സ്പിരിച്വല്‍

'ഈ രൂപതയെ നിങ്ങള്‍ സ്നേഹിക്കണം' - മാര്‍ കുര്യന്‍ വയലുങ്കല്‍; 'ഗ്രേറ്റ് ബ്രിട്ടന്‍രൂപതയെ ദൈവം കൈപിടിച്ചു നടത്തുന്നു-മാര്‍ സ്രാമ്പിക്കല്‍ ; ഒന്നാം പിറന്നാള്‍ ആഘോഷിച്ചു


പ്രസ്റ്റണ്‍ : കൃത്യം ഒരു വര്‍ഷം മുമ്പ് നടന്ന ചരിത്ര സംഭവത്തിന്റെ മധുരസ്മരണകള്‍ അയവിറക്കി ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാ കുടുംബം പ്രസ്റ്റണ്‍ കത്തീഡ്രലില്‍ ഒത്തുചേര്‍ന്ന് രൂപതയുടെ ഒന്നാം പിറന്നാള്‍ പ്രാര്‍ത്ഥനാപൂര്‍വ്വം ആഘോഷിച്ചു. തിങ്കളാഴ്ച രാവിലെ 11 മണിക്ക് പ്രസ്റ്റണ്‍ സെന്റ് അല്‍ഫോന്‍സാ കത്തീഡ്രലില്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യ കാര്‍മ്മികനായ ദിവ്യബലിയോടെയാണ് തിരുക്കര്‍മ്മങ്ങള്‍ക്ക് തുടക്കമായത്. പപ്പുവാ ന്യൂഗിനിയായുടെയും സോളമന്‍ ഐലന്റിന്റെയും അപ്പസ്തോലിക് ന്യൂണ്‍ ഷോ മാര്‍ കുര്യന്‍ വയലുങ്കല്‍ ദിവ്യബലിമധ്യേ വചന സന്ദേശം നല്‍കി. രൂപതയില്‍ ശുശ്രൂഷ ചെയ്യുന്ന വൈദികരും സന്യസ്തരും വിവിധ വി. കുര്‍ബാന കേന്ദ്രങ്ങളില്‍ നിന്നെത്തിയ അല്‍മായ പ്രതിനിധികളുമടക്കം നിരവധിപേര്‍ തിരുക്കര്‍മ്മങ്ങളില്‍ പങ്കുചേര്‍ന്നു.


കഴിഞ്ഞ വര്‍ഷം നടന്ന രൂപതാ ഉദ്ഘാടനത്തിലും മെത്രാഭിഷേകത്തിലും പങ്കെടുക്കാന്‍ കഴിയാതെ പോയതിന്റെ സങ്കടം ഇന്ന് ഒന്നാം വാര്‍ഷികത്തില്‍ പങ്കുചേര്‍ന്നതിലൂടെ പരിഹരിക്കുകയാണെന്നു പറഞ്ഞാണ് ആര്‍ച്ച് ബിഷപ്പ് മാര്‍ കുര്യന്‍ വയലുങ്കല്‍ വചനസന്ദേശം ആരംഭിച്ചത്. ”കഴിഞ്ഞ വര്‍ഷം ഈ രൂപതയെയും മെത്രാനെയും നമുക്ക് തന്നിട്ട് സഭ പറഞ്ഞു: keep them, love them and grow with them. യുകെയിലെ സീറോ മലബാര്‍ കുടിയേറ്റ ജനതയ്ക്ക് ദൈവം നല്‍കിയ സമ്മാനമാണ് ഈ രൂപതയും മെത്രാനും. അതുകൊണ്ട് ഏറ്റവും പ്രധാനമായി എനിക്ക് നിങ്ങളെ ഓര്‍മ്മിപ്പിക്കുവാനുള്ളത് ”നിങ്ങള്‍ ഈ രൂപതയെ സ്നേഹിക്കണം, ഹൃദയത്തിലേറ്റു വാങ്ങണം”- മാര്‍ വയലുങ്കല്‍ കൂട്ടിച്ചേര്‍ത്തു. രൂപതയുടെ പിറവിയുടെ ആരംഭകാലമാണെന്നതിനാല്‍ മര്‍ത്തായെപ്പോലെ പല കാര്യങ്ങളിലും ആകുലതയും അസ്വസ്ഥതയും തോന്നിയാലും മറിയത്തേപ്പോലെ ദൈവത്തോടു ചേര്‍ന്നുനിന്നു മുമ്പോട്ടു പോയാല്‍ ഒരു കാര്യത്തിലും ബുദ്ധിമുട്ടുകളുണ്ടാവില്ലെന്ന് വി. കുര്‍ബാനയില്‍ വായിച്ച സുവിശേഷ ഭാഗത്തെ ഉദ്ധരിച്ച് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.


തിരുക്കര്‍മ്മങ്ങളുടെ തുടക്കത്തില്‍ കത്തീഡ്രല്‍ വികാരിയും വികാരി ജനറലുമായ ഫാ. മാത്യൂ ചൂരപ്പൊയ്കയില്‍ എല്ലാവര്‍ക്കും സ്വാഗതമാശംസിച്ചു. പിതാക്കന്മാരെ കൂടാതെ ലങ്കാസ്റ്റര്‍ രൂപതാ മെത്രാന്‍ മൈക്കിള്‍ ജി കാംബെല്ലിന്റെ പ്രതിനിധി ഫാ. റോബര്‍ട്ട് ബില്ലിംഗ്, വികാരി ജനറല്‍ ഫാ. സജിമോന്‍ മലയില്‍ പുത്തന്‍പുരയില്‍, വിവിധ വി. കുര്‍ബാന കേന്ദ്രങ്ങളില്‍ ശുശ്രൂഷ ചെയ്യുന്ന വൈദികര്‍, സിസ്റ്റേഴ്സ്, ഡീക്കന്മാര്‍, വൈദിക വിദ്യാര്‍ത്ഥികള്‍, വിവിധ വി. കുര്‍ബാന കേന്ദ്രങ്ങളില്‍ നിന്നുള്ള പ്രതിനിധികളായെത്തിയ അല്‍മായര്‍ തുടങ്ങി നൂറുകണക്കിനാളുകള്‍ തിരുക്കര്‍മ്മങ്ങളില്‍ പങ്കാളികളായി.


വി. കുര്‍ബാനയ്ക്ക് മുമ്പായി, പോര്‍ച്ചുഗലിലെ ഫാത്തിമയില്‍ മാതാവിന്റെ ദര്‍ശനം ലഭിച്ചവരും ഈ അടുത്തകാലത്ത് വിശുദ്ധ പദവിയിലേയ്ക്ക് ഉയര്‍ത്തപ്പെട്ടവരുമായ ഫ്രാന്‍സിസ്‌കോസ്, ജസീന്ത എന്നിവരുടെ തിരുശേഷിപ്പ് ഔദ്യോഗികമായി കത്തീഡ്രല്‍ ദേവാലയത്തില്‍ പ്രതിഷ്ഠിക്കുന്ന കര്‍മ്മവും അവരുടെ ബഹുമാനാര്‍ത്ഥമുള്ള ലദീഞ്ഞ് പ്രാര്‍ത്ഥനയും നടന്നു. വി. കുര്‍ബാനയുടെ സമാപനത്തില്‍ ലങ്കാസ്റ്റര്‍ രൂപതാധ്യക്ഷന്‍ ബിഷപ്പ് മൈക്കിള്‍ ജി കാംബെല്ലിന്റെ സന്ദേശം അദ്ദേഹത്തിന്റെ പ്രതിനിധി ഫാ. റോബര്‍ട്ട് ബില്ലിംഗ് വായിച്ചു. സീറോ മലബാര്‍ സഭയും ഇവിടുത്തെ പ്രാദേശിക സഭയും പരസ്പരം പ്രോത്സാഹിപ്പിച്ചും വിശ്വാസ പ്രഘോഷണത്തില്‍ സഹകരിച്ചും വളരണമെന്നും യുകെയുടെ മണ്ണില്‍ സീറോ മലബാര്‍ സഭയുടെ സാന്നിധ്യം വലിയ അനുഗ്രഹമാണെന്നും സന്ദേശത്തില്‍ ലങ്കാസ്റ്റര്‍ രൂപതാധ്യക്ഷന്‍ അനുസ്മരിച്ചു.


തുടര്‍ന്ന് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ രൂപതാവാര്‍ഷിക ദിനത്തിന്റെ മംഗളങ്ങള്‍ എല്ലാവര്‍ക്കും ആശംസിക്കുകയും നല്‍കി വരുന്ന പ്രോത്സാഹനത്തിനും സഹകരണത്തിനും നന്ദി പറയുകയും ചെയ്തു. മാര്‍പാപ്പയുടെ പ്രതിനിധിയാണ് അപ്പസ്തോലിക് ന്യൂണ്‍ഷോ എന്നും മാര്‍ കുര്യന്‍ വയലുങ്കലിന്റെ സാന്നിധ്യത്തിലും വാക്കുകളിലും മാര്‍പാപ്പയുടെ തന്നെ സാന്നിധ്യവും വാക്കുകളുമാണ് നമുക്ക് ലഭിച്ചിരിക്കുന്നതെന്നും മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അനുസ്മരിച്ചു. അതിവിശാലമായ രൂപത സന്ദര്‍ശിച്ച സ്ഥലങ്ങളിലെല്ലാം വിശ്വാസികള്‍ വലിയ താല്‍പര്യത്തോടെയാണ് തന്നെ സ്വീകരിച്ചതെന്നും ഇതിന് എല്ലാവരോടും നന്ദി പറയുന്നതായും മാര്‍ സ്രാമ്പിക്കല്‍ പറഞ്ഞു. രൂപതയുടെ ഏറ്റവും വലിയ ശക്തി മിഷനറി ചൈതന്യത്തോടെ അത്യധ്വാനം ചെയ്യുന്ന വൈദിക വിദ്യാര്‍ത്ഥികളെ ലഭിച്ചതും നമ്മുടെ രൂപതയില്‍ ദൈവാനുഗ്രഹത്തിന്റെ വലിയ അടയാളങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.


മതബോധനവും വനിതാഫോറവുമുള്‍പ്പെടെ രൂപതയുടെ വിവിധ പ്രവര്‍ത്തനങ്ങളും ആദ്യവര്‍ഷം തന്നെ ഒരു സെമിനാരി തുടങ്ങുവാന്‍ സാധിച്ചതുമെല്ലാം ഇതു ദൈവം കൈപിടിച്ചു നടത്തുന്ന രൂപതയാണെന്നതിന്റെ വ്യക്തമായ തെളിവുകളാണെന്നും രൂപതാധ്യക്ഷന്‍ പറഞ്ഞു.


തുടര്‍ന്ന് കത്തീഡ്രല്‍ ദേവാലയത്തിനു സമീപത്തുള്ള നൂള്‍ ഹാളില്‍ എല്ലാവര്‍ക്കും സ്നേഹവിരുന്ന് ഒരുക്കിയിരുന്നു. അതിനുശേഷം വൈദിക സമിതിയുടെ സമ്മേളനവും വിവിധ വി. കുര്‍ബാന കേന്ദ്രങ്ങളിലെ കൈക്കാരുമുള്‍പ്പെടെയുള്ളവരുടെ പൊതു ആലോചനായോഗവും നടന്നു. തുടര്‍ന്ന് വരുന്ന നാളുകളിലേയക്കുള്ള പ്രവര്‍ത്തനങ്ങളുടെ അഭിപ്രായം ആരാഞ്ഞു. തിരുക്കര്‍മ്മങ്ങള്‍ ഭക്തിസാന്ദ്രമാക്കിയ ഫാ. സെബാസ്റ്റ്യന്‍ ചാമക്കാലയുടെ നേതൃത്വത്തിലുള്ള ഗായകസംഘവും ഒന്നാം വാര്‍ഷികത്തിനായി കത്തീഡ്രല്‍ വികാരി ഫാ. മാത്യു ചൂരപൊയ്കയുടെ നേതൃത്വത്തില്‍ നടത്തിയ ഒരുക്കങ്ങളും ഏറെ ഹൃദ്യമായി. വരും നാളുകളിലും എല്ലാ വിശ്വാസികളുടെയും കൂട്ടായ പ്രവര്‍ത്തനവും സഹകരണവും രൂപതയ്ക്ക് ലഭിക്കണമെന്നും വരാനിരിക്കുന്ന അഭിഷേകാഗ്‌നി ബൈബിള്‍ കണ്‍വെന്‍ഷനും ബൈബിള്‍ കലോത്സവവും അതിനു പ്രചോദനമാകട്ടെയെന്നും മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പ്രത്യാശ പ്രകടിപ്പിച്ചു.


 • വാല്‍താംസ്റ്റോയില്‍ മരിയന്‍ ദിന ശുശ്രൂഷയും ഗ്വാഡലുപ്പാ മാതാവിന്റെ തിരുനാളും
 • സ്റ്റീവനേജിലെ ക്രിസ്തുമസ് കുര്‍ബ്ബാനയും ശുശ്രുഷകളും സെന്റ് ഹില്‍ഡയില്‍ 24ന്
 • സ്പിരിച്വല്‍ റിവൈവല്‍ മിനിസ്ട്രി യുകെ നയിക്കുന്ന രണ്ടാം ശനിയാഴ്ച നൈറ്റ് വിജില്‍ ശനിയാഴ്ച
 • ക്രിസ്തുമസ്സിനെയും പുതുവര്‍ഷത്തെയും വരവേല്‍ക്കാന്‍ സന്ദര്‍ലാന്‍ഡ് മലയാളികള്‍ ഒരുങ്ങുന്നു
 • വാല്‍താംസ്റ്റോയില്‍ തിരുപ്പിറവിയെ വരവേല്‍ക്കാന്‍ 3 ദിവസത്തെ ഒരുക്ക ധ്യാനം
 • ഗ്രേറ്റ് ബ്രിട്ടന്‍ സീറോമലബാര്‍ രൂപതയില്‍ പഞ്ചവത്സര അജപാലന പദ്ധതിക്ക് തുടക്കമായി; ആദ്യവര്‍ഷം കുട്ടികള്‍ക്ക് സമര്‍പ്പിതം
 • വാല്‍താംസ്റ്റോയില്‍ മരിയന്‍ ദിന ശുശ്രൂഷയും അമലോത്ഭവ മാതാവിന്റെ തിരുനാളും
 • സീറോ മലബാര്‍ സഭ വിമന്‍സ് ഫോറം അംഗങ്ങള്‍ക്കായി ഈസ്റ്റഹാമില്‍ ഇന്ന് ഏകദിന സെമിനാര്‍
 • നോര്‍ത്ത് ഈസ്റ്റ് എക്ക്യുമെനിക്കല്‍ ക്രിസ്മസ് ആഘോഷം ന്യൂ കാസിലില്‍ ജനുവരി 7ന്
 • ലണ്ടന്‍ ഹിന്ദുഐക്യവേദിയുടെ ഏകാദശി സംഗീതോത്സവം യു കെ യിലെ കര്‍ണാടകസംഗീത പ്രതിഭകളുടെ സംഗമവേദിയായി
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway