വീക്ഷണം

സാധാരണക്കാരുടെകൂടെ സമയം ചെലവിടാന്‍ കൊതിക്കുന്ന യുകെയിലെ അസാധാരണക്കാരനായ ഒരു മലയാളി ഡോക്ടര്‍

സാധാരണക്കാരുടെ കൂടെ യാതൊരു ജാഡയുമില്ലാതെ ചീട്ടു കളിക്കുകയും, നൃത്തം ചവുട്ടുകയും ചെയ്യുന്ന ഡോക്ടര്‍ ജോര്‍ജ് മാത്യു എന്ന യുകെയിലെ മിടുമിടുക്കനായ മലയാളി ഡോക്ടറെ കുറിച്ചു ടോം ജോസ് എഴുതുന്ന ലേഖനം.


ചീട്ടുകളി സംഘത്തില്‍ വച്ച് ഒരു മലയാളി ഡോക്ടറെ പരിചയപ്പെട്ടു. ഡോ. ജോര്‍ജ് മാത്യു കീരിക്കാട്ട്. ഇടുപ്പെല്ല് (Hip)മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയില്‍ യു.കെയിലെ ഏറ്റവും മികച്ച ഡോ്ക്ടര്‍മാരില്‍ ഒരാള്‍, പഠിച്ചിരുന്ന കാലത്ത് നാട്ടില്‍ റാങ്കുകള്‍ വാരിക്കൂട്ടിയ അദ്ദേഹം യു.കെയിലെ മികച്ച സേവനത്തിന് ചാള്‍സ് രാജകുമാരനില്‍ നിന്നും അവാര്‍ഡ് നേടിയിട്ടുണ്ട്. എന്നാല്‍ ഈ ആടയാഭരണങ്ങളൊന്നും ചാര്‍ത്താതെ സാധാരണക്കാരില്‍ സാധാരണക്കാരനായി ടോര്‍ക്കെയിലെ മലയാളികള്‍ക്കൊപ്പമിരുന്ന് അദ്ദേഹം ചീട്ടുകളിക്കുന്നതു കണ്ടപ്പോള്‍ അതിശയം തോന്നി. പാഴ്ചീട്ട്‌വെച്ചോണ്ട് തുറുപ്പിട്ട് വെട്ടിയാല്‍ ഇയാള്‍ നാട്ടുഭാഷയില്‍ തെറിപറയും, ഒപ്പമുള്ളവര്‍ കളി ശ്രദ്ധിക്കാതെ ചീട്ട് വലിച്ച് വാരി ഇട്ടാലും ഡോക്ടമാരുടെ ജാഡയില്ലാതെ അദ്ദേഹം തനി നാടനാകും . എന്നാല്‍ ഓപ്പറേഷന്‍ ടേബിളില്‍ എത്തിയാല്‍ ഈ മനുഷ്യന്‍ നമ്മുടെ നാടിന് തന്നെ അഭിമാനമാകുന്ന ഭിഷഗ്വരനാണ്‌. അതു തിരിച്ചറിഞ്ഞാണ് ചാള്‍സ് രാജകുമാരന്‍ അവാര്‍ഡ് നല്‍കിയത്.


സെന്റ് തോമസ് ഡേ ആഘോഷങ്ങളുടെ ഭാഗമായി ടോര്‍ക്കെയിലെ 30 ഓളം വരുന്ന മലയാളി സമൂഹം സംഘടിപ്പിച്ച പരിപാടിയില്‍ പാട്ടുകരോട് ഒപ്പം മകനെയുംകൂട്ടി നൃത്തചുവടുകള്‍ വയ്ക്കുന്നതിടയിലാണ് അദ്ദേഹത്തെ പിന്നീട് കണ്ടത്. അടുത്ത് ചെന്ന് ഒരു ഫോട്ടോ എടുത്തോട്ടെ എന്ന് ചോദിച്ചു. എന്തിന്? എന്നായിരുന്നു തിരിച്ചുള്ള ചോദ്യം. ഇതിനിടെ ഞങ്ങളുടെ ബന്ധു സണ്ണിഫിലിപ്പ് എന്നെ അദ്ദേഹത്തിന് പരിചയപ്പെടുത്തി. പിന്നെ ഫോട്ടോയെടുത്തു.
ലോകമലയാളി സമൂഹത്തിനു തന്നെ അഭിമാനമാണ് ഡോ ജോര്‍ജ് മാത്യു കീരിക്കാട്ട്. തന്റെ നേട്ടങ്ങള്‍ എടുത്തുകാട്ടി ഒരു അംഗീകാരത്തിനും വേണ്ടി അദ്ദേഹം നടക്കാറില്ല. മാത്രമല്ല അത് പറയാന്‍ പോലും അദ്ദേഹം വലിയ തല്‍പ്പര്യം കാണിക്കാറില്ല.


എന്‍എച്ച്എസ് ഹോസ്പിറ്റലില്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഹെഡ് ആയി പ്രവര്‍ത്തിക്കുന്ന ഡോ. ജോര്‍ജ് ടോര്‍കേയിലെ ആദ്യമലയാളി കുടിയേറ്റക്കാരനാണ്. പിന്നിട് നഴ്‌സിംഗ് ജോലിയുമായി അവിടെ എത്തിയ മലയാളികള്‍ക്ക് എല്ലാം അദ്ദേഹം ഒരു വലിയ സഹായിയും വഴികാട്ടിയുമായിരുന്നു. നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്. അതൊക്കെ അദ്ദേഹത്തെ കൂടുതല്‍ വിനീതനാക്കുകയാണ് ചെയ്തത്.


പഠിക്കുന്ന കാലത്ത് റാങ്കുകളുടെ തിളക്കവുമായാണ് ഡോ ജോര്‍ജ് തന്‍റെ വിജയഗാഥക്ക് തുടക്കമിട്ടത്. 1972 ല്‍ എറണാകുളം സെന്റ് ആഗസ്റ്റിന്‍ ഹൈസ്‌കൂളില്‍ നിന്നും എസ്എസ്എല്‍സിക്ക് ആറാം റാങ്ക് നേടികൊണ്ട് തുടക്കം. 1974ല്‍ പ്രീഡിഗ്രിക്ക് ഒന്നാം റാങ്ക് എറണാകുളം സെന്റ് അല്‍ബെര്‍ട്ട് കോളേജില്‍ നിന്നും കരസ്ഥമാക്കി. പിന്നിട് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നും മികച്ച വിജയത്തോടെ എംബിബിഎസ് പാസ്സായി. അതിനു ശേഷം എറണാകുളം ലിസ്സി ഹോസ്പിറ്റല്‍, വേല്ലൂര്‍ സിഎംസി ഹോസ്പിറ്റല്‍, എംഎജെ ഹോസ്പിറ്റല്‍ എറണാകുളം, എന്നിവിടങ്ങളില്‍ ജോലി ചെയ്തു. 1989 ല്‍ മണിപ്പാല്‍ കസ്തൂര്‍ബ മെഡിക്കല്‍ കോളേജില്‍ നിന്നും ജനറല്‍ മെഡിസിനില്‍ എംഡി പാസായി അവിടെ തന്നെ അസ്സിസ്‌റ്റെന്റ്‌റ് പ്രോഫസറായി.

മണിപ്പാലില്‍ ജോലി ചെയ്തിരുന്ന സമയത്ത് മെഡിക്കല്‍ ടെക്സ്റ്റ് എന്ന ബുക്ക് എഴുതി പ്രസിദ്ധീകരിച്ചു , അത് വിറ്റഴിഞ്ഞത് 35000 കോപ്പിയായിരുന്നു. ആ പുസ്തകം പിന്നിട് ഇംഗ്ലണ്ടിലും പ്രസിദ്ധീകരിച്ചു. ഇതിനു ഇന്ത്യയില്‍ നിന്ന് മാത്രം ഡോ. ജോര്‍ജിനു കിട്ടിയ റോയല്‍ റ്റി പതിമൂന്നര ലക്ഷം രൂപയായിരുന്നു .
1995 ല്‍ യുകെയില്‍ എത്തിയ ഡോ. ജോര്‍ജ്, സ്റ്റിവനെജ്, കെന്‍ഡല്‍, ഗ്ലാസ്‌കോ എന്നിവിടങ്ങളില്‍ ജോലി ചെയ്തതിനു ശേഷമാണു 1999ല്‍ ലിവര്‍പൂളില്‍ ടോര്‍ക്കെയിലെ ടോര്‍ബെ ജനറല്‍ ഹോസ്പിറ്റലില്‍ ഓര്‍ത്തോ ജീറിയാട്രിക് ഡോക്ടര്‍ ആയി സേവനം ആരംഭിക്കുന്നത്. പിന്നിട് വളരെ പെട്ടെന്ന് തന്നെ അസോസിയേറ്റു സ്‌പേഷിലിസ്റ്റായി പ്രമോഷന്‍ ലഭിച്ചു. 1999 ല്‍ ഈ പ്രവേശനം ലഭിക്കുമ്പോള്‍ യുകെ യില്‍ ആകെ രണ്ടു ഡോക്ടര്‍മാര്‍ മാത്രമേ ഓര്‍ത്തോ ജീറിട്രിയാഷ്യന്‍ മാരായി ഉണ്ടായിരുന്നുള്ളൂ എന്നത് അറിയുമ്പോളാണ് ഡോക്ടര്‍ ജോര്‍ജിന്റെ പ്രസക്തി നാം തിരിച്ചറിയുന്നത് .

വളരെ പ്രായം ചെന്ന ആളുകളുടെ ഒടിഞ്ഞ ഹിപ് (hip)ഓപ്പറേഷന്‍ ചെയ്തു അവരെ വീണ്ടും ജീവിതത്തിലേക്ക് കൊണ്ടുവരുന്നതില്‍ ഡോ. ജോര്‍ജ് നടത്തിയ മുന്നേറ്റം യുകെയിലെ എന്‍എച്ച്എസിന്റെ ആകമാനം ശ്രദ്ധയാകര്‍ഷിച്ചു. അതില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധനേടിയത് 101 വയസുകഴിഞ്ഞ എമിലി എന്ന സ്ത്രിയുടെ ഹിപ് ഓപ്പറേഷന്‍ ആയിരുന്നു. ആദ്യമായിട്ടയിരുന്നു ഇത്രയും പ്രായം ചെന്ന ഒരാളുടെ ഹിപ് ഓപറേഷന്‍ യു.കെയില്‍ നടക്കുന്നത്. അതിനു ശേഷം എന്‍എച്ച്എസിന്റെ പ്രൊഫസര്‍ ഇയാന്‍ ഫിലിപ്പ് ഡോ. ജോര്‍ജിനെ സന്ദര്‍ശിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ ജോര്‍ജിനെ ആ വര്‍ഷത്തെ സോഷ്യല്‍ കെയര്‍ അവാര്‍ഡിനു തിരഞ്ഞെടുക്കുകയും 2002ല്‍ ലണ്ടനില്‍ വച്ച് പ്രിന്‍സ് ചാള്‍സ് അവാര്‍ഡ് സമ്മാനിക്കുകയും ചെയ്തു.


ഡോ. ജോര്‍ജിനു വേറെയും ഒട്ടേറെ അവാര്‍ഡ്കള്‍ ലഭിച്ചിട്ടുണ്ട് 2001ല്‍. എന്‍എച്ച്എസിന്റെ ബെസ്റ്റ് സ്റ്റാഫ് അവാര്‍ഡ് ലഭിച്ചു. ഇതു യുകെയില്‍ ഒരുവര്‍ഷം ഒരാളെമാത്രം തിരഞ്ഞെടുക്കുന്ന അവാര്‍ഡാണ്. അതുകൊണ്ട് തന്നെ യുകെയിലും യുറോപ്പിലും വിവിധ സ്ഥലങ്ങളിലും അദേഹം നേടിയ അറിവുകള്‍ പകര്‍ന്നു നല്കാന്‍ എന്‍എച്ച്എസ് അദ്ദേഹത്തെ അയച്ചു. ഇതെല്ലാം വളരെ കുറച്ചു മലയാളികള്‍ക്ക് മാത്രം ലഭിച്ചിട്ടുള്ള അംഗികാരമാണ്.

ടോര്‍ക്കെയിലെ അദ്ദേഹത്തിന്റെ ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്ന നഴ്സുമാരോട് ഡോ. ജോര്‍ജിനെ പറ്റി ചോദിച്ചപ്പോള്‍ , അവധിയാണങ്കിലും ഞായറാഴ്ചകളില്‍ പോലും അദ്ദേഹം ജോലി ചെയ്യാന്‍ മടി കാണിക്കാറില്ല എന്നാണ് അവര്‍ പറഞ്ഞത്.

ഡോക്ടര്‍ ജനിച്ചത് ഒരു കര്‍ഷക കുടുംബത്തിലാണ്. അതുകൊണ്ടു കൃഷിക്കും പൂന്തോട്ടത്തിലുമായാണ് ഒഴിവുസമയങ്ങള്‍ ചിലവഴിക്കുന്നത്. ചൂണ്ടയിടലിനും സമയം കണ്ടെത്തുന്നു. അദ്ദേഹത്തിന് ഭാര്യയും ഒരു മകനും ഉണ്ട്. ഭാര്യ എലിസബത്ത് ജോര്‍ജ് പാലായിലെ ഒരു പഴയ എഴുത്തുകാരന്‍ ജെകെവിയുടെ സഹോദരപുത്രിയാണ്. മകന്‍ മാത്യു ജോര്‍ജ് കീരികാട്ട് പഠിക്കുന്നു.

എന്തുകൊണ്ടാണ് ഇങ്ങനെ വെറും ഒരു സാധരണക്കാരനെ പോലെ ആളുകളുടെ ഇടയില്‍ ജീവിക്കുന്നത് എന്നു ചോദിച്ചപ്പോള്‍ അദേഹം തിരിച്ചു ചോദിച്ചത് ഞാന്‍ വലിയ ഡോക്ടര്‍ ആണെന്ന് പറഞ്ഞാല്‍ ഒരു കടയില്‍ ചെന്നാല്‍ എനിക്ക് സാധനം വില കൂട്ടിയോ കുറച്ചോ തരുമോ എന്നായിരുന്നു. ഇവിടെ എല്ലാവരും ഒരുപോലെയാണ്. പിന്നെ ഒരു സാധരണക്കാരനായി ജീവിക്കുന്നതില്‍ ഞാന്‍ സന്തോഷം കണ്ടെത്തുന്നു അത്ര തന്നെ. മലയാളികള്‍ പൊതുവേ മറ്റുള്ളവരുടെ നന്മ കാണാന്‍ ശ്രമിക്കുന്നതിനെക്കാള്‍ കുറവുകള്‍ കാണാനാണ് ഇഷ്ടപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു. പക്ഷെ ഇംഗ്ലീഷ്‌കാര്‍ തിരിച്ചാണ്. അത്തരം സംസ്‌കാരമാണ് നമ്മളും നേടിയെടുക്കേണ്ടതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മലയാളിസമൂഹം പൊതുവേ ജന്മിത്വ പ്രേതങ്ങളെ എന്നും മനസ്സില്‍ താലോലിക്കുന്ന സ്വപ്നജീവികള്‍ മാത്രമാണ് എന്നും സക്കറിയയെ പോലെ ആ ജന്മിത്വ ഭാണ്ഡം ഊരി താഴെവച്ച പലചിന്തകരും പറഞ്ഞിട്ടുണ്ട്. ഈ ജന്മിത്വ സ്വഭാവം ഏറ്റവും കൂടുതല്‍ സാധാരണ മനുഷ്യര്‍ അനുഭവിചറിയുന്നത് രണ്ടു പ്രധാന ജനാധിപത്യസ്ഥാപനങ്ങളിലൂടെയാണ്. കേരളത്തിലെ ആശുപത്രികളും പോലീസ് സ്റ്റേഷനുകളുമാണ് ഇവ രണ്ടും. ഈ രണ്ടു സ്ഥാപനങ്ങളിലും അശ്രയത്തിനുവേണ്ടി സമീപിക്കുന്നവര്‍ക്ക് അവഗണനയുടെ കൈപ്പുനീരാണ് പലപ്പോഴും ലഭിക്കുന്നത്. ഡോക്ടര്‍ രോഗിയെ കാണുന്നത് ജന്മി കുടിയനെ കാണുന്നത്പോലെയാണ്. അത്തരം ആളുകളുടെ ഇടയില്‍ ഡോ. ജോര്‍ജ് മാത്യുവിനെ പോലെയുള്ളവര്‍ സാധാരണക്കാര്‍ക്ക് പ്രതീക്ഷയായി സൂര്യതേജസോടെയാണ് നില്‍ക്കുന്നത്.

  • ഇന്ത്യക്കാരുടെ ഇംഗ്ലണ്ട് സാധ്യതകള്‍ തകര്‍ന്നതിനെപ്പറ്റി ആദ്യകാല മലയാളി കുടിയേറ്റക്കാരന്‍ പ്രഭാകര്‍ജി - ടോം ജോസിന്റെ ലേഖനം
  • ബാര്‍കോഴയിലെ യഥാര്‍ത്ഥ പ്രതിയെ ജനം തോല്‍പ്പിച്ചു, മാണിയെ കൊല്ലാക്കൊല ചെയ്തു; കോണ്‍ഗ്രസിനെതിരെ 'പ്രതിച്ഛായ'; പുറത്തുപോകാനുറച്ചു മാണിഗ്രൂപ്പ്
  • ബ്രിട്ടണ്‍ യൂറോപ്പിന് പുറത്തുപോയാല്‍ എന്തൊക്കെ സംഭവിക്കും? മലയാളികളുടെ അവസ്ഥയെന്താവും?-ടോം ജോസിന്റെ ലേഖനം
  • മുന്‍ മന്ത്രിയും കേരളാ കോണ്‍. നേതാവുമായ ടിഎസ് ജോണ്‍ അന്തരിച്ചു
  • വെയില്‍സിലേയ്ക്ക് പോകൂ; ഇടുക്കിയും മറയൂരും കാല്‍വരിമൗണ്ടും രാമക്കല്‍മേടും കാണാം- ടോം ജോസിന്റെ യാത്രാവിവരണം
  • കരുണാകരന്റെ പോലീസല്ല റോബര്‍ട്ട്‌ പീലിന്റെ 'ബോബി'സ്‌, ജനമൈത്രി പോലീസിന്റെ ഉദയം...
  • എന്ത് കൊണ്ട് കേരളത്തില്‍ ആം ആദ്മി (ആപ്) വളരുന്നില്ല?
  • ശ്രീനാരായണഗുരുവും എന്റെ ലോറിയും.......
  • മുരിക്കാശ്ശേരിയിലെ നല്ല സമരിയക്കാരന്‍
  • പോലീസ് ഒരു ഭീകര ജീവിയല്ല; ഇടുക്കിയിലെ കോതമംഗലംകാരന്‍ പൗലോസ്‌ പോലീസുതന്നെ ഇംഗ്ലണ്ടില്‍ കണ്ട പോലീസ്‌
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway