കുറക്കുന്നതിനു വേണ്ടി ഒരുപാട് പുതുമയാര്‍ന്ന നടപടികള്‍ സ്വീകരിച്ചു. അതില്‍ ഏറ്റവും വലുത് അദ്ദേഹം ഉയര്‍ത്തിയ മുദ്രാവാക്യമായിരുന്നു- The police are the public, and the public are police . ലണ്ടന്‍ മെട്രോ പോളിറ്റന്‍ പോലീസിനു തുടക്കമിട്ടത് റോബര്‍ട്ട്‌ പീല്‍ ആയിരുന്നു. അന്നുവരെ രാജഭടന്‍മാരുടെ ചുവന്ന ഡ്രസ്സ്‌ ആയിരുന്നു പോലീസിന് ഉപയോഗിച്ചിരുന്നത്. അതുമാറ്റി നീല നിറമുള്ള യൂണിഫോറം നല്‍കി. ഇങ്ങനെ ഒരു യൂണിഫോറം നല്‍കാന്‍ കാരണം ഈ ഡ്രസ്സ്‌ സാധാരക്കാരുടെ ഡ്രസുമായി വളരെ അടുത്ത് നില്‍ക്കുന്നതായിരുന്നു. അതുപോലെ സ്ട്രീറ്റ് പട്രോളിംഗ് തുടങ്ങിയത് റോബര്‍ട്ട്‌ പീലിന്റെ കാലത്തായിരുന്നു.

ഇന്നു ബ്രിട്ടനിലെ സാധാരണ പോലീസിന്റെ യൂണിഫോറം വെള്ള ഷര്‍ട്ടും കറുത്ത പാന്‍സും കറുത്ത ജാക്കെറ്റും ആയിമാറി. തോക്ക് ധാരികളായ പോലീസുകാര്‍ പൂര്‍ണ്ണമായും കറുത്ത യുണിഫോറമാണ് ഉപയോഗിക്കുന്നത് .

1829 ല്‍ റോബര്‍ട്ട്‌ പീല്‍ , ലോര്‍ഡ്‌ ലിവര്‍പൂളിന്റെ യാഥാസ്ഥിതിക സര്‍ക്കാരില്‍ ഹോം സെക്രെട്ടെറി ആയി വരുന്നകാലത്ത് ലണ്ടന്‍ ഒരു സുരക്ഷിത സ്ഥലമായിരുന്നില്ല. എന്നാല്‍ റോബി നടത്തിയ ഒട്ടേറെ നടപടികളില്‍ കൂടി ലണ്ടനെ മാറ്റി മറിക്കുകയായിരുന്നു. പോലീസുകാരെ സ്ഥിരം ജോലിക്കാരാക്കിയതും ഓഫിസര്‍ മാരുമായിട്ട് ഉണ്ടായിരുന്ന ശമ്പള വ്യത്യാസം വളരെ കുറച്ചതും പോലീസ് സെലക്ഷന്‍ പരിഷ്കരിച്ചുതും എല്ലാം റോബിയുടെ തൊപ്പിയിലെ തൂവലുകളായിരുന്നു.

ക്രിമിനല്‍ റെക്കോര്‍ഡ്‌ ഉള്ളവരെ പോലീസില്‍ എടുക്കേണ്ട എന്നു തിരുമാനിച്ചതും അതോടൊപ്പം 5 അടി 7 ഇഞ്ച് പൊക്കവും 20 നും 27 നും ഇടക്ക് പ്രായമുള്ളവരെയും മാത്രമേ പോലീസ് സേനയില്‍ ചേരാന്‍ റോബി അനുവദിച്ചിരുന്നുള്ളൂ.

ആ കാലത്ത് പോലീസുകാര്‍ക്ക് വിവാഹം കഴിക്കാനും അതോടൊപ്പം ഭക്ഷണം സാധാരക്കാരുമായി കൂടി ഇരുന്നു കഴിക്കാനും അനുവാദം വേണമായിരുന്നു. അതുപോലെ വോട്ട് അവകാശം പോലും ഇല്ലായിരുന്നു. വര്‍ഷത്തില്‍ വെറും 5 ദിവസം മാത്രമായിരുന്നു ശമ്പളതോട് കൂടി അവധി അനുവദിച്ചിരുന്നത്.
അതുപോലെ ഡ്യൂട്ടിയില്‍ അല്ലാതെ പുറത്തുപോയാലും യുണിഫോം ധരിക്കണമായിരുന്നു. അതിനെല്ലാം റോബി മാറ്റം വരുത്തി. അങ്ങനെ ഒരു ജനകീയ പോലിസിനെ സൃഷ്ടിക്കുന്നതില്‍ റോബര്‍ട്ട്‌ പീല്‍ വിജയിച്ചു .

കഴിഞ്ഞ ദിവസം, ലിവര്‍പൂളിന്റെ പ്രഭവ കേന്ദ്രം എന്നുപറയാവുന്ന സിറ്റി സെന്‍റെറിലെ സെന്റ്‌ ജോര്‍ജ് ഹാള്‍ കാണാന്‍ പോയപ്പോള്‍ വിക്ടോറിയന്‍ കാലത്തേ കോടതി പ്രവര്‍ത്തിച്ചിരുന്നത് കാണാനിടയായി. സെന്റ്‌ ജോര്‍ജ് ഹാളിന്റെ അടിയിലെ നിലയിലാണ് കോടതി പ്രവര്‍ത്തിച്ചിരുന്നത്. അവിടെ ആ കാലഘട്ടത്തിലെ ശിക്ഷാ രീതികളും ഒക്കെ വിശദീകരിച്ചിട്ടുണ്ട് . ആ കാലത്ത് ചെറിയ ശിക്ഷകള്‍ ചെയ്യുന്നവരെ പിടിച്ചു കെട്ടി അടിക്കുന്ന ഉപഹരണവും അതോടൊപ്പം കുട്ടി കുറ്റവാളികളെ ഇരുത്തി അടികൊടുക്കുന്ന ഉപഹരണവും എല്ലാം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. അതോടൊപ്പം പ്രതികളെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവരുമ്പോള്‍ താല്‍ക്കാലികമായി സൂക്ഷിക്കുന്ന തടവറയും കാണാന്‍ കഴിഞ്ഞു .

കാലം മാറി. ഇന്നു ലോകത്തിലെ ഏറ്റവും നല്ല പോലീസ് ബ്രിട്ടീഷ്‌ പോലീസാണ്. ഇംഗ്ലണ്ടില്‍ വന്ന ആദ്യകാലത്ത് പോലീസ് ലൈറ്റ് അടിച്ചു വണ്ടി നിര്‍ത്താന്‍ പറഞ്ഞാല്‍ ചെറിയ ഭയം ഉള്ളിലുണ്ടായിരുന്നു. എന്നാല്‍ രണ്ടു മൂന്നു തവണ അങ്ങനെ പോലീസിനെ അഭിമുഖീകരിച്ചപ്പോള്‍ ഭയം ഇല്ലാതെയായി. കാരണം അവര്‍ നമ്മെളെ സമീപിക്കുന്നത് തെറ്റ് ചൂണ്ടികാണിക്കാനാണ്. അല്ലാതെ ഭയപ്പെടുത്താനല്ല.

നാട്ടില്‍ ആയിരുന്നപ്പോള്‍ മോട്ടോര്‍ സൈക്കിളില്‍ വന്ന ഒരു ബ്രിട്ടീഷ്‌കാരനെ ഇടുക്കി പോലീസ് (ഇന്നു ഇടുക്കി മെഡിക്കല്‍ കോളേജ് ഇരിക്കുന്നിടത് വച്ച്) ചെക്ക് ചെയ്യുന്നത് കണ്ടു. അന്ന് ഡോക്മെന്‍റ് കാണിച്ചതിന് ശേഷം എന്തോ തടസം പറഞ്ഞ സബ് ഇന്‍സ്പെക്ടറുടെ നേരെ ആ ബ്രിട്ടീഷ്‌കാരന്‍ കയര്‍ക്കുന്നത് കണ്ടു. ആ കാലത്ത് ആരും ചെയ്യാത്ത കാര്യമാണ് അയാള്‍ ചെയ്തത്. കുറച്ചുകഴിഞ്ഞ് അയാള്‍ പോകുന്നതും കണ്ടു. ഇന്നാണ് അതിന്‍റെ കാരണം മനസിലായത്. ഇവിടെ പോലീസ് ഒരാളെ തടഞ്ഞു നിര്‍ത്തുന്നത് വളരെ അപൂര്‍വമാണ്. അങ്ങനെ നിര്‍ത്തിയാല്‍ തന്നെ പോലീസുകാരന്‍ നമ്മുടെ അടുത്ത് വന്ന് പ്ലീസ് എന്നു പറഞ്ഞേ സംസാരം തുടങ്ങൂ.


ഒരിക്കല്‍ ഞാന്‍ ഡ്രൈവിങ്ങിനിടയില്‍ ഫോണ്‍ ഉപയോഗിച്ചു എന്നു സംശയം തോന്നി എന്നെ ചെക്ക് ചെയ്ത പോലീസ്കാരന്‍ എന്റെ കാറില്‍ കയറി ഇരുന്നിട്ട് ആദ്യം പറഞ്ഞത് താങ്കള്‍ ഫോണ്‍ ഉപയോഗിച്ചു എന്ന സംശയത്തിന്റെ പേരില്‍ ആണ് വണ്ടി നിര്‍ത്താന്‍ അവശ്യപ്പെട്ടത്. താങ്കള്‍ ഫോണ്‍ ഉപയോഗിച്ചിട്ടില്ല എങ്കില്‍ താങ്കളുടെ സമയം നഷ്ടപ്പെടുത്തിയതിനു ക്ഷമ ചോദിക്കുന്നു. ദയവായി ഫോണ്‍ പരിശോധനക്കായി തരിക. ഞാന്‍ ഫോണ്‍ കൊടുത്തതിനുശേഷം പരിശോധിച്ച് ഞാന്‍ ഫോണ്‍ ഉപയോഗിച്ചില്ല എന്നു മനസിലായ പോലീസ്കാരന്‍ ക്ഷമ പറഞ്ഞിട്ടാണ് പോയത്. അങ്ങനെയുള്ള പോലീസനെ കണ്ടു പരിചരിച്ച ആ ബ്രിട്ടീഷുകാരന് ഒരു പക്ഷെ ബൈക്കില്‍ നിന്നും ഇറങ്ങി വരാന്‍ പറഞ്ഞതുപോലും സഹിക്കാന്‍ കഴിയാത്തത് കൊണ്ടായിരിക്കും ഇന്‍സ്പെക്ടറോട് കയര്‍ത്തു സംസാരിച്ചത്.

ഇന്ത്യയില്‍ പോലീസ് സേനക്ക് രൂപം കൊടുത്തത് പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാന ഘട്ടത്തില്‍ കോണ്‍വാലിസ് പ്രഭു ആയിരുന്നു. പോലീസ് സേന രൂപീകരിക്കാന്‍ കാരണം മധ്യഇന്ത്യയിലെ കൊള്ളക്കാരെ (thugs) ഒതുക്കുന്നതിന് വേണ്ടി ആയിരുന്നു. പിന്നീട് ബ്രിട്ടീഷ്‌ സര്‍ക്കാര്‍ ഇന്ത്യയിലെ പോലീസ്നെ പറ്റി നടത്തിയ അന്വഷണത്തില്‍ ആട് ചെന്നായെക്കാള്‍ ആര്‍ത്തിപൂണ്ടു എന്നാണ് കണ്ടെത്തിയത്. ഇംഗ്ലണ്ടിലെ പോലിസിനെ ആധുനികവല്‍ക്കരിക്കാന്‍ ശ്രമിച്ച റോബര്‍ട്ട്‌ പീലിനെ പോലെ ഒരാളെ പറ്റി ഇന്ത്യയില്‍ പറഞ്ഞു കേട്ടിട്ടില്ല. എന്നാലും കേരളത്തിലെ പോലീസ് ഇന്നു വളരെ ഏറെ മാറികഴിഞ്ഞു എന്നതില്‍ നമുക്ക് അഭിമാനിക്കാം.

ഫോട്ടോ 1 റോബര്‍ട്ട്‌ പീല്‍

ഫോട്ടോ 4 വലിയവരെ പിടിച്ചു കെട്ടി അടിക്കുന്ന ഉപഹരണം

ഫോട്ടോ 5 - കുട്ടികുറ്റവളികളെ പിടിച്ചു കെട്ടി അടിക്കുന്നതിനു ഉപയോഗിക്കുന്ന ഉപഹരണം

 • കാണപ്പെട്ട ദൈവങ്ങളെ മാറ്റി നിര്‍ത്തി കാണാത്ത ദൈവങ്ങള്‍ക്ക് പിന്നാലെ പായുന്നവര്‍ ...
 • ഇന്ത്യയിലെ നോട്ടു നിരോധനം ബാക്കിവച്ചത്...
 • എന്താണ് ഈ മലയാളികള്‍ ഇങ്ങനെ!
 • വിവാഹം - തലമുറകളിലൂടെ മാറുന്ന സങ്കല്‍പ്പങ്ങള്‍
 • ലിവര്‍പൂളിലെ ആന്റോ ജോസിന്റെ പിതാവ് ജോസ് വര്‍ഗിസ് എഴുതിയ 'ഒരു കുടിയേറ്റക്കാരന്റെ ഓര്‍മ്മകുറിപ്പുകള്‍ ' ഒരവലോകനം
 • താര ദൈവങ്ങളെ ഇനി നമുക്ക് ഭൂമിയിലേക്ക് ഇറക്കിവയ്ക്കാം
 • പേടിക്കണം ബ്ലൂവെയില്‍ എന്ന മരണക്കളിയെ ...
 • ഈ വാട്സാപ്പ് സന്ദേശം ഉണ്ടാക്കിയ രാജ്യസ്നേഹിക്കു സലൂട്ട്
 • കേരളത്തിലേത് ആതുരാലയങ്ങളോ അറവു ശാലകളോ!
 • 2039ല്‍ കോട്ടയത്ത് നിന്ന് ന്യൂയോര്‍ക്കിലേക്കുള്ള ആകാശയാത്രയില്‍ കണ്ട കാഴ്ചകള്‍ ..
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway