ഇന്റര്‍വ്യൂ

ലൈക്കുകളും കമന്റുകളും മാത്രം പോരാ, നമ്മളെല്ലാം പ്രതിരോധവും പ്രതിഷേധവും തീര്‍ക്കണം- അലന്‍സിയര്‍


സംവിധായകന്‍ കമലിനെതിരായ സംഘപരിവാര്‍ ആക്രമണത്തെ ചെറുത്തു നടനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ അലന്‍സിയര്‍ ലേ ലോപ്പസ് കാസര്‍ഗോഡ് നടത്തിയ ഒറ്റയാള്‍ പ്രകടനം വലിയ ശ്രദ്ധയാണ് നേടിയെടുത്തത്. സോഷ്യല്‍ മീഡിയ ഒന്നടങ്കം അലന്‍സിയര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു.

കാസര്‍ഗോട്ടെ പ്രകടനത്തിന് ശേഷം ആര്‍ജ്ജവമുള്ള, രാഷ്ട്രീയ ബോധമുള്ള കലാകാരനായി കൂടുതല്‍ പേര്‍ തിരിച്ചറിയുന്നു, എങ്ങനെ കാണുന്നു?
ഞാന്‍ അടിസ്ഥാനപരമായി ഒരു നാടകക്കാരനാണ്. 18 വര്‍ഷമായി സിനിമയിലുണ്ട്. പക്ഷെ പോപ്പുലറാവുന്നത് മഹേഷിന്റെ പ്രതികാരത്തിനു ശേഷമാണ്. അതിനുമുമ്പ് സജീവമായി നാടകം ചെയ്യുന്നുണ്ടായിരുന്നു. പലതരത്തിലുള്ള നാടകവേദികളുടെ ഭാഗമായിട്ടുണ്ട്. അന്നു മുതല്‍ക്കേ ഇത്തരം കാര്യങ്ങളില്‍ എന്റെ റിയാക്ഷന്‍സ് എന്റേതായ രീതിയില്‍ പ്രകടിപ്പിക്കാറുണ്ട്. ഇത്തരം ഗറില്ലാആക്രമണങ്ങള്‍ എന്റെ നാട്ടിലും ചെയ്തിട്ടുണ്ട്. വീടിനടുത്തുള്ള പള്ളിയിലെ കരിസ്മാറ്റിക് ധ്യാനത്തിനിടയിലും ഞാന്‍ നാടകം ചെയ്തു. ആ പരിപാടിയിലെ തട്ടിപ്പിനെതിരായിട്ടായിരുന്നു അന്നത്തെ പ്രതിഷേധം. ബാബറി മസ്ജിദ് തകര്‍ത്തപ്പോഴും ഗുലാം അലിയെ പാടാനനുവദിക്കില്ലെന്നു ശിവസേന പറഞ്ഞപ്പോഴും പ്രതിഷേധവുമായി ഞാനുണ്ടായിരുന്നു. ഗുലാം അലി പാടും എന്ന് പറഞ്ഞ് നടത്തിയ പരിപാടിയില്‍ എന്നോടൊപ്പം എന്റെ മക്കളും ഉണ്ടായിരുന്നു. തളര്‍വാതം വന്ന് കിടന്ന നസീം എന്ന ഗായകനെക്കൊണ്ട് ചുപ്‌കേ ചുപ്‌കേ പാടിപ്പിച്ചു.
ഒരു കലാകാരനും അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ നാടുകടത്തപ്പെടരുത്. നാടുകടത്തുമെന്നും നാവരിയുമെന്നും പറഞ്ഞാല്‍ കേട്ടു നില്‍ക്കാന്‍ കഴിയില്ല. നാട് ആരുടേതാണ്? നാടുകടത്താന്‍ അവര്‍ ആരാണ്? എന്തിനാണ് അവരുടെ സര്‍ട്ടിഫിക്കറ്റ്. നാടുകടത്തലൊക്കെ രാജഭരണകാലത്തേതാണ്. അതാണവര്‍ തിരിച്ചുകൊണ്ടുവരാന്‍ ശ്രമിക്കുന്നത്. പൂണൂലു പൊട്ടിച്ചെറിഞ്ഞവരുണ്ടായിരുന്നു. എല്ലാം ഉപേക്ഷിച്ച് നാടകവും മറ്റു കലകളുമായി സാമൂഹ്യപ്രവര്‍ത്തനത്തിന് ഇറങ്ങിയവരുണ്ടായിരുന്നു. ഇാ കാലഘട്ടത്തില്‍ ചിലര്‍ പൂണൂല് വലിച്ചിട്ടു കൊണ്ടിറങ്ങുന്നു. നമ്മള്‍ കംപാര്‍ട്ടുമെന്റുകളായി തിരിക്കപ്പെടുകയാണ്. മതവും ജാതിയും പറഞ്ഞ്. പക്ഷെ മതം പറയുന്നത് മനുഷ്യനെ സ്‌നേഹിക്കാനാണ്. ജീവിക്കാനുള്ള അവകാശം ഓരോ പുല്‍ക്കൊടിക്കുമുണ്ട്. അത് ആയുസ്സു കഴിഞ്ഞ് കരിഞ്ഞു വീഴേണ്ടത് അതേ മണ്ണില്‍ തന്നെയാണ്. പാകിസ്താനിലേക്കോ അമേരിക്കയിലേക്കോ പറഞ്ഞു വിടാന്‍ ഒരു രാഷ്ട്രീയപാര്‍ട്ടിക്കും അധികാരമില്ല.

കമലിനു വേണ്ടത്ര പിന്തുണ ലഭിക്കാതിരിക്കുന്നുണ്ടോ?
എനിക്കു ലഭിക്കുന്ന പിന്തുണ മുഴുവന്‍ കമലിനുള്ളതാണ്. അതെനിക്കുള്ള പിന്തുണയല്ല. എനിക്കെന്തിനാണ് പിന്തുണ. എന്നോട് നാട് കടക്കാന്‍ പറഞ്ഞിട്ടില്ലല്ലോ. എംടിക്കെതിരെ വന്നിട്ടും അദ്ദേഹത്തിന്റെ സിനിമയില്‍ അഭിനയിച്ചവര്‍ പോലും പ്രതികരിക്കുന്നില്ലല്ലോ. പ്രതിരോധിക്കണം എന്നുപറയാന്‍ എനിക്കു കഴിയില്ല. അതവര്‍ തീരുമാനിക്കട്ടെ. ഞാന്‍ ചെയ്തതുപോലെ മറ്റുള്ളവരും ചെയ്യണമെന്നു പറഞ്ഞാല്‍ അതും ഫാസിസമല്ലെ?

ഫാസിസത്തിനും അസഹിഷ്ണുതയ്ക്കുമെതിരെ എല്ലാ കോണുകളില്‍ നിന്നും പ്രതിഷേധം ഉയരുമ്പോള്‍ ചലച്ചിത്രമേഖലയില്‍ നിസംഗതയാണല്ലോ. അതിലൊരു സ്വാര്‍ത്ഥതയില്ലേ?

ലാലേട്ടനോടും മമ്മൂട്ടിയോടും തെരുവിലിറങ്ങി പരിപാടി നടത്താന്‍ പറഞ്ഞാല്‍ നടക്കില്ല. ഞാന്‍ ചെയ്തത് അത്ര മഹത്തായ കാര്യമായിട്ടും തോന്നുന്നില്ല. അടങ്ങിയൊതുങ്ങിയിരിക്കുന്ന സൊസൈറ്റിയില്‍ നിന്നും ആരെങ്കിലും എന്തെങ്കിലും പറയണം അതിനൊരു തുടര്‍ച്ചയുണ്ടാവണം എന്നാണ് ആഗ്രഹം.

മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും ഈ മൗനം അപകടകരമല്ലെ?
മോഹന്‍ലാലും മമ്മൂട്ടിയും മൗനമായിരിക്കുമെന്ന് ഞാന്‍ വിചാരിക്കുന്നില്ല. അവര്‍ക്ക് അവരുടേതായ നിലപാടുകള്‍ ഉണ്ടാവും. ഞാനൊരു നാടകക്കാരനായതുകൊണ്ടാണ് അങ്ങനെ പ്രതികരിച്ചത്. എന്നെപ്പോലെ തെരുവില്‍ നാടകം കളിക്കാന്‍ അവര്‍ക്കാവില്ലല്ലോ. മോഹന്‍ലാലായാലും മമ്മൂട്ടിയായാലും അഭിപ്രായം പ്രകടിപ്പിച്ചതിന് ഒരു കലാകാരന്‍ നാടുകടത്തപ്പെടുമെന്ന് പറയുമ്പോള്‍ അനുകൂലിക്കുമെന്നു കരുതുന്നില്ല. അവരുടെ അഭിപ്രായം അവര്‍ പറയേണ്ടിടത്ത് പറയുന്നുണ്ടാവും എന്നാണ് എന്റെ വിശ്വാസം. ഓരോരുത്തര്‍ക്കും അവരുടെ രീതിയാണ്. അവര്‍ എല്ലാത്തിനും അഭിപ്രായം പറയണമെന്ന് നിര്‍ബന്ധം പിടിക്കരുത്.

അലന്‍സിയര്‍ വ്യക്തിപരമായ നേട്ടത്തിന് കലയെ ഉപയോഗിച്ചതാണെന്ന് പറയുന്നവരോട് എന്ത് പറയും?
സിനിമാക്കാരനായതുകൊണ്ടാണ് ഇത്രയും ശ്രദ്ധ കിട്ടിയത്. നാടകക്കാരനായിരുന്നപ്പോ ഇതിലുമപ്പുറം ചെയ്തിട്ടുണ്ട്. ഞാന്‍ ഒരു പെര്‍ഫോമര്‍ ആണെന്ന് ഉറച്ചു വിശ്വസിക്കുന്നു. പെര്‍ഫോമന്‍സിലൂടെ ഞാന്‍ പ്രതികരിക്കും. ഞാനൊരു ആക്ടറാണ്. എന്റെ മീഡിയം ഇതാണ്. സിനിമയുടെ സുഖലോലുപതയില്‍ രമിക്കുന്ന ആളല്ല ഞാന്‍. സിനിമയെ മോഹിച്ച് നെട്ടോട്ടം ഓടിയിട്ടില്ല. സിനിമയില്‍ വന്നത് കൊണ്ട് കിട്ടിയ ആര്‍ജവവുമല്ല. ഞാന്‍ ഇങ്ങനെത്തന്നെയായിരുന്നു എന്ന് അടുത്ത സുഹൃത്തുക്കള്‍ക്കൊക്കെ അറിയാം. സിനിമ തന്ന പോപ്പുലാരിറ്റി മനപൂര്‍വ്വം കൃത്യമായി ഉപയോഗിക്കുകയാണ് ചെയ്ത്. എന്നെ ശ്രദ്ധിക്കാനല്ല. ഞാന്‍ പറഞ്ഞ വിഷയം ശ്രദ്ധിക്കാന്‍. അത് സംഭവിച്ചു എന്നതില്‍ സന്തോഷമുണ്ട്. യുവാക്കള്‍ ഈ വിഷയം ചര്‍ച്ച ചെയ്യുന്നുണ്ട്. എതിരഭിപ്രായങ്ങള്‍ വന്നോട്ടെ. എന്നെ ചീത്ത വിളിച്ചോട്ടെ, കുഴപ്പമില്ല. ഞാന്‍ സന്തുഷ്ടനാണ്. എതിരഭിപ്രായങ്ങളും വേണം.

പ്രതിഷേധത്തിനു മുന്‍പ് മാധ്യമങ്ങളെ വിളിച്ച് വരുത്തിയത്?
ബാബറി മസ്ജിദ് തകര്‍ത്തപ്പോള്‍ ഞാന്‍ സെക്രട്ടറിയേറ്റിനു ചുറ്റും ആറു തവണ ഓടി. ‘അള്ളാഹു അകബര്‍ എന്റെ രാജ്യത്തിനെന്തോ സംഭവിക്കാന്‍ പോകുന്നു’ എന്നലറിക്കരഞ്ഞുകൊണ്ടാണ് ഓടിയത്. അന്ന് നിരോനാജ്ഞയായിരുന്നു. കൂടെയാരുമില്ലാതെ ഒറ്റയ്ക്കാണ് ഓടിയത്. എനിക്കുവേണ്ടിയാണ് ഓടിയത്. പോലീസുകാരുണ്ടായിരുന്നു. ഏതോ കള്ളുകുടിയന്‍ എന്നവര്‍ കരുതി. അല്ലെങ്കില്‍ ഒരു ഭ്രാന്തനെന്ന്. ആരും എന്നെ ശ്രദ്ധിച്ചില്ല. ഒരു മാധ്യമവും കൂടെയുണ്ടായിരുന്നില്ല. കാസര്‍ഗോഡ് അങ്ങനെ ആവരുതെന്നുണ്ടായിരുന്നു. അതുകൊണ്ടാണ് മാധ്യമങ്ങളെ വിളിച്ചു വരുത്തിയത്. ഒരു സിനിമാക്കാരനായതുകൊണ്ട് ശ്രദ്ധകിട്ടുമെന്നും പുതിയ തലമുറ വിഷയം ചര്‍ച്ചചെയ്യുമെന്നും അതിന് എനിക്ക് കുറേ ചീത്തവിളി കിട്ടുമെന്നും അറിഞ്ഞുകൊണ്ടാണ് ചെയ്തത്. ചാനലുകാരെ വിളിച്ചു വരുത്തിയത് ഇതിങ്ങനെ ചര്‍ച്ച ചെയ്യാനാണ്. ഭാരതം ബഹുസ്വരതയുടെ രാജ്യമാണ്. ഇവിടെ ഏകസ്വരം മതിയെന്ന് ഒരു രാഷ്ട്രീയനേതാവ് പറയുമ്പോള്‍ അതിലെ ദുസ്സൂചനകള്‍ മനസ്സിലാക്കണം. ഈ ദുസ്സൂചനകള്‍ തിരിച്ചറിഞ്ഞില്ലെങ്കില്‍ അപകടമാണ്. അത് ഈ നാട്ടിലെ ജനങ്ങളെക്കൊണ്ട് ചര്‍ച്ച ചെയ്യിക്കുക തന്നെ വേണം. ഈ വിഷയം നവമാധ്യമങ്ങളിളൂടെയും ചാനലുകളിലൂടെയും ചര്‍ച്ച ചെയ്യപ്പെടുന്നതില്‍ സന്തോഷമുണ്ട്. ഞാന്‍ ലക്ഷ്യമിട്ടത് സംഭവിച്ചിട്ടുണ്ട്. എന്താണിവിടെ നടക്കുന്നതെന്ന് ജനം ചര്‍ച്ച ചെയ്യണം. ഈ മൗനം നമ്മള്‍ പൊളിക്കണം.

സോഷ്യല്‍ മീഡിയയാണ് ഏറ്റെടുത്തിരിക്കുന്നത്. കീബോര്‍ഡ് ആക്ടിവിസം കൃത്യമായ ലക്ഷ്യങ്ങളിലെത്തുന്നുണ്ടോ? ആഹ്വാനങ്ങളിലും കമന്റുകളിലും ലൈക്കിലും അവ ഒതുങ്ങുന്നില്ലേ?
ലൈക്കുകളും കമന്റുകളും മാത്രം പോരാ. നമ്മളെല്ലാം പ്രതിരോധവും പ്രതിഷേധവും തീര്‍ക്കണം. സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് അപ്പുറത്ത് ഇരിക്കുന്നവന്‍ ഉമ്മറാണോയെന്നും ഇപ്പുറത്തിരിക്കുന്നത് ശ്രീരാമനാണോ എന്നൊന്നും നോക്കാതെയാണ് നമ്മള്‍ അവരെ സ്‌നേഹിച്ചത്. പക്ഷെ അങ്ങനെ നോക്കുന്ന കാലഘട്ടത്തിലേക്കാണ് നമ്മളെ കൊണ്ടുപോവുന്നത്. എംടി അഭിപ്രായം പറയുമ്പോള്‍ സംഘികള്‍ ആക്രമിക്കുകയാണ്. കമലിനോട് നാടുവിടാനാണ് പറയുന്നത്. എന്തുകൊണ്ട് എംടിയോട് പറയുന്നില്ല?

ഇത്തരമൊരു അവസ്ഥയില്‍ യുവാക്കളോട് എന്താണ് പറയാനുള്ളത്?
ഈ ഭൂമിയെയും മണ്ണിനെയും സംരക്ഷിക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണ്. ഈ നാടിനു വേണ്ടി നിങ്ങളുറങ്ങാതിരിക്കണം. ആലസ്യമാണ് ഫാസിസത്തിന് ഏറ്റവും എളുപ്പത്തില്‍ വരാനുള്ളവഴി. ഉറങ്ങാതെ ജാഗ്രതയോടെയിരിക്കുക. ബാബറി മസ്ജിദ് തകര്‍ത്തതിനു ശേഷമാണ് ഭീകരാക്രമണങ്ങളുണ്ടാവുന്നത്. മുംബൈയിലും ഗുജറാത്തിലും കലാപങ്ങളുണ്ടായത് അതിന്റെ തുടര്‍ച്ചയായിരുന്നു. എന്റെ രാജ്യത്തിനെന്തോ സംഭവിക്കാന്‍ പോകുന്നു എന്ന് അന്ന് ഞാനലറിക്കരഞ്ഞു പറഞ്ഞതാണ്. അതു തിരിച്ചറിയാനുള്ള ബോധം പുതുതലമുറക്കുണ്ടാവണം. ദുസ്സൂചനകള്‍ ഉണ്ടാവുന്നു. നിങ്ങള്‍ക്കെതിരെ വിരല്‍ ചൂണ്ടപ്പെടുന്നു. നിങ്ങളെ സ്‌നേഹിക്കാനാണോ ശിക്ഷിക്കാനോണോ നാടുകടത്താനാണോ എന്നറിയണം. പ്രതിരോധിക്കണം. എതിരെ ചൂണ്ടുന്ന വിരല്‍ ഒടിക്കണം.

യുവാക്കള്‍ എങ്ങനെ പ്രതികരിക്കണമെന്നാണ് പറയുന്നത്?
ഓരോരുത്തര്‍ക്കും അവരുടേതായ പ്രതിഷേധമാര്‍ഗങ്ങളുണ്ട്. അതിലൂടെ പ്രതിരോധിക്കണം. വരാനിരിക്കുന്ന അപകടത്തിന്റെ സൂചനകള്‍ തിരിച്ചറിഞ്ഞുകൊണ്ട്. ആ തിരിച്ചറിവാണ് വേണ്ടത്. നമ്മളെ ഒരു കൊതുകു കടിച്ചാല്‍ നമുക്കു ചൊറിയും. അതിനെ അടിച്ചുകൊല്ലും. പക്ഷേ ഒരു ഡെഡ്‌ബോഡിയില്‍ കൊതുകു കുത്തിയാലോ? ഒരു ശവതുല്യമായ സമൂഹമായി യുവസമൂഹം മാറരുത്.
പ്രതിഷേധം കരിയറില്‍ ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുണ്ടാക്കുമെന്ന് ആശങ്കയുണ്ടോ?
മലയാളസിനിമയില്‍ നിന്നും ഇതുകാരണം എന്തെങ്കിലും ബുദ്ധിമുട്ടുണ്ടാകുമെന്ന് കരുതുന്നില്ല. അതിനു മാത്രം ഒരപരാധവും ഞാന്‍ ചെയ്തിട്ടില്ല. ഒരു കലാകാരനെതിരെയുള്ള ഒരു പ്രസ്ഥാനത്തിന്റെ ആക്രമണം ചെറുക്കുക മാത്രമാണ് ചെയ്തത്.

ഏതെങ്കിലും കോണില്‍ നിന്ന് ഭീക്ഷണിയുണ്ടായോ?
ഇല്ല. ബിജെപിയിലും നല്ല സ്‌നേഹമുള്ള സുഹൃത്തുക്കള്‍ ഉണ്ട്. അവരില്‍ ഒരു വിഭാഗമാണ് പ്രശ്‌നക്കാര്‍. ഫാസിസം എല്ലാവരിലും ഉണ്ട്. കോണ്‍ഗ്രസുകാരനിലും കമ്മ്യൂണിസ്റ്റുകാരനിലും ഉണ്ട്. ഒരു കക്ഷിയില്‍ മാത്രമായി ഞാനത് ആരോപിക്കില്ല. അധികാരം ദുഷിപ്പിക്കുമെന്ന് നമ്മള്‍ തിരിച്ചറിഞ്ഞത് ഇടതുപക്ഷത്തെ ആള്‍ക്കാരില്‍ നിന്നാണ്. ഇടതുപക്ഷം ദുഷിക്കുന്നിടത്തുനിന്നാണ് ഫാസിസം ആരംഭിക്കുന്നതും.

ഇടതുപക്ഷത്തേക്കുറിച്ചും അവരുടെ ഇപ്പോഴത്തെ ഇടപെടലുകളേയും കുറിച്ച് ആശങ്കയുണ്ടോ?
ഇടതുപക്ഷത്തേക്കുറിച്ച് വലിയ ആശങ്കയുണ്ട്. ഇടതുപക്ഷം എന്നൊരു പക്ഷം യഥാര്‍ത്ഥത്തില്‍ നിലനില്‍ക്കുന്നുണ്ടോയെന്ന് സമൂഹം സംശയിക്കുന്ന, ആശങ്കപ്പെടുന്ന ഒരു കാലഘട്ടത്തിലാണ് ഞാന്‍ ജീവിക്കുന്നത്. നെല്ലും പതിരും തിരിച്ചറിയാന്‍ കഴിയുന്നില്ല. അവര്‍ കേരളസമൂഹത്തിന് ആഴത്തിലുള്ള സംഭാവനകള്‍ നല്‍കിയിരുന്നു. അതിപ്പോള്‍ സംഭവിക്കുന്നുണ്ടോയെന്ന് സംശയമുണ്ട്. ഇടതുപക്ഷത്തിന്റെ അപചയം അവര്‍ മനസിലാക്കാതെ പോയാല്‍ സ്വയം നശിക്കും. ഇടതുപക്ഷത്തിന്റെ പ്രതിരോധം ഇല്ലാതാവുമ്പോഴാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നത്. കോണ്‍ഗ്രസിനെ അതിന് ഞാന്‍ കുറ്റം പറയുന്നില്ല. ഇടതുപക്ഷം ഒരു സ്വയം വിമര്‍ശത്തിന് തയ്യാറായില്ലെങ്കില്‍ വലിയ അപകടമാണ് കാത്തിരിക്കുന്നത്. ഇടതുപക്ഷത്തിനു മാത്രമേ രാജ്യത്തെ രക്ഷിക്കാന്‍ കഴിയൂ.

പ്രതിഷേധ പ്രകടനത്തിനിടയില്‍ പൊതു സ്ഥലത്ത് നഗ്നത പ്രദര്‍ശിപ്പിച്ചെന്ന് ചിലര്‍ ആരോപിക്കുന്നുണ്ടല്ലോ?
പൊട്ടത്തരം. മണ്ടന്‍മാരാണ് അങ്ങനെ വിമര്‍ശിക്കുന്നത്. അത് മറുപടിയര്‍ഹിക്കുന്നേയില്ല. ഞാനെന്താണവിടെ ചെയ്തതെന്ന് കണ്ടവര്‍ക്കറിയാം. ഞാനെന്റെ ലിംഗം കാണിക്കുകയോ ചന്തി കാണിക്കുകയോ അല്ല ചെയ്തത്. കാസര്‍ഗോഡ് നിന്നു വാങ്ങിയ ഒരു ഡ്യൂപ്ലിക്കേറ്റ് അമേരിക്കന്‍ പതാകയാണ് ഞാന്‍ മുന്‍പില്‍ വച്ചിരുന്നത്. ലോക പോലീസായ അമേരിക്കയില്‍ നിന്നും സംരക്ഷണം വേണമെന്നാണ് ഞാനതിലൂടെ സൂചിപ്പിച്ചത്. ചന്തിയില്‍ നമ്മെ പണ്ടു ഭരിച്ചിരുന്ന, ലോകം ഭരിച്ച ബ്രിട്ടീഷുകാരുടെ പതാകയും. പക്ഷേ എന്റെ ദേശീയത ഞാന്‍ കാണിച്ചില്ല. അതിന്റെ ആവശ്യം ഇല്ല. അത് പൊക്കിക്കാണിക്കേണ്ടതല്ല. സര്‍ട്ടിഫൈ ചെയ്യപ്പെടേണ്ടതുമല്ല.
ഞാന്‍ നഗ്നനായും അഭിനയിക്കും. എന്തിന് പേടിക്കണം. നഗ്നത മോശമാണോ? ആരാധനാലയങ്ങളില്‍ നഗ്നശില്‍പകലകളില്ലേ? ചിത്രകലകളില്ലേ? കാമസൂത്രവും നാട്യശാസ്ത്രവുമെല്ലാം ഉണ്ടായത് ഭാരതത്തിലാണ്. ഇത് ഒരു ആര്‍എസ്എസുകാരന്റെയും രാധാകൃഷ്ണന്റെയും നരേന്ദ്രമോഡിയുടെയും കുത്തകയല്ല. ഭാരതത്തിന്റേതെല്ലാം എന്റേതുകൂടിയാണ്. അവര്‍ക്കത് മനസ്സിലായിട്ടില്ല.
ഇത്തരത്തിലുള്ള ഗറില്ലാ ആക്രമണങ്ങള്‍ ഇനിയും ഉണ്ടാകുമോ?
എനിക്ക് എസി മുറിയില്‍ സുഖമായിരിക്കാമായിരുന്നു. ഞാനത് ചെയ്തില്ല. ഞാന്‍ അന്‍പത് വര്‍ഷം എസി മുറിയിലിരുന്ന ആളല്ല. ഇതു ചെയ്യാതിരിക്കാന്‍ എനിക്കു പറ്റില്ല. ഞാന്‍ നിരന്തരമായി ഇടപെട്ടുകൊണ്ടേയിരിക്കും. മരണം വരെ. ഞാന്‍ ജീവിച്ചിരിക്കുന്നു എന്ന് എനിക്ക് എന്നെ ബോധ്യപ്പെടുത്തണമെങ്കില്‍ എനിക്കിങ്ങനെ ചെയ്തുകൊണ്ടേയിരിക്കണം. നിങ്ങള്‍ക്കെന്നെ ഭ്രാന്തനെന്നു വിളിക്കാം. ഞാന്‍ കാണിക്കുന്നത് ഷോയാണെന്നു പറയാം. പക്ഷെ ഞാനിത് തുടരുക തന്നെ ചെയ്യും. എന്നെ കൊന്നുകളഞ്ഞാലും എന്റെ നാവ് ശബ്ദിക്കും. ലോകം നന്നാക്കാമെന്നോ രാജ്യം നന്നാക്കിക്കളയാമെന്നോ എനിക്ക് ഉദ്ദേശ്യമില്ല. എന്നേക്കൊണ്ടാവുന്നത് പറയാന്‍ പറ്റുന്നിടത്തോളം പറഞ്ഞുകൊണ്ടിരിക്കും. പ്രതിഷേധിക്കാന്‍ കിട്ടുന്ന ഒരവസരവും പാഴാക്കില്ല. നാവരിയുമെന്ന് പറയുമ്പോഴെല്ലാം നാവുകള്‍ ചലിച്ചു തുടങ്ങണം.

(കടപ്പാട്-സൗത്‌ലൈവ് )

 • ലിപ്‌ലോക്ക് അഭിനയിച്ചാല്‍ അച്ഛനും അമ്മയും എന്തു പറയും എന്നു ചിന്തിച്ചിരുന്നു- ഐശ്വര്യ ലക്ഷ്മി
 • എന്റെ ഒരു ദിവസവും അടുത്ത ദിവസവും തമ്മില്‍ ഒരു സാമ്യവും ഉണ്ടായിരിക്കില്ല- ലെന
 • കുട്ടിക്കാലം മുതലേ ഞാനും ലാലേട്ടന്റെ ആരാധിക - മഞ്ജുവാര്യര്‍
 • ഞാന്‍ ഇപ്പോഴും മനസ്സുകൊണ്ട് സി.പി.എം. ആണ്- സിന്ധുജോയി
 • ഞാന്‍ ശബരിനാഥന്‍ എന്ന വ്യക്തിയെയാണ് ഇഷ്ടപ്പെടുന്നത്- ദിവ്യ എസ്. അയ്യര്‍
 • 'റോളിന് വേണ്ടി കിടക്ക പങ്കിടാന്‍ ആവശ്യപ്പെട്ടു'; മുതിര്‍ന്ന ആളുകളില്‍ നിന്നാണ് ഈ അനുഭവം - പാര്‍വതി
 • സമരക്കാരുടെ ആവശ്യം ലോ അക്കാഡമിയെ ലൗ അക്കാഡമിയാക്കാന്‍ - ലക്ഷ്‌മി നായര്‍
 • ഞാന്‍ നല്ല തീരുമാനങ്ങള്‍ക്കൊപ്പം കുറച്ച് തെറ്റായ തീരുമാനങ്ങളും എടുത്തിരുന്നു- മീര ജാസ്മിന്‍
 • വിവാദം അത്ഭുതപ്പെടുത്തി; കേരളത്തിനായി മാന്ത്രികവിദ്യകളൊന്നും കാണിക്കാനില്ല - പ്രൊഫ. ഗീതാ ഗോപിനാഥ്
 • സോഷ്യല്‍ മീഡിയയിലെ ശല്യക്കാരെ നമ്മള്‍ വിചാരിച്ചാല്‍ നന്നാക്കാന്‍ പറ്റില്ല- ഷാലു കുര്യന്‍
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway