അസോസിയേഷന്‍

ഓണസദ്യയും ആര്‍പ്പുവിളികളും ഓണക്കളികളുമായി ബ്രിസ്‌കയുടെ ഓണാഘോഷം

ഓണസദ്യയും ഓണകളികളും ഓണപ്പാട്ടും തിരുവാതിരയും ഒക്കെയായി മറക്കാനാകാത്ത മറ്റൊരു ഓണാഘോഷമാണ് ബ്രിസ്‌ക ഇക്കുറിയും ഒരുക്കിയത്. സദ്യഒരുക്കാനും മറ്റ് ആഘോഷപരിപാടികള്‍ക്കും ഒത്തൊരുമ തന്നെയാണ് ബ്രിസ്‌ക അസോസിയേഷനിലെ ഓരോ അംഗ അസോസിയേഷനുകളെയും വേറിട്ട് നിര്‍ത്തുന്നതും. മാതൃകയാക്കാവുന്ന രീതിയില്‍ ഒരുക്കിയ സദ്യവട്ടങ്ങള്‍ തന്നെ ശ്രദ്ധേയം.


12 മണിയോടെ ഓണ സദ്യ ആരംഭിച്ചു. ഏകദേശം 900 പേര്‍ക്ക് അംഗങ്ങള്‍ തന്നെ സ്വന്തമായി ഓണ സദ്യയൊരുക്കി. അതും 24 കൂട്ടം വിഭവങ്ങളുമായി..ഓണസദ്യയ്ക്കിടയില്‍ ബ്രിസ്റ്റോളിലെ ഗായകര്‍ മനോഹരമായ ഗാനങ്ങള്‍ ആലപിച്ചു. ഓണാഘോഷത്തിന്റെ തുടക്കമായി ഗംഭീര ഓണസദ്യ മാറി. വിവിധ അംഗ അസോസിയേഷനുകളില്‍ പാകം ചെയ്ത് മുഴുവന്‍ ആള്‍ക്കാര്‍ക്ക് ഉള്ള ഭക്ഷണം എത്തിക്കുക എന്നത് തന്നെയാണ് ഈ കൂട്ടായ്മയ്ക്ക് കിട്ടേണ്ട ഏറ്റവും വലിയ അനുമോദനം. 900 ത്തിലധികം പേര്‍ക്ക് സ്വയം പാചകം ചെയ്ത് സദ്യ ഒരുക്കുന്ന യുകെയിലെ ഏക അസോസിയേഷനാണ് ബ്രിസ്‌ക . സ്നേഹത്തിന്റേയും സഹകരണത്തിന്റേയും പൂര്‍ണ്ണതയാണ് ഓണാഘോഷമെന്ന് ഇക്കുറിയും തെളിയിച്ചു അംഗങ്ങളെല്ലാം.

ആവേശത്തിന്റെ പാരമ്യതയില്‍ എത്തുന്ന ഓണക്കളി മത്സരമാണ് വടംവലി. ഒരു പ്രൊഫഷണല്‍ ടച്ചോടെ ഏവരും തങ്ങളുടെ ഹരം പിടിപ്പിക്കുന്ന ആര്‍പ്പുവിളിയുമായി വടംവലി മത്സരത്തില്‍ പങ്കെടുത്തു. കടുത്ത മത്സരമാണ് ഇക്കുറിയും നടന്നത്. ഒടുവില്‍ യുബിഎംഎയുടെ ചുണക്കുട്ടന്മാര്‍ ഒന്നാം സ്ഥാനം നേടി. വനിതകളുടെ വടംവലി മത്സരത്തില്‍ ഫിഷ്പോണ്ട്സ് സ്നേഹ അയല്‍ക്കൂട്ടത്തിലെ ചുണക്കുട്ടികള്‍ ഒന്നാം സ്ഥാനം സ്വന്തമാക്കി.


ചില ഓണക്കളികള്‍ എന്നും നൊസ്റ്റാള്‍ജിയ സമ്മാനിക്കുന്നവയാണ്. അവയെയും ഭാഗമാക്കി ബ്രിസ്‌ക. കല്ലുകളി,ഈര്‍ക്കിലി കളി തുടങ്ങി രസകരമായ മത്സരങ്ങള്‍ നടന്നു. വടം വലി മത്സരത്തിന് ശേഷം കലാപരിപാടികള്‍ ആരംഭിച്ചു.40 ഓളം കുട്ടികള്‍ അണിനിരന്ന ഓപ്പണിങ് ഡാന്‍സ് ശ്രദ്ധേയമായിരുന്നു. ദിവസങ്ങള്‍ നീണ്ട തയ്യാറെടുപ്പുകള്‍ ഫലം കാണുകയായിരുന്നു വേദിയില്‍ . പരിപാടിയുടെ മുഖ്യ ആകര്‍ഷണമായി ഓപ്പണിങ് ഡാന്‍സ് മാറി.

മാവേലിയുടെ വരവും വളരെ വ്യത്യസ്ഥമായിരുന്നു. ഒറ്റ കുതിരയെ കെട്ടിയ തേരില്‍ എഴുന്നള്ളിയ മഹാബലിയെ ബ്രിസ്‌കയുടെ പ്രസിഡന്റും സെക്രട്ടറിയും ചേര്‍ന്ന് സ്വീകരിച്ചു. ഓണഘോഷ ഉത്ഘാടന സമ്മേളനത്തില്‍ ബ്രിസ്‌ക പ്രസിഡന്റ് മാനുവല്‍ മാത്യു അധ്യക്ഷനായി. ബ്രിസ്‌ക സെക്രട്ടറി പോള്‍സണ്‍ മേനാച്ചേരി എല്ലാവര്‍ക്കും സ്വാഗതം ആശംസിച്ചു.

തുടര്‍ന്ന് പൊതുസമ്മേളനത്തില്‍ ബ്രാഡ്ലി സ്റ്റോക്ക് ടൗണ്‍ കൗണ്‍സിലര്‍ ടോം ആദിത്യയും മാവേലിയും ബ്രിസ്‌ക പ്രസിഡന്റും മറ്റ് ഭാരവാഹികളും ചേര്‍ന്ന് നിലവിളക്ക് കൊളുത്തി ഉത്ഘാടനം ചെയ്തു. ജിസിഎസ് സി ,എ ലെവല്‍ പരീക്ഷയില്‍ ഉന്നത വിജയം നേടിയ കുട്ടികള്‍ക്ക് കാഷ് അവാര്‍ഡുകള്‍ നല്‍കി ആദരിച്ചു. വടംവലി മത്സരങ്ങളില്‍ വിജയിച്ചവര്‍ക്ക് പൊതു യോഗത്തില്‍ വച്ച് സമ്മാനം നല്‍കി. അര്‍ഹതപ്പെട്ടവരെ അംഗീകരിക്കുകയും അനുമോദിക്കുകയും ചെയ്തു ഈ വേദി.

ബ്രിസ്‌കയുടെ സുന്ദരികളായ മങ്കമാര്‍ അണിയിച്ചൊരുക്കിയ തിരുവാതിര കളിയോടെയാണ് കലാപരിപാടികള്‍ ആരംഭിച്ചത്. ഓപ്പണിങ്ങ് ഡാന്‍സ് മനോഹരമായി അണിയിച്ചൊരുക്കിയ മെര്‍ലിന്‍ തോമസിനെ യോഗത്തില്‍ പ്രത്യേകം അനുമോദിച്ചു.
തുടര്‍ന്ന് ബ്രിസ്‌കയുടെ 17ഓളം അംഗ അസോസിയേഷനുകളുടെ വിവിധ പരിപാടികള്‍ അരങ്ങേറി.ബ്രിസ്‌ക ആസ്‌കിന്റെയും യുബിഎംഎയുടേയും സ്നേഹയുടേയും മറ്റ് അംഗ അസോസിയേഷനുകളുടേയും കുട്ടികള്‍ മത്സരിച്ച് മനോഹരമായി പരിപാടികള്‍ അവതരിപ്പിച്ചു. ചെറിയ കുട്ടികളുടേയും മുതിര്‍ന്നവരുടേയും പരിപാടികള്‍ ഗംഭീരമായി. അടുത്ത ഓണം വരെ ബ്രിസ്റ്റോള്‍ മലയാളികള്‍ക്ക് മനസില്‍ സൂക്ഷിക്കാന്‍ ഒരുപിടി നല്ല ഓര്‍മ്മകള്‍ സമ്മാനിച്ചു കൊണ്ടാണ് ഓണാഘോഷത്തിന് വിരാമമായത്.

ബ്രിസ്‌കയ്ക്ക് വേണ്ടി അതിമനോഹരമായ പൂക്കളം ഒരുക്കിയ സുദര്‍ശനന്‍ നായരും കുടുംബവും എല്ലാവര്‍ഷത്തേയും പോലെ ഈ വര്‍ഷകവും മികവു കാട്ടി. ഹൃദ്യമായ പൂക്കളം തന്നെയാണ് കുടുംബം ഒരുക്കിയത്. അസോസിയേഷന്‍ അംഗങ്ങള്‍ക്കെല്ലാം ഭക്ഷണം ഒരുക്കിയ അംഗ അസോസിയേഷനുകള്‍ക്ക് ജോയ്ന്റ് സെക്രട്ടറി ശ്രീനിവാസന്‍ നന്ദി രേഖപ്പെടുത്തി. മുഴുവന്‍ ബ്രിസ്‌ക അംഗ അസോസിയേഷനുകളുടേയും ചിട്ടയായ മുന്നൊരുക്കവും അര്‍പ്പണ മനോഭാവവുമാണ് പരിപാടി ഇത്രയും മികവുറ്റതാക്കാന്‍ കാരണം.

ഭക്ഷണം ഒരുക്കിയ അംഗങ്ങള്‍, പൂക്കളമൊരുക്കിയ സുദര്‍ശനന്‍ നായര്‍ക്കും വൈകീട്ടത്തെ കാന്റീനൊരുക്കിയ മന്ന കാറ്ററിംഗ് സര്‍വീസസിനും ബ്രിസ്‌കയുടെ ഓണാഘോഷ പരിപാടികള്‍ തത്സമയം സംപ്രേക്ഷണം ചെയ്ത ഗര്‍ഷോം ടിവിയ്ക്കും പ്രത്യേകം പ്രത്യേകമായി ജോയിന്റ് സെക്രട്ടറി നന്ദി അറിയിച്ചു.

  • യുക്മ സ്റ്റാര്‍സിംഗര്‍3 : 1970 -80 കളിലെ ഹൃദ്യഗാന റൗണ്ടിന്റെ അവസാന എപ്പിസോഡുമായി ജിസ്‌മോളും വിനുവും കൃപയും
  • ഡ്രാറ്റ്ഫോര്‍ഡ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ അവഞ്ചേഴ്‌സ് ജേതാക്കള്‍
  • മനോരഹര രചനകളാല്‍ സമ്പന്നമായ ജ്വാല ഇ മാഗസിന്റെ ഫെബ്രുവരി ലക്കം പ്രസിദ്ധീകരിച്ചു
  • എന്‍എസ്എസ് യുകെയ്ക്ക് പുതു നേതൃത്വം; ശ്രീകുമാര്‍ കുറുപ്പത്ത് പ്രസിഡന്റ്
  • വിത്സണ്‍ റ്റി. ജോര്‍ജിന് യാത്ര അയപ്പ് നല്‍കി
  • ഫാ. വില്‍സണ്‍ മേച്ചേരില്‍ തന്റെ മ്യൂസിക് ഷോയിലൂടെ ലഭിച്ച 7ലക്ഷം രൂപ ഓഖി നാശം വിതച്ച പൂന്തുറയിലെ കുട്ടികള്‍ക്കു സമ്മാനിച്ചു
  • യുക്മ നേഴ്‌സസ് ഫോറം കോണ്‍ഫെറന്‍സുകള്‍ ; നോര്‍ത്ത് വെസ്റ്റ് റീജിയന്‍ റീജിയണല്‍ കോണ്‍ഫ്രന്‍സ് പ്രസ്റ്റണില്‍ നടന്നു
  • ലിവര്‍പൂള്‍ മലയാളി അസ്സോസിയേഷന്റെ രണ്ടാമത് വിഷു, ഈസ്റ്റര്‍ ആഘോഷങ്ങlള്‍ ഏപ്രില്‍ 14 ന്
  • ചേതന യുകെയ്ക്ക് നവ നേതൃത്വം; ജനറല്‍ സെക്രട്ടറി ലിയോസ് പോള്‍, പ്രസിഡന്റ് സുജു ജോസഫ്, ട്രഷറര്‍ ജെ എസ് ശ്രീകുമാര്‍
  • ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ശിവരാത്രി നൃത്തോത്സവം 24 ന്
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway