ഇന്റര്‍വ്യൂ

'റോളിന് വേണ്ടി കിടക്ക പങ്കിടാന്‍ ആവശ്യപ്പെട്ടു'; മുതിര്‍ന്ന ആളുകളില്‍ നിന്നാണ് ഈ അനുഭവം - പാര്‍വതി

മലയാള സിനിമയിലെ വ്യക്തിത്വമുള്ള നായിക എന്ന നിലയിലാണ് പാര്‍വതി അറിയപ്പെടുന്നത്. ഇതുവരെയുള്ള സിനിമാ ജീവിതത്തില്‍ പലതും നേരിടേണ്ടി വന്നിട്ടുണ്ട് എന്ന് പാര്‍വതി പറയുന്നു. സിനിമയില്‍ അവസരത്തിനായി തന്നോട് കിടക്ക പങ്കിടാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പാര്‍വതി വെളിപ്പെടുത്തുന്നു. ടോക് ടൈം വിത്ത് മാത്തുക്കുട്ടി എന്ന പരിപാടിക്കിടെയാണ് പാര്‍വതിയുടെ വെളിപ്പെടുത്തല്‍ . വളരെ മുതിര്‍ന്ന ആളുകളില്‍ നിന്നാണ് ഈ അനുഭവം ഉണ്ടായിട്ടുള്ളത്. ഒത്തു തീര്‍പ്പിന് വഴങ്ങാത്തതുകൊണ്ടായിരിക്കാം കുറച്ചു വര്‍ഷങ്ങള്‍ സിനിമയില്‍ ഇല്ലാതിരുന്നത് എന്നും പാര്‍വതി അഭിമുഖത്തില്‍ പറഞ്ഞു. മുന്‍ റേഡിയോ അവതാരകന്‍ മാത്തുക്കുട്ടിയാണ് പാര്‍വതിയുമായി അഭിമുഖ സംഭാഷണം നടത്തിയത്. ക്രോസ് പോസ്റ്റ് നെറ്റ് വര്‍ക്ക് എന്ന ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് അഭിമുഖം സംപ്രേഷണം ചെയ്തത്.


മലയാള സിനിമയില്‍ 'കാസ്റ്റിങ്ങ് കൗച്ച്‌' ഉണ്ട്. വളരെ മുതിര്‍ന്ന ആളുകളില്‍ നിന്നാണ് ഈ അനുഭവം ഉണ്ടായിട്ടുള്ളത്. അതില്‍ നടനെന്നോ സംവിധായകനെന്നോ വ്യത്യാസമില്ല. ഒരു കടമ പോലെയാണ് ചോദിക്കുന്നത്. ഞങ്ങളാണ് നിനക്ക് ബ്രേക്ക് തന്നത് എന്ന് പറഞ്ഞുകൊണ്ട്. എല്ലാവരും ഒരു പോലെയാണ്. അങ്ങനെ പറഞ്ഞിട്ടുള്ളവരോടൊപ്പം ജോലി ചെയ്തില്ല. അതുകൊണ്ടായിരിക്കാം കുറച്ചു കാലം സിനിമകള്‍ വരാതിരുന്നത്. ജീവിത ഉപദേശം പോലെ 'മോളെ ഇതൊക്കെ ചെയ്യേണ്ടിവരും. അത് അങ്ങനെയാണ്' എന്നൊക്കെ പറഞ്ഞ് ചിലര്‍ വരും. അങ്ങനെയാണെങ്കില്‍ എനിക്കത് വേണ്ട എന്ന് ഞാന്‍ പറഞ്ഞു. അഭിനയിക്കാന്‍ അല്ലെങ്കില്‍ യൂണിവേഴ്‌സിറ്റിയില്‍ സാഹിത്യം പഠിക്കാനോ മറ്റോ പോവും. നോ പറയാനുള്ള അവകാശം നമുക്കുണ്ട് എന്ന നമ്മള്‍ തന്നെയാണ് തിരിച്ചറിയേണ്ടത്.

ടേക്ക് ഓഫ് എന്ന സിനിമ സംവിധായകന്‍ രാജേഷ് പിള്ളയുടെ മരണത്തെയാണ് തോല്‍പിക്കുന്നത്. ‘ടേക്ക് ഓഫ്’ മരണത്തോട് മിഡ്ഫിംഗര്‍ കാണിക്കുന്നു. രാജേഷിനെ ഞങ്ങളില്‍ നിന്ന് അകറ്റാന്‍ മരണത്തിനാവില്ല. മരണത്തിന് ഒരു ചുക്കും ചെയ്യാന്‍ പറ്റില്ല. രാജേഷ് മരിക്കുന്ന ദിവസമാണ് ടേക്ക് ഓഫിന്റെ കോര്‍ ടീം രൂപപ്പെടുന്നതെന്നും പാര്‍വതി പറഞ്ഞു.

സിനിമയില്‍ വയറു കാണിച്ചതിനേക്കുറിച്ച് ചോദിച്ചപ്പോള്‍ തനിക്ക് കുടവയറുണ്ടെന്നായിരുന്നു പാര്‍വതിയുടെ മറുപടി. എനിക്ക് വലിയ കുമ്പയുണ്ട്. ഞാനതില്‍ അഭിമാനിക്കുന്നു. നാല് ലിറ്റര്‍ വരെ വെള്ളം കുടിച്ചിരുന്നു. മൂത്രമൊഴിക്കാതെ, പിടിച്ചാണ് അഭിനയിച്ചത്.

തന്റെ കണ്ണാടി ബുദ്ധിജീവി നാട്യമല്ലെന്നും കണ്ണട മാറ്റിയാല്‍ വ്യക്തതയില്ലാത്തതുകൊണ്ടാണെന്നും പാര്‍വതി വ്യക്തമാക്കി. ഞാന്‍ എന്നെക്കാള്‍ കൂടുതല്‍ എന്റെ ജോലിയെ സ്‌നേഹിക്കുന്നു. പടം ചെയ്താല്‍ വീട്ടില്‍ പോവുക. വിശ്രമിക്കുക. സിനിമ വിജയിച്ചാലും പരാജയപ്പെട്ടാലും തന്നെ ബാധിക്കില്ല. ആളുകള്‍ അങ്ങനെ പറയരുത് ഇങ്ങനെ ചെയ്യരുത് എന്ന് പറയുമ്പോള്‍ ശരിയെന്ന് പറഞ്ഞ് ചിരിക്കും. എന്നിട്ട് എനിക്ക് തോന്നിയ പോലെ ചെയ്യും.


ഞാന്‍ ഒരു ഫെമിനിസ്റ്റാണ്. ആദ്യം മകളായി, കാമുകി, അമ്മ, അമ്മമ്മ എന്നിങ്ങനെ സ്ത്രീകള്‍ ജീവിതമാകെ ടാഗ് ചെയ്യപ്പെടുന്നു. എത്രകാലം താന്‍ പേടിച്ച് നില്‍ക്കണം എന്നായിരുന്നു ചിന്തിച്ചിരുന്നത്. കുട്ടിയായിരുന്നപ്പോള്‍ മൊളസ്‌റ്റേഷന്‍ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. നടന്നുപോകുമ്പോള്‍ അടിക്കുകയും നുള്ളുകയും ചെയ്തിട്ടുണ്ട്. 17ാം വയസ്സിലാണ് ആദ്യമായി പ്രതികരിക്കുന്നത്. ഇങ്ങനെ സംഭവിക്കുമെന്നേ പറഞ്ഞു തന്നിരുന്നുള്ളൂ. എനിക്ക് എന്നെത്തന്നെ സംരക്ഷിക്കാന്‍ പറ്റുമെന്ന് സമൂഹം പറഞ്ഞു തന്നിരുന്നില്ല. വയ്യാതാവുമ്പോ കൈയും കാലും വിടര്‍ത്തി ഒന്നു കിടക്കാന്‍ ആഗ്രഹിക്കുമ്പോള്‍ അതു പാടില്ല എന്ന് പറയുന്നത് എന്തു ന്യായമാണുള്ളതെന്നും പാര്‍വതി പറഞ്ഞു. എല്ലാവരും പെണ്ണുങ്ങള്‍ ആയിട്ടാണ് കാണുന്നത്. വ്യക്തികളായിട്ടാണ് കാണേണ്ടത്.
അമ്മ വേഷങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍ അമ്മയാവാന്‍ ഇനി കാത്തിരിക്കാന്‍ വയ്യെന്നും. അമ്മയാവുക എന്നത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്‌നമാണെന്നും പാര്‍വതി പറഞ്ഞു. ഒമ്പത് വയസ്സുള്ളകുട്ടിയുടെ അമ്മയായി അഭിനയിക്കാന്‍ മടിക്കുന്നത് എന്തിനാണ്. സിനിമയില്‍ അഭിനയിക്കുക എന്ന് പറയുന്നത് സമൂഹത്തിലെ ആളുകളെ പ്രതിനിധീകരിക്കലാണ്. പിന്നെ എന്തുകൊണ്ട് ഞാന്‍ ഒരു അമ്മറോള്‍ ചെയ്യാതിരിക്കണം? അഭിനയം എന്നു പറയുന്നത് വലിയൊരു നുണ പറച്ചിലാണ്. ആ നുണയില്‍ ജീവിക്കലാണെന്നും പാര്‍വതി കൂട്ടിച്ചേര്‍ത്തു.

ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന വിളിയേക്കുറിച്ചുള്ള ചോദ്യത്തിന് ആ വിളി കേള്‍ക്കാള്‍ ഇഷ്ടമില്ലെന്നാണ്‌ പ്രതികരിച്ചത്. എന്താണ് സ്റ്റാര്‍ഡം?. ആള്‍ക്കാര്‍ സെല്‍ഫി ചോദിച്ച് വരും. പലപ്പോഴും നോ ആണ് പറയാറ്. സിനിമചെയ്യുമ്പോള്‍ കഥാപാത്രവും പ്രേക്ഷകനും തമ്മില്‍ മാത്രമാണ് ബന്ധം. അത് കഴിഞ്ഞാല്‍ തന്നെ തന്റെ വഴിക്ക് വിടണം.
ഞങ്ങള്‍ സിനിമകാണുന്നത് കൊണ്ടാണ് നിങ്ങളൊക്കെ സ്റ്റാറായത് എന്ന ചില പ്രേക്ഷകരുടെ പറച്ചിലിനോടും പാര്‍വതി പ്രതികരിച്ചു. സിനിമകാണുന്നത് ചാരിറ്റിയല്ല. അവര്‍ക്ക് ഒരാസ്വാദന കിട്ടുന്നുണ്ട്. സിനിമ കണ്ടെന്ന് കരുതി എന്റെ ജീവിതത്തില്‍ അവര്‍ക്ക് അവകാശമില്ല. ബഹുമാനമാണ് വേണ്ടത്.

റോള്‍ കിട്ടാനായി സ്ത്രീകളോട് കിടക്ക പങ്കിടാന്‍ ആവശ്യപ്പെട്ടവരുണ്ട്. സോറി. നിങ്ങള്‍ സിനിമയുമായി മുന്നോട്ട് പോകൂ എന്നാണ് പറയാറ്. മാന്യമായിട്ടല്ല ചോദിക്കുന്നത്. മാന്യമായിട്ട് നമ്മള്‍ മറുപടി പറയുന്നു എന്നേ ഉള്ളൂ. അവരുടെ അവകാശം എന്ന രീതിയിലാണ് അവര്‍ ചോദിക്കുന്നത്. ഇപ്പോഴില്ല. ഒരിടത്ത് എത്തിച്ചേര്‍ന്നാല്‍ അത് വേണ്ടി വരില്ല. കാസ്റ്റിങ് കൗച്ച് മലയാളസിനിമയില്‍ ഉണ്ട്. അത് പറയുന്നത് അത്ര ആശ്ചര്യകരമല്ല. നമ്മള്‍ അതു കേട്ട് ഞെട്ടേണ്ട ആവശ്യം പോലുമില്ല. അതൊരു യാതാര്‍ത്ഥ്യമാണ്.

എന്നോട് സെക്ഷ്വല്‍ ഫേവര്‍ ചോദിച്ചവരോട് സഹതാപം മാത്രമേയുള്ളൂ. അവര്‍ക്ക് അധികാരവും മൂല്യവും കിട്ടണമെങ്കില്‍ ഇത് വേണമെന്ന് അവര്‍ ചിന്തിക്കുന്നു. എത്ര പരിതാപകരമാണത്. പൗരുഷം എന്ന് പറയുന്നത് മറ്റൊരു സ്ത്രീയോട് ഇങ്ങനെ ചോദിക്കുന്നതാണ് എന്ന് കരുതുന്നത് അങ്ങേറ്റം ദുഖകരമാണ്. പത്ത് വര്‍ഷത്തിനിടെ ഒരുപാട് അനുഭവങ്ങളിലൂടെ കടന്നു പോയി. ഇനി അതിലേറെ അനുഭവങ്ങള്‍ വരാനിരിക്കുന്നു. ജീവിതം ഈസിയല്ല. ഞാന്‍ എപ്പോഴും നിവര്‍ന്നാണ് നിന്നിട്ടുള്ളത്. ജീവിതത്തിലെ ലക്ഷ്യം മനസാക്ഷിക്കുത്തില്ലാതെ കിടന്നുറങ്ങണം എന്ന് മാത്രമാണ്.
ഈ നിലയില്‍ എത്തുമെന്ന് പണ്ട് കരുതിയിരുന്നോ എന്ന് ചോദിച്ചപ്പോള്‍ ആത്മവിശ്വാസം എപ്പോഴും ഉണ്ടായിരുന്നുവെന്നായിരുന്നു മറുപടി. സത്യസന്ധമായി സിനിമചെയ്യുക വീട്ടില്‍ പോവുക എന്ന് മാത്രമേയുള്ളൂ. എല്ലാവരെയും സ്‌നേഹിക്കണമെന്നുണ്ട്. സ്‌നേഹിക്കാനുള്ള കഴിവ് എനിക്ക് മറക്കാന്‍ പറ്റില്ല -പാര്‍വതി പറയുന്നു.


പാര്‍വതിയുടെ അഭിമുഖം

 • രാഷ്ട്രീയത്തില്‍ തൊട്ടുകൂടായ്മയുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല- കെ എം മാണി
 • ലിപ്‌ലോക്ക് അഭിനയിച്ചാല്‍ അച്ഛനും അമ്മയും എന്തു പറയും എന്നു ചിന്തിച്ചിരുന്നു- ഐശ്വര്യ ലക്ഷ്മി
 • എന്റെ ഒരു ദിവസവും അടുത്ത ദിവസവും തമ്മില്‍ ഒരു സാമ്യവും ഉണ്ടായിരിക്കില്ല- ലെന
 • കുട്ടിക്കാലം മുതലേ ഞാനും ലാലേട്ടന്റെ ആരാധിക - മഞ്ജുവാര്യര്‍
 • ഞാന്‍ ഇപ്പോഴും മനസ്സുകൊണ്ട് സി.പി.എം. ആണ്- സിന്ധുജോയി
 • ഞാന്‍ ശബരിനാഥന്‍ എന്ന വ്യക്തിയെയാണ് ഇഷ്ടപ്പെടുന്നത്- ദിവ്യ എസ്. അയ്യര്‍
 • സമരക്കാരുടെ ആവശ്യം ലോ അക്കാഡമിയെ ലൗ അക്കാഡമിയാക്കാന്‍ - ലക്ഷ്‌മി നായര്‍
 • ലൈക്കുകളും കമന്റുകളും മാത്രം പോരാ, നമ്മളെല്ലാം പ്രതിരോധവും പ്രതിഷേധവും തീര്‍ക്കണം- അലന്‍സിയര്‍
 • ഞാന്‍ നല്ല തീരുമാനങ്ങള്‍ക്കൊപ്പം കുറച്ച് തെറ്റായ തീരുമാനങ്ങളും എടുത്തിരുന്നു- മീര ജാസ്മിന്‍
 • വിവാദം അത്ഭുതപ്പെടുത്തി; കേരളത്തിനായി മാന്ത്രികവിദ്യകളൊന്നും കാണിക്കാനില്ല - പ്രൊഫ. ഗീതാ ഗോപിനാഥ്
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway