ഇന്റര്‍വ്യൂ

ഞാന്‍ നല്ല തീരുമാനങ്ങള്‍ക്കൊപ്പം കുറച്ച് തെറ്റായ തീരുമാനങ്ങളും എടുത്തിരുന്നു- മീര ജാസ്മിന്‍

മീരാ ജാസ്മിന്‍ ഇടവേളയ്ക്കു ശേഷം മലയാള സിനിമയുടെ ഭാഗമായിരിക്കുന്നു. കോട്ടയം കാരനായ ഡോണ്‍മാക്സ് ആദ്യമായി സംവിധാനം ചെയ്യുന്ന പത്തുകല്പനകള്‍ എന്ന സിനിമയിലൂടെയുള്ള മടങ്ങി വരവ് മീരയെ വല്ലാതെ മാറ്റിയിരിക്കുന്നു. ഞാന്‍ ജീവിതത്തെ കൂടുതല്‍ സ്നേഹിക്കാനും ആസ്വദിക്കാനും തുടങ്ങിയിരിക്കുന്നു. ഒരോ നിമിഷത്തിലും, ഒാരോ കുഞ്ഞുകാര്യത്തിലും സന്തോഷിക്കാന്‍ തുടങ്ങിയിരിക്കുന്നു.' മീര പറയുന്നു. തന്റെ വരവിനെക്കുറിച്ചും ദുബായ് ജീവിതത്തെക്കുറിച്ചും കാലം മാറ്റിയെഴുതിയ പുതിയ മനസ്സിനെക്കുറിച്ചും മീര മനസ് തുറക്കുന്നു.


വിവാഹശേഷം സിനിമ വിട്ട് ദുബായിലേക്കുള്ള യാത്ര. പെട്ടെന്നുള്ള ഈ മാറ്റം എന്താണു പഠിപ്പിച്ചത്?

ഒറ്റയ്ക്ക് വളര്‍ന്നുവന്ന കുട്ടിയായിരുന്നെങ്കിലും മറ്റൊരാളുടെ സഹായമില്ലാതെ ജീവിക്കാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു. സിനിമയിലായപ്പോള്‍ ഞാനറിയാതെ എന്നിലേക്കെത്തിയ സ്വഭാവമായിരുന്നു അത്. ദുബായില്‍ എത്തിക്കഴിഞ്ഞാണ് ഈ കാര്യം തിരിച്ചറിഞ്ഞത്. ആദ്യ കാലങ്ങളില്‍ ശരിക്കും ബുദ്ധിമുട്ടി. അപരിചിതമായ സ്ഥലം. ലിഫ്റ്റില്‍ കയറാന്‍ പോലും പേടിയായിരുന്നു,

സ്കൂളില്‍ ഒപ്പം പഠിച്ചവരല്ലാതെ മറ്റു കൂട്ടുകാര്‍ എനിക്കുണ്ടായിരുന്നില്ല. ഇപ്പോള്‍ എനിക്കവിടെ ഒരുപാട് ചങ്ങാതിമാരായി. അവര്‍ക്കൊപ്പം മാളിലും മാര്‍ക്കറ്റിലും പോവും. പണ്ടൊക്കെ ഷൂട്ടിനു പോവുമ്പോള്‍ നല്ലൊരു കഫെ കാണുമ്പോള്‍ അവിടെ കയറാനും ഒരു കാപ്പി കഴിക്കാനുമൊക്കെ തോന്നും. പക്ഷേ, മനസ്സിലപ്പോള്‍ 'ഷോട്ട് റെഡി ' എന്നു മുഴങ്ങുന്നുണ്ടാവും. ഇഷ്ടപ്പെട്ട കഫെയില്‍കയറി സാവധാനം ആസ്വദിച്ച് ഒരു കാപ്പി കുടിക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല. അങ്ങനെ നഷ്ടപ്പെട്ട കുഞ്ഞു കുഞ്ഞു സന്തോഷങ്ങളെല്ലാം ‍ഞാന്‍ തിരിച്ചു പിടിക്കുകയാണ്.


എന്തൊക്കെയാണ് പുതിയ ക്രെയ്സുകള്‍ ?

ദുബായിലെ രുചികള്‍ തേടിയിറങ്ങലാണ് പുതിയ ക്രെയ്സ്. ലോകത്തെ എല്ലാ രുചികളും കിട്ടുന്ന സ്ഥലം, ഒന്നാം നിരയിലുള്ള ഹോട്ടലുകള്‍ ... ദുബായ് ഇതൊക്കെ കൂടിയാണ്. സ്റ്റേക് രുചികളാണ് ഇപ്പോഴത്തെ വീക്ക്നെസ്. ദുബായ് എന്നെ ശരിക്കും മാറ്റി. ആ മാറ്റം വാക്കുകള്‍ക്കപ്പുറമാണ്. ജീവിതത്തെ കൂടുതല്‍ സ്നേഹിക്കാന്‍ തുടങ്ങി. ഒരു ശലഭത്തെ പോലെ പറക്കാനാവും എന്നൊക്കെ തോന്നാറുണ്ട്.

ചിലപ്പോള്‍ എനിക്ക് എന്നെ തന്നെ ബോറടിക്കും, അപ്പോള്‍ ഞാന്‍ ഒരു മേക്ക് ഒാവര്‍ നടത്തും. മുടിമുറിക്കും. കടുത്ത നിറമുള്ള ലിപ്സ്റ്റിക് ഉപയോഗിക്കും. ചെറിയ യാത്രകള്‍ പോവും. ക്രെയ്സ് എന്നു വിളിക്കാനാവില്ലെങ്കിലും ഒരു സ്വപ്നത്തെക്കുറിച്ചു പറയാം. പ്രായമായവര്‍ക്കു വേണ്ടി നാട്ടില്‍ വീടു പണിയണം, അതിനെ ഒാള്‍ഡേജ് ഹോം എന്നൊന്നും വിളിക്കാന്‍ പറ്റില്ല. ഒരടിപൊളി വീട്. നല്ല മക്കളെ കിട്ടിയ മാതാപിതാക്കള്‍ ഭാഗ്യം ചെയ്തവരാണ്. ഒരുകാലത്ത് നമ്മളെ പോലെ പറന്നു നടന്നിരുന്നവരാണ് അവര്‍ എന്നൊന്നും പുതിയ കാലത്തെ കുട്ടികള്‍ ഒാര്‍ക്കില്ല. എന്റെ എല്ലാ സ്വപ്നത്തിലേക്കും ഞാന്‍ എത്തിപ്പെടുകയായിരുന്നു. ഇതിലേക്കും ഞാന്‍ എത്തും.


'ഇനി അപ്പോള്‍ നാട്ടിലേക്കില്ലേ...' എന്ന ചോദ്യം കേട്ടു മടുത്തോ?

മലയാളികള്‍ക്ക് ഇപ്പോഴുമെന്നോടു സ്നേഹമുണ്ടെന്ന് ഒാരോ നിമിഷവും ഞാന്‍ തിരിച്ചറിയുന്നുണ്ട്. മാളില്‍ വച്ചുകാണുമ്പോഴൊക്കെ ഇനി എന്നാ സിനിമയിലേക്ക് എന്ന ചോദ്യം ഉറപ്പാണ്. നാടുമായിട്ട് ഏതാണ്ട് നാലുമണിക്കൂര്‍ ദൂരം– കേരളവും ദുബായിയുമായി ആ ഒരകലമേ ഞാന്‍ കാണുന്നുള്ളൂ. ഈ ദൂരം നല്‍കുന്ന സ്വാതന്ത്ര്യം വേറൊരു രസം തന്നെയാണ്.

കേരളത്തിലെ ചില വാര്‍ത്തകള്‍ കേള്‍ക്കുമ്പോള‍് ദുബായ് ഭേദമാണെന്നു തോന്നാറുണ്ട്. ഏറ്റവും അടുത്തുണ്ടായ ജിഷയുടെ സംഭവം തന്നെ, കേട്ടപ്പോള്‍ തകര്‍ന്നു പോയി. അടച്ചുറപ്പുള്ള വാതിലും കെട്ടിടവും എല്ലാം ഉണ്ടായിട്ടു പോലും എനിക്കിവിടെ പേടി തോന്നുന്നു. ഇപ്പോഴും ആയിരക്കണക്കിന് പെണ്‍കുട്ടികള്‍ ഒട്ടും സുരക്ഷിതമല്ലാത്ത രീതിയില്‍ താമസിക്കുന്നു, യാത്ര ചെയ്യുന്നു. അവര്‍ക്കു സുരക്ഷയൊരുക്കാന്‍ ആവുന്നില്ല എന്നത് ചെറിയൊരു കാര്യമായി തള്ളിക്കളയേണ്ട ഒന്നല്ല. സ്ത്രീകളെ സമൂഹം കാണുന്ന രീതി നോക്കിയാല്‍ നൂറുവര്‍ഷം പിറകിലാണു നമ്മള്‍.

സ്ത്രീകളെ പീഡിപ്പിക്കുന്നവര്‍ക്ക് നല്‍കേണ്ടത് പതുക്കെയുള്ള, വേദന നിറഞ്ഞ മരണമാണ്. മുറിവേല്‍ക്കുമ്പോള്‍ അനുഭവിക്കുന്ന വേദന പ്രതിയും അറി‍ഞ്ഞിരിക്കണം. പക്ഷേ, ഇപ്പോള്‍ നടക്കുന്നത് അങ്ങനെയല്ല, ജയിലിലേക്കു പോവുന്ന പ്രതികള്‍ കുറച്ചുനാളുകള്‍ കഴിയുമ്പോള്‍ മിടുക്കന്മാരും സുന്ദരന്മാരുമായി ചാനല്‍ ക്യാമറയ്ക്കുമുന്നില്‍ എത്തുന്നു. അപ്പോള്‍ ഈ ജയില്‍ ജീവിതത്തില്‍ നിന്ന് അവരെന്താണു പഠിക്കുന്നത്.


ദേശീയപുരസ്കാരവും രണ്ടു സംസ്ഥാന അവാര്‍ഡും നേടിയ നടി, സിനിമയില്‍ നിന്ന് മാറി നിന്നപ്പോള്‍ എന്താണു തോന്നിയത്?

സിനിമയില്‍ നിന്നു മാറി നിന്നു എന്നൊന്നും എനിക്ക് തോന്നിയിട്ടേ ഇല്ല. രണ്ടു വര്‍ഷം ഇത്രയും വേഗം എങ്ങനെ പോയന്ന കാര്യത്തിലേ അദ്ഭുതമുള്ളൂ. ആദ്യത്തെ ഒരുവര്‍ഷത്തോളം വീട് ഒരുക്കുന്ന തിരക്കില്‍ പോയി. പിന്നെ കുറേ സിനിമകൾ കണ്ടു. നന്നായി പാചകം ചെയ്തു. യാത്രകള്‍ ചെയ്തു. ഇത്രയും കാലം ഒരു വെക്കേഷന്‍, അങ്ങനെയേ കരുതിയിട്ടുള്ളൂ. അല്ലാതെ ഈ മടങ്ങി വരവ് സെക്കന്‍ഡ് ഇന്നിങ്ങ്സ് എന്ന രീതിയില്‍ ചിന്തിച്ചിട്ടില്ല. അതു കൊണ്ടു തന്നെ തിരിച്ചു വരവിന്റെ ടെന്‍ഷന്‍, പ്രഷര്‍ തോന്നുന്നുമില്ല.

മാറിനില്‍ക്കല്‍ എനിക്ക് ആവശ്യമായിരുന്നു. ജീവിതത്തില്‍ ഒരിടവേള എപ്പോഴും നല്ലതാണ്.ഇതു വരെ ഞാനൊരു ഒഴുക്കിലായിരുന്നു. നദിയില്‍ വീണ ഇലപോലെ... ചുറ്റും നോക്കാനുള്ള സമയം കിട്ടില്ല. ഒഴുക്കിനൊപ്പമുള്ള ഒരുയാത്ര. പിന്നെ കരയില്‍ കയറി നിന്ന് ഒഴുക്കിലേക്ക് നോക്കി നില്‍ക്കാനുള്ള അവസരം കിട്ടി. അതൊരു തിരിച്ചറിവായിരുന്നു. ഞാന്‍ നല്ല തീരുമാനങ്ങള്‍ക്കൊപ്പം കുറച്ച് തെറ്റായ തീരുമാനങ്ങളും എടുത്തിരുന്നു. പണ്ട് എല്ലാം ശരിയെന്നേ തോന്നിയിട്ടുള്ളൂ. പുറത്തിറങ്ങി നിന്ന് നോക്കിയാലേ തെറ്റു തിരിച്ചറിയാന്‍ പറ്റൂ...

എല്ലാം മുന്‍കൂട്ടി ആലോചിച്ചുറപ്പിച്ച് സിനിമയില്‍ വന്ന ആളല്ല ഞാന്‍. ഈ ലോകത്തേക്ക് എത്തിപ്പെടുകയായിരുന്നു. ജീവിതത്തില്‍ ഒരു പോര്‍ട് ഫോളിയോ പോലും ഇതുവരെ ഷൂട്ട് ചെയ്തിട്ടില്ല. മാറി നിന്നകാലത്തും സിനിമ എന്നെത്തേടി വരാറുണ്ടായിരുന്നു. അന്ന് ഒരു കാര്യം മനസ്സിലായി ഞാന്‍ വിട്ടുനിന്നാലും സിനിമ എന്നെ കൊണ്ടുപോകും. തീരത്തു തങ്ങിനിന്ന ഇല നദി തിരിച്ചെടുക്കും പോെല. ഇപ്പോള്‍ അതാണു സംഭവിച്ചത്.

ഇന്നും നാളെയും സിനിമയില്‍ വന്നു നിന്ന് മടങ്ങിപ്പോവാന്‍ വന്ന ആളല്ല ‍ഞാന്‍ എന്ന ബോധ്യമുണ്ട്. അത് നടി എന്ന നിലയില്‍ മാത്രമാവില്ല. ചിലപ്പോള്‍ സംവിധായിക, അല്ലെങ്കില്‍ നിര്‍മാതാവ്... അത് ഏതു രൂപത്തിലായാലും സിനിമ എനിക്കൊപ്പമുണ്ടാവും.


മീരയ്ക്കുണ്ടായ മാറ്റം സിനിമയ്ക്കും ഉണ്ടായോ?

അഭിനയിക്കാതിരുന്ന കാലത്തും എല്ലാ സിനിമകളും കാണാറുണ്ടായിരുന്നു. അതില്‍ ഞാനുണ്ടായിരുന്നെങ്കില്‍ എന്നൊന്നും ആഗ്രഹിച്ചില്ല. പക്ഷേ, പുറത്തുനിന്ന് സിനിമയിലുണ്ടായ മാറ്റത്തെ അറിയുന്നുണ്ടായിരുന്നു. രണ്ടുവര്‍ഷം കൊണ്ട് ഒരുപാടു ചെറുപ്പക്കാര്‍ വന്നില്ലേ? ആ പുതുമ ശരിക്കും ഫീല്‍ ചെയ്യുന്നുണ്ട്. അവര്‍ സിനിമയെടുക്കുന്ന രീതിയില്‍, കഥയില്‍ എല്ലാത്തിലും വലിയ മാറ്റങ്ങളുണ്ടായി. ദുബായില്‍ ആയിരുന്ന സമയത്ത് ഇടയ്ക്ക് ചിലര്‍ കഥ പറയാനായി വരാറുണ്ടായിരുന്നു. പക്ഷേ, ഈ പറയുന്ന പുതുമ അതിലൊന്നും ‍ഞാന്‍ കണ്ടില്ല. അതോടെ സിനിമയിലേക്കു വരാനുള്ള തോന്നല്‍ ഉണ്ടായില്ല.

അങ്ങനെ ഒരുദിവസം ‍‍ഡോണ്‍ മാക്സ് വിളിച്ചു. ഫിലിം എഡിറ്റര്‍ എന്ന രീതിയിണ്‍ ‍ഡോണിനെ എനിക്ക് നേരത്തെ അറിയാമായിരുന്നു. ‘ഡോണ്‍ കട്സ്’ എന്നൊക്കെ പേരെടുത്ത ആളല്ലേ. അതുകൊണ്ടു തന്നെ കഥകേള്‍ക്കും മുന്നേ ഒരു പ്രതീക്ഷയുണ്ടായിരുന്നു. സംസാരിക്കാന്‍ തു‍ടങ്ങി മിനിറ്റുകള്‍ക്കുള്ളില്‍ ഞാന്‍ പറഞ്ഞു, ‍ഡോണ്‍ ദുബായ്ക്കു പോരൂ... സിനിമ മുഴുവനായും ആ ചെറുപ്പക്കാരന്റെ മനസ്സിലുണ്ടായിരുന്നു. കഥ വിശദമായി കേട്ടപ്പോള്‍ ഒരു കാര്യം ഉറപ്പായി പത്തുകല്‍പനകള്‍ എന്ന ഈ സിനിമ എനിക്കു വേണ്ടിയുള്ളതാണ്. ഞാന്‍ ഇതുവരെ ചെയ്യാത്ത പൊലീസ് വേഷം, ഡോണ്‍മാക്സിന്റെ ആദ്യ സിനിമ, പുതിയ ടീം, പുതിയ തീം....


വിവാഹശേഷം സിനിമ വിടുകയാണ് ഇവിടത്തെ പതിവ്. അതില്‍ നിന്നു വ്യത്യസ്തയാണല്ലോ...?

ഞാനും അനിലും ശരിക്കും സാധാ ഭാര്യാ ഭര്‍ത്താക്കന്മാരെ പോലെ അല്ല എന്നു പലപ്പോഴും തോന്നാറുണ്ട്. അനിലിന്റെ പ്രോത്സാഹനമുണ്ടായിരുന്നില്ലെങ്കില്‍ വീണ്ടും സിനിമയിലേക്ക് എത്താനും ഇടയില്ല. വിവാഹശേഷം അടുക്കളയില്‍ ഒതുങ്ങി, നല്ല ഭക്ഷണം കഴിച്ച് തടിച്ചുരുണ്ട് നടക്കുന്ന ഒരാളാവണം ഭാര്യ എന്ന ചിന്താഗതിയൊന്നും അനിലിനില്ല. വീട്ടില്‍ എപ്പോഴും ഇരിക്കാതെ പുറത്തു പോവണം, മറ്റുള്ളവരുമായി സംസാരിക്കണം, ജിമ്മില്‍ പോവണം, കൃത്യമായി വ്യായാമം ചെയ്യണം.. അങ്ങനെ ഒരുപാടു കാര്യങ്ങള്‍ക്കായി അനില്‍ നിര്‍ബന്ധിച്ചു തുടങ്ങി. ആ നിര്‍ബന്ധമില്ലായിരുന്നെങ്കില്‍ ഞാന്‍ പുറത്തേക്കിറങ്ങില്ലായിരുന്നു.

വ്യക്തി എന്ന രീതിയില്‍ രണ്ടുപേരും പരസ്പരം ബഹുമാനിക്കുന്നുണ്ട്. രണ്ടുപേര്‍ക്കു അവരവരുടേതായ ഇടവുമുണ്ട്. എപ്പോഴും പിന്നാെല കൂടി കരഞ്ഞു കാര്യം സാധിക്കുന്ന പല സ്ത്രീകളെയും കണ്ടിട്ടുണ്ട്. ഞാന്‍ അങ്ങനെയല്ല. എന്റെ സിനിമകള്‍ അനില്‍ കണ്ടിട്ടുണ്ടോ എന്നു പോലും എനിക്കറിയില്ല. ജോലിയില്‍ എപ്പോഴും തിരക്കിലായ ഒരാള്‍, ശരിക്കും വര്‍ക്കോഹോളിക്, അതാണ് അനില്‍ ജോണ്‍ ടൈറ്റസ്. ഞാനത് തിരിച്ചറിയുകയും ചെയ്യുന്നു.മീരയെ അഭിനയിപ്പിക്കാന്‍ പ്രയാസമാണെന്നും മറ്റുമുള്ള വിവാദങ്ങള്‍ ഈ കാലത്തും ഉണ്ടായിരുന്നു?

ഞാ‌നതിനോട് പ്രതികരിച്ചിട്ടേ ഇല്ല. അത്തരം ആരോപണങ്ങള്‍ മനസ്സിനെ സ്പര്‍ശിക്കാനേ പാടില്ല. ഞാനതിനേക്കാള്‍ സന്തോഷത്തിലാണ്. ജീവിതത്തിന്റെ ഒാരോ നിമിഷവും ആസ്വദിക്കുകയാണ്. ഇതൊക്കെ ഒാര്‍ത്ത് അതിന്റെ നിറം കെടുത്തണോ? ഞാന്‍ ദേഷ്യപ്പെട്ടാല്‍ അതാണ് എന്നെ ബാധിക്കുക. ഇതു തിരിച്ചറിഞ്ഞതോടെ ആരെന്തു പറഞ്ഞാലും 'നോ പ്രോബ്ളം' എന്ന നിലപാടിലേക്കെത്തി.പലപ്പോഴും തെറ്റിധരിക്കപ്പെട്ട ഒരു കുട്ടിയാണെന്നു തോന്നിയിട്ടുണ്ടോ?

ക്യാമറയ്ക്കു മുന്നിലല്ലാതെ, ജീവിതത്തില്‍ എനിക്ക് അഭിനയിക്കാനറിയില്ല. മനസ്സില്‍ തോന്നുന്നതു പോലെ പ്രതികരിക്കും. അതൊക്കെ തെറ്റിധരിക്കപ്പെട്ടിരിക്കാം. അതൊന്നും മനപ്പൂര്‍വമായിരുന്നില്ല. മറ്റുള്ളവര്‍ നിര്‍ബന്ധിച്ചതു കൊണ്ട് ഒരു കാര്യവും എനിക്ക് ചെയ്യാനാവില്ല. അങ്ങനെ ചെയ്യുന്നത് കള്ളത്തരമല്ലേ. എനിക്ക് എന്നെ തന്നെ വഞ്ചിക്കാന്‍ വയ്യ.

ഇപ്പോള്‍ എനിക്കൊരു ഇടമുണ്ട്. എത്ര ചങ്ങാതിമാരുണ്ടെങ്കിലും ആ ഷെല്ലിലേക്ക് മടങ്ങിപ്പോവും. അതു ശരിക്കും പ്രാര്‍ഥനയ്ക്കുള്ള ഒരു സ്ഥലമാണ്. ഒരു തരം മെഡിറ്റേഷന്‍ തന്നെ. ഞാനപ്പോള്‍ പാട്ടുകള്‍ കേള്‍ക്കും. പണ്ടൊക്കെ ദൈവത്തിന് കത്തെഴുതാറുണ്ടായിരുന്നു. ഇപ്പോള്‍ ദൈവത്തിനോടു സംസാരിക്കാനാവും. ആ ഷെല്ലില്‍ ഇരുന്നു സംസാരിക്കുമ്പോള്‍ ഉത്തരങ്ങള്‍ കിട്ടും. ഇതോടെ എന്റെ മനസ്സ് ശാന്തമാവാന്‍ തുടങ്ങി.


ആരാണ് ഈ മാറ്റങ്ങള്‍ക്കു പിന്നില്‍?

ഒരുപാടു മാലാഖമാര്‍ക്ക് ഇടയിലാണ് ഞാന്‍. അതിലൊരു മാലാഖയാണ് എന്റെ അമ്മ. ഏതു ലോകത്തുനിന്നും മടങ്ങി വീട്ടിലേക്കെത്തുമ്പോള്‍ അമ്മയുടെ സ്നേഹംനിറ‍‍ഞ്ഞപുഞ്ചിരിയുണ്ട്. അതാണ് വലിയ ഊര്‍ജം. ആ സ്നേഹവും പിന്തുണയും ഇല്ലായിരുന്നെങ്കില്‍ ഒന്നുമാവാതെ പോയേനെ.

ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും നമ്മളെ സ്വാധീനിക്കാം. അത് പ്രകൃതിയാവാം. ചിലപ്പോള്‍ ഒരു കൊച്ചുകുട്ടിയാവാം. ദുബായില്‍ എനിക്കൊരു ചങ്ങാതിയുണ്ട്. എട്ടു വയസ്സുകാരി കനിഷ്ക. എന്റെ അയല്‍ക്കാരി. നിര്‍ബന്ധിച്ച് ഒരു കാര്യം ചെയ്യിക്കാനോ വൈകാരികമായി ബ്ലാക്ക്മെയില്‍ ചെയ്യാനോ പറ്റില്ല. അവളുടേതായ ലോകത്ത് കക്ഷി ഹാപ്പിയാണ്. എന്റെ അതേ സ്വഭാവം. ഇപ്പോള്‍ അവളാണ് എന്റെ പ്രചോദനം. എനിക്കു വേണ്ടത് ജീവിതത്തില്‍ എപ്പോഴും സന്തോഷത്തോടെ ഇരിക്കുകയാണ് എന്നു തിരിച്ചറിഞ്ഞു. അതോടെ ലോകം കുറേക്കൂടി സുന്ദരമാണെന്നും തിരിച്ചറിഞ്ഞു.

(കടപ്പാട്-വനിത)

 • ലിപ്‌ലോക്ക് അഭിനയിച്ചാല്‍ അച്ഛനും അമ്മയും എന്തു പറയും എന്നു ചിന്തിച്ചിരുന്നു- ഐശ്വര്യ ലക്ഷ്മി
 • എന്റെ ഒരു ദിവസവും അടുത്ത ദിവസവും തമ്മില്‍ ഒരു സാമ്യവും ഉണ്ടായിരിക്കില്ല- ലെന
 • കുട്ടിക്കാലം മുതലേ ഞാനും ലാലേട്ടന്റെ ആരാധിക - മഞ്ജുവാര്യര്‍
 • ഞാന്‍ ഇപ്പോഴും മനസ്സുകൊണ്ട് സി.പി.എം. ആണ്- സിന്ധുജോയി
 • ഞാന്‍ ശബരിനാഥന്‍ എന്ന വ്യക്തിയെയാണ് ഇഷ്ടപ്പെടുന്നത്- ദിവ്യ എസ്. അയ്യര്‍
 • 'റോളിന് വേണ്ടി കിടക്ക പങ്കിടാന്‍ ആവശ്യപ്പെട്ടു'; മുതിര്‍ന്ന ആളുകളില്‍ നിന്നാണ് ഈ അനുഭവം - പാര്‍വതി
 • സമരക്കാരുടെ ആവശ്യം ലോ അക്കാഡമിയെ ലൗ അക്കാഡമിയാക്കാന്‍ - ലക്ഷ്‌മി നായര്‍
 • ലൈക്കുകളും കമന്റുകളും മാത്രം പോരാ, നമ്മളെല്ലാം പ്രതിരോധവും പ്രതിഷേധവും തീര്‍ക്കണം- അലന്‍സിയര്‍
 • വിവാദം അത്ഭുതപ്പെടുത്തി; കേരളത്തിനായി മാന്ത്രികവിദ്യകളൊന്നും കാണിക്കാനില്ല - പ്രൊഫ. ഗീതാ ഗോപിനാഥ്
 • സോഷ്യല്‍ മീഡിയയിലെ ശല്യക്കാരെ നമ്മള്‍ വിചാരിച്ചാല്‍ നന്നാക്കാന്‍ പറ്റില്ല- ഷാലു കുര്യന്‍
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway