വീക്ഷണം

ബ്രിട്ടണ്‍ യൂറോപ്പിന് പുറത്തുപോയാല്‍ എന്തൊക്കെ സംഭവിക്കും? മലയാളികളുടെ അവസ്ഥയെന്താവും?-ടോം ജോസിന്റെ ലേഖനം

വ്യാഴാഴ്ചയാണ് ബ്രിട്ടണ്‍ യുറോപ്യന്‍ യുണിയനില്‍ നിന്ന് പുറത്തു പോകണോ വേണ്ടയോ എന്ന വിഷയത്തില്‍ ഹിതപരിശോധന നടക്കുന്നത്. ബ്രിട്ടണ്‍ യൂറോപ്പിന് പുറത്തു പോകണമോ വേണ്ടയോ? പുറത്തു പോയാല്‍ എന്തൊക്കെ സംഭവിക്കും? മലയാളികളടങ്ങുന്ന ഏഷ്യക്കാരുടെ അവസ്ഥയെന്താവും? തുടങ്ങിയ സംശയങ്ങള്‍ ഹിതപരിശോധന ചര്‍ച്ച മുന്‍ നിര്‍ത്തി പരിശോധിക്കുകയാണ് ടോം ജോസ് തടിയംപാടിന്റെ ലേഖനം.


കഴിഞ്ഞ വെള്ളിയാഴ്ച്ച ലിവര്‍പൂള്‍ ഹോപ്പ് യുണിവേഴ്സിറ്റി കാമ്പസില്‍ മലയാളികളുടെ നേതൃത്വത്തില്‍ ബ്രിട്ടണ്‍ യുറോപ്യന്‍ യുണിയനില്‍ നിന്ന് പുറത്തു പോകണോ വേണ്ടയോ എന്ന വിഷയത്തില്‍ചര്‍ച്ച നടന്നിരുന്നു. ഒരു പക്ഷെ ഒരു മലയാളി എന്നനിലയില്‍ എനിക്ക് വളരെ അഭിമാനം തോന്നിയ ദിവസമായിരുന്നു അത്. അതോടൊപ്പം എന്റെ 13 വര്‍ഷത്തെ യുകെജീവിതത്തില്‍ ഇത്ര ആശയപരമായ ഒരു സംവാദത്തില്‍ പങ്കെടുത്തതിന്റെ സന്തോഷവും അനുഭവിക്കാന്‍ കഴിഞ്ഞു.

ബ്രിട്ടന്‍ യുറോപ്പില്‍ നിന്നും വിട്ടുപോരണമെന്നു വാദം ഉന്നയിച്ചവരെല്ലാം പ്രധാനകാരണമായി ചൂണ്ടികാണിച്ച വിഷയം, ബ്രിട്ടന്‍ ഒരാഴ്ചയില്‍ 350 മില്യണ്‍ പൗണ്ട് യുറോപ്പ്യന്‍ പൂളിലേക്ക് കൊടുക്കുന്നു എന്നതാണ്. ക്രമാതീതമായി യുറോപ്പില്‍ നിന്നും ആളുകള്‍ വരുന്നത് കൊണ്ട് ഇവിടുത്തെ തൊഴില്‍ സാധ്യതകള്‍ അടയുന്നു , സ്കൂളുകളും ആശുപത്രികളിലും സേവനം ലഭിക്കാന്‍ കൂടുതല്‍ സമയം എടുക്കുന്നു, യൂറോപ്പിലൂടെ ഭീകരവാദികള്‍ നുഴഞ്ഞു കയറി ആക്രമണം നടത്താന്‍കൂടുതല്‍ സാധ്യതയുണ്ട് ഇതൊക്കെയായിരുന്നു.

എന്നാല്‍ വിഷയം അവതരിപ്പിച്ച തമ്പി ജോസ്, കൃത്രിമമായ കണക്കുകളുടെ അടിസ്ഥാനത്തിലുള്ള ഈ ഉത്കണ്ടകള്‍ അസ്ഥാനത്താണ് എന്നു തെളിയിക്കുകയായിരുന്നു. ബ്രിട്ടണ്‍ ഒരാഴ്ചയില്‍ 350 മില്യണ്‍ പൗണ്ട് യുറോപ്പ്യന്‍ പൂളിലേക്ക് കൊടുക്കുന്നു എന്നത് വസ്തുതയല്ല. റിബേറ്റ് കഴിഞ്ഞിട്ട് കൊടുക്കുന്നത് 161 മില്യണ്‍ പൗണ്ട് മാത്രമാണ്. എന്നാല്‍ അതിനെക്കാള്‍എത്രയോ ഇരട്ടിയാണ് കച്ചവടത്തില്‍ കൂടിയും ബാങ്കിംഗ് , ഇന്‍ഷുറന്‍സ് മേഖലയില്‍കൂടി ബ്രിട്ടന് കിട്ടുന്നത് എന്നു തമ്പി ജോസ് ,ഡോമിനിക് കാര്‍ത്തികപിള്ളി എന്നിവര്‍ കണക്കുകള്‍ നിരത്തി ചൂണ്ടികാണിച്ചു. മാര്‍ഗരറ്റ് താച്ചര്‍ ഭരിച്ചിരുന്ന കാലത്ത് ലിവര്‍പൂള്‍ വളരെ അവഗണിക്കപ്പെട്ടപ്പോള്‍ യുറോപ്പ്യന്‍ ഫണ്ട്‌ കൊണ്ട് ലിവര്‍പൂള്‍ പിടിച്ചു നിന്ന കാര്യം സ്റ്റെഫില്‍ ഫിലിപ്പ് ചൂണ്ടികാട്ടി .

യുറോപ്പില്‍ നിന്നും കൂടുതല്‍ ആളുകള്‍ വരുന്നത് കൊണ്ടാണ് ഇവിടെ തൊഴില്‍ മേഖലയില്‍പ്രശ്നങ്ങള്‍ ഉണ്ടാകുന്നതെന്നത് വളരെ തെറ്റാണു എന്നു കണക്കുകള്‍ നിരത്തി തെളിയിക്കാന്‍ കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം ബ്രിട്ടനില്‍ കുടിയേറിയ 3 ലക്ഷം ആളുകളില്‍ 1,88000 പേരും ഏഷ്യയില്‍ നിന്നായിരുന്നു എന്നതാണ് വസ്തുത. പിന്നെ എങ്ങനെ യുറോപ്പിനെ കുറ്റപ്പെടുത്താന്‍ കഴിയും ?
മൂന്നാമത് ചൂണ്ടികാട്ടിയ ഭികര അക്രമണങ്ങള്‍ എല്ലാം യുറോപ്പില്‍ നടത്തിയത് ഏഷ്യയില്‍ നിന്നോ ആഫ്രിക്കയില്‍ നിന്നോ വന്നവരാണ്. അങ്ങനെയുള്ളപ്പോള്‍ എങ്ങനെ യുറോപ്പ് കാരെ നമുക്ക് പഴിക്കാന്‍ പറ്റും?.മറ്റൊരു പ്രശ്നം അഭയാര്‍ഥി പ്രവാഹമായിരുന്നു. അഭയാര്‍ഥികളെ തടയാന്‍ ഒരു രാജ്യത്തിനും അവകാശമില്ല. അവര്‍ക്ക് അഭയം കൊടുക്കാതിരുന്നാല്‍ അത് യു എന്‍ ചാര്‍ട്ടറിന് എതിരാണ് എന്നു ഡൊമനിക് ചൂണ്ടികാട്ടി.
ബ്രിട്ടണ്‍ യുറോപ്പില്‍ നിന്നും പുറത്തു വന്നാല്‍ ഉണ്ടാകുന്ന പ്രതിസന്ധികള്‍ ഒട്ടേറെയാണ്. ബ്രിട്ടന്റെ 46 ശതമാനം ബിസിനസും നടക്കുന്നത് യുറോപ്പ്യന്‍ യുണിയനുമായി ബന്ധപ്പെട്ടാണ്. തന്നെയുമല്ല ബ്രിട്ടണ്‍ ലോകരാജ്യങ്ങളുമായി വച്ചിരിക്കുന്ന എഗ്രിമെന്റ്റ്കള്‍ എല്ലാം യുറോപ്പ്യന്‍ യുണിയന്റെ ഭാഗമായിട്ടാണ്. അതെല്ലാം പിന്നിട് പൊളിച്ച്എഴുതുമ്പോള്‍ ഒട്ടേറെ കാലതാമസം വരും. ഈ കാലത്ത് ഉണ്ടാകാവുന്ന സാമ്പത്തിക പ്രതിസന്ധി പത്തു വര്‍ഷം വരെ നീണ്ടേക്കാമെന്നു കൂടുതല്‍ പേരും അഭിപ്രായപ്പെട്ടു.
ബ്രിട്ടന്റെ 78ശതമാനം ബിസിനസുകളും ബാങ്കിംഗ് , ഇന്‍ഷുറന്‍സ് മേഖലയുമായി ബന്ധപ്പെട്ടാണ് നില്‍ക്കുന്നത്. യുണിയനില്‍ നിന്നും പുറത്തു പോകുന്നതോടെ ഈ രംഗത് രണ്ടാമത് നില്‍ക്കുന്ന ഫ്രാന്‍സ് യുറോപ്പ്യന്‍ ബലത്തില്‍ അത് നേടിയെടുക്കാന്‍ ശ്രമിക്കും. അതെല്ലാം കൂടുതല്‍ പ്രശ്നങ്ങള്‍ സൃഷ്ട്ടിക്കാന്‍ കാരണമായേക്കാം എന്നും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.മലയാളികള്‍ നടത്തിയ ചര്‍ച്ചയിലും ഉരുത്തിരിഞ്ഞു വന്നത് ബ്രിട്ടിഷ് പ്രധാനമന്ത്രി ഉയര്‍ത്തിയ ഉത്കണ്ട തന്നെയാണ്.
'ബ്രേക്ക്‌ പൊട്ടിയിരിക്കുന്ന ,പെട്രോള്‍ ആവശ്യത്തിനു ടാങ്കില്‍ ഇല്ലാത്ത, സ്റ്റീയറിങ്ങ് വര്‍ക്ക് ചെയ്യാത്ത വണ്ടിയുമായി നിങ്ങള്‍ കുടുംബസഹിതം മോട്ടോര്‍ വെയില്‍ പോകുന്നതിനു തുല്യമായിരിക്കും യുറോപ്പില്‍ നിന്ന് വിട്ടുപോകുന്നത്' എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത് .
യുറോപ്പ്യന്‍ യൂണിയന്‍ രൂപപ്പെടാന്‍ ചില ചരിത്രപരമായ കരണങ്ങളുണ്ട്. യുദ്ധം കൊണ്ട് മടുത്ത യുറോപ്പില്‍ നിന്നും യുദ്ധം ഒഴിവാക്കുന്നതിനുവേണ്ടിയായിരുന്നു യുറോപ്പ്യന്‍ യുണിയന്‍ എന്ന സങ്കല്പം രൂപപ്പെട്ടത്. ഒന്നാം ലോക മഹായുദ്ധത്തിനു ശേഷം 21 വര്‍ഷം കഴിഞ്ഞപ്പോള്‍ രണ്ടാം ലോക മഹായുദ്ധം ഉടലെടുത്തു. ആ യുദ്ധങ്ങള്‍ യുറോപ്യന്‍മാര്‍ക്ക് നല്‍കിയത് പട്ടിണിയും സമ്പൂര്‍ണ്ണ തകര്‍ച്ചയും മാത്രമായിരുന്നു. എന്നാല്‍ രണ്ടാം ലോകയുദ്ധം കഴിഞ്ഞു ഇപ്പോള്‍ 72 വര്‍ഷം കഴിഞ്ഞു. ഇപ്പോളും ഒരു യുദ്ധത്തിന്റെ കാര്‍മേഘം യുറോപ്പിന് മുകളില്‍ കാണാത്തത് യുറോപ്പ്യന്‍ യുണിയന്റെ സഹായം ഒന്നുകൊണ്ടു മാത്രാണ് എന്നു നാം കാണാതിരിക്കരുത്.

1951 ല്‍ യുറോപ്പ്യന്‍ യുണിയന്‍ എന്ന ആശയത്തിന് തുടക്കമിട്ടത് ബ്രിട്ടീഷുകാരനായ വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ കൂടിയായിരുന്നുങ്കിലും ,ബ്രിട്ടണ്‍ ആ കാലത്ത് യുറോപ്യന്‍ യൂണിയനില്‍ ചേര്‍ന്നില്ല. അതിനു കാരണം ബ്രിട്ടന് ബ്രിട്ടീഷ് കോമണ്‍വെല്‍ത്ത് രാജ്യങ്ങളില്‍ കിട്ടിയിരുന്ന മേധാവിത്വമായിരുന്നു. എന്നാല്‍ കാലം കഴിഞ്ഞപ്പോള്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ രൂപപ്പെട്ട ശക്തമായ സര്‍ക്കാരുകളില്‍ നിന്നും ബ്രിട്ടീഷ് താല്പ്പര്യങ്ങള്‍ക്ക് എതിരെ ഉയര്‍ന്ന വെല്ലുവിളികള്‍ അവരെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചു. അങ്ങനെയാണ് ബ്രിട്ടണ്‍ 1973ല്‍ യുറോപ്പ്യന്‍ യുണിയനില്‍ ചേര്‍ന്നത്‌.

ഇവിടെ ബ്രിക്സിറ്റ്നു വേണ്ടി നില്‍ക്കുന്നതാരെല്ലാം? അവര്‍ക്ക് ഉണ്ടാകുന്ന ലാഭം എന്ത് എന്ന് നാം ചിന്തിക്കണം . ഇവിടുത്തെ മുഴുവന്‍ വലതുപക്ഷ തീവ്ര വാദികളും ബ്രിട്ടന്‍ യുറോപ്പില്‍ നിന്നും പുറത്തുപോകണം എന്നാണ് വാദിക്കുന്നത്.
അതില്‍ ബ്രിട്ടിഷ് നാഷണല്‍ പാര്‍ട്ടി (BNP )പറയുന്നത് ബ്രിട്ടണ്‍ എന്നുപറയുന്നത് വെള്ളക്കാരുടെ നാടാണ്‌ വെള്ളക്കാര്‍ അല്ലാത്തവരെ ഒരു കപ്പലില്‍ കയറ്റി ആഫ്രിക്കയില്‍ കൊണ്ടുപോയി തള്ളണമെന്നാണ്. മറ്റൊന്ന് ബ്രിട്ടണ്‍ ഫസ്റ്റ് എന്ന സംഘടനയാണ്. അവര്‍ പറയുന്നത് ബ്രിട്ടണ്‍ ഒരു ക്രിസ്ത്യന്‍ രാജ്യമാണ്. അതുകൊണ്ട് മുസ്ലിം ഇവിടെ നിന്നും പുറത്തുപോകണം. ഇംഗ്ലീഷ് ഡിഫെന്‍സ് ലിഗ് പറയുന്നത് ഈ രാജ്യത്തിന്റെ സംസ്കാരം ബ്രിട്ടീഷ്‌ സംസ്കാരമാണ് എന്നും അതിനെതിരെ നില്‍ക്കുന്നവര്‍ പുറത്തുപോകണം എന്നാണ്. ഇവരുടെ എല്ലാം അടിസ്ഥാന സ്വഭാവം എന്നത് നാസിസമാണ് എന്നതില്‍ തര്‍ക്കമില്. അതിനു തെളിവാണ് ഇന്നലെ UKIP നേതാവ് നിഗല്‍ ഫരഗെയുടെ വാക്കുകള്‍. അദ്ദേഹം പറഞ്ഞത്, ബ്രിട്ടണ്‍ യുറോപ്പില്‍ നിന്ന് പുറത്തു പോകുന്നില്ലെങ്കില്‍ ഇവിടുത്തെ സ്ത്രികള്‍ സുരക്ഷിതരായിരിക്കില്ല, അവര്‍ കൂടുതല്‍ ലൈംഗിക ആക്രമണത്തിനു വിധേയമാക്കുമെന്നാണ്. ഇതിനര്‍ത്ഥം വിദേശിയര്‍ മുഴുവന്‍ മോശമാണ് എന്നാണ്. ഈ പ്രസ്താവനക്ക് എതിരെ ഇന്ത്യ ,പാകിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ബ്രിട്ടിഷ് വനിത മനുഷ്യവകാശപ്രവര്‍ത്തകരായ, സയീദ വാര്‍സി, ഷമി ചക്രബര്‍ത്തി എന്നിവര്‍ രംഗത്ത്‌ വന്നുകഴിഞ്ഞു . സയീദ വാര്‍സി പരസ്യമായി ബ്രിട്ടണ്‍ യുറോപ്പ്യന്‍ യുണിയനില്‍ തുടരാന്‍ വേണ്ടി കാമ്പയിന്‍ ആരംഭിച്ചു കഴിഞ്ഞു .

ഇവിടെ നാം മനസിലാക്കേണ്ടത് ബ്രിട്ടണ്‍ പുറത്തു വരികയും അതിന്റെ പേരില്‍ പിന്നിട് ഒരുചെറിയ സാമ്പത്തിക പ്രശ്നം രൂപപ്പെടുകയും ചെയ്താല്‍ സംഭവിക്കാന്‍ പോകുന്നത് ഇവര്‍ നമ്മുടെനേരെ തിരിയാന്‍ തുടങ്ങും . അതിന്റെ തെളിവാണ് 1929 ല്‍ ഉണ്ടായ കലാപം. അന്നുണ്ടായ സാമ്പത്തിക തകര്‍ച്ചയെ തുടര്‍ന്ന് ആദ്യമുണ്ടായ കലാപം യാഹൂദര്‍ക്ക് നേരെയായിരുന്നു. അന്ന് അവരായിരുന്നു ഇവിടുത്തെ വിദേശിയര്‍.
യാഹൂദര്‍ താമസിച്ച ലണ്ടനിലെ ഗെറ്റോകളിലേക്ക് കടന്നു ചെന്ന് നടത്തിയ ആക്രമണങ്ങളില്‍ അവര്‍ക്ക് എല്ലാം നഷ്ട്ടപ്പെട്ടു എന്നത് ചരിത്രം. അതുകൊണ്ട് യൂറോപ്പിനെതിരെ എന്ന വിരല്‍ചൂണ്ടല്‍ എത്തിനില്‍ക്കുന്നത് നമ്മളിലേക്കുകൂടിയാണ് എന്നാണ് മനസിലാക്കുന്നത്‌ ..
ബ്രിട്ടിഷുകാര്‍ പൊതുവേ പാരമ്പര്യവാദികളാണ്. അതിന്റെ തെളിവാണ് ലോകത്ത്നിന്നും ഏകദേശം തൂത്തുമാറ്റപ്പെട്ട രാജഭരണത്തെ അവര്‍ ഇന്നും ജനാധിപത്യക്രമത്തിനുള്ളില്‍ സംരക്ഷിച്ചു നിര്‍ത്തിയിട്ടുള്ളത്. ഞാന്‍സംസാരിച്ച ബ്രിട്ടീഷ്‌കാരില്‍ ഒരാള്‍ മാത്രമാണ് യുറോപ്പ്യന്‍ യുണിയനില്‍ തുടരണം എന്നു അഭിപ്രായപ്പെട്ടത് മറ്റെല്ലാവരും പുറത്തുപോകണം എന്നു ശക്തമയി വാദിക്കുന്നവരാണ് .

പ്രധാനമന്തി കഴിഞ്ഞ ദിവസം പറഞ്ഞത്, ബ്രിട്ടണ്‍ പുറത്തു പോകുന്നത് ബ്രിട്ടിഷ് സാമ്പത്തിക മേഘലയെ ബോംബു വച്ച് തകര്‍ക്കുന്നതിനു തുല്യമായിരിക്കുമെന്നാണ്. പൗണ്ടിന്റെ വിലത്തകര്‍ച്ച, നിത്യോപയോഗ സാധനളുടെ വിലവര്‍ധനവ്‌ വീടിന്റെ വിലതകര്‍ച്ച , വ്യാപരതകര്‍ച്ചയെ തുടര്‍ന്ന് ഉണ്ടാകുന്ന തൊഴിലില്ലായ്മ ഇതെല്ലാം രാജ്യം നേരിടേണ്ടിവരുമെന്ന് അദ്ദേഹം ചൂണ്ടി കാണിച്ചു. ഇതിനെ തുടര്‍ന്ന് തൊഴില്‍ മേഖലയില്‍ യുറോപ്പ്യന്‍ നിയമങ്ങളുടെ അടിസ്ഥാനത്തില്‍ ഭാര്യക്കും ഭര്‍ത്താവിനും ലഭിച്ചുകൊണ്ടിരിക്കുന്ന പ്രസവാനന്തര അനൂകൂല്യങ്ങളും അവധിയും വെട്ടികുറക്കും എന്നതും വസ്തുതയാണ്.

1950 ല്‍ ആണ് ഇന്നത്തെ യുറോപ്യന്‍ യൂണിയന്റെ തുടക്കം .യുറോപ്യന്‍ കോള്‍ ആന്‍ഡ്‌ സ്റ്റീല്‍ കമ്മ്യൂണിറ്റി( ECSE ) എന്നനിലയില്‍ തുടങ്ങി പിന്നിട് 1957 ല്‍ യുറോപ്യന്‍ ഇക്കോണമിക്കല്‍ കമ്മ്യൂണിറ്റി (EEC) ആയി മാറി. അന്നൊന്നും ചേരാതിരുന്ന ബ്രിട്ടിഷ്കാര്‍ നോക്കിയപ്പോള്‍ ബിസിനസ് സുഗമമായി നടത്താന്‍ കഴിഞ്ഞ ജര്‍മനിയുടെയും, ഫ്രാന്‍സിന്‍റെയും സമ്പദ് ഘടന യുറോപ്യന്‍ യുണിയന്‍ മുഖേനേ വളരെ ശക്തമാകുന്നു. ഇങ്ങനെ പോയാല്‍ നമ്മുടെ ഗതി മോശമാകും എന്നു കണ്ട ബ്രിട്ടണ്‍, യുണിയനില്‍ ചേരാനുള്ള അപേക്ഷസമര്‍പ്പിച്ചപ്പോള്‍ ഫ്രാന്‍സ് വീറ്റോ ചെയ്തു. അന്ന് നാണം കെട്ട് ബ്രിട്ടീഷ്‌ പ്രധാനമന്തി ഹാരോള്‍ഡ്‌ വില്‍സനു ബ്രസ്സല്‍സില്‍ നിന്നും പോരെണ്ടിവന്നു. പിന്നീട് വന്ന എഡ്വാര്‍ഡ്കീത്ത് ന്റെ ശ്രമഫലമായിട്ടാണ് 1973 ല്‍ യുറോപ്യന്‍ യുണിയന്‍ അംഗത്വം ബ്രിട്ടന് ലഭിച്ചത്. അതാണ് ഇപ്പോള്‍ വലിചേറിയന്‍ ശ്രമിക്കുന്നത് .
ബ്രിട്ടണ്‍ യുറോപ്യന്‍ യൂണിയനില്‍ നില്‍ക്കുന്ന അത്രയും മാനവികത പുറത്തു വന്നാല്‍ നമുക്കും ലഭിക്കും എന്നു വിശ്വസിക്കാന്‍ കഴിയില്ല. തന്നെയുമല്ല ബ്രിട്ടണ്‍ പുറത്തു പോകുന്നതോട്കൂടി സ്കോട്ട്ലാണ്ട് പുറത്തുപോകുന്നത്തിനുള്ള ആക്കം വര്‍ധിക്കും. അതിനെ തുടര്‍ന്ന് വെയില്‍സും പുറത്തുപോകാന്‍ ശ്രമിക്കും അയര്‍ലണ്ടില്‍ ഉണ്ടാകാന്‍ പോകുന്ന സാമ്പത്തിക തകര്‍ച്ച ചിപ്പോള്‍ അവരുമായി ബ്രിട്ടണ്‍ ഉണ്ടാക്കിയ സമാധാന ചര്‍ച്ചയെ തന്നെ തുരങ്കം വയ്ക്കുമോ എന്നു സംശയിക്കുന്നതായി ടോണി ബ്ലെയര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. അങ്ങനെ സംഭവിച്ചാല്‍ ഇന്നു ഉറങ്ങി കിടക്കുന്ന ഐറിഷ് തീവ്രവാദികള്‍ ഉയര്‍ത്തെഴുനേല്‍ക്കുക തന്നെചെയ്യും. അവര്‍ നാശം വിതക്കാന്‍ മടിയുള്ളവരല്ല എന്നു ചരിത്രം അറിയാവുന്നവര്‍ക്ക് അറിയാം.

 • കാണപ്പെട്ട ദൈവങ്ങളെ മാറ്റി നിര്‍ത്തി കാണാത്ത ദൈവങ്ങള്‍ക്ക് പിന്നാലെ പായുന്നവര്‍ ...
 • ഇന്ത്യയിലെ നോട്ടു നിരോധനം ബാക്കിവച്ചത്...
 • എന്താണ് ഈ മലയാളികള്‍ ഇങ്ങനെ!
 • വിവാഹം - തലമുറകളിലൂടെ മാറുന്ന സങ്കല്‍പ്പങ്ങള്‍
 • ലിവര്‍പൂളിലെ ആന്റോ ജോസിന്റെ പിതാവ് ജോസ് വര്‍ഗിസ് എഴുതിയ 'ഒരു കുടിയേറ്റക്കാരന്റെ ഓര്‍മ്മകുറിപ്പുകള്‍ ' ഒരവലോകനം
 • താര ദൈവങ്ങളെ ഇനി നമുക്ക് ഭൂമിയിലേക്ക് ഇറക്കിവയ്ക്കാം
 • പേടിക്കണം ബ്ലൂവെയില്‍ എന്ന മരണക്കളിയെ ...
 • ഈ വാട്സാപ്പ് സന്ദേശം ഉണ്ടാക്കിയ രാജ്യസ്നേഹിക്കു സലൂട്ട്
 • കേരളത്തിലേത് ആതുരാലയങ്ങളോ അറവു ശാലകളോ!
 • 2039ല്‍ കോട്ടയത്ത് നിന്ന് ന്യൂയോര്‍ക്കിലേക്കുള്ള ആകാശയാത്രയില്‍ കണ്ട കാഴ്ചകള്‍ ..
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway