ഇന്റര്‍വ്യൂ

ഞാന്‍ ഇപ്പോഴും മനസ്സുകൊണ്ട് സി.പി.എം. ആണ്- സിന്ധുജോയി

യുകെ മലയാളിയായ ശാന്തിമോന്‍ ജേക്കബിന്റെ ജീവിതസഖിയായി യുകെയിലേക്കു വരാന്‍ ഒരുങ്ങുകയാണ് എസ്എഫ് ഐയുടെ പഴയ തീപ്പൊരി നേതാവായ സിന്ധുജോയി. സുമംഗലിയായ സിന്ധുജോയി തന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നു


ഒരു നാലുമാസം മുമ്പ് ഉണ്ടായിരുന്ന സിന്ധു അല്ല ഇന്നത്തെ സിന്ധു?

സംശയമില്ല. അതേ അനുഭവം. ഞാന്‍ സന്തോഷം വരുമ്പോഴും, ദു:ഖം വരുമ്പോഴും പള്ളിയില്‍ പോകാറുണ്ട്. സന്തോഷത്തില്‍ ദൈവത്തോട് നന്ദി പറയാനും, ദു:ഖത്തില്‍ പ്രാര്‍ത്ഥിക്കാനും. അങ്ങനെ ഒരു ദിനത്തിലാണ് ഒരു പ്രാര്‍ത്ഥനാ സഹായത്തിനായ് ഒരു വൈദികനെ കാണാന്‍പോയത്. അദ്ദേഹത്തെ കാത്തിരിക്കുന്നതിന്റെ ഇടയില്‍ അദ്ദേഹത്തിന്റെ ടേബിളിന് മുകളില്‍ ഇരിക്കുന്ന ഒരു പുസ്തകം എന്റെ ശ്രദ്ധയില്‍പ്പെട്ടു.
"മിനി - ഒരു സക്രാരിയുടെ ഓര്‍മ്മ'' എന്നായിരുന്നു അതിന്റെ പേര്. എഴുതിയിരിക്കുന്നത് ശാന്തിമോന്‍ ജേക്കബ്. ആ പുസ്തകം ചോദിച്ചുവാങ്ങി അത് വായിച്ചു.
അത്യാവശ്യം പുസ്തകങ്ങള്‍ വായിക്കാറുള്ള എനിക്ക് അതുവരെയില്ലാത്ത ഒരു വൈകാരികതലമാണ് ആ പുസ്തകം സമ്മാനിച്ചത്. പലതവണ ഞാന്‍ അത് വായിച്ചു പൊട്ടിക്കരഞ്ഞു.

ഭാര്യയെ നഷ്ടപ്പെട്ട ഒരു ഭര്‍ത്താവിന്റെ ആത്മവേദന. ഒറ്റപ്പെടലിന്റെ നീറ്റല്‍ അനുഭവിച്ച ആളിന്റെ നൊമ്പരം. സത്യത്തില്‍ അതുതന്നെയല്ലേ ഞാനും? എന്നും എവിടെയും ഒറ്റപ്പെടല്‍ അനുഭവിച്ച എന്നെ ഞാന്‍ അതില്‍ കണ്ടു. ഒപ്പം, ആരും ഒന്ന് കൊതിച്ചുപോകും.
ശാന്തിയെപ്പോലെ ഒരാളെ ജീവിതത്തില്‍ ലഭിക്കാന്‍. ഡിസംബറില്‍ എന്റെ മമ്മിയുടെ ഓര്‍മ്മദിനത്തില്‍ ഞാനും ഫേസ്ബുക്കില്‍ ഒരു പോസ്റ്റ് ഇട്ടിരുന്നു. എന്റെ മമ്മിയുമായുള്ള ഓര്‍മ്മ.
അതും ഇതുപോലെ ടച്ചിംഗ് ആയിരുന്നു. അത് വായിച്ചിട്ട് അദ്ദേഹം എന്നെ വിളിച്ചു സംസാരിച്ചു. അതിനുശേഷമാണ് എന്റെ സഹോദരനെ ബന്ധപ്പെട്ടതും, എന്നെ നേരില്‍ പരിചയപ്പെടുന്നതും.അത് വിവാഹാഭ്യര്‍ത്ഥനയായിരുന്നോ?
ഏയ്. ഒരു സൗഹൃദസംഭാഷണം മാത്രം. പിന്നീട് ഞാന്‍ തിരുവനന്തപുരത്തുപോയി. കുറച്ചുദിവസങ്ങള്‍ക്കൂടി കഴിഞ്ഞാണ് എന്നോട് ചോദിച്ചത്. ''കൂടെ പോരുന്നോ'' എന്ന്. അദ്ദേഹത്തിന്റെ ഒറ്റപ്പെടലും, എന്റെ വിഷമങ്ങളുമൊക്കെ ചേര്‍ന്നപ്പോള്‍ ഞങ്ങളും ഒന്നാവേണ്ടവരാണെന്ന് തോന്നി. ഇപ്പോഴും ആ വിഷമങ്ങളില്‍ നിന്ന് പൂര്‍ണ്ണമായും അദ്ദേഹം മുക്തനാണെന്ന് തോന്നുന്നില്ല.


ആ ഉത്തരവാദിത്തം ആണല്ലോ സിന്ധുവില്‍ ഇപ്പോള്‍ വന്നുചേര്‍ന്നിരിക്കുന്നത്.?
അതേ; ഒരുപോലെ ചിന്തിക്കുന്നവര്‍ എന്ന നിലയിലും, എനിക്ക് അദ്ദേഹത്തെ നന്നായി മനസ്സിലാക്കാന്‍ കഴിഞ്ഞു എന്നതുകൊണ്ടും ആ ഉത്തരവാദിത്തം നിറവേറ്റാന്‍ കഴിയുമെന്നാണ് വിശ്വാസം.


''കൂടെപ്പോരുന്നോ?'' എന്ന ചോദ്യത്തിന് ശേഷം എന്താണ് സംഭവിച്ചത്?
ആദ്യമായി അദ്ദേഹത്തിന്റെ വീട്ടില്‍പ്പോയി കണ്ടു. അതിനുശേഷം ആന്റിയുടെ വീട്ടിലേക്ക് പോകുന്നതിനിടയില്‍ ഞങ്ങള്‍ക്ക് വഴിതെറ്റി. കാര്‍ ചെന്നു നിന്നത് ഒരു ആശുപത്രിയുടെ മുന്നില്‍. പിന്നീടാണ് ഞാന്‍ അറിഞ്ഞത് ഞാന്‍ ജനിച്ചത് അതേ ആശുപത്രിയില്‍ തന്നെയാണെന്ന്. അതേ, ഇതെന്റെ പുനര്‍ജന്മം ആണ്.

സിന്ധുവിന്റെ ജീവിതത്തിലെ പല തീരുമാനങ്ങളും വളരെ പെട്ടെന്നാണ് എടുത്തിരിക്കുന്നത്. സി.പി.എമ്മില്‍ നിന്ന് പുറത്തുപോകാനും, കോണ്‍ഗ്രസില്‍ ചേരാനും ഒക്കെയുള്ള തീരുമാനമെടുക്കാന്‍ മിനിറ്റുകളെ വേണ്ടിവന്നുള്ളൂ. കല്യാണവും അതുപോലെ ആണോ?

വളരെ ചെറുപ്പത്തിലേ എനിക്ക് രക്ഷകര്‍ത്താക്കളെ നഷ്ടപ്പെട്ടതാണ്. അതുകഴിഞ്ഞ് എനിക്ക് ജീവിതത്തില്‍ ഒരു മാര്‍ഗ്ഗദര്‍ശിയായി ആരും ഉണ്ടായിരുന്നില്ല. എനിക്ക് ശരിയെന്ന് തോന്നുന്നതാണ് ചെയ്തിരുന്നത്.
ചിലകാര്യങ്ങളില്‍ അത് തെറ്റായിരുന്നു എന്ന് പിന്നീട് തോന്നിയിട്ടുണ്ട്. എന്നാല്‍, വിവാഹക്കാര്യം പെട്ടെന്നെടുത്ത തീരുമാനം അല്ല. ഞാന്‍ ഒറ്റയ്‌ക്കെടുത്തതുമല്ല. പരസ്പരം മനസ്സിലാക്കി, എന്റെയും ശാന്തിമോന്റെയും വീട്ടുകാര്‍ ചേര്‍ന്നെടുത്ത തീരുമാനമാണ്.


സി.പി.എം വിട്ട തീരുമാനം അപക്വം ആയിരുന്നുവെന്ന് സിന്ധു തന്നെ തുറന്നുപറഞ്ഞിട്ടുണ്ട്. തിരികെ മടങ്ങാന്‍ അവസരം ഉണ്ടായിരുന്നിട്ടും ശ്രമിച്ചില്ല. അഭിമാനം അനുവദിക്കുന്നില്ലേ?

ഇതില്‍ അഭിമാനത്തിന്റെ പ്രശ്‌നമില്ല. ഞാന്‍ ഔദ്യോഗികമായി മാത്രമേ സി.പി.എം. വിട്ടിട്ടുള്ളൂ. ഞാന്‍ ഇപ്പോഴും മനസ്സുകൊണ്ട് സി.പി.എം. ആണ്. നിങ്ങള്‍ കരുതുന്നതുപോലെ ഞാന്‍ പാര്‍ട്ടിയുമായി അകല്‍ച്ചയിലുമില്ല. എന്റെ അച്ഛന്‍ പാര്‍ട്ടിപ്രവര്‍ത്തകനായിരുന്നു. അതു കണ്ടാണ് ഞാന്‍ വളര്‍ന്നത്.
എന്റെ ജീവിതത്തിന്റെ ഭാഗം തന്നെയാണ് ഇടതുപക്ഷപ്രസ്ഥാനങ്ങള്‍. എന്റെ കല്യാണവും പാര്‍ട്ടി സെക്രട്ടറിയും, ശ്രീമതി ടീച്ചറെയും ഒക്കെ അറിയിച്ചിട്ടുണ്ടായിരുന്നു. മാത്രമല്ല, പലരും ഇങ്ങോട്ട് വിളിച്ച് അഭിനന്ദനം അറിയിച്ചു. എനിക്ക് പാര്‍ട്ടിയെയോ, പാര്‍ട്ടിക്ക് എന്നെയോ അങ്ങനെയങ്ങ് മറക്കാന്‍ പറ്റില്ലല്ലോ?


കുറച്ചുനാള്‍ കോണ്‍ഗ്രസിലും പ്രവര്‍ത്തിച്ചതാണ്. അവിടെനിന്ന് ആരെയെങ്കിലും വിളിച്ചിരുന്നോ?
ഒരാള്‍ മാത്രം വിളിച്ച് ആശംസ നേര്‍ന്നിരുന്നു. വി.എം. സുധീരന്‍.ഒരു വിശ്വാസിയും, സുവിശേഷപ്രസംഗകനും ഒക്കെയായ ശാന്തിമോന്റെ കൂടെയുള്ള ഭാവിജീവിതത്തില്‍ സി.പി.എമ്മിലേക്ക് ഒരു മടക്കം തീരെ പ്രതീക്ഷിക്കാന്‍ കഴിയില്ലല്ലോ?
അതാണ് ഏറെ രസകരം. ശാന്തിയും ഒരു നല്ല കമ്മ്യൂണിസ്റ്റ് തന്നെയാണ്. അതെനിക്ക് മനസ്സിലായത് അദ്ദേഹത്തിന്റെ പുസ്തകം വായിച്ചപ്പോഴാണ്.
പണ്ട് കോളജില്‍ പഠിക്കുമ്പോള്‍ അദ്ദേഹത്തിന് ചെറിയൊരു അഫയര്‍ ഉണ്ടായിരുന്നെന്നും, ആ കുട്ടി കോളജ് ഇലക്ഷനില്‍ വലതുപക്ഷ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത് കമ്മ്യൂണിസ്റ്റുകാരനായ തനിക്ക് ഒട്ടും പിടിച്ചില്ലെന്നും അതില്‍ എഴുതിയിട്ടുണ്ട്. അദ്ദേഹം ഒരു ഇടതുപക്ഷ ചിന്താഗതിക്കാരനാണ് ഇന്നും. മാത്രമല്ല, എന്റെ വ്യക്തിപരമായ ഒരു കാര്യത്തിലും അദ്ദേഹം ഇടപെടില്ല എന്നും പറഞ്ഞിട്ടുണ്ട്. എന്റെ ഒരു പ്രൈവറ്റ് പ്രോപ്പര്‍ട്ടി എന്നതിനെക്കാള്‍ ആള്‍ക്കാര്‍ ഇഷ്ടപ്പെടുന്ന ഒരു ജനനേതാവായിക്കൂടിയാണ് ഞാന്‍ സിന്ധുവിനെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.എന്നെ ഇഷ്ടപ്പെടുന്ന കേരളത്തിലെ ജനങ്ങള്‍ക്ക് എന്തെങ്കിലുമൊക്കെ തിരിച്ചുകൊടുക്കാന്‍ ഞാന്‍ തയ്യാറാവണമെന്നും, വീട്ടില്‍ തന്നെ ഒതുങ്ങിക്കൂടരുതെന്നുമാണ് അദ്ദേഹത്തിന്റെ പക്ഷം.<


സി.പി.എം. വിട്ടില്ലായിരുന്നെങ്കില്‍ സിന്ധു ഇന്ന് മന്ത്രി ആവുമായിരുന്നു. നഷ്ടബോധം ഉണ്ടോ?
ഒരിക്കലുമില്ല. ഞാന്‍ അങ്ങനെ വലിയ നേതാവൊന്നും ആയിരുന്നില്ലല്ലോ. അടിയന്തിരാവസ്ഥക്കാലത്ത് പ്രവര്‍ത്തിച്ച ആളാണ് ഇന്നത്തെ നമ്മുടെ മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ. ദാ ഇപ്പോഴാണ് മന്ത്രിയായത്. അവരെയൊക്കെ വച്ച് നോക്കുമ്പോള്‍ ഞാന്‍ എന്ത് ചെയ്തു? ഒന്നും ചെയ്തിട്ടില്ല.


യുവനേതാവ് പി.സി. വിഷ്ണുനാഥ് എ.ഐ.സി.സി. സെക്രട്ടറിയാണ്?
അത് കോണ്‍ഗ്രസില്‍ അല്ലേ. ഇത് സി.പി.എം. ആണ്. ഇവിടെ പടിപടിയായി മാത്രമേ ഒരാള്‍ക്ക് ഉയരാന്‍ കഴിയൂ. ചുമ്മാതെയങ്ങ് വന്ന് ആര്‍ക്കും എന്തും ആകാന്‍ കഴിയില്ല. പിന്നെ, വിഷ്ണു കഴിവുള്ള നേതാവല്ലേ. അതുകൊണ്ട് തന്നെയാണ് ഉയര്‍ന്ന് വന്നതും.ജീവിതത്തിന്റെ പരീക്ഷണഘട്ടത്തില്‍ ആരൊക്കെ ആയിരുന്നു തുണയായി വന്നത്?
പ്രതീക്ഷിച്ച പലരും വന്നില്ല എന്നതാണ് സത്യം. പക്ഷേ, പ്രതീക്ഷിക്കാത്ത പലരും വരികയും ചെയ്തു. എന്റെ ഒരു ആത്മസുഹൃത്ത് ഉണ്ടായിരുന്നു, റോണി തോമസ്. കേരള കോണ്‍ഗ്രസിന്റെ നേതാവായിരുന്ന തോമസ് കുതിരവട്ടത്തിന്റെ മകളാണ്.
കൊല്ലം അഞ്ചല്‍കോളജിലെ പ്രൊഫസറാണ്. അവള്‍ എനിക്ക് സാമ്പത്തികമായും, അല്ലാതെയും ധാരാളം സഹായം ചെയ്തിട്ടുണ്ട്. കാര്യവട്ടം ക്യാമ്പസ്സില്‍ അസിസ്റ്റന്റ് പ്രൊഫസറായ, മുന്‍ തൃശൂര്‍ ഡെപ്യൂട്ടി മേയറിന്റെ മകള് മിനി, ശബരിമല തന്ത്രിയുടെ മകള്‍ മല്ലിക (രാഹുല്‍ ഈശ്വറിന്റെ അമ്മ), പിന്നെ; എനിക്ക് സ്ഥിരമായി ഓട്ടോ ഓടിക്കൊണ്ടിരുന്ന ഒരു ഡ്രൈവര്‍ ഉണ്ടായിരുന്നു, ആനന്ദ്. കിട്ടുന്ന ചെറിയ വരുമാനത്തിന്റെ ഇടയിലും അദ്ദേഹം എനിക്ക് എത്രയോതവണ അവരുടെ വീട്ടില്‍ ഉണ്ടാക്കുന്ന ഭക്ഷണം കൊണ്ട് തന്നിട്ടുണ്ട്. ചില ബന്ധങ്ങള്‍ അങ്ങനെയാണ്. ഒപ്പം, എന്റെ പ്രശ്‌നങ്ങള്‍ തുറന്നുപറഞ്ഞിട്ടും സഹായിക്കാത്തവരും ഉണ്ട്. ആ പേരുകള്‍ ഞാന്‍ പരാമര്‍ശിക്കുന്നില്ല.


' മലയാളി ഹൗസ്' പരിപാടിയില്‍ പങ്കെടുക്കുകവഴി ഏറെ പഴി കേള്‍ക്കുകയുണ്ടായി. വേണ്ടായിരുന്നു, അല്ലേ?

ഞാന്‍ ഒരു സൈക്കോളജി വിദ്യാര്‍ത്ഥിയാണ്. കഴിഞ്ഞുപോയ ഒന്നും അബദ്ധമായോ, വേണ്ടായിരുന്നെന്നോ എനിക്ക് തോന്നിയിട്ടില്ല. തോന്നിയിട്ട് കാര്യമില്ലല്ലോ. എനിക്ക് അതില്‍ പങ്കെടുക്കുന്നതിന് വലിയൊരു തുക ലഭിച്ചിരുന്നു. മാത്രമല്ല ബിഗ്ബ്രദര്‍ എന്ന വലിയൊരു പരിപാടിയുടെ അഡാപ്‌റ്റേഷന്‍ ആയിരുന്നല്ലോ അത്. പിന്നെ, എന്തിനും ചീത്തഭാഗം മാത്രം ഉയര്‍ത്തിപ്പിടിക്കുന്നത് മലയാളിയുടെ പൊതുശീലം ആണല്ലോ. എനിക്ക് തീരെ പശ്ചാത്താപമില്ല.എവിടേയ്ക്കാണ് ഹണിമൂണ്‍?
(ചിരിക്കുന്നു) അങ്ങനെയൊരു പ്ലാന്‍ ഇട്ടിട്ടില്ല. അദ്ദേഹം ചൈനയില്‍ പോകാം എന്ന് പറഞ്ഞിട്ടുണ്ട്. ഞാന്‍ കന്യാകുമാരിയാണ് താല്പര്യപ്പെടുന്നത്. എന്റെ പപ്പയും മമ്മിയും വിവാഹം കഴിഞ്ഞുപോയത് അവിടെയാണ്.
പിന്നെ ആന്റമാന്‍ പോകാന്‍ ഒരു പ്ലാനുണ്ട്. ദ്വീപുകളും ബീച്ചും ഒക്കെ ഞങ്ങള്‍ രണ്ടാള്‍ക്കും ഇഷ്ടമാണ്. ഇത്രയൊക്കെയേയുള്ളൂ.

(കടപ്പാട്-മംഗളം)

 • ലിപ്‌ലോക്ക് അഭിനയിച്ചാല്‍ അച്ഛനും അമ്മയും എന്തു പറയും എന്നു ചിന്തിച്ചിരുന്നു- ഐശ്വര്യ ലക്ഷ്മി
 • എന്റെ ഒരു ദിവസവും അടുത്ത ദിവസവും തമ്മില്‍ ഒരു സാമ്യവും ഉണ്ടായിരിക്കില്ല- ലെന
 • കുട്ടിക്കാലം മുതലേ ഞാനും ലാലേട്ടന്റെ ആരാധിക - മഞ്ജുവാര്യര്‍
 • ഞാന്‍ ശബരിനാഥന്‍ എന്ന വ്യക്തിയെയാണ് ഇഷ്ടപ്പെടുന്നത്- ദിവ്യ എസ്. അയ്യര്‍
 • 'റോളിന് വേണ്ടി കിടക്ക പങ്കിടാന്‍ ആവശ്യപ്പെട്ടു'; മുതിര്‍ന്ന ആളുകളില്‍ നിന്നാണ് ഈ അനുഭവം - പാര്‍വതി
 • സമരക്കാരുടെ ആവശ്യം ലോ അക്കാഡമിയെ ലൗ അക്കാഡമിയാക്കാന്‍ - ലക്ഷ്‌മി നായര്‍
 • ലൈക്കുകളും കമന്റുകളും മാത്രം പോരാ, നമ്മളെല്ലാം പ്രതിരോധവും പ്രതിഷേധവും തീര്‍ക്കണം- അലന്‍സിയര്‍
 • ഞാന്‍ നല്ല തീരുമാനങ്ങള്‍ക്കൊപ്പം കുറച്ച് തെറ്റായ തീരുമാനങ്ങളും എടുത്തിരുന്നു- മീര ജാസ്മിന്‍
 • വിവാദം അത്ഭുതപ്പെടുത്തി; കേരളത്തിനായി മാന്ത്രികവിദ്യകളൊന്നും കാണിക്കാനില്ല - പ്രൊഫ. ഗീതാ ഗോപിനാഥ്
 • സോഷ്യല്‍ മീഡിയയിലെ ശല്യക്കാരെ നമ്മള്‍ വിചാരിച്ചാല്‍ നന്നാക്കാന്‍ പറ്റില്ല- ഷാലു കുര്യന്‍
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway