വീക്ഷണം

താര ദൈവങ്ങളെ ഇനി നമുക്ക് ഭൂമിയിലേക്ക് ഇറക്കിവയ്ക്കാം

ഇന്ത്യയിലെ ജനങ്ങള്‍ സിനിമാ താരങ്ങളെ എന്നും വളരെ ഉയരങ്ങളിലാണ് കണ്ടിരുന്നത്. അവര്‍ക്കെന്തോ ദിവ്യത്വം ഉള്ളതുപോലെ, ചെല്ലുന്നിടത്തെല്ലാം ആളുകള്‍ കാണാന്‍ ഓടിക്കൂടും. 'താര ദൈവങ്ങള്‍ ' എന്ന ഓമനപ്പേരില്‍ അറിയപ്പെട്ടിരുന്നവരുടെ വിശേഷങ്ങള്‍ വലിയ വാര്‍ത്തയാക്കാന്‍ ചാനലുകള്‍ക്കും പത്രങ്ങള്‍ക്കും വലിയ വെമ്പലായിരുന്നു ഏക്കാലവും.


താരങ്ങളുടെ വീട്ടു വിശേഷങ്ങള്‍ വലിയ വാര്‍ത്തയാക്കി ചമയ്ക്കാറുണ്ടവര്‍ . അതിനു ഭാഷാ ഭേദമില്ല. താരങ്ങള്‍ എത്തുന്നിടത്തു ജനനസഞ്ചയങ്ങള്‍ സഞ്ചാര സ്വാതന്ത്ര്യം തടസപ്പെടുത്തി തടിച്ചു കൂടാറുണ്ട്.താര നിശകള്‍ക്കും ഷോകള്‍ക്കും ടിക്കറ്റുനിരക്ക് എത്ര കൂടിയാലും വേണ്ടില്ല, താരങ്ങളെ കാണാന്‍ ജനം ഓടിയെത്തിക്കൊണ്ടിരുന്നു. എന്നാല്‍ ഇന്ന് കേരളത്തില്‍ താര ദൈവങ്ങളെ ഭൂമിയിലേക്ക് ഇറക്കിവച്ചിരിക്കുകയാണ് ജനം. സൂപ്പര്‍താരപദവിയിലുള്ള ദിലീപാണ് ഇതിനു കാരണമായതും. അദ്ദേഹം ചെയ്തു എന്ന് പറയുന്ന പ്രവൃത്തിയില്‍ എത്രമാത്രം സത്യം ഉണ്ടെന്നു പുറത്തു വരേണ്ടിയിരിക്കുന്നു. കുറ്റം ചെയ്തു എന്ന് പോലീസ് ഭാഷ്യവും താരം നിരപരാധിയാണ് എന്ന് സഹപ്രവര്‍ത്തകരിലെ ഒരു വിഭാഗവും പറയുന്നു. ചാനലുകളും അവരുടെ യുക്തിക്കു അനുസരിച്ചു കഥമെനയുന്നു. നികൃഷ്ടമായ ഈ പ്രവൃത്തി ചെയ്ത സുനിക്ക് മാത്രമേ ഏതാണ് സത്യം എന്ന് അറിയൂ. അതുപോലെ ഇത് ചെയ്യിച്ചയാള്‍ക്കും. അതെന്തുമാകട്ടെ, പോലീസ് തെളിവുകളുമായി ആ സത്യം കണ്ടുപിടിക്കട്ടെ.


ഇവിടെ സാധാ ജനം മനസിലാക്കേണ്ട ഒരു കാര്യമുണ്ട്. ഇവരെപ്പോലുള്ളവര്‍ താര ദൈവ ങ്ങളല്ല, മറ്റുള്ളവരെപ്പോലെയുള്ള കലാകാരന്മാര്‍ മാത്രം. നിങ്ങളെപ്പോലെ അവരും ജോലിചെയ്യുന്നു, പ്രതിഫലം വാങ്ങുന്നു. പിന്നെയെന്തിനാണ് പ്രത്യേകമായ ദിവ്യത്വം കല്‍പ്പിച്ചു പുറകെ പായുന്നത്? ഒരുപക്ഷെ മറ്റുള്ളവരെക്കാള്‍ പാരവയ്പ്പും കുതികാല്‍വെട്ടും ഇവര്‍ക്കിടയില്‍ കാണാം. ശതമാനക്കണക്ക് എടുത്താല്‍ വിവാഹമോചനം ഏറ്റവും കൂടുതല്‍ നടക്കുന്നത് ഇവര്‍ക്കിടയിലല്ലേ! എന്നിട്ടും ഇവര്‍ എല്ലാം തികഞ്ഞവര്‍ എന്ന് കരുതുന്ന നമ്മളാണ് വിഡ്ഢികള്‍ . മറ്റുള്ളവര്‍ക്കില്ലാത്ത എന്ത് മേന്മയാണ് ഇവര്‍ക്കുള്ളതെന്നു ഓരോരുത്തരും ചിന്തിക്കണം. സിനിമകളിലൂടെയും ചാനലുകളിലൂടെയും കാണുന്നതുകൊണ്ടു ഈ മുഖങ്ങള്‍ നമുക്ക് ചിരപരിചിതമാണെന്നുമാത്രം.


സാധാരണ ജനങ്ങള്‍ക്ക് നന്മ ചെയ്യുന്ന അനേകര്‍ നമുക്ക് ചുറ്റുമുണ്ട്. ഇന്ത്യയിലെ ജനത്തിന് അന്നം നല്‍കുന്ന കൃഷിക്കാരുണ്ടിവിടെ. അവരെയൊക്കെയാണ് ബഹുമാനിക്കേണ്ടത്. മഞ്ഞത്തും മഴയത്തും വെയിലത്തും അതിര്‍ത്തി കാക്കുന്ന ധീര ജവാന്മാരെയാണ് നാം ആരാധിക്കേണ്ടത്.

അഭ്രപാളികളില്‍ മിന്നിമറയുന്ന മുഖങ്ങളില്‍ ഇനിയും ദിവ്യത്വം കല്‍പ്പിച്ചു മഠയരായി മാറാതിരിക്കാന്‍ നമുക്ക് ശ്രമിക്കാം.

 • കാണപ്പെട്ട ദൈവങ്ങളെ മാറ്റി നിര്‍ത്തി കാണാത്ത ദൈവങ്ങള്‍ക്ക് പിന്നാലെ പായുന്നവര്‍ ...
 • ഇന്ത്യയിലെ നോട്ടു നിരോധനം ബാക്കിവച്ചത്...
 • എന്താണ് ഈ മലയാളികള്‍ ഇങ്ങനെ!
 • വിവാഹം - തലമുറകളിലൂടെ മാറുന്ന സങ്കല്‍പ്പങ്ങള്‍
 • ലിവര്‍പൂളിലെ ആന്റോ ജോസിന്റെ പിതാവ് ജോസ് വര്‍ഗിസ് എഴുതിയ 'ഒരു കുടിയേറ്റക്കാരന്റെ ഓര്‍മ്മകുറിപ്പുകള്‍ ' ഒരവലോകനം
 • പേടിക്കണം ബ്ലൂവെയില്‍ എന്ന മരണക്കളിയെ ...
 • ഈ വാട്സാപ്പ് സന്ദേശം ഉണ്ടാക്കിയ രാജ്യസ്നേഹിക്കു സലൂട്ട്
 • കേരളത്തിലേത് ആതുരാലയങ്ങളോ അറവു ശാലകളോ!
 • 2039ല്‍ കോട്ടയത്ത് നിന്ന് ന്യൂയോര്‍ക്കിലേക്കുള്ള ആകാശയാത്രയില്‍ കണ്ട കാഴ്ചകള്‍ ..
 • ഇന്ത്യക്കാരുടെ ഇംഗ്ലണ്ട് സാധ്യതകള്‍ തകര്‍ന്നതിനെപ്പറ്റി ആദ്യകാല മലയാളി കുടിയേറ്റക്കാരന്‍ പ്രഭാകര്‍ജി - ടോം ജോസിന്റെ ലേഖനം
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway