നാട്ടുവാര്‍ത്തകള്‍

'ലോക കേരളസഭ'യുടെ പ്രഥമ സമ്മേളനത്തിനു തുടക്കം; യുകെയില്‍ നിന്നടക്കം പ്രതിനിധികള്‍

തിരുവനന്തപുരം: കേരളത്തിന്റെ വികസനത്തിനും പൊതുനന്മയ്ക്കുമായി പ്രവാസി സമൂഹത്തെയാകെ അണിനിരത്തുന്ന 'ലോക കേരളസഭ'യുടെ പ്രഥമസമ്മേളനത്തിന് തലസ്ഥാനത്ത് തുടക്കമായി. രാജ്യത്തിനകത്തും പുറത്തും നിന്നുള്ള പ്രതിനിധികള്‍ സഭയില്‍ പങ്കെടുക്കാനായി തലസ്ഥാനത്തെത്തി.


നിയമസഭാമന്ദിരത്തിലെ പ്രത്യേക വേദിയില്‍ രാവിലെ പത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു കരട് രേഖ അവതരിപ്പിച്ചു. പ്രവാസി സമൂഹം നല്‍കുന്ന സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ കഴിയുന്ന വേദിയാണിത്. സംസ്​ഥാനത്തിനു പുറത്തുള്ള കേരളീയരുടെ പ്രശ്​നങ്ങള്‍ പരിഹരിക്കാനുള്ള വേദികൂടിയാകാന്‍ കേരളസഭക്ക്​ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു. രാവിലെ 8.30മുതല്‍ 9.30വരെ അംഗങ്ങളുടെ രജിസ്‌ട്രേഷന്‍ ആയിരുന്നു. ചീഫ് സെക്രട്ടറി പോള്‍ ആന്റണിയാണ് സഭാ രൂപീകരണം സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.


തുടര്‍ന്ന് സഭാംഗങ്ങള്‍ ഒരുമിച്ച് സത്യപ്രതിജ്ഞചെയ്ത് ചുമതലയേറ്റു. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ സഭയുടെ പ്രാധാന്യം വിശദീകരിച്ചു.351 അംഗങ്ങളാണ് സഭയില്‍ ഉണ്ടാകുക.


ലോക കേരളസഭയെക്കുറിച്ചുള്ള തങ്ങളുടെ കാഴ്ചപ്പാട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ,രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ പി ജെ കുര്യന്‍, കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, മുന്‍ മുഖ്യമന്ത്രിമാരായ വിഎസ് അച്യുതാനന്ദന്‍, ഉമ്മന്‍ചാണ്ടി, മുന്‍ കേന്ദ്രമന്ത്രി വയലാര്‍ രവി തുടങ്ങിയവര്‍ അവതരിപ്പിക്കും.

ഉച്ചകഴിഞ്ഞു അഞ്ച് ഉപവേദികളിലായി മേഖല തിരിച്ചുള്ള സമ്മേളനങ്ങള്‍ നടക്കും. പൊതുസമ്മേളനത്തില്‍ മേഖലാചര്‍ച്ചകളുടെ അവതരണം ഉണ്ടാകും. മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, പ്രവാസിവ്യവസായികള്‍, സംരംഭകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. വൈകിട്ട് 6.15മുതല്‍ സാംസ്‌കാരികപരിപാടികള്‍.

പ്രഭാവര്‍മ രചിച്ച് ശരത് സംഗീതംനല്‍കിയ മുദ്രാഗാന അവതരണം, പ്രമോദ് പയ്യന്നൂരും ജയരാജ് വാര്യരും ചേര്‍ന്ന് ഒരുക്കുന്ന സംഗീതം, കൊറിയോഗ്രഫി, കാരിക്കേച്ചര്‍ എന്നിവയുടെ ദൃശ്യാവിഷ്‌കാരം ‘ദൃശ്യാഷ്ടക’വും അരങ്ങേറും.

ശനിയാഴ്ച രാവിലെ ഒമ്പതുമുതല്‍ മേഖലാസമ്മേളനങ്ങള്‍. ധനകാര്യം, വ്യവസായം, വിവരസാങ്കേതികവിദ്യ, നവ സാങ്കേതികവിദ്യകള്‍, പ്രവാസികളുടെ പ്രശ്‌നങ്ങള്‍: പ്രവാസത്തിനു മുമ്പും പ്രവാസത്തിലും, കൃഷി അനുബന്ധ മേഖലകള്‍, സ്ത്രീകളും പ്രവാസവും വിഷയങ്ങളില്‍ ചര്‍ച്ച നടക്കും.

രണ്ടാം സെഷനില്‍ പ്രവാസത്തിന്റെ പ്രശ്‌നങ്ങള്‍, പ്രവാസത്തിനുശേഷം, വിനോദസഞ്ചാരം, സഹകരണം, വിദ്യാഭ്യാസം, സാമൂഹ്യനീതി, ആരോഗ്യം, സാംസ്‌കാരികം വിഷയങ്ങള്‍ ചര്‍ച്ചചെയ്യും. പകല്‍ രണ്ടിന് പൊതുസഭാസമ്മേളനം ആരംഭിക്കും. 3.45ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സമാപനപ്രസംഗം നടത്തും. വൈകിട്ട് 6.30ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമാപനസമ്മേളനം ഗവര്‍ണര്‍ പി സദാശിവം ഉദ്ഘാടനംചെയ്യും. മുഖ്യമന്ത്രി അധ്യക്ഷനാകും. പൊതുസമ്മേളനവും കലാപരിപാടികളും അരങ്ങേറും. കേരളസഭാ സമ്മേളനത്തോടനുബന്ധിച്ച് പ്രമുഖ ശാസ്ത്രജ്ഞര്‍ പങ്കെടുക്കുന്ന സംവാദം, ഓപ്പണ്‍ഫോറം തുടങ്ങിയവയും നടക്കും. സഭാ നടപടികള്‍ നിയന്ത്രിക്കുന്നത് നിയമസഭാ സ്പീക്കറുടെ അധ്യക്ഷതയില്‍ ഏഴ് അംഗങ്ങളുള്ള പ്രസീഡിയം ആയിരിക്കും.
മലയാളി ഉള്ളിടത്തെല്ലാം കേരളത്തിന്റെ കൈഎത്തുക എന്ന പരിശ്രമത്തിന്റെ ഭാഗമാണ് കേരളാ ലോകസഭയെന്ന് കഴിഞ്ഞദിവസം പി.ശ്രീരാമകൃഷ്ണന്‍ പറഞ്ഞിരുന്നു. 'പ്രവാസികളുടെ പ്രശ്‌നങ്ങള്‍ ശക്തമായി അഭിസംബോധന ചെയ്യാന്‍ ഗവണ്‍മെന്റ് തീരുമാനിച്ചതിന്റെ മികച്ച ഉദാഹരണമാണ് ലോക കേരള സഭ. പ്രവാസി വൈദഗ്ധ്യവും അനുഭവ സമ്പത്തും കേരള വികസനത്തിന് പ്രയോജനപ്പെടുത്താന്‍ ഗവണ്‍മെന്റ് ഗൗരവപൂര്‍വ്വം തീരുമാനിച്ചതിന്റെ തെളിവാണ് ലോക കേരള സഭ' എന്നും സ്പീക്കര്‍ പറഞ്ഞിരുന്നു.


അതേസമയം, പ്രതിപക്ഷ ഉപനേതാവ് എം.കെ. മുനീര്‍ ലോക കേരളസഭ ബഹിഷ്‌കരിച്ചു. ഇരിപ്പിടം ഒരുക്കിയതില്‍ അവഗണനയുണ്ടായി എന്നാരോപിച്ച് ഇറങ്ങിപ്പോവുകയായിരുന്നു. വ്യവസായികള്‍ക്കും പിന്നില്‍ പ്രതിപക്ഷ ഉപനേതാവിന് സീറ്റൊരുക്കിയതിലായിരുന്നു പ്രതിഷേധം. പിന്നീട് പ്രശ്‌നം പരിഹരിച്ച ശേഷം മുനീര്‍ തിരിച്ചെത്തി.

 • ആലപ്പുഴയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച എസ് ഐ അറസ്റ്റില്‍
 • ആക്രമിക്കപ്പെട്ട നടിയും ലാലും ഭീഷണിപ്പെടുത്തുന്നതായി പ്രതി മാര്‍ട്ടിന്‍
 • കാണാതായ പ്രവീണ്‍ തൊഗാഡിയയെ ബോധരഹിതനായി അഹമ്മദാബാദില്‍ നിന്നും കണ്ടെത്തി
 • സുപ്രിം കോടതിയിലെ പ്രതിസന്ധി; വാര്‍ത്താസമ്മേളനം വിളിച്ച ജഡ്ജിമാരെ ചീഫ് ജസ്റ്റിസ് കണ്ടു, മഞ്ഞുരുകിയില്ല
 • ബോര്‍ഡിങ് പാസ് എടുത്ത യാത്രക്കാരെ കയറ്റാതെ വിമാനം നേരത്തെ പറന്നു
 • പാസ്‌പോര്‍ട്ട് പരിഷ്‌കാരത്തില്‍ പ്രവാസി ലോകത്ത് ആശങ്ക
 • മന്ത്രിസ്ഥാനത്തേയ്ക്ക് പരിഗണിക്കുന്നവെന്ന വാര്‍ത്തകള്‍ നിഷേധിച്ച് കോവൂര്‍ കുഞ്ഞുമോന്‍
 • മൂന്നു വയസ്സുള്ള മകനെ ജൂവലറിയില്‍ ഉപേക്ഷിച്ച് വീട്ടമ്മ കാമുകനൊപ്പം കടന്നു
 • നാല് വയസുകാരിയുടെ കൊല; അമ്മയുടെ കാമുകന് വധശിക്ഷ; അമ്മയ്ക്കു ഇരട്ട ജീവപര്യന്തം
 • ഫ്രീ ടിക്കറ്റ് കള്ളക്കഥ: ഉപഭോക്താക്കള്‍ വഞ്ചിതരാകരുതെന്ന് എമിറേറ്റ്‌സ്
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway