സ്പിരിച്വല്‍

ഗ്രേറ്റ് ബ്രിട്ടന്‍ രൂപത നേതൃത്വം നല്‍കിയ ആദ്യ വാല്‍സിംഹാം തീര്‍ത്ഥാടനം അവിസ്മരണീയം; മാതൃഭക്തിയില്‍ അലിഞ്ഞു വിശ്വാസികള്‍

വാല്‍സിംഹാം: പ്രാര്‍ത്ഥനാസ്തുതികളും മരിയഗീതങ്ങളും ഭക്തിസാന്ദ്രമാക്കിയ ആത്മീയാന്തരീക്ഷത്തില്‍ വാല്‍സിംഹാം മാതാവിന്റെ തിരുനാള്‍ ഭക്തിസഹസ്രങ്ങള്‍ക്ക് സ്വര്‍ഗീയാനുഭൂതിയായി. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ നേതൃത്വത്തില്‍ നടന്ന ആദ്യ വാല്‍സിംഹാം തീര്‍ത്ഥാടനത്തില്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും കോച്ചുകളിലും സ്വകാര്യ വാഹനങ്ങളിലുമായി ആയിരങ്ങളാണ് മാതൃസന്നിധിയിലേക്ക് ഒഴുകിയെത്തിയത്.


പരി. കന്യകാമറിയത്തിന്റെ പ്രത്യക്ഷീകരണം കൊണ്ടും സ്വര്‍ഗീയ സാന്നിധ്യം കൊണ്ടും അനുഗ്രഹീതമായ വാല്‍സിംഹാം പ്രദേശം എല്ലാ ക്രൈസ്തവവിശ്വാസികളുടെയും പുണ്യദേശമാണെന്ന് തീര്‍ത്ഥാടനത്തില്‍ ദിവ്യബലിക്ക് മുഖ്യകാര്‍മ്മികനായിരുന്ന ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അഭിപ്രായപ്പെട്ടു. യുകെയിലുള്ള സീറോ മലബാര്‍ വിശ്വാസികള്‍ക്കായി ‘ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത’ പ്രഖ്യാപിച്ച് പരി. ഫ്രാന്‍സിസ് മാര്‍പാപ്പ ഔദ്യോഗിക പ്രഖ്യാപനം നടത്തിയതിന്റെ ഒന്നാം വാര്‍ഷികവും കര്‍മ്മലമാതാവിന്റെ തിരുനാളും ഒന്നിച്ചു വരുന്ന അപൂര്‍വ്വദിനം കൂടിയായിരുന്നു ഇന്നലെ.

പാപരഹിതയും സ്വര്‍ഗാരോഹിതയുമായ പരി. മറിയം ദൈവത്തിന്റെ എല്ലാ നിര്‍ദ്ദേശങ്ങളോടും ‘ആമേന്‍’ എന്ന് പറയാന്‍ കാണിച്ച സന്മനസ്സാണ് അവളെ സ്വര്‍ഗീയറാണിയായി ഉയര്‍ത്തുവാന്‍ കാരണമെന്നും ദൈവഹിതത്തിനു ആമേന്‍ പറയുവാന്‍ മാതാവിനെ പോലെ നമുക്കും ആവണമെന്നും തിരുനാള്‍ സന്ദേശത്തില്‍ മാര്‍ സ്രാമ്പിക്കല്‍ ഓര്‍മ്മിപ്പിച്ചു. ബ്രിട്ടനില്‍ സീറോ മലബാര്‍ സഭ നല്‍കുന്ന ഉത്തമ വിശ്വാസ സാക്ഷ്യത്തിന് നന്ദി പറയുന്നതിനായി തീര്‍ത്ഥാടകരെ അഭിസംബോധന ചെയ്തു സംസാരിച്ച ഈസ്റ്റ് ആംഗ്ലിയ രൂപതാ ബിഷപ്പ് അലന്‍ ഹോപ്സും ഷ്റിന്‍ ഹെക്റ്ററും പറഞ്ഞു.

ചൂടിന്റെ കാഠിന്യം കുറച്ചു മേഘത്തണലിന്റെ കുടയൊരുക്കി നല്ല കാലാവസ്ഥ നല്‍കി അനുഗ്രഹിച്ച മാതാവിന്റെ മാധ്യസ്ഥം അറിഞ്ഞ ദിനമാരംഭിച്ചത് രാവിലെ 9 മണിക്ക് തുടങ്ങിയ ജപമാല പ്രാര്‍ത്ഥനയോടെയായിരുന്നു. തുടര്‍ന്ന് ഫാ. സോജി ഓലിക്കലും ഫാ. അരുണ്‍ കലമറ്റവും മാതൃഭക്തിയുടെ പ്രാധാന്യത്തെ കുറിച്ചും തീര്‍ത്ഥാടനങ്ങളുടെ പ്രസക്തിയെ കുറിച്ചും പ്രഭാഷണങ്ങള്‍ നടത്തി. തുടര്‍ന്ന് വാല്‍സിംഹാം മാതാവിന്റെ തിരുസ്വരൂപം വെഞ്ചെരിച്ച് പ്രതിഷ്ഠിച്ചു മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തി. മറിയം സ്വര്‍ഗീയ രാഞ്ജിയാണെന്ന സഭയുടെ പ്രബോധനത്തിന്റെ പ്രകാശനമായി മെത്രാന്‍ മാതാവിന്റെ രൂപത്തില്‍ കിരീടധാരണവും നടത്തി. തുടര്‍ന്ന് നേര്ച്ച വെഞ്ചെരിപ്പും നടന്നു.


11.30 മുതല്‍ 1.30 വരെ അടിമസമര്‍പ്പണത്തിന്റെയും വ്യക്തിപരമായ പ്രാര്‍ത്ഥനകള്‍ക്കും ഉച്ചഭക്ഷണത്തിനുമായി മാറ്റിവച്ചിരുന്നു. മിതമായ നിരക്കില്‍ സംഘാടക സമിതി ഒരുക്കിയിരുന്ന ഉച്ചഭക്ഷണം ഏറെ പേര്‍ക്ക് ആശ്വാസമായി.
ഉച്ച കഴിഞ്ഞു ഒന്നരക്ക് ആരംഭിച്ച പ്രസിദ്ധമായ ജപമാല പ്രദക്ഷിണത്തില്‍ പൊന്‍ – വെള്ളി കുരിശുകള്‍, മുത്തുക്കുടകള്‍, കൊടികള്‍ തുടങ്ങിയയോട് കൂടി വിശ്വാസികള്‍ ഭക്തിപൂര്‍വ്വം പങ്കുചേര്‍ന്നു. പ്രദക്ഷിണ സമാപനത്തില്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യകാര്‍മ്മികനായും 25 ല്‍ അധികം വൈദികര്‍ സഹകാര്‍മ്മികരായും പങ്കു ചേര്‍ന്ന തിരുനാള്‍ ദിവ്യബലിയില്‍ 8000 ത്തിലധികം വിശ്വാസികള്‍ പ്രാര്‍ത്ഥനാപൂര്‍വ്വം പങ്കു ചേര്‍ന്നു. ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയോടും സഭാപ്രവര്‍ത്തനങ്ങളോടും വിശ്വാസികള്‍ കാണിക്കുന്ന ആത്മാര്‍ത്ഥതയ്ക്കും താല്‍പര്യത്തിനും നന്ദി പറയുന്നതായും യുകെയിലെ സീറോ മലബാര്‍ കുടുംബങ്ങള്‍ മറ്റെല്ലാ ക്രൈസ്തവ കുടുംബങ്ങള്‍ക്കും വിശ്വാസ കാര്യത്തില്‍ മാതൃകയാണെന്നും മാര്‍ സ്രാമ്പിക്കല്‍ കൂട്ടിച്ചേര്‍ത്തു.


ദിവ്യബലിയെ തുടര്‍ന്ന് ഈ വര്‍ഷത്തെ തിരുനാളിനു നേതൃത്വം നല്‍കിയ ഫാ. ടെറിന്‍ മുല്ലക്കര, സഡ്ബറി കമ്മ്യൂണിറ്റി, അടുത്ത വര്‍ഷത്തെ തിരുനാള്‍ ഏറ്റെടുത്തു നടത്തുന്ന കിംഗ്സ്ലിന്‍ കമ്മ്യൂണിറ്റി തുടങ്ങിയവര്‍ക്കായുള്ള പ്രത്യേക ആശിര്‍വ്വാദ പ്രാര്‍ത്ഥന നടന്നു. ഫാ. ഫിലിപ് പന്തമാക്കലിന്റെ നേതൃത്വത്തിലുള്ള കിംഗ്സ്ലിന്‍ കമ്മ്യൂണിറ്റിയിലെ അംഗങ്ങളായിരിക്കും അടുത്ത വര്‍ഷത്തെ തിരുനാളിനു ആതിഥ്യമരുളുന്നത്. തിരുനാള്‍ ജനറല്‍ കണ്‍വീനര്‍ ഫാ. ടെറിന്‍ മുല്ലക്കര എല്ലാവര്‍ക്കും നന്ദി പ്രകാശിപ്പിച്ചു. രൂപതാ വികാരി ജനറാള്‍ ഫാ. സജിമോന്‍ മലയില്‍ പുത്തന്‍പുരയിലും തിരുനാള്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. ഫാ. സെബാസ്റ്റ്യന്‍ ചാമക്കാലയുടെ നേതൃത്വത്തില്‍ ഗാനങ്ങളാലപിച്ച ഗായകസംഘം ദിനത്തിന് സ്വര്‍ഗീയാനുഭൂതി നല്‍കി. തിരുനാളിന്റെ വിജയത്തിന് വേണ്ടി സഡ്ബറി കമ്മ്യൂണിറ്റി കഴിഞ്ഞ ഒരു വര്‍ഷമായി നടത്തിവന്ന ഒരുക്കങ്ങങ്ങളെയും ത്യാഗങ്ങളെയും മാര്‍ സ്രാമ്പിക്കല്‍ പ്രത്യേകം അഭിനന്ദിച്ചു.


സംഘാടക മികവിന്റെ മറ്റൊരു നേര്‍ക്കാഴ്ച കൂടിയായി വാല്‍സിംഹാം തിരുനാള്‍. രൂപതാധ്യക്ഷന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് ജനറല്‍ കണ്‍വീനര്‍ ഫാ. ടെറിന്‍ മുല്ലക്കരയും സഡ്ബറി കമ്മ്യൂണിറ്റിയും കമ്മിറ്റിയംഗങ്ങളും മാസങ്ങളായി നടത്തിവന്ന ഒരുക്കങ്ങളാണ് തിരുനാള്‍ അനുഗ്രഹമാകുന്നതിന് പ്രധാന പശ്ചാത്തലമൊരുക്കിയത്. രൂപതയുടെ വിവിധ വിശുദ്ധ കുര്‍ബാന സെന്ററുകളില്‍ നിന്ന് ബഹു. വൈദികരുടെയും കമ്മിറ്റിയംഗങ്ങളുടെയും നേതൃത്വത്തില്‍ വിശ്വാസികള്‍ പരി. അമ്മയുടെ സന്നിധിയിലേക്ക് ഒഴുകിയെത്തിയപ്പോള്‍ ജൂലൈ 16 അവിസ്മരണീയമായി. ഭക്ഷണ ക്രമീകരണങ്ങളും വാഹന പാര്‍ക്കിങ്ങും കൂടുതല്‍ സൗകര്യപ്രദമാക്കിയത് തീര്‍ത്ഥാടകര്‍ക്ക് അനുഗ്രഹമായി. യുകെയില്‍ പ്രവാസികളായി പാര്‍ക്കുന്ന എല്ലാവര്‍ക്കും ഡപ്പോഴും പരി. വാല്‍സിംഹാം മാതാവിന്റെ സംരക്ഷണം എപ്പോഴും ഉണ്ടാകട്ടെയെന്ന് ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പ്രത്യാശ പ്രകടിപ്പിച്ചു.

  • സ്പിരിച്വല്‍ മിനിസ്ട്രി ഓഫ് യുകെയുടെ ഏകദിന ഉപവാസ മലയാളം കണ്‍വന്‍ഷന്‍ നോട്ടിംഗ്ഹാമില്‍ 24ന്
  • കുട്ടികള്‍ക്കായി ഏകദിന ക്യാമ്പും ധ്യാനവും 30ന്
  • സ്പിരിച്വല്‍ മിനിസ്ട്രി ഓഫ് യുകെയുടെ ഏകദിന മലയാളം കണ്‍വന്‍ഷന്‍ ലണ്ടനില്‍ 23ന്
  • ഫാ സേവ്യര്‍ഖാന്‍ വട്ടായില്‍ നയിക്കുന്ന ലണ്ടന്‍ കണ്‍വെന്‍ഷന്‍ ഒക്ടോ:29നു; സുവിശേഷവല്‍ക്കരണ നാന്ദി കുറിച്ച് മാര്‍ സ്രാമ്പിക്കല്‍
  • സന്ദര്‍ലാന്‍ഡ് സെ. ജോസെഫ്‌സ് ദേവാലയത്തില്‍ വി. അല്‍ഫോന്‍സാമ്മയുടെ തിരുനാളും ശതാബ്ദി ആഘോഷവും 30ന്
  • വാല്‍താംസ്റ്റോ ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ മരിയന്‍ ദിന ശുശ്രൂഷയും വി. പാദ്രോപിയോയുടെ തിരുനാളും
  • റാംസ്‌ഗേറ്റ് ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ യുവജന ധ്യാനം ഒക്ടോബര്‍ 23 മുതല്‍
  • കെന്റ് ഹിന്ദുസമാജത്തിന്റെ ഓണാഘോഷം
  • ഹാംഷെയര്‍ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ ദൈവമാതാവിന്റെ ജനന തിരുനാള്‍ 16 ,17 തീയതികളില്‍
  • ബിര്‍മിങ്ഹാം സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ ഇംഗ്ലീഷ് കുര്‍ബാനയും JSVBS 2017 ഉം
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway