നാട്ടുവാര്‍ത്തകള്‍

സിപിഎമ്മിലെ ചങ്കും കരളും വഴി പിരിയുമ്പോള്‍ .... ജയരാജനു കടിഞ്ഞാണിട്ടത് പിണറായി!


അടിമുടി പിണറായി ശൈലി, കണ്ണൂര്‍ രാഷ്ട്രീയത്തിലെ സിംഹം. പിണറായിക്കു ശേഷം പാര്‍ട്ടിയെ കൈപ്പിടിയിലൊതുക്കാനുള്ള സാമര്‍ഥ്യം....കോടിയേരിയെപ്പോലെ അനുസരണയുണ്ടാവില്ല... ഇതൊക്കെയാണ് പി ജയരാജന് വിനയായത്.. ലോക്കല്‍ സമ്മേളനത്തിനിടെ ജയരാജന് കടിഞ്ഞാണിട്ടത് പിണറായി വിജയനെന്ന ഇരട്ടച്ചങ്കന്റെ ബുദ്ധിയാണെന്ന നിഗമനത്തിലാണ് രാഷ്ട്രീയ കേരളം. പിണറായി സിപിഎമ്മിന്റെ ചങ്കാണെങ്കില്‍ കണ്ണൂര്‍ സിപിഎമ്മിന് ജയരാജന്‍ കരളാണ്. കേസുകളും എതിരാളികളുടെ വെല്ലുവിളികളും ചെറുത്ത് അനുദിനം കരുത്തനാവുന്ന നേതാവ്. ആരാധകബാഹുല്യം കൊണ്ടും നേതൃഗുണം കൊണ്ടും കടിഞ്ഞാണില്ലാത്ത കുതിരയായി പായുകയായിരുന്നു ജയരാജന്‍ . ആ ജയരാജനാണ് ഒരു കുരുക്ക് ഇട്ടിരിക്കുന്നത്. കണ്ണൂര്‍ ലോബി നിയന്ത്രിക്കുന്ന സിപിഎമ്മില്‍ കണ്ണൂരുകാരനായ സംസ്ഥാന സമിതി അംഗവും ജിലാ സെക്രട്ടറിയുമായ ജയരാജനെ വെട്ടിയൊതുക്കാന്‍ ശ്രമം നടന്നെങ്കില്‍ അതിനു പിണറായി വിജയന്റെ മൗനാനുവാദമോ ഇടപെടലോ ഉണ്ടെന്നു ഉറപ്പിക്കാം.


ഏറെ സ്വാധീനമുള്ള നേതാവായിട്ടും അഴിമതിയുടെ കറ പുരളാഞ്ഞിട്ടും . പാര്‍ട്ടിയുടെ ഔദാര്യമൊന്നും പറ്റാഞ്ഞിട്ടും ജയരാജനെ പാര്‍ട്ടി മൂക്കുകയറിട്ടു നിറുത്തുന്നതിനു കാരണം തിരയുമ്പോള്‍ ചെന്നെത്തുക ജയരാജന്‍ നാള്‍ക്കുനാള്‍ പാര്‍ട്ടിയില്‍ കരുത്തനും ശക്തനുമാവുന്നു എന്നതു തന്നെയാണ്. 2018 ഏപ്രിലില്‍ ഹൈദരാബാദിലാണ് ഇരുപത്തിരണ്ടാം പാര്‍ട്ടി കോണ്‍ഗ്രസ്. ഇപ്പോഴത്തെ നിലയിലും കരുത്തിലും പോയാല്‍ പാര്‍ട്ടിയില്‍ ശക്തരായ നേതാക്കളുടെ ഗണത്തില്‍ ജയരാജന്‍ മുന്നില്‍ വരും. സംസ്ഥാന സെക്രട്ടറിയാവാം. അതു പല നേതാക്കളുടെയും ഭാവിയിലേക്കുള്ള വളര്‍ച്ചയില്‍ വിലങ്ങുതടിയായി വരാം. ഇതെല്ലാം മുന്നില്‍ക്കണ്ടാണ് ജരാജനെ വെട്ടുന്നതെന്നാണ് സൂചന. ഇപ്പോള്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ആണെങ്കിലും ഭരണത്തിലും പാര്‍ട്ടിയിലും പിടി പിണറായിക്കു തന്നെ. ജയരാജനായാല്‍ അങ്ങനെയാവില്ല സ്ഥിതി. രണ്ടു അധികാര കേന്ദ്രങ്ങളുണ്ടാവും. മുഖ്യമന്ത്രിക്ക് നിയന്ത്രണങ്ങള്‍ ഉണ്ടാകാം. ഇതെല്ലാം മുന്നില്‍ക്കണ്ട് ജയരാജനെ നേരത്തേ വെട്ടിയൊതുക്കുന്നുവെന്നാണ് വിലയിരുത്തല്‍ .ജയരാജന്‍ അഴിമതിക്കു കൂട്ടുനില്ക്കുകയോ ചെയ്യുകയോ ഇല്ലെന്നതുപോലെ തന്നെ അദ്ദേഹത്തെ സ്വാധീനിച്ച് ഒതുക്കുകയും പ്രയാസമാണ്. അതുകൊണ്ടുതന്നെ നാളെ പാര്‍ട്ടി സെക്രട്ടറിയുടെ റോളിലേക്കു എത്തിപ്പെട്ടാല്‍ പലര്‍ക്കും അതു ബുദ്ധിമുട്ടുണ്ടാക്കും. കണ്ണൂരില്‍ ഏതു മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കുന്ന ചടങ്ങിലും ഏറ്റവുമധികം കൈയടി ജയരാജനാണ്. പിണറായി പങ്കെടുക്കുന്ന പരിപാടിയില്‍പ്പോലും താരം ജയരാജന്‍ തന്നെ. ഇതൊക്കെ അദ്ദേഹത്തിനു വിനയായി വന്നിട്ടുണ്ട്.


ജയരാജനെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള ഡോക്യുമെന്ററിയും സംഗീത ആല്‍ബവും അദ്ദേഹം പാര്‍ട്ടിക്ക് അതീതനായി വളരുന്നുവെന്ന ധാരണ പരത്തിയെന്നാണ് സംസ്ഥാന കമ്മിറ്റി ആരോപിക്കുന്നത്. സംസ്ഥാന കമ്മിറ്റിയില്‍ തനിക്കെതിരായി വിമര്‍ശനം ഉണ്ടായിരുന്നുവെന്നും വിമര്‍ശനവും സ്വയം വിമര്‍ശനവുമില്ലെങ്കില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്ലെന്നുമാണ് ജയരാജന്‍ പ്രതികരിച്ചത്.


എന്നെ വളര്‍ത്തിയത് പാര്‍ട്ടിയാണ്. ആ പാര്‍ട്ടിക്ക് എന്നെ വിമര്‍ശിക്കാനും അധികാരമുണ്ട്. വിമര്‍ശനത്തില്‍ ഉള്‍ക്കൊള്ളേണ്ടവ ഉള്‍ക്കൊണ്ട് മുന്നോട്ടു പോകും. സിപിഎം സംസ്ഥാനസമിതി യോഗത്തില്‍നിന്ന് ഇറങ്ങിപ്പോയെന്ന വാര്‍ത്ത ശരിയല്ല. ആല്‍ബം തയാറാക്കിയത് തന്നോട് ആലോചിച്ചിട്ടല്ല. കണ്ണൂര്‍ ജില്ലാഘടകത്തില്‍ നടക്കുന്നത് പാര്‍ട്ടി തീരുമാനിച്ച കാര്യങ്ങളാണ്. കണ്ണൂരിനു മാത്രമായി പ്രത്യേകതയൊന്നുമില്ലെന്നും ജയരാജന്‍ പറഞ്ഞു.


ജയരാജന്‍ ജില്ലാ സെക്രട്ടറിയായതില്‍ പിന്നെ സിപിഎമ്മിലേക്ക് മുസ്ലിം ലീഗില്‍ നിന്നും ബിജെപിയില്‍ നിന്നും പ്രവര്‍ത്തകര്‍ ഒഴുകിയെത്തിരുന്നു. ഇതിനു പിന്നില്‍ ജയരാജന്റെ കരുത്തുറ്റ സംഘടനാ പാടവം ഉണ്ടായിരുന്നു. പാര്‍ട്ടിലെ എല്ലാ ഘടകങ്ങളും മികച്ച പ്രവര്‍ത്തനമാണ് നടത്തുന്നതും.

തന്നെ വളര്‍ത്തിയ പാര്‍ട്ടിക്കു വിമര്‍ശിക്കാനും അധികാരമുണ്ടെന്നും പാര്‍ട്ടിയുടെ വിമര്‍ശനം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുമെന്നും ജയരാജന്‍ പറയുമ്പോഴും അദ്ദേഹത്തെ പാര്‍ട്ടി വെട്ടിയൊതുക്കാന്‍ നടത്തുന്ന ശ്രമത്തില്‍ അമ്പരന്നിരിക്കുകയാണ് പ്രവര്‍ത്തകര്‍.

ഒരു നേതാവും പാര്‍ട്ടിക്ക് അതീതനല്ലെന്ന ശക്തമായ സന്ദേശമാണ് ഇതിലൂടെ പാര്‍ട്ടി നല്കുന്നതെന്ന് എന്നാണു പാര്‍ട്ടിക്കു വിധേയരായി പ്രവര്‍ത്തിക്കുന്ന നേതാക്കളുടെ ന്യായീകരണം.

 • ഭര്‍ത്താവിനെതിരെ പരാതിയുമായി ഭാര്യ പോലീസ് സ്റ്റേഷനില്‍ , പ്രണയഗാനം പാടി പ്രശ്‌നം പരിഹരിച്ച് ഭര്‍ത്താവ്
 • 'കടക്ക് പുറത്തി'ന് ശേഷം 'മാറി നില്‍ക്കവിടുന്ന്; 'മാധ്യമങ്ങളെ ആട്ടിയോടിച്ചു വീണ്ടും പിണറായി
 • ദുബായില്‍ പുട്ടുകട ഉദ്ഘാടനത്തിന് പോകാന്‍ പാസ്‌പോര്‍ട്ട് നല്‍കണമെന്ന് ദിലീപ് ഹൈക്കോടതിയില്‍
 • തോമസ് ചാണ്ടിയെ ന്യായീകരിച്ചും സിപിഐയെ കുറ്റപ്പെടുത്തിയും ദേശാഭിമാനി മുഖപ്രസംഗം
 • പ്രതിയാക്കാന്‍ ഉദ്ദേശിക്കുന്ന വ്യക്തിക്കെതിരേ വ്യാജതെളിവുകള്‍ ഉണ്ടാക്കുകയാണു സന്ധ്യയുടെ അന്വേഷണെശെലി- ആരോപണവുമായി ദിലീപ്
 • ദിലീപിനു പിന്നാലെ സഹോദരന്‍ അനൂപിനെയും ദീര്‍ഘമായി ചോദ്യം ചെയ്തു
 • തോമസ് ചാണ്ടിക്കും മുഖ്യമന്ത്രിക്കുമെതിരെ അലന്‍സിയര്‍ പാന്റിന്റെ സിപ് തുറന്നിട്ട് പ്രതിഷേധിച്ചു
 • രാജിവച്ചാലും തോമസ് ചാണ്ടിയെ വെറുതെവിടില്ല; കൈയേറ്റത്തില്‍ തുടര്‍നടപടിക്ക് നിര്‍ദ്ദേശം
 • അസാധാരണ സാഹചര്യം അസാധാരണ നടപടിക്ക് കാരണമായി: മുഖ്യമന്ത്രിക്ക് കാനത്തിന്റെ മറുപടി
 • രാജിവെക്കേണ്ടി വന്നത് ഒരു ഘടകക്ഷിയുടെ നിലപാട് കാരണം; മന്ത്രിസ്ഥാനം ഒഴിച്ചിടുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയതായി തോമസ് ചാണ്ടി
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway