വീക്ഷണം

എന്താണ് ഈ മലയാളികള്‍ ഇങ്ങനെ!


സംസ്കാര സമ്പന്നരെന്നും വിദ്യാഭ്യാസമുള്ളവരെന്നും അഭിമാനമുള്ളവര്‍ , നൂറു ശതമാനം സാക്ഷരതയുള്ള നാട്ടില്‍ ജനിച്ചു എന്ന് വീമ്പിളക്കുന്നവര്‍ എന്തേ ഇങ്ങനെ? വിദ്യാഭ്യാസം മാത്രമല്ല ജീവിതത്തില്‍ വേണ്ടത്, സമൂഹത്തില്‍ ജീവിക്കാന്‍ പഠിപ്പിക്കുക-ഇത് ഓരോ മനുഷ്യന്റെയും കടമയാണ്.


നാമെല്ലാവരും പലകാര്യങ്ങള്‍ക്കായി ഒത്തുകൂടുന്നവരാണ്. ഫാമിലിയായും അല്ലാതെയും. അത്തരം ഒത്തുകൂടലില്‍ ഒരു ചടങ്ങില്‍ ചെന്നാല്‍ എങ്ങനെ പെരുമാറണം എന്ന് സ്വയം മനസിലാക്കുകയും നമ്മുടെ മക്കളെ പഠിപ്പിക്കുകയും ചെയ്യേണ്ടത് ഓരോരുത്തരുടെയും കടമയാണ്. അത് വിവാഹമാകാം, പിറന്നാള്‍ ആഘോഷമാവാം പൊതുസമ്മേളനമാകാം, കലാമത്സരവേദിയാകാം പ്രാര്‍ത്ഥനാ ഹാളാകാം, ആരാധനാലയങ്ങളാവാം എന്തുമാകട്ടെ പൊതു ചടങ്ങുകളില്‍ എങ്ങനെ പെരുമാറണം എന്ന് മക്കളെ എന്തുകൊണ്ട് മലയാളികള്‍ പഠിപ്പിക്കുന്നില്ല.


ഗ്രാമര്‍ സ്‌കൂളിലോ പേരെടുത്ത യൂണിവേഴ്സിറ്റികളിലോ മക്കളെ വിട്ടു പഠിപ്പിച്ചാല്‍ പോരാ അവരെ സംസ്കാരം കൂടി പഠിപ്പിക്കണം. എന്റെ മക്കള്‍ ചെയ്യുന്നതെല്ലാം ശരിയാണ് എന്ന മിഥ്യാ ധാരണയില്‍ കഴിയുന്ന നിങ്ങള്‍ മൂഢ സ്വര്‍ഗത്തിലാണ് ജീവിക്കുന്നത്. എത്രയെത്ര ഉദാഹരണങ്ങള്‍ .. വെള്ളം കുടിച്ചശേഷം കുപ്പി തോന്നുന്നപോലെ വലിച്ചെറിയുന്ന, കഴിച്ച ആഹാരത്തിന്റെ ബാക്കിഭാഗം പ്ലെയിറ്റടക്കം ഇരുന്ന ഭാഗത്തു തന്നെ ഉപേക്ഷിച്ചു പോകുന്നവര്‍ , മുഖം തുടച്ച ടിഷ്യൂ എവിടേക്കോ വലിച്ചെറിയുന്നവര്‍ എന്ത് സംസ്കാര സമ്പന്നരാണ് എന്ന് സ്വയം വിലയിരുത്തുക.


മത്സര വേദികളില്‍ ഉപയോഗിക്കുന്ന കളറുകളും ചായങ്ങളും ഭിത്തിയിലോ കതകിലോ തൂത്തു വയ്ക്കുന്നവര്‍ക്കും തറയില്‍ വീഴ്ത്തി അവ നശിപ്പിക്കുന്നവര്‍ക്കും എന്ത് സംസ്കാരമുണ്ടെന്നാണ് പറയുന്നത്?

അറിവില്ലാത്ത മക്കളാണ് അപ്രകാരം ചെയ്യുന്നതെങ്കില്‍ തീര്‍ച്ചയായും മാതാപിതാക്കളായ നിങ്ങള്‍ക്ക് അവരെ പറഞ്ഞു തിരുത്തുവാനും ഉപയോഗ ശേഷമുള്ള വസ്ത്രങ്ങള്‍ എവിടെ നിക്ഷേപിക്കണം എന്ന് കാണിച്ചു കൊടുക്കുവാനും കടമയുണ്ട്.


സമൂഹത്തില്‍ ചെയ്യേണ്ട മര്യാദകള്‍ മക്കളെ പഠിപ്പിക്കാത്ത മാതാപിതാക്കള്‍ വലിയ തെറ്റുകാര്‍ തന്നെയാണ്. മറ്റു ഭവനത്തില്‍ ചെല്ലുമ്പോള്‍ എങ്ങനെ മാന്യമായി പെരുമാറണം എന്ന് തീര്‍ച്ചയായും മാതാപിതാക്കള്‍ മക്കളെ പഠിപ്പിക്കണം. ആ വീട്ടിലുള്ളവരുടെ അനുവാദമില്ലാതെ അവരുടെ കിടപ്പുമുറിയില്‍ ചെല്ലുക, ഉപയോഗിക്കുക, അതുപോലെ ഓരോ മുറിയിലും വച്ചിരിക്കുന്ന വസ്തുക്കള്‍ എടുത്തുപയോഗിക്കുക, കളിക്കുക,നശിപ്പിക്കുക തുടങ്ങിയ കാര്യങ്ങളിലെ മര്യാദ മക്കളെ പറഞ്ഞു ബോധ്യപ്പെടുത്താനുള്ള കടമ പലരും മറന്നു പോകുന്നു.


പൊതുവായ സ്ഥലത്തും ഹാളുകളിലും നടക്കുന്ന പരിപാടികള്‍ ആരെങ്കിലും സംഘടിപ്പിക്കുന്നതായിരിക്കും. ഹാളുകളും സ്ഥലങ്ങളും ഫര്‍ണിച്ചറുകളും വാടകയ്ക്ക് എടുക്കുന്നതും ആവാം. അവയ്ക്കു കേടുപാടുകളും നാശനഷ്ടവും വരുത്തുന്നത് ആര്‍ക്കൊക്കെ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുമെന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? അല്ലെങ്കില്‍ മക്കളെ അത് പറഞ്ഞു ബോധ്യപ്പെടുത്തിയിട്ടുണ്ടോ?


സ്വന്തം ഗൃഹത്തിലെ ഉപകരണങ്ങളും തല്ലിത്തകര്‍ക്കുവാനോ നശിപ്പിക്കുവാനോ ഏതെല്ലാം മാതാപിതാക്കള്‍ മക്കള്‍ക്ക് അനുവാദം കൊടുത്തിട്ടുണ്ട്? ആരും കൊടുക്കില്ല. അപ്പോള്‍ പിന്നെ പൊതുസ്ഥലങ്ങള്‍ , ചടങ്ങുകള്‍ നടക്കുന്ന ഹാള്‍ എന്നിവ വൃത്തികേടാക്കാന്‍ നിങ്ങള്‍ മക്കളെ എങ്ങനെ അനുവദിക്കുന്നു?


ആഹാരം കഴിച്ചതിനു ശേഷം പ്ലെയിറ്റുകള്‍ , ടിഷ്യൂ, ഗ്ലാസ്സുകള്‍ എന്നിവ എവിടെ നിക്ഷേപിക്കണം എന്ന് മക്കളെ പറഞ്ഞു ബോധ്യപ്പെടുത്തേണ്ടത് നമ്മള്‍ ഓരോരുത്തരുടേയുമാണ്. പിന്നെയെന്തുകൊണ്ട് അത് മറന്നുപോകുന്നു?


മക്കള്‍ തട്ടിമറിച്ചിട്ട ആഹാരസാധനങ്ങള്‍ക്കു മുകളിലൂടെ കവച്ചു കടന്നു പോകുന്ന മാതാപിതാക്കളെ കണ്ടിട്ടുണ്ട്. അവര്‍ തെറ്റായ ഒരു പാഠം മക്കളെ പഠിപ്പിച്ചിട്ടാണ് കടന്നുപോകുന്നത്. പൊതുസ്ഥലം വൃത്തികേടാക്കാമെന്നും അവിടം മറ്റാരോ വൃത്തിയാക്കാന്‍ വരുമെന്നും മക്കളെ പറയാതെ പറഞ്ഞു പഠിപ്പിക്കുന്നു. താഴെവീഴുന്ന വസ്തുക്കളോ ആഹാരസാധനങ്ങളോ വെള്ളമോ എടുത്തുമാറ്റുന്നതും തുടയ്ക്കുന്നതും സാമാന്യ മര്യാദയില്‍പ്പെട്ടകാര്യമാണ്. അതുപോലും അറിയില്ലെങ്കില്‍ നേടിയ വിദ്യഭ്യാസം കൊണ്ട് എന്ത് പ്രസക്തി ആണുള്ളത്. ടോയിലറ്റുകള്‍ ഉപയോഗിക്കുമ്പോള്‍ വേണ്ട മര്യാദകള്‍ പഠിപ്പിക്കാത്ത മാതാപിതാക്കളും നമ്മുടെയിടയിലുണ്ട്.


അന്തസായ പെരുമാറ്റത്തിലൂടെ ആര്‍ജ്ജിക്കുന്ന അറിവും പൊതുസമൂഹത്തില്‍ പെരുമാറേണ്ട മര്യാദകളും പറഞ്ഞു പഠിപ്പിക്കുന്ന മാതാപിതാക്കളാണ് യഥാര്‍ത്ഥത്തില്‍ മക്കളെ നേര്‍വഴിക്കു നടത്തുന്നവര്‍ .

ഇംഗ്ലീഷ് സമൂഹത്തില്‍ ചെല്ലുമ്പോള്‍ അവര്‍ പെരുമാറുന്നതുപോലെ പെരുമാറാനും ഭക്ഷണ മേശയിലെ മര്യാദകളും ആഹാരശേഷമുള്ള പാത്രങ്ങളുടെ നിക്ഷേപവും മിക്കവരും പാലിക്കുന്നുണ്ട്.


എന്നാല്‍ എന്തേ നമ്മുടെ സമൂഹത്തില്‍ അത്തരം മര്യാദകള്‍ പാലിക്കുന്നില്ല! മാതാപിതാക്കളും അത് മറന്നുപോകുന്നു. പച്ചമലയാളത്തില്‍ പറഞ്ഞാല്‍ വളര്‍ത്തുദോഷം.


പ്രിയ മാതാപിതാക്കളെ, നിങ്ങള്‍ മക്കള്‍ക്ക് അനേകായിരം കോടി സ്വത്തുക്കള്‍ ഉണ്ടാക്കിക്കൊടുത്തിട്ടോ ഉന്നത വിദ്യഭ്യാസം കൊടുത്തിട്ടോ ഉണ്ടാകുന്നതിലും മേന്മ നമ്മുടെ മക്കള്‍ സമൂഹത്തിലും പൊതുസഥലത്തും എങ്ങനെ പെരുമാറണമെന്ന സാമാന്യമര്യാദ പഠിപ്പിച്ചാല്‍ ഉണ്ടാകും. അതിനവരെ ചെറുപ്പം മുതലേ പരിശീലിപ്പിക്കുക.

 • കാണപ്പെട്ട ദൈവങ്ങളെ മാറ്റി നിര്‍ത്തി കാണാത്ത ദൈവങ്ങള്‍ക്ക് പിന്നാലെ പായുന്നവര്‍ ...
 • ഇന്ത്യയിലെ നോട്ടു നിരോധനം ബാക്കിവച്ചത്...
 • വിവാഹം - തലമുറകളിലൂടെ മാറുന്ന സങ്കല്‍പ്പങ്ങള്‍
 • ലിവര്‍പൂളിലെ ആന്റോ ജോസിന്റെ പിതാവ് ജോസ് വര്‍ഗിസ് എഴുതിയ 'ഒരു കുടിയേറ്റക്കാരന്റെ ഓര്‍മ്മകുറിപ്പുകള്‍ ' ഒരവലോകനം
 • താര ദൈവങ്ങളെ ഇനി നമുക്ക് ഭൂമിയിലേക്ക് ഇറക്കിവയ്ക്കാം
 • പേടിക്കണം ബ്ലൂവെയില്‍ എന്ന മരണക്കളിയെ ...
 • ഈ വാട്സാപ്പ് സന്ദേശം ഉണ്ടാക്കിയ രാജ്യസ്നേഹിക്കു സലൂട്ട്
 • കേരളത്തിലേത് ആതുരാലയങ്ങളോ അറവു ശാലകളോ!
 • 2039ല്‍ കോട്ടയത്ത് നിന്ന് ന്യൂയോര്‍ക്കിലേക്കുള്ള ആകാശയാത്രയില്‍ കണ്ട കാഴ്ചകള്‍ ..
 • ഇന്ത്യക്കാരുടെ ഇംഗ്ലണ്ട് സാധ്യതകള്‍ തകര്‍ന്നതിനെപ്പറ്റി ആദ്യകാല മലയാളി കുടിയേറ്റക്കാരന്‍ പ്രഭാകര്‍ജി - ടോം ജോസിന്റെ ലേഖനം
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway