നാട്ടുവാര്‍ത്തകള്‍

ചീഫ് ജസ്റ്റിസിനെതിരായ ആരോപണങ്ങളുമായി കുര്യന്‍ ജോസഫ് ഉള്‍പ്പെടെ നാലു മുതിര്‍ന്ന ജഡ്ജിമാര്‍ ; സുപ്രീം കോടതിയില്‍ പൊട്ടിത്തെറി

ന്യൂഡല്‍ഹി: സുപ്രീം കോടതിയുടെ ചരിത്രത്തില്‍ ആദ്യമായിചീഫ് ജസ്റ്റിസിനെതിരായ ആരോപണങ്ങളുമായി നാല് മുതിര്‍ന്ന ജഡ്ജിമാരുടെ വാര്‍ത്താസമ്മേളനം. സംഭവം കോടതി നടപടികള്‍ മുടക്കി. ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരെ മലയാളിയായ ജസ്റ്റിസ് കുര്യന്‍ ജോസഫ് ഉള്‍പ്പെടെ നാലു മുതിര്‍ന്ന ജഡ്ജിമാര്‍ ആണ് കോടതിക്ക് പുറത്തു വാര്‍ത്താസമ്മേളനം നടത്തിയത്. കൊളീജിയത്തിലെ അംഗങ്ങളായ ജസ്റ്റിസ് ജെ. ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയ്, മദന്‍ ബി. ലോകൂര്‍, കുര്യന്‍ ജോസഫ് എന്നിവരാണ് വാര്‍ത്താ സമ്മേളനം വിളിച്ചത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് പുറമേ സുപ്രീംകോടതിയിലെ ഏറ്റവും മുതിര്‍ന്ന നാല് ജഡ്ജിമാര്‍ ഉള്‍പ്പെട്ടതാണ് കൊളീജിയം.

കുറച്ചു മാസങ്ങളായി സുപ്രീം കോടതിയുടെ പ്രവര്‍ത്തനങ്ങള്‍ ശരിയായ വിധത്തിലല്ല നടക്കുന്നതെന്ന് ചെലമേശ്വറിന്റെ നേതൃത്വത്തിലുള്ള ജഡ്ജിമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രണ്ടു മാസങ്ങല്‍ക്കു മുന്‍പ് ഞങ്ങള്‍ ചീഫ് ജസ്റ്റിസിന് ഒരു കത്തു നല്‍കിയിരുന്നു. ഒരു പ്രത്യേക കാര്യം ആവശ്യപ്പെടുകൊണ്ടുള്ളതായിരുന്നു അത്. ഇന്നു രാവിലെയും അക്കാര്യങ്ങളുമായി ബന്ധപ്പെട്ട് ചീഫ് ജസ്റ്റിസിനെ കണ്ടിരുന്നു. എന്നാല്‍ ആ ചര്‍ച്ചയും പരാജയപ്പെടുകയായിരുന്നു. എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് മാധ്യമങ്ങള്‍ക്കു മുന്നില്‍ എത്തിയത്.

പലപ്പോഴും സുപ്രീം കോടതി സംവിധാനങ്ങള്‍ ശരിയായ രീതിയിലല്ല നടക്കുന്നത്. സംഭവിക്കാന്‍ പാടില്ലാത്തതാണ് കഴിഞ്ഞ ഏതാനും മാസങ്ങളായി സംഭവിച്ചുകൊണ്ടിരിക്കുന്നത്. മുതിര്‍ന്ന അംഗങ്ങള്‍ എന്ന നിലയില്‍ കോടതിയോടും രാജ്യത്തോടും ചില കാര്യങ്ങള്‍ വെളിപ്പെടുത്തേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്വമാണ്. പക്ഷപാതിത്വമില്ലാത്ത കോടതിയാണ് ജനാധിപത്യ സംവിധാനത്തിന്റെ അടിത്തറ. എന്നാല്‍ ക്രമരഹിതമായ പ്രവര്‍ത്തനങ്ങളാണ് ചീഫ് ജസ്റ്റിസിന്റെ ഭാഗത്തുനിന്നുണ്ടാകുന്നന്നതെന്നും അവര്‍ പറഞ്ഞു. സുതാര്യമല്ലാത്ത പ്രവര്‍ത്തനമാണ് കൊളീജിയത്തിന്റെ നേതൃത്വത്തില്‍ നടക്കുന്നതെന്ന അഭിപ്രായം നേരത്തെ തന്നെ ഉണ്ടായിരുന്നു.

സൊഹ്‌റാബുദിന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസ് പരിഗണിച്ച ജഡ്ജി ബ്രിജ്‌ഗോപാല്‍ ലോയയുടെ ദുരൂഹ മരണത്തിന്റെ പേരിലും ചീഫ് ജസ്റ്റിസും ജഡ്ജിമാരും തമ്മില്‍ തര്‍ക്കമുണ്ട്. ഗുജറാത്ത് ആഭ്യന്തരമന്ത്രിയായിരിക്കെ അമിത് ഷാ പ്രതിയായ കേസില്‍ അമിത്ഷാ നേരിട്ട് ഹാജരാകണമെന്ന് ഉത്തരവിട്ടതിന് പിന്നാലെയാണ് ജഡ്ജിയെ നാഗ്പ്പൂരിലെ ഗസ്റ്റ് ഹൗസില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 2014 ഡിസംബര്‍ 1നായിരുന്നു സംഭവം.നേരത്തെ തന്നെ സുപ്രീം കോടതിയില്‍ ജഡ്ജിമാര്‍ തമ്മിലുള്ള ശീതസമരം വാര്‍ത്തയായിരുന്നു. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കു നേരെ സുപ്രീം കോടതി അഭിഭാഷകര്‍ തന്നെ വലിയ അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഇതില്‍ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് ഒരു ഹര്‍ജിയും സുപ്രീം കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടിരുന്നു.ഈ ഹര്‍ജി ജസ്റ്റിസ് ചെലമേശ്വറിന്റെ ബെഞ്ചിലെത്തുകയും ഹര്‍ജി ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയ്ക്കു് വിടാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മറ്റൊരു ബഞ്ച് ചെലമേശ്വറിന്റെ തീരുമാനവും ഉത്തരവും റദ്ദാക്കുകയും ചെയ്തിരുന്നു.


ഇന്ത്യന്‍ ജുഡീഷ്യറിയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരം ഒരു നീക്കം. ഇന്നലെ ജഡ്ജിമാരുടെ നിയമനവുമായി ബന്ധപ്പെട്ട കൊളീജിയം എടുത്ത തീരുമാനങ്ങള്‍ ആണ് പൊട്ടിത്തെറിയിലേക്ക് നയിച്ചതെന്ന് സൂചനയുണ്ട്.

ഇന്ന് ഒരു ഇംഗ്ലീഷ് പത്രത്തില്‍ ദുഷ്യന്ത് ദവെ ചീഫ് ജസ്റ്റീസിന് എതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ചിരുന്നു. കേസുകള്‍ നല്‍കുന്നതില്‍ ചീഫ് ജസ്റ്റീസ് തന്റെ വിവേചനാധികാരം ഉപയോഗിക്കുന്നതില്‍ ക്രമക്കേട് ഉണ്ടെന്നായിരുന്നു ദവെയുടെ ആരോപണം. ചില കേസുകള്‍ ചീഫ് ജസ്റ്റീസ് തനിക്ക് താല്‍പര്യമുള്ള ബഞ്ചുകളിലേക്ക് വിടുകയാണെന്നും ജസ്റ്റീസ് ചെലമേശ്വരുടെ ബഞ്ചിലേക്ക് സുപ്രധാന കേസുകള്‍ പോകുന്നില്ലെന്നും ദവെ ആരോപിച്ചിരുന്നു.

ചീഫ് ജസ്റ്റീസിനെതിരെ ജഡ്ജിമാരുടെ പ്രതിഷേധത്തില്‍ പിന്തുണ വ്യക്തമാക്കി മുതിര്‍ന്ന അഭിഭാഷകരും രംഗത്തെത്തിയിട്ടുണ്ട്. എന്തായാലും ഇന്ത്യന്‍ നീതിന്യായ ചരിത്രത്തില്‍ ഇതുവരെ കേട്ടുകേള്‍വിയില്ലാത്ത പ്രതിഷേധത്തിനാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്.


ആരാണ് ഇതിനു പരിഹാരം കാണുക എന്നും എന്താണ് സമവായം എന്നും വ്യക്തമല്ല.
അതിനിടെ,സുപ്രീംകോടതി ജഡ്ജിയായി ഒരു മലയാളികൂടി എത്തുന്നു. ജസ്റ്റീസ് കെ.എം ജോസഫിനെ സുപ്രീംകോടതി ജഡ്ജിയായി നിയമിക്കാന്‍ ചീഫ് ജസ്റ്റീസ് അധ്യക്ഷനായ കൊളീജീയം ശുപാര്‍ശ ചെയ്തു. ഒമ്പതു വര്‍ഷം കേരള ഹൈക്കോടതി ജഡ്ജിയായിരുന്നു ജസ്റ്റിസ് കെ.എം ജോസഫ്. നിലവില്‍ ആന്ധ്ര-തെലുങ്കാന ഹൈക്കോടതി ചീഫ് ജസ്റ്റിസാണ്

 • ആലപ്പുഴയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച എസ് ഐ അറസ്റ്റില്‍
 • ആക്രമിക്കപ്പെട്ട നടിയും ലാലും ഭീഷണിപ്പെടുത്തുന്നതായി പ്രതി മാര്‍ട്ടിന്‍
 • കാണാതായ പ്രവീണ്‍ തൊഗാഡിയയെ ബോധരഹിതനായി അഹമ്മദാബാദില്‍ നിന്നും കണ്ടെത്തി
 • സുപ്രിം കോടതിയിലെ പ്രതിസന്ധി; വാര്‍ത്താസമ്മേളനം വിളിച്ച ജഡ്ജിമാരെ ചീഫ് ജസ്റ്റിസ് കണ്ടു, മഞ്ഞുരുകിയില്ല
 • ബോര്‍ഡിങ് പാസ് എടുത്ത യാത്രക്കാരെ കയറ്റാതെ വിമാനം നേരത്തെ പറന്നു
 • പാസ്‌പോര്‍ട്ട് പരിഷ്‌കാരത്തില്‍ പ്രവാസി ലോകത്ത് ആശങ്ക
 • മന്ത്രിസ്ഥാനത്തേയ്ക്ക് പരിഗണിക്കുന്നവെന്ന വാര്‍ത്തകള്‍ നിഷേധിച്ച് കോവൂര്‍ കുഞ്ഞുമോന്‍
 • മൂന്നു വയസ്സുള്ള മകനെ ജൂവലറിയില്‍ ഉപേക്ഷിച്ച് വീട്ടമ്മ കാമുകനൊപ്പം കടന്നു
 • നാല് വയസുകാരിയുടെ കൊല; അമ്മയുടെ കാമുകന് വധശിക്ഷ; അമ്മയ്ക്കു ഇരട്ട ജീവപര്യന്തം
 • ഫ്രീ ടിക്കറ്റ് കള്ളക്കഥ: ഉപഭോക്താക്കള്‍ വഞ്ചിതരാകരുതെന്ന് എമിറേറ്റ്‌സ്
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway