നാട്ടുവാര്‍ത്തകള്‍

ജിഷ കൊലക്കേസില്‍ പ്രതി അമീര്‍ ഉള്‍ ഇസ്ലാമിന് വധശിക്ഷ


കൊച്ചി: കേരളത്തെ ഞെട്ടിച്ച ജിഷ കൊലക്കേസില്‍ ആസാം സ്വദേശിയായ പ്രതി അമീര്‍ ഉള്‍ ഇസ്ലാമിന് വധശിക്ഷ. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി അനില്‍കുമാറാണ് വിധിപ്രസ്താവിച്ചത്. കേസില്‍ പ്രതിക്ക് പരമാവധി ശിക്ഷ തന്നെ വേണമെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിക്കുകയായിരുന്നു. മറ്റു കുറ്റങ്ങളില്‍ ഏഴു വര്‍ഷം തടവും പത്തു വര്‍ഷം തടവും അഞ്ചു ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. ഓരോ കുറ്റത്തിനും പ്രത്യേകം പ്രത്യേകം ശിക്ഷ വിധിച്ച ശേഷം ഒടുവിലായിട്ടായിരുന്നു വധശിക്ഷ പ്ര​‍ഖ്യാപിച്ചത്. കൊലപാതകവും ബലാത്സംഗവും അതിക്രമിച്ചു കടക്കലും കോടതി ശരിവെച്ചു.
കേസ് കേന്ദ്ര ഏജന്‍സിയെക്കൊണ്ടു പുനഃരന്വേഷിക്കണമെന്ന അമീറിന്റെ അഭിഭാഷകന്‍ ബി.എ. ആളൂര്‍ സമര്‍പ്പിച്ച അപേക്ഷ കോടതി കഴിഞ്ഞദിവസം തന്നെ തള്ളിയിരുന്നു

പെരുമ്പാവൂര്‍ ഇരിങ്ങോള്‍ കനാല്‍പ്പുറമ്പോക്കിലെ വീട്ടില്‍ ജിഷയെ അസം സ്വദേശിയായ പ്രതി കൊലപ്പെടുത്തിയെന്നാണ് കേസ്. 2016 ഏപ്രില്‍ 28 ന് വൈകിട്ട് 5.45 നും 6.15 നും മധ്യേയാണ് സ്വന്തം വീട്ടില്‍വെച്ച് ജിഷ കൊല്ലപ്പെട്ടത്. മാസങ്ങള്‍ എടുത്തായിരുന്നു വിചാരണ പൂര്‍ത്തിയായത്.
അടച്ചിട്ട കോടതിമുറിയില്‍ 74 ദിവസം പ്രോസിക്യൂഷന്‍ വാദം നടത്തി. തുടര്‍ന്ന് തുറന്നകോടതിയിലും വിചാരണ നടന്നു. പ്രതിക്കുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ബി.എ. ആളൂരും പ്രോസിക്യൂഷനുവേണ്ടി എന്‍.കെ. ഉണിക്കൃഷ്ണനുമാണ് ഹാജരായത്. അമീറിന് അസമീസ് ഭാഷ മാത്രമേ അറിയൂവെന്നതിനാല്‍ പോലീസിന്റെ ചോദ്യങ്ങള്‍ പലതും മനസിലായില്ലെന്നും അതിനാല്‍ കേന്ദ്ര ഏജന്‍സിയെക്കൊണ്ടു പുനരന്വേഷണം നടത്തണമെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ ആവശ്യം. ജിഷയുടെ പിതാവ് പാപ്പുവും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നെന്നും ആളൂര്‍ ചുണ്ടിക്കാട്ടി. ഹര്‍ജി തള്ളിയ കോടതി ശിക്ഷാ ഇളവിനെക്കുറിച്ചു മാത്രം പറഞ്ഞാല്‍ മതിയെന്നു നിര്‍ദേശിക്കുകയായിരുന്നു.
കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്നും നിര്‍ഭയക്കേസിനു സമാനമാണെന്നും പ്രതിക്കു പരമാവധി ശിക്ഷ നല്‍കണമെന്നുമായിരുന്നു പ്രോസിക്യൂഷന്‍ വാദിച്ചത്. കുറ്റമൊന്നും ചെയ്തില്ലെന്നും ജിഷയെ അറിയില്ലെന്നുമായിരുന്നു ഇന്നലെയും കോടതിയില്‍ അമീറിന്റെ വാക്കുകള്‍. വധശിക്ഷവരെ കിട്ടാവുന്ന വകുപ്പുകള്‍ പ്രകാരമായിരുന്നു കഴിഞ്ഞ ദിവസം കോടതി അമീര്‍ കുറ്റക്കാരനെന്നു കണ്ടെത്തിയത്. ഭവനഭേദനം, ബലാത്സംഗം, കൊലപാതകം എന്നിവ ഉള്‍പ്പെട്ട അഞ്ചു കുറ്റങ്ങളായിരുന്നു കോടതി കണ്ടെത്തിയത്. <
2016 ഏപ്രില്‍ 28നു പെരുമ്പാവൂരിലെ കുറുപ്പംപടി കനാല്‍ബണ്ട് റോഡിലെ ജിഷയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയ പ്രതി ജിഷയെ ക്രൂരമായി മാനഭംഗപ്പെടുത്തിയശേഷം കൊലപ്പെടുത്തിയെന്നാണു കേസ്. സാക്ഷിമൊഴികളുടെയും ഡി.എന്‍.എ. പരിശോധനയുടെയും അടിസ്ഥാനത്തിലാണു കോടതി കുറ്റക്കാരനെന്നു കണ്ടെത്തിയത്. സാക്ഷികളില്ലാത്ത കേസില്‍ പരിശോധനാഫലങ്ങളെയാണ് പ്രധാനമായും അന്വേഷണസംഘം ആശ്രയിച്ചത്. ജിഷയുടെ വസ്ത്രങ്ങളില്‍ നിന്നു കിട്ടിയ ഉമിനീര്‍, നഖങ്ങള്‍ക്കിടയില്‍ നിന്നും കിട്ടിയ പ്രതിയുടെ തൊലിയുടെ അംശം. വാതിലിലെ രക്തക്കറ, ജിഷയുടെ ശരീരത്തിലെ കടിയുടെ പാട്, മൃതദേഹത്തില്‍ നിന്നും കിട്ടിയ മുടി, പ്രതിയുടെ കൈവിരലിലെ മുറിവ് എന്നിവയെല്ലാം തെളിവായി സമര്‍പ്പിച്ചിരുന്നു. ഇതിനൊപ്പം നാട്ടുകാരും ഇതരസംസ്ഥാന തൊഴിലാളികളും ഉള്‍പ്പെടെ അനേകം സാക്ഷികളെയും വിസ്തരിക്കുകയുണ്ടായി.
അന്വേഷണ സംഘാംഗങ്ങള്‍, പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍, ഫോറന്‍സിക്, ഡി.എന്‍.എ. വിദഗ്ധര്‍ എന്നിവര്‍ ഉള്‍പ്പെടെ 104 സാക്ഷികളെ വിസ്തരിച്ചു. ഇതില്‍ 15 പേര്‍ ഇതരസംസ്ഥാന തൊഴിലാളികളായിരുന്നു. പത്തിലധികം ഡിഎന്‍എ സാമ്പികളുടെ പരിശോധനാ ഫലങ്ങളാണ് അന്വേഷണസംഘം കുറ്റപത്രത്തിനൊപ്പം വെച്ചിരുന്നത്. രാവിലെ പത്തര മണിയോടെ അമിര്‍ ഉള്‍ ഇസ്‌ളാമിനെ കോടതിയില്‍ എത്തിച്ചിരുന്നു. പ്രതിക്ക് വധശിക്ഷ തന്നെ നല്‍കണമെന്ന് ജിഷയുടെ മാതാവ് രാജേശ്വരിയും പറഞ്ഞിരുന്നു.
ജിഷയോടുള്ള പ്രതിയുടെ അടങ്ങാത്ത തൃഷ്ണയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു പോലീസ് കണ്ടെത്തല്‍.

 • തല്‍ക്കാലം ഒരു മുന്നണിയിലേക്കുമില്ലെന്ന് മാണി; സിപിഐ ശവക്കുഴിയില്‍ കിടക്കുന്ന പാര്‍ട്ടി
 • സുനന്ദ പുഷ്‌ക്കറിന്റെ മരണം: ശശി തരൂരിനെ ഫോറന്‍സിക് സൈക്കോളജിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കി
 • അമ്മയെ സ്വഭാവദൂഷ്യമുള്ളവളാക്കുന്നത് വേദനിപ്പിക്കുന്നെന്ന് ജിത്തുവിന്റെ സഹോദരി
 • നഷ്ടം തിട്ടപ്പെടുത്താനും സഭയുടെ ഭൂമി ഇടപാട് അന്വേഷിക്കാനും അഞ്ചംഗ സമിതി
 • ജിത്തുവിന്റെ കൊലപാതകം: ജയമോളുടെ മൊഴി കളവെന്ന് ജിത്തുവിന്റെ മുത്തച്ഛനും മുത്തശ്ശിയും
 • കുറ്റം ഏറ്റു പറഞ്ഞു ജയമോള്‍ കോടതിയില്‍ കുഴഞ്ഞു വീണു
 • ദിലീപിന് തിരിച്ചടി; കുറ്റപത്രം ചോര്‍ന്നെന്ന പരാതിയില്‍ അന്വേഷണമില്ല
 • ശ്രീജിത്തിന്റെ ഐതിഹാസിക സമരം ലക്ഷ്യത്തിലേക്ക്; ശ്രീജീവിന്റെ മരണം സിബിഐ അന്വേഷിക്കും
 • സ്വന്തം വിവാഹ മോചനത്തെക്കുറിച്ചു പ്രതിഭാ ഹരി
 • വൈദികനാവാന്‍ കൊതിച്ച ജിത്തുവിന് മാതാവ് കരുതിവച്ചതു ക്രൂരമായ മരണം; കൂസലില്ലാതെ പൊലീസിന് മുന്നില്‍ കൊലപ്പെടുത്തിയവിധം കാണിച്ച് ജയമോള്‍
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway