യു.കെ.വാര്‍ത്തകള്‍

എന്‍എച്ച്എസിന്റെ സ്ഥലങ്ങള്‍ വില്‍ക്കാന്‍ രഹസ്യ നീക്കം; ബില്‍ഡിങ്ങും ആംബുലന്‍സ് സ്റ്റേഷനും വില്‍പ്പനയ്ക്ക്! പ്രതിഷേധവുമായി ലേബര്‍

ലണ്ടന്‍ : ലോകത്തിനു മാതൃകയായ എന്‍എച്ച്എസിനു വേണ്ട ഫണ്ട് നല്‍കാതെ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്ന സര്‍ക്കാര്‍ എന്‍എച്ച്എസ് ആശുപത്രികളുടെ കണ്ണായ സ്ഥലങ്ങള്‍ വില്‍ക്കാന്‍ രഹസ്യ നീക്കം നടത്തുന്നു. സാമ്പത്തിക പ്രതിസന്ധി മറികടക്കാനും ഫണ്ട് ലഭ്യമാക്കാനും ആണെന്ന പേരിലാണ് ഭൂമി വില്‍ക്കാന്‍ രഹസ്യ പദ്ധതി തയ്യാറാകുന്നു എന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്. നിലവില്‍ ആശുപത്രി ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന ഭൂമിയാണ് ഇത്തരത്തില്‍ വിറ്റു പണമാക്കാന്‍ ശ്രമിക്കുന്നത്. വില്‍പനയ്ക്കായുള്ള ഭൂമിയുടെ അളവ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് ഇരട്ടിയാക്കിയെന്നും രേഖകള്‍ പറയുന്നു.

ക്ലിനിക്കല്‍ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഭൂമി പോലും വില്‍പ്പനയ്ക്ക് വെച്ചിട്ടുണ്ടെന്നാണ് വിവരം. 1300 ഹെക്ടറില്‍ പകുതിയുടെ വിവരങ്ങള്‍ വിവാദമാകുമെന്നതിനാല്‍ രഹസ്യമാക്കി വെച്ചിരിക്കുകയാണ്. വില്‍പ്പനയ്ക്കുള്ള ആസ്തികളില്‍ ആശുപത്രി ബില്‍ഡിങ്ങും ചില ആംബുലന്‍സ് സ്റ്റേഷനുകളും ഉണ്ടെന്നാണ് സൂചന.എന്‍എച്ച്എസിനു വേണ്ടി 10 ബില്യന്‍ പൗണ്ട് കണ്ടെത്തുന്നതിനാണ് വസ്തു വില്‍പനയ്ക്ക് തെരേസ മേ സര്‍ക്കാര്‍ അനുവാദം നല്‍കിയത്. 2020 ഓടെ 5 ബില്യന്‍ പൗണ്ട് ഇതുവഴി കണ്ടെത്താമെന്നാണ് പ്രതീക്ഷ. അതിനായി നിഷ്‌ക്രിയ ആസ്തിയായി കിടക്കുന്ന ഭൂമി കണ്ടെത്താന്‍ നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ട് ആണ് വിവാദത്തിന് കാരണമായ വെളിപ്പെടുത്തല്‍ നടത്തിയത്. വില്‍പനയ്ക്കായി കണ്ടെത്തിയ 543 പ്ലോട്ടുകളില്‍ 117 എണ്ണവും നിലവില്‍ ആശുപത്രി ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നവയാണെന്ന് ലേബര്‍ ആരോപിക്കുന്നു. ഈ ഭൂമി മെഡിക്കല്‍, ക്ലിനിക്കല്‍ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നവയാണെന്ന് ലേബര്‍ നടത്തിയ അവലോകനത്തില്‍ കണ്ടെത്തി.1332 ഹെക്ടറാണ് വില്‍പനയ്ക്ക് തയ്യാറാക്കിയിരിക്കുന്നത്. ഇതില്‍ 63 സൈറ്റുകളിലായുള്ള 734 ഹെക്ടറിനേക്കുറിച്ചുള്ള വിവരങ്ങളാണ് രഹസ്യമായി വെച്ചിരിക്കുന്നത്. വിവാദ സാധ്യത മുന്നില്‍ക്കണ്ടാണ് ടോറികളുടെ ഈ നീക്കമെന്നാണ് ആരോപണം. വര്‍ഷങ്ങളായി ആവശ്യത്തിന് ഫണ്ടുകള്‍ നല്‍കാത്തതു മൂലമാണ് എന്‍എച്ച്എസ് പ്രതിസന്ധിയിലായതെന്നും അതുമൂലമാണ് ഈ വിധത്തില്‍ ഭൂമി വില്‍പന നടത്തേണ്ടി വരുന്നതെന്നും ലേബര്‍ ഷാഡോ ഹെല്‍ത്ത് സെക്രട്ടറി ജോനാഥന്‍ ആഷ്‌വര്‍ത്ത് ചൂണ്ടിക്കാട്ടി. ആശുപത്രി ആവശ്യത്തിന് ഉപയോഗിക്കുന്ന സ്ഥലങ്ങള്‍ വിറ്റു തുലക്കാനുള്ള നീക്കത്തില്‍ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്.

 • ജെറ്റ്സിയ്ക്ക് കൊവന്‍ട്രി നാളെ വിടനല്‍കും; പൊതുദര്‍ശനം വീട്ടില്‍
 • ഹാരി-മേഗന്‍ വിവാഹ ശുശ്രൂഷ നയിക്കാന്‍ സന്നദ്ധതയറിയിച്ച് കാന്റര്‍ബറി ആര്‍ച്ച്ബിഷപ്പ്
 • ബിര്‍മിങ്ഹാമില്‍ താമസിക്കുന്ന കോട്ടയം സ്വദേശിനി കാന്‍സര്‍ രോഗത്തെ തുടര്‍ന്ന് നാട്ടില്‍ മരിച്ചു
 • ബ്രക്‌സിറ്റ് ബില്‍ വോട്ടിങ്ങില്‍ പാര്‍ലമെന്റില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു, 11 ഭരണകക്ഷി അംഗങ്ങള്‍ എതിര്‍ത്തു
 • കൊവന്‍ട്രിയില്‍ നിര്യാതയായ ജെറ്റ്സി യുടെ സംസ്കാര ശുശ്രൂഷകള്‍ ശനിയാഴ്ച
 • കീഴ്വഴക്കം തിരുത്തി രാജ്ഞി: രാജകുടുംബത്തിന്റെ ക്രിസ്മസ് ദിനാഘോഷ ചടങ്ങില്‍ ഹാരിക്കൊപ്പം മേഗനും
 • ബെന്നിമാത്യുവിന് അന്ത്യാജ്ഞലി അര്‍പ്പിക്കാന്‍ മലയാളിസമൂഹം മിഡില്‍സ്ബറോയിലേക്ക് , സംസ്‌കാരശുശ്രൂഷകള്‍ രാവിലെ 10ന് തുടങ്ങും
 • മാഞ്ചസ്റ്ററിലെ കൂട്ടക്കൊല: വീടിനു തീയിട്ട അക്രമികള്‍ സമീപത്തെ വീട്ടിലിരുന്നു അത് ആസ്വദിച്ചു
 • മഞ്ഞുവീഴ്ചയ്ക്കു ശമനമില്ല; കൊടുംതണുപ്പിനെ വെല്ലുവിളിച്ച് വഴിയിലിറങ്ങിയ 20കാരന്‍ മരിച്ചുവീണു, മുന്നറിയിപ്പുമായി അധികൃതര്‍
 • യുകെയില്‍ പണപ്പെരുപ്പം ആറുവര്‍ഷത്തെ ഉയര്‍ച്ചയില്‍ ; കുടുംബബജറ്റ്‌ താളം തെറ്റും, പലിശ നിരക്ക് ഉയരാന്‍ സാധ്യത
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway