വീക്ഷണം

വിവാഹം - തലമുറകളിലൂടെ മാറുന്ന സങ്കല്‍പ്പങ്ങള്‍


ആര്‍ഷ ഭാരത സംസ്കാരം ലോകം അംഗീകരിച്ചതാണ്. വിവാഹമെന്ന കര്‍മ്മത്തിലൂടെ ഭാര്യാഭര്‍തൃ ബന്ധം ഊട്ടിയുറപ്പിച്ചു പുതിയ തലമുറയെ വാര്‍ത്തെടുക്കുന്ന ആ സംസ്കൃതി തന്നെ ഇന്നും നിലനില്‍ക്കുന്നു എന്ന് പറയാം.


യൂറോപ്പ് സംസ്കാരത്തിലേക്ക് കടന്നാല്‍ വിവാഹം വേണ്ട. ഒന്നിച്ചു ജീവിക്കാം എന്ന ചിന്താധാരയിലൂടെ വിവാഹം കഴിക്കാതെ ഭാര്യാ ഭര്‍ത്താക്കന്മാരെപ്പോലെ ഒന്നിച്ചു ജീവിക്കുന്നതായി കാണാം. ഇന്ത്യക്കാരും അതിലേക്കു കടന്നുകൊണ്ടിരിക്കുന്നു.


ഇനി ഒരു പടികൂടി മുന്നോട്ട്. ഒന്നിച്ചുള്ള ജീവിതവും വേണ്ട, വിവാഹവും വേണ്ട ഒറ്റയ്ക്ക് ജീവിക്കുന്നതാണ് നല്ലതെന്ന ചിന്തയാണ് യുവതലമുറയുടെ കാഴ്ചപ്പാട്. ഇതില്‍ മൂന്നു വിഭാഗങ്ങളാണ് ഉള്ളത്. ഇതില്‍ ഏതാണ് ശരി? മൂന്നിലും അതിന്റേതായ ശരിയും തെറ്റും ഒളിഞ്ഞിരിപ്പുണ്ടോ?

വിവാഹം കഴിച്ചവരിലേക്കു വരാം. ദാമ്പത്യ ബന്ധത്തില്‍ അതിന്റേതായ പവിത്രത ഉണ്ടെന്നും ഉണ്ടാകുന്ന മക്കള്‍ കുടുംബബന്ധത്തിലൂടെ വളര്‍ന്നുവരുകയും സ്നേഹ ബഹുമാനങ്ങള്‍ പരസ്പരം പങ്കുവച്ചു ജീവിക്കുകയും ചെയ്യും എന്നും പഴയതലമുറ പറയുന്നു. മാനവരാശിയുടെ നിലനില്‍പ്പിനും മുന്നോട്ടുള്ള പ്രയാണത്തിനും ഈ ഘടകങ്ങള്‍ അനിവാര്യമാണെന്നും വാദിച്ചേക്കാം.

സുഖ ദുഃഖങ്ങള്‍ തുല്യമായി പങ്കുവച്ചു ഇങ്ങനെ കുടുംബമായി ജീവിക്കുന്നതിന്റെ സന്തോഷം മറ്റെങ്ങും കിട്ടില്ല എന്ന് പറയുന്നവര്‍ വളരെയേറെയാണ്. കൂടാതെ കുടുംബത്തിലുണ്ടാകുന്ന കഷ്ടപ്പാടുകള്‍ സഹിക്കുവാന്‍ ഓരോരുത്തരും തയാറാക്കുമ്പോള്‍ ഉണ്ടാകുന്ന നിര്‍വൃതിയില്‍ അവര്‍ ആനന്ദം കണ്ടെത്തുകയും ചെയ്യുന്നു.


എന്നാല്‍ വിവാഹം കഴിക്കാതെ ജീവിക്കുന്നവര്‍ പറയുന്നത് മറ്റൊന്നാണ്. വിവാഹം കഴിച്ചാലും ഇല്ലെങ്കിലും കുട്ടികള്‍ ഉണ്ടാകും. ഒന്നിച്ചു ജീവിക്കുകയും ചെയ്യാം. പരസ്പരം ഇഷ്ടമില്ലാതെ വന്നാല്‍ നൂലാമാലകള്‍ ഇല്ലാതെ വിട്ടുപോകാം. പല രാജ്യങ്ങളും വിവാഹം കഴിക്കാതെ ഒന്നിച്ചു ജീവിക്കുന്നതിനെ അംഗീകരിച്ചു കഴിഞ്ഞു. ഇങ്ങനെയുള്ള ജീവിതത്തിലും സ്നേഹ ബഹുമാനങ്ങള്‍ക്കു കുറവില്ലെന്നാണ് ഇവര്‍ വാദിക്കുന്നത്.

കുട്ടികള്‍ ഉണ്ടായാല്‍ അവരെ വളര്‍ത്തുന്ന ചുമതല തുല്യമായി വീതിക്കാം എന്നും ചെലവുകള്‍ ഒന്നിച്ചു വഹിക്കുന്നതിലൂടെ സ്വന്തമായി സമ്പാദ്യം ഉണ്ടാക്കാമെന്നും ചിലരെങ്കിലും വാദിക്കുന്നു. വിവാഹത്തിലൂടെ ഉണ്ടാകുന്ന ആര്‍ഭാട ചെലവുകള്‍ ഒഴിവാക്കി അത് സമ്പാദ്യത്തിലേക്കു മുതല്‍ക്കൂട്ടുന്നവരും ഉണ്ട്. ഇത്തരം കാഴ്ചപ്പാടിലൂടെ കടന്നുപോകുന്നവര്‍ തെറ്റാണ് ചെയ്യുന്നതെന്ന് പഴയ തലമുറ കുറ്റപ്പെടുത്തിയേക്കാം.


വിവാഹ ജീവിതമോ ഒന്നിച്ചുള്ള താമസമോ വേണ്ട, ഒറ്റക്കുള്ള ജീവിതമാണ് ഏറ്റവും സുഖകരം എന്ന് ചിന്തിക്കുന്ന ഒരു തലമുറയും നമ്മുടെ മുമ്പിലുണ്ട്. അവരുടെ ചിന്താധാരയിലൂടെ സഞ്ചരിക്കുമ്പോള്‍ ഒറ്റയ്ക്കുള്ള ജീവിതത്തില്‍ ആരോടും കണക്കു ബോധിപ്പിക്കേണ്ട. ഇഷ്ടമുള്ളത് ചെയ്യാം. ഞാന്‍ എനിക്ക് സ്വന്തം എന്ന ചേതോവികാരം മനസ്സിലിട്ടു നടക്കുന്നവര്‍ക്ക് അവര്‍ ചെയ്യുന്നത് നൂറു ശതമാനം ശരിയാണ്.

സ്വന്തം സമ്പാദ്യം മറ്റുള്ളവര്‍ക്ക് പങ്കുവയ്ക്കാതെ ഇഷ്ട പ്രകാരം ചെലവഴിക്കാനുള്ള സ്വാതന്ത്ര്യം ഇവര്‍ ഒരു മേന്മയായി കരുതിയേക്കാം. മറ്റാരെയും ബോധ്യപ്പെടുത്തേണ്ട കാര്യമില്ല എന്നുള്ളതും ഇത്തരം ജീവിതത്തിന്റെ മേന്മയായി കരുതപ്പെട്ടു പോരുന്നു. സ്വന്തം മന:സാക്ഷിയെ മാത്രം ബോധ്യപ്പെടുത്തിയുള്ള ജീവിത ശൈലി സ്ത്രീ പുരുഷ ബന്ധത്തിലൂടെ ലഭിക്കുന്ന സുഖത്തിലുപരിയായി സ്വാതന്ത്ര്യത്തെ കാംക്ഷിക്കുന്നവരാകാം ഇത്തരക്കാര്‍ . അല്ലെങ്കില്‍ മറ്റുള്ളവരെ അംഗീകരിക്കാന്‍ മടിയുള്ളവര്‍ , തന്റെ ജീവിതം മറ്റുള്ളവര്‍ക്ക് പകുതി നല്‍കാന്‍ ഇഷ്ടമില്ലാത്തവര്‍ .


പ്രകൃതി നിയമമനുസരിച്ചു ആരോഗ്യമുള്ളപ്പോള്‍ , കാലിന് ബലമുള്ളപ്പോള്‍ വടിയുടെ ആവശ്യമില്ല. എന്നാല്‍ ഒരു താങ്ങിന്റെ ആവശ്യം വരുമ്പോഴോ? നിയമപരമായി ആതുരാലയങ്ങള്‍ രക്ഷയുള്ള നാടുകളില്‍ എന്തിനു വടി, എന്തിനു കൈത്താങ്ങു എന്ന് ചോദിക്കുന്നവരും ധാരാളം.


ഇതില്‍ ഏതാണ് ശരി, ഏതാണ് തെറ്റ്? തലമുറകളുടെ വിടവ് ഇത്തരം ചിന്തകളെ പല തരത്തിലും വ്യാഖ്യാനിക്കുന്നുണ്ട്. അതില്‍ പ്രധാനമായത് മനുഷ്യന്റെ ചിന്താധരണിയാണ്. കാലത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ മാറ്റങ്ങള്‍ അനിവാര്യമാണ്. പിന്‍തലമുറക്കാര്‍ എടുക്കുന്ന തീരുമാനങ്ങള്‍ തെറ്റാണെന്നു മുന്‍തലമുറ ചിന്തിക്കുന്നെങ്കില്‍ ലോകം തെറ്റിലൂടെ മാത്രമേ കടന്നു പോകൂ.

ഓരോ തലമുറയുടെയും വ്യക്തികളുടെയും ശരികള്‍ അവര്‍ക്കു ശരികളായി ഭവിക്കുന്നു. ഇതിലൊരു സത്യം ഒളിഞ്ഞിരിപ്പുണ്ട്. മാനവരാശിക്കും ലോകത്തിനു തന്നെയും നന്മ വരണമെന്ന് ആഗ്രഹിക്കുന്നവര്‍ ഭൂമിയില്‍ ജീവിക്കുന്നത് മറ്റുള്ളവരെ ദ്രോഹിക്കാനും നശിപ്പിക്കാനുമാവരുത്.

ഭൂമിയില്‍ നിന്നും കടന്നു പോകാത്ത ഒന്നും തന്നെ ഈ ലോകത്തില്ല എന്ന സത്യം നമ്മുടെ ചിന്തകളില്‍ നിറയട്ടെ.

 • കാണപ്പെട്ട ദൈവങ്ങളെ മാറ്റി നിര്‍ത്തി കാണാത്ത ദൈവങ്ങള്‍ക്ക് പിന്നാലെ പായുന്നവര്‍ ...
 • ഇന്ത്യയിലെ നോട്ടു നിരോധനം ബാക്കിവച്ചത്...
 • എന്താണ് ഈ മലയാളികള്‍ ഇങ്ങനെ!
 • ലിവര്‍പൂളിലെ ആന്റോ ജോസിന്റെ പിതാവ് ജോസ് വര്‍ഗിസ് എഴുതിയ 'ഒരു കുടിയേറ്റക്കാരന്റെ ഓര്‍മ്മകുറിപ്പുകള്‍ ' ഒരവലോകനം
 • താര ദൈവങ്ങളെ ഇനി നമുക്ക് ഭൂമിയിലേക്ക് ഇറക്കിവയ്ക്കാം
 • പേടിക്കണം ബ്ലൂവെയില്‍ എന്ന മരണക്കളിയെ ...
 • ഈ വാട്സാപ്പ് സന്ദേശം ഉണ്ടാക്കിയ രാജ്യസ്നേഹിക്കു സലൂട്ട്
 • കേരളത്തിലേത് ആതുരാലയങ്ങളോ അറവു ശാലകളോ!
 • 2039ല്‍ കോട്ടയത്ത് നിന്ന് ന്യൂയോര്‍ക്കിലേക്കുള്ള ആകാശയാത്രയില്‍ കണ്ട കാഴ്ചകള്‍ ..
 • ഇന്ത്യക്കാരുടെ ഇംഗ്ലണ്ട് സാധ്യതകള്‍ തകര്‍ന്നതിനെപ്പറ്റി ആദ്യകാല മലയാളി കുടിയേറ്റക്കാരന്‍ പ്രഭാകര്‍ജി - ടോം ജോസിന്റെ ലേഖനം
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway