വിദേശം

കാട്ടുപന്നിയുടെ ഇറച്ചികഴിച്ച് ഗുരുതരാവസ്ഥയിലായ മലയാളി കുടുംബത്തെ സഹായിക്കാന്‍ ബന്ധുക്കള്‍ ന്യൂസീലന്‍ഡിലേക്ക്


കൊട്ടാരക്കര/ ഹാമില്‍ട്ടണ്‍ : കാട്ടുപന്നിയുടെ ഇറച്ചി കഴിച്ച് ഗുരുതരാവസ്ഥയിലായ ന്യൂസിലാന്‍ഡിലെ മലയാളി കുടുംബത്തെ സഹായിക്കാന്‍ ബന്ധുക്കള്‍ ന്യൂസീലന്‍ഡിലേക്ക് തിരിച്ചു. ന്യൂസിലന്‍ഡിലെ നോര്‍ത്ത് ഐലന്‍ഡ് പ്രദേശമായ പുറ്റാറുരുവില്‍ താമസിക്കുന്ന കൊട്ടാരക്കര നീലേശ്വേരം ഷിബുസദനത്തില്‍ ഷിബു കൊച്ചുമ്മന്‍ (35) ഭാര്യ സുബി ബാബു(32) ഷിബുവിന്റെ അമ്മ ഏലിക്കുട്ടി ഡാനിയേല്‍ (62) എന്നിവര്‍ പത്തു ദിവസമായി തീവ്ര പരിചരണ വിഭാഗത്തിലാണ്. വല്ക്കാറ്റോ ആശുപത്രിയിലാണിവര്‍.


കുടുംബത്തെ സഹായിക്കാനായി ഷിബുവിന്റെ സഹോദരി ഷീന, സുബിയുടെ സഹോദരന്‍ സുനില്‍ എന്നിവരാണ് ഞായറാഴ്ച രാത്രി പത്തരയ്ക്കുള്ള വിമാനത്തില്‍ ന്യൂസീലന്‍ഡിലേക്ക് പുറപ്പെട്ടത്. വാളകം മാര്‍ത്തോമ വലിയപള്ളി പാഴ്സനേജില്‍ പ്രത്യേക പ്രാര്‍ഥനയ്ക്കുശേഷമാണ് ഇവര്‍ യാത്രതിരിച്ചത്. അലക്‌സാണ്ടര്‍ മാര്‍ത്തോമ മെത്രാപ്പോലീത്തയും ഇവരെ യാത്രയയയ്ക്കാന്‍ എത്തിയിരുന്നു. ന്യൂസീലന്‍ഡിലെ ഇന്ത്യന്‍ എംബസിയുമായും സഭയുമായും മെത്രാപ്പോലീത്ത ബന്ധപ്പെടുകയും ഇവര്‍ക്ക് സൗകര്യങ്ങള്‍ ഉറപ്പാക്കുകയും ചെയ്തു.


കഴിഞ്ഞ പത്തിനാണ് കാട്ടുപന്നിയിറച്ചി കഴിച്ചതിനെ തുടര്‍ന്ന് അബോധാവസ്ഥയിലായ ഷിബുവിനെയും കുടുംബത്തെയും ആശുപത്രിയിലാക്കിയത്. ഗുരുതരാവസ്ഥയിലായ മൂവരുടെയും നിലയില്‍ നേരിയ പുരോഗതിയുള്ളതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. വിഷബാധ പൂര്‍ണമായി മാറാന്‍ നാളുകളെടുക്കും.

ഷിബുവിന്റെ മക്കളായ ഒന്നും ഏഴും വയസ്സുള്ള പെണ്‍കുട്ടികള്‍ ഹാമില്‍ട്ടണ്‍ മാര്‍ത്തോമ പള്ളിയുടെ സംരക്ഷണയിലാണ്. ഇവരെ നാട്ടിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബന്ധുക്കള്‍ ന്യൂസീലന്‍ഡിലേക്ക് പോയിരിക്കുന്നത്.

മാസത്തിലൊരിക്കല്‍ കൂട്ടുകാരുമൊത്ത് വേട്ടക്ക് പോകാറുള്ള ഷിബുവും കൂട്ടുകാരും ഈ മാസം പത്തിന് പുറ്റാരുരുവില്‍ വേട്ടക്കിറങ്ങിയിരുന്നു. കാട്ടുപന്നിയെ വെടിവെച്ചിട്ട ഷിബു രാത്രി കാട്ടുപന്നിയുടെ ഇറച്ചി വീട്ടില്‍ പാകം ചെയ്ത് കുടുംബവുമൊത്ത് കഴിച്ചതിനെ തുടര്‍ന്നാണ്‌ ഛര്‍ദ്ദി അനുഭവപ്പെട്ടത്. അമ്മയ്ക്കായിരുന്നു ആദ്യം ഛര്‍ദ്ദി തുടങ്ങിയത്. പാരാമെഡിക്‌സിനെ ഫോണ്‍ ചെയ്ത ഷിബു പാതിവഴി അബോധാവസ്ഥയിലായി. പാഞ്ഞെത്തിയ പാരാമെഡിക്‌സ് കണ്ടത് ഷിബുവും ഭാര്യയും അമ്മയും അബോധാവസ്ഥയില്‍ വീണു കിടക്കുന്നതാണ്. കുട്ടികളെ നേരത്തെ ഉറക്കിയത് കാരണം അവര്‍ ഇറച്ചി കഴിച്ചിരുന്നില്ല. ഭക്ഷണ സാധനങ്ങള്‍ പോലീസ് വിശദമായ പരിശോധനക്ക് അയച്ചിട്ടുണ്ട്. വിഷബാധയുള്ള പന്നിയാണെന്നാണ് നിഗമനം.

കാട്ടുപന്നിയിറച്ചി കഴിച്ചതിലൂടെ ഉണ്ടായ വിഷാംശം ശരീരത്തില്‍ നിന്നും നീങ്ങാന്‍ മൂന്നുമാസം എങ്കിലും വേണ്ടിവരുമെന്ന് എന്ന് ആശുപത്രി വൃത്തങ്ങളെ ഉദ്ധരിച്ചു വാര്‍ത്ത പറയുന്നു. അബോധാവസ്ഥയിലുള്ള ഇവരുടെ ശരീരം ഏത് വിധത്തിലാവും പ്രതികരിക്കുക എന്നതില്‍ ആശങ്കയുണ്ട്.

അഞ്ചു വര്‍ഷത്തിന് മുന്‍പാണ് ഷിബു കൊച്ചുമ്മനും കുടുംബവും ന്യൂസിലാന്‍ഡില്‍ എത്തുന്നത്.

 • ഇമ്രാന്‍ ഖാന്‍ മൂന്നാമതും വിവാഹിതനായി: വധു ആത്മീയ ഉപദേശക
 • ഫ്ലോറിഡ വെടിവയ്പ്പില്‍ കുട്ടികള്‍ക്ക് രക്ഷകയായ ശാന്തിടീച്ചറിന് അഭിനന്ദന പ്രവാഹം
 • ഇന്ത്യ തിരയുമ്പോള്‍ മോദി ന്യൂയോര്‍ക്കിലെ ആഡംബര ഹോട്ടലില്‍ സുഖിക്കുന്നു
 • ഫ്ലോറിഡയില്‍ സ്കൂളില്‍ നിന്ന് പുറത്താക്കിയതിന്റെ ദേഷ്യം വിദ്യാര്‍ത്ഥി തീര്‍ത്തത് കുട്ടികളടക്കം 17 പേരെ വെടിവച്ചു കൊന്നു
 • മലയാളി വിദ്യാര്‍ത്ഥി കാനഡയില്‍ സര്‍ഫിങ് പരിശീലനത്തിനിടെ മരിച്ചു
 • 9.50ലക്ഷംയൂറോ ലോട്ടറിച്ചു: വെള്ളമടിക്കിടെ ടിക്കറ്റ് പോയി, 'നിര്‍ഭാഗ്യവാന്‍ ' ജീവനൊടുക്കി
 • താന്‍ സ്വര്‍ഗീയ ഭവനത്തിലേക്കുള്ള യാത്രയിലെന്ന് ബനഡിക്ട് മാര്‍പാപ്പ
 • രോഗിയായ കുഞ്ഞിനെ ചികിത്സിക്കാന്‍ തെരുവില്‍ മുലപ്പാല്‍ വില്‍ക്കുന്ന ഒരമ്മ
 • ഫിദല്‍ കാസ്‌ട്രോയുടെ മകന്‍ ഡയസ് ബല്ലാര്‍ട്ട് ജീവനൊടുക്കി
 • പെന്‍സില്‍വാനിയയില്‍ കാര്‍വാഷിംഗ് കേന്ദ്രത്തില്‍ വെടിവെയ്പ് ; നാല് പേര്‍ കൊല്ലപ്പെട്ടു
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway