വിദേശം

യൂറോപ്പിനെ നടുക്കി വീണ്ടും ഭീകരാക്രമണം; രണ്ടാമത് ആക്രമണത്തിനെത്തിയ 5 ഭീകരരെ വെടിവച്ചു കൊന്നു, ബാഴ്‌സലോണയില്‍ മരിച്ചത് 13 പേര്‍

മഡ്രിഡ്/ബാഴ്‌സലോണ: യൂറോപ്പിനെ ഭീതിയാഴ്ത്തി സ്‌പെയിനില്‍ ഭീകരരുടെ തേരോട്ടം. സ്പെയിനിലെ രണ്ടാമത്തെ വലിയ നഗരമായ ബാഴ്‌സലോണയില്‍ ജനങ്ങള്‍ക്കിടയിലേക്കു വാന്‍ ഓടിച്ചുകയറ്റി 13 പേരെ കൊല്ലുകയും നൂറോളം പേരെ പരിക്കേല്‍പ്പിക്കുകയും ചെയ്തതിനു പിന്നാലെ മറ്റൊരാക്രമണം പോലീസ് പരാജയപ്പെടുത്തി. കാംബ്രില്‍സ് എന്ന സ്ഥലത്ത് വീണ്ടും ഭീകരാക്രമണം നടത്താനൊരുങ്ങുകയായിരുന്ന സംഘത്തിലെ അഞ്ചു പേരെ പൊലീസ് വെടിവച്ചു കൊന്നു.

കാംബ്രില്‍സ് തുറമുഖത്തും വെടിയൊച്ച കേട്ടതായി റിപ്പോര്‍ട്ടുണ്ട്. രണ്ടാമതൊരു ആക്രമണത്തിനു കോപ്പുകൂട്ടിയിരുന്ന സംഘത്തിലെ എല്ലാവരെയും വെടിവച്ചുകൊന്നതായി സ്പാനിഷ് പൊലീസ് അറിയിച്ചു. ബാഴ്‌സലോണയില്‍ നിന്ന് 115 കിലോമീറ്റര്‍ അകലെയുള്ള തീരദേശ നഗരമാണിത്. ഇവിടെയും ആള്‍ക്കൂട്ടത്തിനിടയിലേക്ക് വാനിടിച്ച് കയറ്റി ആക്രമണം നടത്താനുള്ള ശ്രമം ആണ് പോലീസ് തടഞ്ഞത്.


ബാഴ്സലോണയില്‍ നടന്ന ആദ്യ ഭീകരാക്രമണത്തില്‍ വാന്‍ ഡ്രൈവറെ പോലീസ് വെടിവച്ചെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ബാഴ്‌സലോണയിലെ പ്രധാന വിനോദ സഞ്ചാര മേഖലയായ റാബലസിലാണ് ആദ്യ ഭീകരാക്രമണം ഉണ്ടായത്. കാല്‍നടക്കാരുടെ ഇടയിലേക്ക് വാന്‍ ഇടിച്ചു കയറ്റുകയായിരുന്നു. പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നതില്‍ 15 പേരുടെ നില അതീവ ഗുരുതരമാണ്. വ്യാഴാഴ്ച ഉച്ചയ്ക്കുശേഷമാണ് ആക്രമണം.

സംഭവത്തിന് തൊട്ടു പിന്നാലെ തന്നെ പോലീസ് സംശയാസ്പദമായി രണ്ടു പേരെ അറസ്റ്റ് ചെയ്തു. ഡ്രിസ് ഔകബീര്‍ എന്നാണ് പോലീസ് സംശയാസ്പദമായി പിടികൂടിയിരിക്കുന്നവരില്‍ ഒരാളുടെ പേര്.

മൃതദേഹങ്ങള്‍ ചിതറിക്കിടക്കുന്നതും ആള്‍ക്കാര്‍ ജീവന് വേണ്ടി പരക്കം പായുന്നതുമായ ദൃശ്യങ്ങള്‍ ഭയാനകമായിരുന്നെന്നാണ് ദൃക്‌സാക്ഷികളുടെ മൊഴി. ഇന്ത്യക്കാര്‍ ആരും ഉള്‍പ്പെട്ടതായി വിവരമില്ലെന്നു വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അറിയിച്ചു.

മേഖല സുരക്ഷാസേനയുടെ നിയന്ത്രണത്തിലാണ്. പരിസരത്തെ കടകളെല്ലാം അടപ്പിച്ച പൊലീസ് ആളുകളോടു വീടിനുള്ളില്‍ കഴിയാനും നിര്‍ദേശം നല്‍കി.


ബാഴ്സലോണയില്‍ നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തിട്ടുണ്ട്. അടുത്ത കാലത്ത് യൂറോപ്പ് നേരിട്ടുകൊണ്ടിരിക്കുന്ന വലിയ ഭീകരാക്രമണങ്ങളില്‍ നാലാമത്തേതാണ് സ്‌പെയിനില്‍ നടക്കുന്നത്. നേരത്തേ യുകെ, ഫ്രാന്‍സ്, ജര്‍മ്മനി, ബല്‍ജിയം എന്നിവിടങ്ങളില്‍ നടന്ന ഭീകരാക്രമണങ്ങളുടെ തുടര്‍ച്ചയാണ് ഇത്. 2004 മാര്‍ച്ചില്‍ 191 പേരുടെ മരണത്തിന് ഇടയാക്കിയ മാഡ്രിഡിലെ കമ്യൂട്ടര്‍ ട്രെയിന്‍ സ്‌ഫോടനത്തിന് പിന്നാലെ നടക്കുന്ന വലിയ ആക്രമണങ്ങളില്‍ ഒന്നാണിത്.

വാന്‍ ഇടിച്ചു കയറ്റിയുണ്ടായ ആക്രമണം ജിഹാദി ഭീകരവാദമെന്ന് സ്പാനിഷ് പ്രധാനമന്ത്രി മരിയാനോ രജോയ്. ആക്രമണത്തില്‍ ഇരകളായവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമാണ് ഇപ്പോള്‍ നമ്മുടെ പ്രധാന പരിഗണന. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് മൂന്ന് ദിവസം ദുഃഖാചരണമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 • ഇമ്രാന്‍ ഖാന്‍ മൂന്നാമതും വിവാഹിതനായി: വധു ആത്മീയ ഉപദേശക
 • ഫ്ലോറിഡ വെടിവയ്പ്പില്‍ കുട്ടികള്‍ക്ക് രക്ഷകയായ ശാന്തിടീച്ചറിന് അഭിനന്ദന പ്രവാഹം
 • ഇന്ത്യ തിരയുമ്പോള്‍ മോദി ന്യൂയോര്‍ക്കിലെ ആഡംബര ഹോട്ടലില്‍ സുഖിക്കുന്നു
 • ഫ്ലോറിഡയില്‍ സ്കൂളില്‍ നിന്ന് പുറത്താക്കിയതിന്റെ ദേഷ്യം വിദ്യാര്‍ത്ഥി തീര്‍ത്തത് കുട്ടികളടക്കം 17 പേരെ വെടിവച്ചു കൊന്നു
 • മലയാളി വിദ്യാര്‍ത്ഥി കാനഡയില്‍ സര്‍ഫിങ് പരിശീലനത്തിനിടെ മരിച്ചു
 • 9.50ലക്ഷംയൂറോ ലോട്ടറിച്ചു: വെള്ളമടിക്കിടെ ടിക്കറ്റ് പോയി, 'നിര്‍ഭാഗ്യവാന്‍ ' ജീവനൊടുക്കി
 • താന്‍ സ്വര്‍ഗീയ ഭവനത്തിലേക്കുള്ള യാത്രയിലെന്ന് ബനഡിക്ട് മാര്‍പാപ്പ
 • രോഗിയായ കുഞ്ഞിനെ ചികിത്സിക്കാന്‍ തെരുവില്‍ മുലപ്പാല്‍ വില്‍ക്കുന്ന ഒരമ്മ
 • ഫിദല്‍ കാസ്‌ട്രോയുടെ മകന്‍ ഡയസ് ബല്ലാര്‍ട്ട് ജീവനൊടുക്കി
 • പെന്‍സില്‍വാനിയയില്‍ കാര്‍വാഷിംഗ് കേന്ദ്രത്തില്‍ വെടിവെയ്പ് ; നാല് പേര്‍ കൊല്ലപ്പെട്ടു
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway