വീക്ഷണം

ഇന്ത്യയിലെ നോട്ടു നിരോധനം ബാക്കിവച്ചത്...


ഇന്ത്യയുടെ സമ്പദ്ഘടനയെ പരിപോഷിപ്പിക്കുന്നതിനായി എന്ന് പ്രഖ്യാപിച്ചു നോട്ടു നിരോധനം കൊണ്ടുവന്നത് പലഘട്ടങ്ങളിലായി പലരും ചര്‍ച്ച ചെയ്ത വിഷയമാണ്. ചാനലുകളിലും മറ്റു മാധ്യമങ്ങളിലും എത്രയോ വട്ടം കയറിയിറങ്ങിയ വിഷയവും ഒരു വയസ് പിന്നിട്ട ഈ വിഷയം തന്നെ. സാധനങ്ങളുടെ കൈമാറ്റത്തിന് പണം എന്ന വസ്തു ഉണ്ടായകാലം മുതല്‍ ഇന്നുവരെ ക്രയവിക്രയത്തിനു ഉപയോഗിക്കുന്നത് പണം തന്നെ. ലോകത്തെ ഏത് രാഷ്ട്രമെടുത്താലും- മൂന്നാം ലോക രാഷ്ട്രങ്ങള്‍ മുതല്‍ വികസിത, വികസ്വര രാഷ്ട്രങ്ങളും ഉപയോഗിക്കുന്നത് ഈ പണം തന്നെ. അത് നിരോധിച്ചുകൊണ്ടോ പിന്‍വലിച്ചു കൊണ്ടോ ഒരു രാജ്യത്തിനും പിടിച്ചു നില്‍ക്കാനാവില്ല.
പണമുള്ളയിടത്തു കള്ളപ്പണവും ഉണ്ടാവും. അത് അമേരിക്കയായാലും യുകെയായാലും ഇന്ത്യയായാലും ആഫിക്കയായാലും, ഇനി വലിയ ശിക്ഷയുള്ള ഗള്‍ഫ് രാജ്യങ്ങളായാലും മാറ്റമുണ്ടാകുമെന്ന് തോന്നുന്നില്ല.


വിദ്യാഭ്യാസപരമായി എത്ര ഉയര്‍ന്ന രാജ്യമായാലും പ്ലാസ്റ്റിക് മണി മാത്രം ഉപയോഗിച്ച് ഒരു ബിസിനസും വിജയിപ്പിക്കാനുമാവില്ല. അപ്പോള്‍പിന്നെ പല രാജ്യങ്ങളും പരീക്ഷിച്ചു വിജയിച്ച തന്ത്രം പയറ്റിയിരുന്നെങ്കില്‍ ഇന്ത്യയിലെ നോട്ടു നിരോധനവും വിജയം കണ്ടേനെ. ഘട്ടം ഘട്ടമായി സമയം കൊടുത്തുകൊണ്ടു നോട്ടുകള്‍ പിന്‍വലിക്കുക. ഏതെങ്കിലും ഒരു ശ്രേണിയില്‍പ്പെട്ട പഴയനോട്ടുകള്‍ ആറുമാസമോ ഒരു വര്‍ഷമോ കാലയളവ് കൊണ്ടോ മാര്‍ക്കറ്റില്‍ നിന്ന് തീര്‍ത്തും മാറ്റുകയും ആ സമയപരിധിക്കുള്ളില്‍ പുതിയവ അടിച്ചിറക്കി ജനങ്ങളിലെത്തിക്കുകയും ചെയ്യുക.കള്ളനോട്ടായാലും നല്ല നോട്ടായാലും പഴയവ മാറ്റപ്പെടും. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലാതെ പുതിയ നോട്ടുകള്‍ ലഭ്യമാകുകയും ചെയ്യും. അതുപോലെ തന്നെ അടുത്ത ശ്രേണി നോട്ടുകളും മാറ്റത്തിന് വിധേയമാക്കാമല്ലോ. ലോകത്തിലെ മിക്ക രാഷ്ട്രങ്ങളും ഇത്തരത്തിലാണ്
നോട്ടു നിരോധനം നടപ്പിലാക്കുന്നത്‌. ഇംഗ്ലണ്ടില്‍ ഈ വിധത്തിലല്ലേ നോട്ടുകള്‍ മാറ്റത്തിന് വിധേയമാക്കിക്കൊണ്ടിരിക്കുന്നത്.


എത്രയോ കോടി നോട്ടുകള്‍ മാര്‍ക്കറ്റിലുള്ള ഇന്ത്യയെപ്പോലെയുള്ള വലിയ രാഷ്ട്രങ്ങള്‍ ഒറ്റ ദിവസം കൊണ്ട് നോട്ടുകള്‍ പിന്‍വലിച്ചാല്‍ തുക്ലക് പരിഷ്കാരമായേ അത് പരിഗണിക്കപ്പെടൂ. പോരാത്തതിന് ഇന്ത്യയിലെ പല സംസ്ഥാനങ്ങളും വിദ്യാഭ്യാസപരമായി പിന്നോക്കം നില്‍ക്കുകയും (സ്‌കൂള്‍ വിദ്യാഭ്യാസം പോലും ലഭിക്കാത്ത സാധാരണക്കാരുടെ) ചെയ്യുമ്പോള്‍ ദൈനംദിന ക്രയവിക്രയത്തിനു പണം മാത്രമേ ഉപകരിക്കൂ എന്ന് മനസിലാക്കാനുള്ള ബുദ്ധി ഭരണാധികാരികള്‍ക്ക് ഉണ്ടാവേണ്ടതല്ലേ! പിന്നെയെന്തേ ഇത്രവലിയ തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ രാഷ്ട്രീയക്കാരും അവരുടെ കൂടെയുള്ള ഉപദേശകരും ചിന്താശൂന്യരായിപ്പോയി?വിദ്യാഭ്യാസമായി പിന്നോക്കം നില്‍ക്കുന്നവരെ പ്രാപ്തരാക്കിയിട്ട് ബാങ്കുകളിലൂടെയും മറ്റു ബിസിനസ് സ്ഥാപനങ്ങളിലൂടെയും പണത്തിനു പകരം കാര്‍ഡ് പേയ്‌മെന്റ് നടത്തുന്ന രീതി നടപ്പിലാക്കിയിരുന്നെങ്കില്‍ ഇത് വിജയമാകുമായിരുന്നു. നിരക്ഷരരായ വലിയൊരു വിഭാഗത്തിനുമേല്‍ ആധുനിക ക്രയവിക്രയ വിപണരീതി അടിച്ചേല്‍പ്പിക്കുമ്പോള്‍ ഭരണാധികാരികള്‍ക്ക് എതിരായി ജനം തിരിഞ്ഞാല്‍ അവരെയെങ്ങനെ കുറ്റംപറയാനാവും?ഇതൊന്നും ഒരു ദിവസം കൊണ്ടോ ഒരു മാസം കൊണ്ടോ നടപ്പിലാക്കാന്‍ സാധിക്കില്ല എന്ന് ഏത് കൊച്ചു കുഞ്ഞിനും അറിയാം. ഒരു കാര്യം വ്യക്തമാണ്. ഇന്ത്യയില്‍ നടപ്പിലാക്കിയ നോട്ടു നിരോധനം കൊണ്ട് അക്കാലത്തുണ്ടായ ബുദ്ധിമുട്ടുകള്‍ ആരും മറക്കാനിടയില്ല. അതുപോലെ രാജ്യത്തിനുണ്ടായ ആഘാതവും. ഇനിയെങ്കിലും നമ്മുടെ ഭരണാധികാരികള്‍ ഇതുപോലെയുള്ള വലിയ കാര്യങ്ങള്‍ക്കായി ഒരുങ്ങുമ്പോള്‍ നന്നായി ഗൃഹപാഠം ചെയ്തിട്ട് ഇറങ്ങിയാല്‍ മാത്രമേ രാജ്യത്തിനും ജനത്തിനും പ്രയോജനം ഉണ്ടാവൂ എന്ന് ചിന്തിക്കട്ടെ.

 • കാണപ്പെട്ട ദൈവങ്ങളെ മാറ്റി നിര്‍ത്തി കാണാത്ത ദൈവങ്ങള്‍ക്ക് പിന്നാലെ പായുന്നവര്‍ ...
 • എന്താണ് ഈ മലയാളികള്‍ ഇങ്ങനെ!
 • വിവാഹം - തലമുറകളിലൂടെ മാറുന്ന സങ്കല്‍പ്പങ്ങള്‍
 • ലിവര്‍പൂളിലെ ആന്റോ ജോസിന്റെ പിതാവ് ജോസ് വര്‍ഗിസ് എഴുതിയ 'ഒരു കുടിയേറ്റക്കാരന്റെ ഓര്‍മ്മകുറിപ്പുകള്‍ ' ഒരവലോകനം
 • താര ദൈവങ്ങളെ ഇനി നമുക്ക് ഭൂമിയിലേക്ക് ഇറക്കിവയ്ക്കാം
 • പേടിക്കണം ബ്ലൂവെയില്‍ എന്ന മരണക്കളിയെ ...
 • ഈ വാട്സാപ്പ് സന്ദേശം ഉണ്ടാക്കിയ രാജ്യസ്നേഹിക്കു സലൂട്ട്
 • കേരളത്തിലേത് ആതുരാലയങ്ങളോ അറവു ശാലകളോ!
 • 2039ല്‍ കോട്ടയത്ത് നിന്ന് ന്യൂയോര്‍ക്കിലേക്കുള്ള ആകാശയാത്രയില്‍ കണ്ട കാഴ്ചകള്‍ ..
 • ഇന്ത്യക്കാരുടെ ഇംഗ്ലണ്ട് സാധ്യതകള്‍ തകര്‍ന്നതിനെപ്പറ്റി ആദ്യകാല മലയാളി കുടിയേറ്റക്കാരന്‍ പ്രഭാകര്‍ജി - ടോം ജോസിന്റെ ലേഖനം
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway