നാട്ടുവാര്‍ത്തകള്‍

നടിയെ അധിക്ഷേപിക്കുന്ന ട്രോളുകള്‍ വേദനിപ്പിക്കുന്നുവെന്ന് സഹോദരന്‍

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ഏതാനും ദിവസങ്ങളായി വന്നുകൊണ്ടിരിക്കുന്ന ട്രോളുകള്‍ ഏറെ വേദനിപ്പിക്കുന്നതായി നടിയുടെ സഹോദരന്‍. എന്റെ സഹോദരിയെ ക്രൂശിക്കുന്നതിന് വേണ്ടി നിര്‍മ്മിക്കപ്പെട്ടവ എന്നതുകൊണ്ട് മാത്രമല്ല അതെന്നെ വേദനിപ്പിച്ചതെന്നും മറിച്ച് ഒരു സര്‍ഗ്ഗാത്മക മനസ്സിനെ എങ്ങിനെ വൈകൃതം കൊണ്ടുനിറയ്ക്കാം എന്നുകൂടി ഇതെനിക്ക് കാണിച്ചു തരുന്നെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. ഒരു കലാകാരന്‍ ദൈവതുല്യനാണ്, അവന്‍ സൃഷ്ട്ടികര്‍ത്താവാണ്. അവന്‍ പകരുന്ന ജീവന്‍ സത്യസന്ധവും ജ്വലിക്കുന്നതുമായിരിക്കണം.
പണത്തിനു വേണ്ടിയോ അല്ലെങ്കില്‍ വ്യത്യസ്തതയ്ക്കു വേണ്ടിയോ നിങ്ങള്‍ ഇങ്ങിനെ ചെയ്യുന്നു എന്ന് വേണമെങ്കില്‍ നിങ്ങള്‍ക്കവകാശപ്പെടാം . ഇന്നലെകളില്‍ നിങ്ങള്‍ ചെയ്ത നിര്‍ദ്ദോഷകരമായ ട്രോളുകള്‍ അഭിമാനത്തോടെ നിങ്ങള്‍ നിങ്ങളുടെ സ്ത്രീ സുഹൃത്തുക്കള്‍ക്ക് മുന്നിലും നിങ്ങളുടെ അമ്മയുടേയും പെങ്ങളുടേയും കാമുകിയുടേയും ഭാര്യയുടേയും മുന്നില്‍ കാണിച്ചു കൊടുക്കുകയും അതവരെ ആഹ്ലാദിപ്പിക്കുകയും അതിലൂടെ നിങ്ങള്‍ കലാകാരനെന്ന നിലയില്‍ നിങ്ങളുടെ കഴിവില്‍ അഭിമാനം കൊള്ളുകയും ചെയ്തിട്ടുണ്ടെങ്കില്‍ ഇന്ന് നിങ്ങള്‍ക്ക് നഷ്ടമായത് എന്തെല്ലാമാണെന്ന് നിങ്ങള്‍ സ്വയം തിരിച്ചറിയുണമെന്നും അദ്ദേഹം കുറിപ്പില്‍ പറയുന്നു.


ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
പ്രിയപ്പെട്ട ട്രോള്‍ കലാകാരന്‍മാരോട് ..
ട്രോളുകളുടെ വരവ് ഒരുപാട് പേര്‍ക്ക് അവരവരുടെ സര്‍ഗ്ഗാത്മകത പ്രകടിപ്പിക്കുവാനുള്ള ഒരിടമായി മാറിയെന്ന് പല ട്രോളുകളും കാണുമ്പോള്‍ എനിക്ക് തോന്നാറുണ്ട്. സമാന മനസ്‌ക്കരോട് ഞാനിക്കാര്യം പങ്കുവെയ്ക്കാറുമുണ്ട്.
നാം മറന്നു തുടങ്ങിയ പല താരങ്ങളും വീണ്ടും പഴയകാലം ഓര്‍മ്മിപ്പിച്ചുകൊണ്ട് , പൊട്ടിച്ചിരികളും സന്തോഷവും മാത്രം നല്‍കിക്കൊണ്ട് നമുക്ക് മുന്നിലേക്ക് തിരിച്ചു വന്നതും ഈ ട്രോളുകള്‍ നിര്‍മ്മിച്ച സൃഷ്ട്ടി കര്‍ത്താക്കളിലൂടെയുമായിരുന്നു.
എന്നാല്‍ ഏതാനും ദിവസങ്ങളായി വന്നുകൊണ്ടിരിക്കുന്ന ട്രോളുകള്‍ വല്ലാതെ വേദനിപ്പിക്കുന്നുണ്ട് . എന്റെ സഹോദരിയെ ക്രൂശിക്കുന്നതിന് വേണ്ടി നിര്‍മ്മിക്കപ്പെട്ടവ എന്നതുകൊണ്ട് മാത്രമല്ല അതെന്നെ വേദനിപ്പിച്ചത്.
മറിച്ച് ഒരു സര്‍ഗ്ഗാത്മക മനസ്സിനെ എങ്ങിനെ വൈകൃതം കൊണ്ടുനിറയ്ക്കാം എന്നുകൂടി ഇതെനിക്ക് കാണിച്ചു തരുന്നു . വൈകൃതങ്ങള്‍ നിറഞ്ഞ മനസ്സിന് എങ്ങിനെ വേണമെങ്കിലും സഞ്ചരിക്കാം. അവിടെയൊരിക്കലും കുറ്റബോധത്തിനു സ്ഥാനമില്ല.
അത്തരക്കാര്‍ അവരുടെ മനോവൈകൃതങ്ങള്‍ക്ക് ജീവന്‍ പകരുന്നത് നിങ്ങളെപ്പോലുള്ള കലയെ ഉപാസിക്കുന്നവരിലൂടെയാണ് . ഒരു കലാകാരന്‍ ദൈവതുല്യനാണ്, അവന്‍ സൃഷ്ട്ടികര്‍ത്താവാണ്. അവന്‍ പകരുന്ന ജീവന്‍ സത്യസന്ധവും ജ്വലിക്കുന്നതുമായിരിക്കണം.
ഒരു കലാകാരന്‍ ഒരിക്കലും നീതി നിഷേധത്തിന് കൂട്ട് നില്‍ക്കുന്നവനാകരുത്. കലുഷമായ മനസ്സില്‍ പലതും ജനിക്കും. ജനിച്ചില്ലെങ്കില്‍ അത്തരക്കാര്‍ ജനിപ്പിക്കും. അതിനൊരുപക്ഷേ അവര്‍ക്ക് ഒരു കലാകാരന്റെ സഹായം കൂടിയേ തീരൂ.
സത്യത്തിന് തനിച്ചാണെങ്കിലും നിവര്‍ന്നു നില്‍ക്കാന്‍ സാധിക്കും. പക്ഷെ നുണയ്‌ക്കൊരു തുണവേണം. എന്നാലും അതിന് നിവര്‍ന്നു നില്‍ക്കാനാകില്ല. ഇത്തരം സഹായങ്ങളും തുണകളും ഒരു കലാകാരന്റെ സര്‍ഗ്ഗസൃഷ്ട്ടിയേയും അവന്റെ കലാജീവിതത്തേയുമാണ് അവന്‍ പോലുമറിയാതെ പ്രതികൂലമായി സ്വാധീനിക്കുന്നത്.
പണത്തിനു വേണ്ടിയോ അല്ലെങ്കില്‍ വ്യത്യസ്തതയ്ക്കു വേണ്ടിയോ നിങ്ങള്‍ ഇങ്ങിനെ ചെയ്യുന്നു എന്ന് വേണമെങ്കില്‍ നിങ്ങള്‍ക്കവകാശപ്പെടാം . ഇന്നലെകളില്‍ നിങ്ങള്‍ ചെയ്ത നിര്‍ദ്ദോഷകരമായ ട്രോളുകള്‍ … അഭിമാനത്തോടെ നിങ്ങള്‍ നിങ്ങളുടെ സ്ത്രീ സുഹൃത്തുക്കള്‍ക്ക് മുന്നിലും നിങ്ങളുടെ അമ്മയുടേയും പെങ്ങളുടേയും കാമുകിയുടേയും ഭാര്യയുടേയും മുന്നില്‍ കാണിച്ചു കൊടുക്കുകയും അതവരെ ആഹ്ലാദിപ്പിക്കുകയും അതിലൂടെ നിങ്ങള്‍ കലാകാരനെന്ന നിലയില്‍ നിങ്ങളുടെ കഴിവില്‍ അഭിമാനം കൊള്ളുകയും ചെയ്തിട്ടുണ്ടെങ്കില്‍ ഇന്ന് നിങ്ങള്‍ക്ക് നഷ്ടമായത് എന്തെല്ലാമാണെന്ന് നിങ്ങള്‍ സ്വയം തിരിച്ചറിയുക.

നിങ്ങള്‍ നിര്‍മ്മിച്ച വൈകൃതം നിറഞ്ഞ ട്രോളുകള്‍ നിങ്ങള്‍ക്ക് നിങ്ങളുടെ കുടുംബത്തില്‍ അഭിമാനത്തോടെ കാണിക്കാന്‍ സാധിക്കുന്നുണ്ടോ ? ഉണ്ടെങ്കില്‍ ഞാന്‍ സംവദിക്കുന്നത് നിങ്ങളോടല്ല. താന്‍ ജന്മം നല്‍കിയ കുഞ്ഞിന്റെ പിതൃത്വാവകാശം പോലും ഉന്നയിക്കാനാവാതെ കുനിഞ്ഞ ശിരസ്സോടെ നില്‍ക്കുന്ന കലാകാരന്മാരോടാണ് എനിക്ക് പറയുവാനുള്ളത്.
നിറഞ്ഞ മനസ്സോടെ കലയെ വ്യഭിചരിക്കുന്നവന്‍ കലാകാരനല്ല . നെഞ്ചില്‍ കൈവെച്ചു കൊണ്ട് ഞാന്‍ പറയും കലയെ ഉപാസിക്കുന്നവനായിരിക്കണം ഒരു യഥാര്‍ത്ഥ കലാകാരന്‍. അല്ലാത്തപക്ഷം അവനൊരു ശാപം കിട്ടിയ ജന്മമാണ്. ഓരോ കലാകാരനും ഓരോ നിമിഷവും അവനവനെത്തന്നെ സ്വയം ഓര്‍മ്മിപ്പിക്കേണ്ട സത്യമാണിത്.
ഇന്ന് കണ്ണാടിയില്‍ നിങ്ങളുടെ പ്രതിരൂപം നിങ്ങള്‍ കാണുന്‌പോള്‍ , ഇന്നലെകളിലെ നിഷ്‌കളങ്കനായ കലാകാരനെ നിങ്ങള്‍ക്ക് അതില്‍ കണ്ടെത്താനായില്ലെങ്കില്‍ ഒരു കലാകാരന്റെ ആത്മഹത്യയാണ് അവിടെ നടന്നതെന്ന് നിങ്ങള്‍ക്ക് സമ്മതിക്കേണ്ടി വരും … നിങ്ങള്‍ നിങ്ങളിലേക്ക് തന്നെ തിരിഞ്ഞു നോക്കുന്‌പോള്‍ നിങ്ങളുടെ പ്രവൃത്തിയില്‍ ഒരിക്കലെങ്കിലും നിങ്ങള്‍ക്ക് കുറ്റബോധം തോന്നിയാല്‍, സുഹൃത്തേ … നിങ്ങള്‍ പരാജയപ്പെട്ടത് നിങ്ങളോടും നിങ്ങളുടെ കലാജീവിതത്തോടും തന്നെയാണെന്ന് നിങ്ങള്‍ക്ക് സമ്മതിക്കേണ്ടതായിവരും . അങ്ങിനെ ഉണ്ടാകാതിരിക്കട്ടെ

 • ഭൂമി വിവാദം: തെറ്റു തിരുത്താല്‍ അഭിനന്ദനാര്‍ഹമെന്ന് സഭാ മുഖപത്രം
 • കേരളത്തെ നടുക്കി കൊല്ലത്ത് 14 കാരനെ ആരും കൊലചെയ്തു; മകനെ കൊലപ്പെടുത്തി കത്തിച്ചത് താനെന്ന് മാതാവ്
 • മാണി മുന്നണി മാറുമ്പോള്‍ ബാര്‍ കോഴക്കേസ് വിജിലന്‍സ് അവസാനിപ്പിക്കുന്നു; റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു
 • ആലപ്പുഴയില്‍ സൂര്യനെല്ലി മോഡല്‍ പെണ്‍വാണിഭം; അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി; പിന്നില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരും
 • ദൃശ്യങ്ങള്‍ ദിലീപിന് കൊടുത്താല്‍ ഇരയുടെ സ്വകാര്യതയെ ബാധിക്കും- പോലീസ്
 • മദ്യലഹരിയില്‍ മുഖത്ത് മൂത്രമൊഴിച്ച അച്ഛനെ മകന്‍ കുത്തിക്കൊന്നു
 • നടിയെ ആക്രമിച്ചത് നിര്‍ത്തിയിട്ട വാഹനത്തില്‍ നിന്നെന്ന് ദിലീപ്; ഒരു സ്ത്രീയുടെ നിര്‍ദ്ദേശങ്ങള്‍ കേള്‍ക്കുന്നു
 • ആലപ്പുഴയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച എസ് ഐ അറസ്റ്റില്‍
 • ആക്രമിക്കപ്പെട്ട നടിയും ലാലും ഭീഷണിപ്പെടുത്തുന്നതായി പ്രതി മാര്‍ട്ടിന്‍
 • കാണാതായ പ്രവീണ്‍ തൊഗാഡിയയെ ബോധരഹിതനായി അഹമ്മദാബാദില്‍ നിന്നും കണ്ടെത്തി
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway