യു.കെ.വാര്‍ത്തകള്‍

ഇത് ഇന്ത്യയിലെ കാഴ്ചയല്ല, ബ്രിട്ടനില്‍ 2.36 ലക്ഷം പേര്‍ തെരുവിന്റെ സന്തതികള്‍ ; ഇനിയത് 5.75 ലക്ഷമാവും

ലണ്ടന്‍ : ഭവനരഹിതരും തെരുവിന്റെ സന്തതികളും എന്നാല്‍ ഇന്ത്യ അടക്കമുള്ള മൂന്നാം ലോക രാജ്യങ്ങളിലെ കാഴ്ചയാണ് എന്ന തരത്തിലാണ് പാശ്ചാത്യ മാധ്യമങ്ങളുടെ വിശേഷണം. എന്നാല്‍ മുതലാളിത്ത രാജ്യമായ, ബ്രിട്ടനിലെ തെരുവിന്റെ സന്തതികളുടെ എണ്ണം നാള്‍ക്കുനാള്‍ പെരുകുകയാണ് എന്നതാണ് യാഥാര്‍ഥ്യം.


നിലവില്‍ ബ്രിട്ടനില്‍ ഏകദേശം 2.36 ലക്ഷത്തോളം പേര്‍ തെരുവുകളിലാണ് അന്തിയുറങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 2041 ഓടെ വീടില്ലാത്തവരുടെ എണ്ണം 5.75 ലക്ഷമാവും എന്നാണു റിപ്പോര്‍ട്ട്. അതായത് 76 ശതമാനം വര്‍ദ്ധനയാണ് വരികയെന്ന് ഇത് സംബന്ധിച്ച് പ്രവര്‍ത്തനം നടത്തുന്ന ചാരിറ്റി സംഘടനകള്‍ മുന്നറിയിപ്പ് നല്‍കുന്നു. ഗവണ്‍മെന്റ് അടിയന്തിരമായി ഈ വിഷയത്തില്‍ ഇടപെടാത്ത പക്ഷം തെരുവുകളില്‍ അന്തിയുറങ്ങുന്നവരെ കൊണ്ട് ബ്രിട്ടന്‍ നിറയുമെന്നാണ് ചാരിറ്റി സംഘടനകള്‍ മുന്നറിയിപ്പ് നല്‍കുന്നത്. ഏകദേശം 159000ത്തോളം പേര്‍ മുകളിലാകാശമായി റോഡുവക്കുകളിലോ ഏതെങ്കിലും തരത്തിലുള്ള താല്‍ക്കാലിക സ്ഥലങ്ങളിലോ അന്തിയുറങ്ങുന്നതായി ഇത് സംബന്ധിച്ച പഠനം നടത്തിയ ക്രൈസിസ് ചൂണ്ടിക്കാട്ടുന്നു.


ഇത് കൂടാതെ 57000ത്തോളം കുടുംബങ്ങളാണ് ഉള്ളതെന്നും ഇതില്‍ 82000ത്തോളം മുതിര്‍ന്നവരും അന്‍പതിനായിരത്തോളം കുട്ടികളും ഉള്‍പ്പെടുന്നതായും കണക്കുകള്‍ പറയുന്നു. ഹെരിയറ്റ് വാട്ട് യൂണിവേഴ്‌സിറ്റിയാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. 2016 ല്‍ 9100ത്തോളം ആളുകളാണ് തറയില്‍ അന്തിയുറങ്ങിയിരുന്നതെങ്കില്‍ 68,300 ഓളംപേര്‍ സോഫയുടെ മുകളില്‍ ഉറങ്ങുന്നവരാണ്. 19,300 ഓളം പേര്‍ താല്‍ക്കാലിക സംവിധാനങ്ങളില്‍ അന്തിയുറങ്ങുമ്പോള്‍ 37,200 പേര്‍ ഹോസ്റ്റലുകളില്‍ താമസസൗകര്യം കണ്ടെത്തുന്നു.
ഇത് കൂടാതെ 2600 ഓളം പേര്‍ മറ്റ് സാഹചര്യങ്ങളിലാണ് ജീവിക്കുന്നത്. 8900ത്തോളം പേര്‍ ടെന്റുകളിലോ, കാറുകള്‍ അല്ലെങ്കില്‍ പൊതുഗതാഗത സംവിധാനങ്ങള്‍ എന്നിവിടങ്ങളില്‍ കിടന്നുറങ്ങുമ്പോള്‍ 12000ത്തിലധികം പേര്‍ ഏവിടെയെങ്കിലും ഇരുന്ന് നേരം വെളുപ്പിക്കുന്നവരാണ്. 5000ത്തോളം ആളുകള്‍ സ്ത്രീകള്‍ക്കുള്ള അഭയാര്‍ത്ഥി കേന്ദ്രങ്ങളിലോ വിന്റര്‍ നൈറ്റ് ഷെല്‍ട്ടറുകളിലോ അഭയം തേടാറുണ്ട്.


2010 ല്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അധികാരത്തിലെത്തിയ ശേഷം ഭവനരഹിതരായവരുടെ എണ്ണം മൂന്നിലൊന്ന് വര്‍ദ്ധിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ഇംഗ്ലണ്ടില്‍ ഏപ്രില്‍ 2016 നും മാര്‍ച്ച് 2017 നും ഇടയില്‍ ഏകദേശം അറുപതിനായിരത്തോളം കുടുംബങ്ങളെ ഭവനരഹിതരായി ലോക്കല്‍ കൗണ്‍സിലുകള്‍ പ്രഖ്യാപിച്ചിരുന്നു. ഇത് 2010-11 കാലഘട്ടത്തേക്കാള്‍ 34 ശതമാനം കൂടുതലാണ്.സര്‍ക്കാര്‍ കൂടുതല്‍ വീടുകളും ഷെല്‍ട്ടറുകളും ഉണ്ടാക്കാത്ത പക്ഷം തെരുവിന്റെ സന്തതികളെ പകര്‍ത്താന്‍ ബ്രിട്ടീഷ് മാധ്യമങ്ങള്‍ക്കു അകലേയ്ക്കൊന്നും പോകേണ്ടിവരില്ലെന്നു ചുരുക്കം.

 • ഉഗ്രരൂപിയായി 'ഒഫീലിയ'; കാന്‍സര്‍ നഴ്‌സടക്കം 3 മരണം, വന്‍ നാശനഷ്ടം
 • വെ​യ്ന്‍​സ്റ്റീനെതിരെ പീഡന പരാതി 49 ആയി; ഓസ്കര്‍ സമിതിയില്‍നിന്ന് നീക്കി
 • ലണ്ടന്‍ പാര്‍സണ്‍സ് ഗ്രീന്‍ ട്യൂബ് സ്റ്റേഷന് സമീപം കത്തിക്കുത്ത്; ഒരാള്‍ കൊല്ലപ്പെട്ടു, രണ്ട് പേര്‍ക്ക് പരുക്ക്; സംഭവം ഭീകരാക്രമണം നടന്ന് ഒരു മാസം പിന്നിടുമ്പോള്‍
 • മോര്‍ട്ട്‌ഗേജുകളും സ്റ്റുഡന്റ് ലോണുകളും എഴുതിത്തള്ളും; ജനപ്രിയ ബജറ്റുമായി ഫിലിപ്പ് ഹാമണ്ട്
 • എന്‍എച്ച്എസ് ആശുപത്രികളില്‍നിന്ന് ചോക്കളേറ്റ് ബാറുകളും സ്വീറ്റ് ബാഗുകളും ഔട്ട്
 • സംഹാരരൂപം പൂണ്ട് 'ഒഫീലിയ' യുകെ തീരത്ത്; ദുന്തര ഭീതിയില്‍ അയര്‍ലണ്ട്; മഴയും വെള്ളപ്പൊക്കവും ദുരിതം വിതയ്ക്കും
 • ഹാര്‍​വി വെ​യ്ന്‍​സ്റ്റീ​ന്‍ ലണ്ടനിലും നടിമാരെ പീഡിപ്പിച്ചു, ഭാര്യ വിവാഹമോചനത്തിന്, രക്ഷപ്പെട്ട ഐശ്വര്യയ്ക്ക് അഭിനന്ദനം
 • വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച് ബിഷപ്പ് മാര്‍ കുര്യന്‍ വയലുങ്കലിന് ഇന്ന് ലണ്ടനില്‍ സ്വീകരണം
 • 'ഓര്‍മയില്‍ ഒരു ഗാനം' നിറക്കൂട്ടിലെ പൂമാനമേ... ആലാപനം അനിറ്റ ബെന്നി
 • യുകെയില്‍ ആസിഡുമായി പൊതുസ്ഥലത്തു എത്തിയാല്‍ ജയിലിലാകും; കത്തി സൂക്ഷിച്ചാലും പിടിവീഴും
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway