നാട്ടുവാര്‍ത്തകള്‍

മൂന്നാമത്തെ വിക്കറ്റും വീണു; നാടകീയതക്കൊടുവില്‍ അടവുകള്‍ പിഴച്ച് തോമസ് ചാണ്ടിയുടെ രാജി

തിരുവനന്തപുരം: ആദ്യന്തം നാടകീയതക്കൊടുവില്‍ എല്‍.ഡി.എഫ് മന്ത്രിസഭയിലെ മൂന്നാമത്തെ വിക്കറ്റും വീണു. തോമസ് ചാണ്ടി മന്ത്രിസ്ഥാനം രാജിവച്ചു. എന്‍.സി.പി യോഗത്തിലാണ് ഇതു സംബന്ധിച്ച് ധാരണയായത്. രാജിക്കത്ത് പാര്‍ട്ടി നേതാവ് ടി.പി പീതാംബരന്‍ മാസ്റ്റര്‍ക്ക് കൈമാറിയ ശേഷം ചാണ്ടി മന്ത്രിവാഹനത്തില്‍ തന്നെ ആലപ്പുഴയ്ക്ക് പോയി. കുറ്റവിമുക്തനായാല്‍ തിരിച്ചുവരാമെന്ന ഉറപ്പിലാണ് രാജിയെന്ന് തോമസ് ചാണ്ടി പറഞ്ഞു. രാജിക്കത്തു പീതാമ്പരന്‍മാസ്റ്റര്‍ മുഖ്യമന്ത്രിയ്ക്ക് കൈമാറി . രാജി സ്വീകരിച്ചതായും ഗവര്‍ണര്‍ക്കു കൈമാറിയതായും മുഖ്യമന്ത്രി അറിയിച്ചു.


പിണറായി മന്ത്രിസഭയിലെ മൂന്നാമത്തെ രാജിയാണിത്. ബന്ധു നിയമന വിവാദത്തില്‍ ഇ പി ജയരാജനാണ് ആദ്യം തെറിച്ചത്. പിന്നാലെ എന്‍സിപിയിലെ ശശീന്ദ്രന്‍ അശ്‌ളീല ഫോണ്‍ വിവാദത്തില്‍ കുടുങ്ങി പുറത്തായി. പകരം വന്ന തോമസ് ചാണ്ടിയും ഇപ്പോള്‍ പുറത്ത്.

തോമസ് ചാണ്ടി മുഖ്യമന്ത്രിയെ കാണുമെന്ന് എന്‍സിപി യോഗത്തിനു ശേഷം എ.കെ ശശീന്ദ്രന്‍ അറിയിച്ചു. എന്‍.സി.പി ദേശീയ നേതൃത്വവും സംസ്ഥാന നേതൃത്വവും സ്വീകരിച്ച തീരുമാനം തോമസ് ചാണ്ടി മുഖ്യമന്ത്രിയെ അറിയിക്കും. എന്തെങ്കിലും ഉപാധി തോമസ് ചാണ്ടി വച്ചിട്ടുണ്ടോയെന്ന ചോദ്യത്തിന് അത് അദ്ദേഹത്തിനല്ലേ അറിയൂ. താന്‍ മന്ത്രിസഭയിലേക്ക് തിരിച്ചുവരുമോ ഇല്ലയോ എന്നതിന് ഇതുമായി ബന്ധമില്ലെന്നും ശശീന്ദ്രന്‍ അറിയിച്ചു.

മുന്നണിയിലും പുറത്തും സമ്മര്‍ദ്ദം ശക്തമായതോടെ തോമസ് ചാണ്ടി മന്ത്രിസഭാ യോഗത്തില്‍ രാജിസന്നദ്ധത അറിയിച്ചിരുന്നു. ഉപാധികളോടെ രാജിവെക്കാമെന്നാണ് അദ്ദേഹം അറിയിച്ചത്.

ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് അനുകൂല വിധിയുണ്ടായാല്‍ തിരിച്ച് വരാന്‍ അവസരം നല്‍കണമെന്നാണ് ചാണ്ടിയുടെ ഉപാധി. രാവിലെ എട്ട് മണിക്ക് മുഖ്യമന്ത്രിയെ കണ്ടപ്പോള്‍ സാഹചര്യത്തിന്റെ ഗൗരവം പിണറായി അദ്ദേഹത്തെ അറിയിച്ചു. ആ ഘട്ടത്തില്‍ ഒപ്പമുണ്ടായിരുന്ന പാര്‍ട്ടി നേതാവ് ടി.പി പീതാംബരന്‍ മാസ്റ്റര്‍ ഒരുമണിക്കൂര്‍ സാവകാശം ചോദിച്ചു.

മുഖ്യമന്ത്രി അത് അംഗീകരിച്ചു. അവസാനമായി മന്ത്രിസഭാ യോഗത്തില്‍ കൂടി പങ്കെടുക്കാനുള്ള ആഗ്രഹം ചാണ്ടി അറിയിച്ചു. സിപിഐ മന്ത്രിമാരുടെ എതിര്‍പ്പ് അവഗണിച്ച് ചാണ്ടിക്ക് മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കാന്‍ അവസരം നല്‍കി. അതോടെ സിപിഐ മന്ത്രിമാര്‍ ക്യാബിനറ്റ് യോഗം ബഹിഷ്കരിച്ചു. എല്‍ഡിഎഫിലെ പ്രതിസന്ധി കൂടി കണക്കിലെടുത്ത് ചാണ്ടി രാജിസന്നദ്ധത അറിയിക്കുകയായിരുന്നു.

തോമസ് ചാണ്ടി വിഷയം മന്ത്രിസഭായോഗത്തില്‍ ചര്‍ച്ച ചെയ്തില്ലെന്ന് മുഖ്യമന്ത്രി പിന്നീട് മാധ്യമങ്ങളോട് വ്യക്തമാക്കി. കോടതി നിലപാടിന്റെ പശ്ചാത്തലത്തില്‍ തോമസ് ചാണ്ടിയും എന്‍സിപി സംസ്ഥാന പ്രസിഡന്റ് ടി.പി. പീതാംബരന്‍ മാസ്റ്ററും തന്നെ കണ്ടിരുന്നെന്നും ദേശീയ നേതൃത്വവുമായി ചര്‍ച്ച ചെയ്യണമെന്നാണ് അവര്‍ അറിയിച്ചതെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. തീരുമാനം ഉടന്‍ തന്നെ അറിയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രിസഭാ യോഗത്തില്‍ നിന്ന് സിപിഐ മന്ത്രിമാര്‍ വിട്ടു നിന്നതില്‍ മുഖ്യമന്ത്രി അതൃപ്തി അറിയിച്ചു. നടപടി അസാധാരണമാണെന്നും മന്ത്രിസഭാ യോഗത്തില്‍ സംഭവിക്കാന്‍ പാടില്ലാത്തതാണെന്നും പിണറായി വിജയന്‍ പറഞ്ഞു. ഇ.ചന്ദ്രശേഖരന്‍ കത്തുനല്‍കിയിരുന്നു. തോമസ് ചാണ്ടി മന്ത്രിസഭാ യോഗത്തില്‍ എത്തിയാല്‍ വിട്ടുനില്‍ക്കുമെന്ന് അറിയിച്ചിരുന്നു. തീര്‍ത്തും അസാധാരണമായ സാഹചര്യമാണ്. മന്ത്രിസഭാ യോഗത്തില്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ലായിരുന്നു. ഘടകക്ഷികള്‍ക്ക് അര്‍ഹിക്കുന്ന മാന്യത കൊടുത്താണ് പോരുന്നത്. നിലപാടുകള്‍ അവര്‍ സ്വീകരിക്കണം. തോമസ് ചാണ്ടി ധനാഢ്യനായതല്ല പ്രശ്‌നം. അദ്ദേഹം വിദേശത്തുപോയി പണം സമ്പാദിച്ചതിനെ എന്തു ചെയ്യാന്‍ കഴിയും. അദ്ദേഹം മന്ത്രിയാകുന്നതിനു മുന്‍പ് നടന്ന സംഭവത്തിലാണ് ഇപ്പോള്‍ ആരോപണം നേരിടുന്നത്.

മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെടുന്ന സാഹചര്യമില്ല. ഏതു മന്ത്രിയായാലും പാര്‍ട്ടി ഒരു നിലപാട് സ്വീകരിക്കും. അത് അംഗീകരിക്കുന്നതിനെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടതായി കണക്കാക്കേണ്ടതില്ല. തന്റെ നിലപാട് എന്‍.സി.പിയോട് സംസാരിച്ചിരുന്നു. അത് പത്രസമ്മേളനത്തില്‍ പറയേണ്ടതില്ല. അതിന്റെ ഫലമെന്താണെന്ന് നോക്കാം. മന്ത്രിമായിരിക്കുമ്പോള്‍ തോമസ് ചാണ്ടിക്ക് മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കാന്‍ അവകാശമുണ്ടെന്നും സിപിഐ വിട്ടുനില്‍ക്കുന്നത് എന്തിനാണെന്ന് അവരോട് ചോദിക്കണമെന്നും പിണറായി പറഞ്ഞു.

 • ആക്രമിക്കപ്പെട്ട നടിയും ലാലും ഭീഷണിപ്പെടുത്തുന്നതായി പ്രതി മാര്‍ട്ടിന്‍
 • 'ഉഴവൂരിനെപ്പോലെയുള്ള ജോക്കറെ പാര്‍ട്ടിക്ക് ആവശ്യമില്ല'; ഉഴവൂര്‍ വിജയനെ അധിക്ഷേപിച്ച് മാണി സി കാപ്പന്‍
 • കാണാതായ പ്രവീണ്‍ തൊഗാഡിയയെ ബോധരഹിതനായി അഹമ്മദാബാദില്‍ നിന്നും കണ്ടെത്തി
 • പരിഹരിക്കപ്പെട്ടതെ സുപ്രിം കോടതിയിലെ പ്രതിസന്ധി; ജഡ്ജിമാര്‍ തമ്മില്‍ വാക്കേറ്റമെന്ന് റിപ്പോര്‍ട്ട്
 • ബോര്‍ഡിങ് പാസ് എടുത്ത യാത്രക്കാരെ കയറ്റാതെ വിമാനം നേരത്തെ പറന്നു
 • പാസ്‌പോര്‍ട്ട് പരിഷ്‌കാരത്തില്‍ പ്രവാസി ലോകത്ത് ആശങ്ക
 • മന്ത്രിസ്ഥാനത്തേയ്ക്ക് പരിഗണിക്കുന്നവെന്ന വാര്‍ത്തകള്‍ നിഷേധിച്ച് കോവൂര്‍ കുഞ്ഞുമോന്‍
 • മൂന്നു വയസ്സുള്ള മകനെ ജൂവലറിയില്‍ ഉപേക്ഷിച്ച് വീട്ടമ്മ കാമുകനൊപ്പം കടന്നു
 • നാല് വയസുകാരിയുടെ കൊല; അമ്മയുടെ കാമുകന് വധശിക്ഷ; അമ്മയ്ക്കു ഇരട്ട ജീവപര്യന്തം
 • ഫ്രീ ടിക്കറ്റ് കള്ളക്കഥ: ഉപഭോക്താക്കള്‍ വഞ്ചിതരാകരുതെന്ന് എമിറേറ്റ്‌സ്
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway