യു.കെ.വാര്‍ത്തകള്‍

'മരിച്ച്' 68 മിനിറ്റ് കഴിഞ്ഞു ജീവിതത്തിലേക്കൊരു തിരിച്ചുവരവ്; ബ്രിസ്റ്റോള്‍ ആശുപത്രിയില്‍ 63കാരന് രണ്ടാംജന്മം

ലണ്ടന്‍ : ഭര്‍ത്താവിന്റെ ജീവന്‍ യമദേവനോട് യാചിച്ചു തിരികെ വാങ്ങിയ ഒരു ഉത്തമ ഭാര്യയുടെ കഥയുണ്ട് പുരാണത്തില്‍ . അതിനെ അനുസ്മരിപ്പിക്കുന്നവിധം 'മരിച്ചു' കഴിഞ്ഞ ഭര്‍ത്താവിനെ വീണ്ടും ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റിയ ഒരു ഭാര്യ യുകെയില്‍ വാര്‍ത്തകളില്‍ ഇടം നേടുകയാണ്. 38 വര്‍ഷം ഒപ്പമുണ്ടായിരുന്ന പ്രിയതമനു രണ്ടാംജന്മം നല്‍കിയ ഭാര്യ.

ചെല്‍ട്ടണ്‍ഹാമിലെ 63-കാരന്‍ ക്രിസ് ഹിക്കിയാണ് ആ ഭാഗ്യവാനായ ഭര്‍ത്താവ്. ഹൃദയസ്തംഭനം മൂലമാണ് ക്രിസ് ഹിക്കി മെഡിക്കല്‍ മരണത്തിലേക്ക് പോയത്. പക്ഷെ ഒരുവട്ടം കൂടി ഉണര്‍ത്താന്‍ ശ്രമിക്കണമെന്ന ഭാര്യയുടെ ആവര്‍ത്തിച്ചുള്ള അപേക്ഷയില്‍ വെറുതെയൊന്നു പരീക്ഷിച്ച ഡോക്ടര്‍മാരെ ഞെട്ടിച്ച് 68 മിനിറ്റിന് ശേഷം അദ്ദേഹം ജീവിതത്തിലേക്ക് ഉയര്‍ത്തെഴുന്നേറ്റു. ഒരു മണിക്കൂറോളം പുനരുജ്ജീവിപ്പിക്കാനുള്ള ഡോക്ടര്‍മാരുടെ ശ്രമങ്ങള്‍ ക്രിസ് ഹിക്കി പ്രതികരിച്ചില്ല. ഇതോടെ രോഗി മരണത്തിന് കീഴടങ്ങിയതായും, ഇനി ഒന്നും ചെയ്യാനില്ലെന്നും ഭാര്യ സൂവിനോട് പറഞ്ഞു. എന്നാല്‍ 38 വര്‍ഷക്കാലം ഒപ്പമുള്ള ഭര്‍ത്താവ് മരിച്ചെന്ന് വിശ്വസിക്കാന്‍ സൂവിക്ക് സാധിച്ചില്ല. അതിനാല്‍ ഒരു വട്ടം കൂടി അദ്ദേഹത്തെ ഉണര്‍ത്താന്‍ ശ്രമിക്കണമെന്ന് സൂവ് ഡോക്ടറോട് കെഞ്ചി.


അതില്‍ കാര്യമുണ്ടെന്ന് തോന്നിയില്ലെങ്കിലും ഭാര്യയുടെ സമാധാനത്തിന് വേണ്ടി വെറുതെ ഒരുവട്ടം കൂടി പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമം നടത്തി. അത്ഭുതമെന്നു പറയട്ടെ, ക്രിസിന്റെ ഹൃദയം അപ്പോള്‍ അനുകൂലമായി പ്രതികരിച്ചു. എങ്കിലും ജീവിതം തിരിച്ചുപിടിക്കുമോ എന്ന കാര്യത്തില്‍ ഉറപ്പില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. അതോടെ ചെല്‍ട്ടണ്‍ഹാമിലെ വീട്ടില്‍ നിന്നും കാത്തുനിന്ന എയര്‍ ആംബുലന്‍സില്‍ ഇദ്ദേഹത്തെ ബ്രിസ്റ്റോള്‍ റോയല്‍ ഇന്‍ഫേര്‍മറിയില്‍ എത്തിച്ചു.

മൂന്ന് ദിവസത്തോളം ക്രിസ് കോമയില്‍ തുടര്‍ന്നു. ജീവനോടെ രക്ഷപ്പെടുമെന്ന് ഉറപ്പില്ലാത്തതിനാല്‍ കുടുംബക്കാര്‍ക്ക് യാത്ര പറയാന്‍ അവസരവും നല്‍കി. പക്ഷെ സൂവ് ശുഭ പ്രതീക്ഷയിലായിരുന്നു. ആറ് ദിവസത്തിന് ശേഷം അദ്ദേഹം ജീവിതം തിരിച്ചുപിടിച്ചു. ഇപ്പോള്‍ നാല് മാസം കഴിഞ്ഞിരിക്കുന്നു. ക്രിസ് സ്വാഭാവിക ജീവിതത്തിലേക്ക് പൂര്‍ണ്ണമായി തിരിച്ചെത്തിക്കഴിഞ്ഞു. ഹൃദയം നിലച്ച നിമിഷങ്ങളില്‍ സൂവ് ക്രിസിന് സിപിആര്‍ നല്‍കിയിരുന്നു. 999 കോളെടുത്ത എക്‌സിക്യൂട്ടീവ് നല്‍കിയ വിവരങ്ങളാണ് ഇതിന് സഹായകമായത്. ഇപ്പോള്‍ കാര്‍ഡിയാക് അറസ്റ്റുണ്ടായാല്‍ എന്ത് ചെയ്യണമെന്ന് നാട്ടുകാരെ അറിയിക്കാനുള്ള ശ്രമത്തിലാണ് ക്രിസ്. 999-ല്‍ വിളിക്കൂ എല്ലാം ശരിയാകും എന്നാണ് അദ്ദേഹം പറയുന്നത്. ക്രിസിന്റെ ജീവിതം വലിയ സന്ദേശമായി മാറുകയാണ്.

 • ലണ്ടന്‍ തെരുവിലൂടെ നടക്കവെ 70-കാരന്‍ കത്തിയമര്‍ന്നു; കാരണമറിയാതെ പോലീസ്
 • ശമ്പളവര്‍ധനയില്ല; നഴ്‌സുമാര്‍ക്ക്‌ പാര്‍ക്കിംഗ് ഫീസ് 1300 പൗണ്ട്, എന്‍എച്ച്എസിന്റെ കൊള്ളയ്ക്കെതിരെ എം.പിമാര്‍
 • യുകെ കാത്തിരിക്കുന്ന ഹാരി-മേഗന്‍ രാജകീയ വിവാഹം മെയ് 19 ശനിയാഴ്ച; വിവാഹം സെന്റ് ജോര്‍ജ്ജ് ചാപ്പലില്‍
 • ബെന്നിയുടെ ഓര്‍മ്മകളില്‍ വിങ്ങിപ്പൊട്ടി കുടുംബം; ബെന്നി മാത്യൂവിന് മലയാളി സമൂഹം കണ്ണീരോടെ വിട നല്‍കി
 • ജെറ്റ്സിയ്ക്ക് കൊവന്‍ട്രി നാളെ വിടനല്‍കും; പൊതുദര്‍ശനം വീട്ടില്‍
 • ഹാരി-മേഗന്‍ വിവാഹ ശുശ്രൂഷ നയിക്കാന്‍ സന്നദ്ധതയറിയിച്ച് കാന്റര്‍ബറി ആര്‍ച്ച്ബിഷപ്പ്
 • ബിര്‍മിങ്ഹാമില്‍ താമസിക്കുന്ന കോട്ടയം സ്വദേശിനി കാന്‍സര്‍ രോഗത്തെ തുടര്‍ന്ന് നാട്ടില്‍ മരിച്ചു
 • ബ്രക്‌സിറ്റ് ബില്‍ വോട്ടിങ്ങില്‍ പാര്‍ലമെന്റില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു, 11 ഭരണകക്ഷി അംഗങ്ങള്‍ എതിര്‍ത്തു
 • കൊവന്‍ട്രിയില്‍ നിര്യാതയായ ജെറ്റ്സി യുടെ സംസ്കാര ശുശ്രൂഷകള്‍ ശനിയാഴ്ച
 • കീഴ്വഴക്കം തിരുത്തി രാജ്ഞി: രാജകുടുംബത്തിന്റെ ക്രിസ്മസ് ദിനാഘോഷ ചടങ്ങില്‍ ഹാരിക്കൊപ്പം മേഗനും
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway