വീക്ഷണം

ലിവര്‍പൂളിലെ ആന്റോ ജോസിന്റെ പിതാവ് ജോസ് വര്‍ഗിസ് എഴുതിയ 'ഒരു കുടിയേറ്റക്കാരന്റെ ഓര്‍മ്മകുറിപ്പുകള്‍ ' ഒരവലോകനം


സിനിമയില്‍ അഭിനയിക്കുകയും അതോടൊപ്പം ഒരു കമ്മ്യൂണിസ്റ്റ്കാരനായി ജീവിതം നയിക്കുകയും ചെയ്ത തിരുവമ്പാടി മണ്ഡലത്തിലെ കോടഞ്ചേരി സ്വദേശി വിളകുന്നേല്‍ ജോസ് വര്‍ഗിസ് എഴുതിയ ‘കുടിയേറ്റക്കാരന്റെ ഓര്‍മ്മകുറിപ്പുകള്‍’ എന്ന പുസ്തകം വായിക്കാന്‍ ഇടയായി. ഇതില്‍ കുടിയേറ്റത്തിന്റെ യാതനകള്‍ അദ്ദേഹം ഭംഗിയായി വിവരിച്ചിട്ടുണ്ട് . പുസ്തകം ഒരു കാലഘട്ടത്തന്റെ പുനരാവിഷ്‌ക്കാരവും പള്ളി ഭീകരതയും വരച്ചു കാണിക്കുന്നു .

രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം പട്ടിണി കൊണ്ട് പൊറുതി മുട്ടിയ മനുഷ്യകൂട്ടങ്ങളാണ് മലബാറിലേക്കും ഇടുക്കിയിലേക്കും കുടിയേറിയത്. ആ കാലത്ത് മലബാറിലേക്ക് കുടിയേറിയ കോടഞ്ചേരിയില്‍ താമസമാക്കിയ ജോസ് വര്‍ഗിസ് മലബാറിലെ കുടിയേറ്റ ദുരന്തങ്ങളും കഷ്ട്ടപ്പടുകളും, പിന്നീട് ഉണ്ടായ വളര്‍ച്ചയുമെല്ലാം ഒട്ടും മാറ്റ് കുറയാതെ ഈ പുസ്തകത്തില്‍ വിവരിച്ചിട്ടുണ്ട് .

മരത്തില്‍ ഏറുമാടം കെട്ടി താമസിച്ചതിന്റെ കിഴില്‍ ഒരു ആന വന്നു പ്രസവിച്ചിട്ട് മരത്തില്‍ നിന്നും ആഴ്ചകളോളം പുറത്തിറങ്ങാന്‍ കഴിയാതെ വന്ന ഒരു കുടുംബത്തിന്റെ കഥയും , മലമ്പനി കൊണ്ട് മരുന്നു മേടിക്കാന്‍ കഴിയാതെ മരിച്ചു പോയവരെ പറ്റിയും എല്ലാം ഇതില്‍ പ്രതിപാതിച്ചിട്ടുണ്ട്.
കുടിയേറ്റ കാലഘട്ടത്തില്‍ ഫാദര്‍ വടക്കനും, എ കെ ജിയും, തമ്മില്‍ ഉണ്ടായ അടുപ്പവും അവര്‍ നടത്തിയ സമരങ്ങളും ഇതില്‍ നന്നായി വിവരിച്ചിട്ടുണ്ട്. പാവപ്പെട്ടവന്റെ പക്ഷം ചേര്‍ന്ന് കമ്മ്യൂണിസ്റ്റ് കൊടി പിടിച്ചതിന്റെ പേരില്‍ പള്ളി പ്രമണിമാര്‍ നടത്തിയ ഗൂഡാലോചനകളില്‍ നിന്നും അനുഭവിക്കേണ്ടി വന്ന യാതനകള്‍ വിവരിച്ചിട്ടുണ്ട്. പള്ളി പ്രമാണിമാര്‍ പള്ളികൂടത്തിനു തീയിട്ടിട്ട് കള്ളക്കേസില്‍ കുടുക്കിയ ചരിത്രം അദ്ദേഹം വേദനയോടെ വിവരിക്കുന്നു.

ജീരകപ്പറ കുടിയിറക്കിനെതിരെ എ കെ ജിയോടൊപ്പം സമരം ചെയ്ത ജോസ് വര്‍ഗിസ് ഇടുക്കിയിലെ അമരാവതി കുടിയിറക്ക് ചരിത്രത്തെപറ്റിയും നന്നായി പറഞ്ഞുവച്ചിട്ടുണ്ട് .
കേരളത്തിലെ ഉന്നതരായ നാടകനടന്മാരോടൊപ്പം അഭിനയിക്കുകയും ‘പുണ്ണ്യഭൂമി’ എന്ന നാടകം രചിക്കുകയും കേരളം മുഴുവന്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്ത ജോസ് വര്‍ഗിസ് തന്റെ അനുഭവത്തില്‍ ചാലിച്ച ഓര്‍മ്മകള്‍ അക്ഷരങ്ങളായി രൂപപ്പെടുത്തിയപ്പോള്‍ അത് ആ കാലഘട്ടത്തിന്റെ നേര്‍രേഖയായി മാറി .


നാടകാചാര്യന്‍ ഒ മാധവനും, അര്‍ജുനന്‍ മാഷും ‘പുണ്ണ്യഭൂമി’ നാടകം കാണാന്‍ വേണ്ടി മാത്രം തളിപ്പറമ്പില്‍ എത്തിയിരുന്നു എന്നത് അദ്ദേഹം അഭിമാനപൂര്‍വം വിവരിക്കുന്നു. എന്നാല്‍ ഈ നാടകം സ്വന്തം നാടായ കോടഞ്ചേരിയില്‍ അവതരിപ്പിക്കാന്‍ പള്ളി പ്രമാണിമാര്‍ ഗ്രൌണ്ട് അനുവദിക്കാതിരുന്നപ്പോള്‍ നാട്ടുകാര്‍ ഒന്നടങ്കം സംഘടിച്ചു കപ്പകാലയില്‍ അവതരിപ്പിച്ച സംഭവം വളരെ വേദനയോടെ ജോസ് വര്‍ഗിസ് വിവരിക്കുന്നുണ്ട് .

കേരളത്തിലെ പഴയ എല്ലാ കമ്മ്യൂണിസ്റ്റ് നേതാക്കളുമായി നല്ല ബന്ധം പുലര്‍ത്തിയിരുന്ന ജോസ് വര്‍ഗിസിന്റെ വീട്ടില്‍ ഇവരെല്ലാം നിത്യ സന്ദര്‍ശകരായിരുന്നു. പഴയ കമ്മ്യൂണിസ്റ്റ് നേതാവും എംഎല്‍എ യുമായിരുന്ന ബാലന്‍ വൈദ്യര്‍ ജോസ് വര്‍ഗിസിന്റെ വീട്ടിലെ ഭക്ഷണത്തിന്റെ സ്വാദിനെപറ്റി പല വേദിയിലും പ്രസംഗിച്ചിട്ടുണ്ട്.


ജോസ് വര്‍ഗിസിന്റെ പുസ്തകത്തിന് ആമുഖം എഴുതിയിരിക്കുന്നത് അര്‍ജുനന്‍ മാഷ് ആണ് എന്ന് പറയുമ്പോള്‍ അദ്ദേഹത്തിന്റെ കലാരംഗത്തെ ബന്ധം മനസിലാക്കാന്‍ കഴിയും. ജോസ് വര്‍ഗിസ് കാലയവനികക്കുള്ളില്‍ മറഞ്ഞിട്ട് നാലു വര്‍ഷം കഴിയുന്നു.
കുടിയേറ്റ സമരങ്ങളില്‍ കര്‍ഷകര്‍ക്കൊപ്പം നിന്നതിന്റെ പേരില്‍ ഒട്ടേറെ കേസുകളില്‍ പ്രതിയാക്കപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന് നാല് മക്കളാണുള്ളത്. അദ്ദേഹത്തിന്റ മൂന്നാമത്തെ മകന്‍ ആന്റോ ജോസ് കുടുംബ സമേതം ലിവര്‍പൂളിലെ ബെര്‍ക്കിന്‍ഹെഡില്‍ താമസിക്കുന്നു.

 • കാണപ്പെട്ട ദൈവങ്ങളെ മാറ്റി നിര്‍ത്തി കാണാത്ത ദൈവങ്ങള്‍ക്ക് പിന്നാലെ പായുന്നവര്‍ ...
 • ഇന്ത്യയിലെ നോട്ടു നിരോധനം ബാക്കിവച്ചത്...
 • എന്താണ് ഈ മലയാളികള്‍ ഇങ്ങനെ!
 • വിവാഹം - തലമുറകളിലൂടെ മാറുന്ന സങ്കല്‍പ്പങ്ങള്‍
 • താര ദൈവങ്ങളെ ഇനി നമുക്ക് ഭൂമിയിലേക്ക് ഇറക്കിവയ്ക്കാം
 • പേടിക്കണം ബ്ലൂവെയില്‍ എന്ന മരണക്കളിയെ ...
 • ഈ വാട്സാപ്പ് സന്ദേശം ഉണ്ടാക്കിയ രാജ്യസ്നേഹിക്കു സലൂട്ട്
 • കേരളത്തിലേത് ആതുരാലയങ്ങളോ അറവു ശാലകളോ!
 • 2039ല്‍ കോട്ടയത്ത് നിന്ന് ന്യൂയോര്‍ക്കിലേക്കുള്ള ആകാശയാത്രയില്‍ കണ്ട കാഴ്ചകള്‍ ..
 • ഇന്ത്യക്കാരുടെ ഇംഗ്ലണ്ട് സാധ്യതകള്‍ തകര്‍ന്നതിനെപ്പറ്റി ആദ്യകാല മലയാളി കുടിയേറ്റക്കാരന്‍ പ്രഭാകര്‍ജി - ടോം ജോസിന്റെ ലേഖനം
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway