ഇന്റര്‍വ്യൂ

കുട്ടിക്കാലം മുതലേ ഞാനും ലാലേട്ടന്റെ ആരാധിക - മഞ്ജുവാര്യര്‍

മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജുവാര്യര്‍ മോഹന്‍ലാലിന്റെ കട്ട ഫാന്‍ . ജീവിതത്തിലും, ഇപ്പോഴിതാ സിനിമയിലും.. മോഹന്‍ലാലിനെ ആരാധിച്ചു ജീവിക്കുന്ന ഒരു പെണ്‍കുട്ടിയുടെ കഥ പറയുന്ന 'മോഹന്‍ലാല്‍ ' എന്ന ചിത്രത്തിലെ നായികയാണ് മഞ്ജു. സാജിദ് യഹിയ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇന്ദ്രജിത്താണ് നായകന്‍ .


' മോഹന്‍ലാല്‍ ' എന്ന സിനിമയെക്കുറിച്ച് ?

ലാലേട്ടന്റെ സിനിമകളെ സ്‌നേഹിക്കുന്ന ഒരു പെണ്‍കുട്ടിയുടെ കഥയാണിത്. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ മുതല്‍ പുലിമുരുകന്‍ വരെയുള്ള സിനിമകളും, അത് ആ പെണ്‍കുട്ടിയുടെ വ്യക്തിജീവിതത്തി ല്‍ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളും രസകരമായ മുഹൂര്‍ത്തങ്ങളുമാണ് ഈ സിനിമ.
മീനുക്കുട്ടി എന്ന കഥാപാത്രം ജനിക്കുന്നത് തന്നെ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ റിലീസാകുന്ന ദിവസമാണ്. അന്നുമുതല്‍ അവളുടെ ജീവിതത്തില്‍ സംഭവിക്കുന്ന എല്ലാം മോഹന്‍ലാലുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ്. സിനിമയെക്കുറിച്ച് ഇതില്‍ കൂടുതലൊന്നും തുറന്നു സംസാരിക്കാനാവില്ല. കുറച്ചു സംസാരിച്ചാല്‍ തീരാവുന്ന ഒരു കഥയല്ലിത് മാത്രവുമല്ല എല്ലാം പറഞ്ഞാല്‍ അതിന്റെ ത്രില്ലും പോവില്ലേ.


വ്യക്തിജീവിതത്തിലും മോഹന്‍ലാലിന്റെ കടുത്ത ആരാധികയാണല്ലോ ?
അതു ചോദിക്കേണ്ട കാര്യമില്ലല്ലോ. തീര്‍ച്ചയായും ഞാനും ലാലേട്ടന്റെ ഫാന്‍ തന്നെയാണ്. ലാലേട്ടനെ ഇഷ്ടപ്പെടാത്തവരായി ആരാണുള്ളത്. കുട്ടിക്കാലം മുതലേ ഞാനും ലാലേട്ടന്റെ ആരാധിക തന്നെയാണ്.
സിനിമ കാണാന്‍ തുടങ്ങിയ കാലം മുതല്‍ മനസ്സില്‍ ഞാനും ലാലേട്ടനെയും മറ്റ് താരങ്ങളെയുമൊക്കെ ആരാധിച്ചു തുടങ്ങിയിരുന്നു. അതിനു ശേഷം അദ്ദേഹത്തിനൊപ്പം അഭിനയിക്കാനായതും വലിയൊരു ഭാഗ്യം തന്നെയാണ്.


പേരിലെ പുതുമയും മോഹന്‍ലാല്‍ എന്ന സിനിമയുടെ ആകര്‍ഷണമാണല്ലോ ?
മോഹന്‍ലാല്‍ എന്ന പേരു പോലെ തന്നെ അദ്ദേഹത്തിന്റെ സിനിമാജീവിതമാണ് ഇതില്‍ പറയുന്നത്. കുട്ടിക്കാലം മുതലേ ലാലേട്ടനെ ആരാധിക്കുന്ന കഥാപാത്രമായതു കൊണ്ടാണ് അങ്ങനെയൊരു പേരു വന്നത്.
കൗതുകങ്ങളും തമാശകളും നിറഞ്ഞ സിനിമ. ചെറിയ തരത്തിലുള്ള സസ്‌പെന്‍സും ഇതിലുണ്ട്.
മോഹന്‍ലാല്‍ എന്ന വ്യക്തിയും ഇതില്‍ വരുന്നുണ്ടാകും. പക്ഷേ എന്റെ കഥാപാത്രമായ മീനുക്കുട്ടി ജീവിതത്തില്‍ മോഹന്‍ലാല്‍ എന്ന നടനെ ആരാധിക്കുന്നതും ജീവനു തുല്യം സ്‌നേഹിക്കുന്നതുമാണ് പറയുന്നത്.


സഹതാരങ്ങള്‍ ?
വലിയൊരു താരനിര തന്നെയുണ്ട്. ഞാന്‍ ഇതിനു മുമ്പ് അഭിനയിച്ചവരും എനിക്ക് പുതുമുഖങ്ങളായവരുമൊക്കെ അതില്‍ പെടും. ഇത്രയും വലിയൊരു താരനിരയ്‌ക്കൊപ്പം അഭിനയിക്കായതു തന്നെ വലിയൊരു ഭാഗ്യമാണ്, അതിനൊപ്പം തന്നെ എക്‌സൈറ്റുമെന്റുമാണ്.
സാധാരണ എല്ലാ സിനിമകളിലും ഇത്രയധികം താരങ്ങള്‍ ഉണ്ടാവണമെന്നില്ല. രസകരമായ കഥാസന്ദര്‍ഭങ്ങളും അതിനൊപ്പമുയരുന്ന താരങ്ങളുമൊക്കെയാണ് ഇതിന്റെ ഹൈലൈറ്റ്.
ഓരോ ദിവസവും ഈ ലൊക്കേഷനില്‍ എത്തുന്നത് വളരെ സന്തോഷത്തോടെയാണ്. ഇത്രയധികം സീനിയര്‍ താരങ്ങള്‍ക്കും പുതിയ താരങ്ങള്‍ക്കുമൊപ്പം അഭിനയിക്കുന്നതിന്റെ സന്തോഷത്തിലാണ്.


വില്ലനില്‍ മോഹന്‍ലാലിനൊപ്പം അഭിനയിച്ച ശേഷം ഈ സിനിമയില്‍ അദ്ദേഹത്തിന്റെ ആരാധികയായി അഭിനയിക്കുന്നതിനെക്കുറിച്ച് ?
വില്ലന്‍ അഭിനയിച്ച ശേഷം ഞാന്‍ ഉദാഹരണം സുജാതയില്‍ ജോയിന്‍ ചെയ്തു. അതു കഴിഞ്ഞിട്ടാണ് ഇവിടേക്ക് വന്നത്. ചെറിയൊരു ഗ്യാപ്പ് വന്നെങ്കിലും അദ്ദേഹത്തോടൊപ്പം അഭിനയിച്ച ശേഷം ഇതിലെ കഥാപാത്രമായി മാറുമ്പോള്‍ സ്വാഭാവികമായും അതൊരു പ്ലസ് പോയിന്റാകും.
പിന്നെ കൂടെ അഭിനയിക്കുമ്പോള്‍ നേരിട്ടറിയുന്ന അദ്ദേഹത്തിന്റെ അഭിനയപാടവം ഈ കഥാപാത്രത്തിലേക്ക് ആഴ്ന്നിറങ്ങാ ന്‍ ഒരുപാട് സഹായിച്ചിട്ടുണ്ട്.

സാക്ഷ്യം മുതല്‍ മോഹന്‍ലാല്‍ വരെയുള്ള സിനിമകളെടുക്കുമ്പോള്‍ മോഹന്‍ലാല്‍ എന്ന വ്യക്തിയോടുള്ള താരാധന കൂടിയിട്ടുണ്ടോ ?
സാക്ഷ്യത്തില്‍ അഭിനയിക്കുമ്പോഴല്ല അതിനു മുമ്പു തന്നെ ഞാനൊരു ലാലേട്ടന്‍ ആരാധികയായിരുന്നു. മോഹന്‍ലാല്‍ അഭിനയിക്കുമ്പോഴും ഞാനദ്ദേഹത്തിന്റെ ഫാനാണ്.
അതിലൊട്ടും കുറവു വന്നിട്ടില്ല. ഓരോ സിനിമ കാണുമ്പോഴും എല്ലാ പ്രേക്ഷകനെയും പോലെ എനിക്കും അദ്ദേഹത്തോട് ആരാധന കൂടിയിട്ടേയുള്ളു.

വ്യക്തിപരമായ ആ ഇഷ്ടമാണോ ഈ സിനിമ സെലക്ട് ചെയ്യാനുള്ള കാരണം ?
അങ്ങനെ പറയാനാവില്ല. ഒരു സാധാരണ മോഹന്‍ലാല്‍ ഫാന്‍ സിനിമ ചെയ്യുന്നതില്‍ വലിയ പുതുമയൊന്നുമില്ലല്ലോ. ഈ കഥ പറയുന്ന ഒരു രസമുണ്ട്.
ലാലേട്ടനോടുള്ള ആരാധന ഒരു കഥയിലൂടെ എത്ര രസകരമായി പറയുന്നു എന്നതു തന്നെയാണ് ഇതിന്റെ ആകര്‍ഷണം. കൗതുകമായി അതിനെ കോര്‍ത്തിണക്കിയ രീതി തന്നെയാണ് ഞാന്‍ ഈ ഓഫര്‍ സ്വീകരിക്കാനുള്ള കാരണം.


തിരിച്ചുവരവില്‍ തെരഞ്ഞെടുത്തതത്രയും സ്ത്രീപക്ഷ സിനിമകള്‍. എന്തെങ്കിലും കാരണം ?
അങ്ങനെ പൂര്‍ണ്ണമായി പറയാനാവില്ല. സ്ത്രീപ്രാധാന്യമുള്ള സിനിമകള്‍ ചെയ്തു എന്നതു സത്യം. സൈറാബാനുവും ഉദാഹരണം സുജാതയുമൊക്കെ ആ ലിസ്റ്റില്‍ പെടുന്നുവെന്നു മാത്രം.

ഉദാഹരണം സുജാതയില്‍ ഏറ്റവും സാധാരണക്കാരിയായ ഒരു കഥാപാത്രമാണ്. പല വീടുകളിലും പല സ്ഥാപനങ്ങളിലും ജോലി ചെയ്ത് ജീവിതം പോറ്റുന്ന ഒരു സ്ത്രീയുടെ കഥയാണിത്. പക്ഷേ ഇതിനിടയിലും അല്ലാത്ത സിനിമകളും ചെയ്തിട്ടുണ്ട്.
എന്തുകൊണ്ട് ഈ സിനിമകള്‍ സ്വീകരിക്കുന്നു എന്നതിന് ഒറ്റ ഉത്തരം മാത്രമേയുള്ളു. കഥയും തിരക്കഥയുമടക്കം എല്ലാം നോക്കിയ ശേഷമാണ് ഒരു ഓഫര്‍ സ്വീകരിക്കുന്നത്. എനിക്കു വരുന്ന സിനിമകളില്‍ നിന്ന് ഇഷ്ടപ്പെടുന്നത് തെരഞ്ഞെടുക്കുന്നുവെന്നു മാത്രം.
സംവിധായകരും, സഹതാരങ്ങളും, നിര്‍മ്മാതാക്കളും അങ്ങനെ എല്ലാം പ്രധാനപ്പെട്ട ഘടകങ്ങളായതു കൊണ്ട് അതെല്ലാം നോക്കാറുണ്ട്. ഞാന്‍ മാത്രമല്ല മിക്ക താരങ്ങളും അങ്ങനെ തന്നെയാണ്.സൗഹൃദങ്ങളെ ജീവിതത്തോട് ചേര്‍ത്തു പിടിക്കുന്ന സ്വഭാവമാണെന്ന് കേട്ടിട്ടുണ്ട് ?
എല്ലാവരുടെയും ജീവിതത്തില്‍ സുഹൃത്തുക്കളുണ്ടാകും. പ്രതിസന്ധിഘട്ടങ്ങളിലും മറ്റും ആശ്രയമാകുന്ന സുഹൃത്തുക്കള്‍. എനിക്കും അതുപോലെയുണ്ട്. പക്ഷേ അതൊന്നും പബ്ലിക്കായി പറയാന്‍ ഞാനിഷ്ടപ്പെടുന്നില്ല.
അതൊക്കെ വ്യക്തിപരമായ സ്വകാര്യതകളല്ലേ. പിന്നെ സുഹൃത്തുക്കള്‍ക്ക് വേണ്ടിയൊരു ദിവസം മാറ്റി വയ്ക്കുന്നതിനോട് എനിക്ക് വലിയ താത്പര്യമില്ല. സൗഹൃദം നമുക്കു ചുറ്റും എന്നുമുള്ളതാണ്. അതിനായി ഒരു പ്രത്യേക തീയതിയോ സാഹചര്യങ്ങളോ ഒന്നുമാവശ്യമില്ല.ഇടവേളയ്ക്കു ശേഷം വീണ്ടും സജീവമായി. മിക്ക സിനിമകളും വിജയിച്ചു. അതിനെക്കുറിച്ച്?
പ്രത്യേക തരത്തിലുള്ള വിഷയങ്ങള്‍ പ്രതിപാദിക്കുന്ന സിനിമകളേ തെരഞ്ഞെടുക്കൂ എന്നൊന്നുമില്ല. ഏതുതരം സിനിമകളാണെങ്കിലും അതിന്റെ കഥയും കഥാപാത്രവുമൊക്കെ ഇഷ്ടപ്പെട്ടാല്‍ മാത്രമേ തെരഞ്ഞെടുക്കൂ. ചെയ്യുന്ന കഥാപാത്രങ്ങള്‍ പ്രേക്ഷകര്‍ സ്വീകരിച്ചു എന്നതില്‍ വലിയ സന്തോഷമുണ്ട്.ആമിയടക്കം ശക്തമായ കഥാപാത്രങ്ങള്‍ ചെയ്യുന്നുണ്ട്. ഏതെങ്കിലും സ്വപ്നവേഷങ്ങള്‍ ?
അങ്ങനെയൊന്നുമില്ല. എല്ലാ കഥാപാത്രങ്ങളും സ്വപ്നം തന്നെ. എന്നെത്തേടിയെത്തുന്ന കഥാപാത്രങ്ങള്‍ തികഞ്ഞ ആത്മാര്‍ത്ഥതയോടെ ചെയ്യുന്നു എന്നു മാത്രം...


(കടപ്പാട്- മംഗളം)

 • കത്തോലിക്കാ സമൂഹത്തില്‍ സഹോദര സ്നേഹം കുറഞ്ഞു , സ്വാര്‍ത്ഥത വളര്‍ന്നു- ആര്‍ച്ച് ബിഷപ്പ് ജോര്‍ജ് വലിയമറ്റം
 • പൊറിഞ്ചു ഞാനായതിന്റെ പേരില്‍ അഭിനയിക്കാതിരുന്നവരുമുണ്ട്- ജോജു ജോര്‍ജ്
 • റോയല്‍ ഗെറ്റപ്പില്‍ ഭാവന !
 • ഗ്ലാമര്‍ ലുക്കില്‍ മാത്രം പ്രത്യക്ഷപ്പെട്ട കസ്തൂരിയുടെ പുതിയ വേഷം കണ്ട് ആരാധകര്‍ ഞെട്ടി !
 • സഹിക്കാവുന്നതിനപ്പുറം സഹിച്ചു; പൊട്ടിത്തെറിച്ച് റിമിടോമിയുടെ ഭര്‍ത്താവ്
 • വീട് ജപ്തി ചെയ്തിട്ടില്ല, വാര്‍ത്തകള്‍ മാനസിക സംഘര്‍ഷമുണ്ടാക്കുന്നു- ശാലു മേനോന്‍
 • ജയിലില്‍ ആരെങ്കിലും സന്ദര്‍ശിക്കാന്‍ എത്തിയിരുന്നെങ്കിലെന്ന് കൊതിച്ചിട്ടുണ്ട്- അറ്റ്‌ലസ് രാമചന്ദ്രന്‍
 • രാഷ്ട്രീയത്തില്‍ തൊട്ടുകൂടായ്മയുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല- കെ എം മാണി
 • ലിപ്‌ലോക്ക് അഭിനയിച്ചാല്‍ അച്ഛനും അമ്മയും എന്തു പറയും എന്നു ചിന്തിച്ചിരുന്നു- ഐശ്വര്യ ലക്ഷ്മി
 • എന്റെ ഒരു ദിവസവും അടുത്ത ദിവസവും തമ്മില്‍ ഒരു സാമ്യവും ഉണ്ടായിരിക്കില്ല- ലെന
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway