നാട്ടുവാര്‍ത്തകള്‍

പാസ്‌പോര്‍ട്ട് പരിഷ്‌കാരത്തില്‍ പ്രവാസി ലോകത്ത് ആശങ്ക


ഇന്ത്യന്‍ പാസ്‌പോര്‍ട്ടുകളില്‍ വരുത്താന്‍ പോവുന്ന പുതിയ പരിഷ്‌കാരങ്ങള്‍ പ്രവാസലോകത്ത് ആശങ്ക പരത്തുന്നു. പാസ്‌പോര്‍ട്ടിന്റെ നിറംമാറ്റവും വിലാസം നല്‍കുന്ന പേജ് ഒഴിവാക്കലും വലിയ എതിര്‍പ്പിന് ഇടയാക്കിയിരിക്കുന്നത്. ആളുകളെ വിഭജിക്കുന്ന തരത്തിലുള്ള പരിഷ്‌കാരം ആണിതെന്നു വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

നിലവിലുള്ള പാസ്‌പോര്‍ട്ടിന്റെ കാലാവധി കഴിയുന്ന മുറയ്ക്ക് പുതുക്കിയെടുക്കുന്നവര്‍ക്കും പുതിയ പാസ്‌പോര്‍ട്ട് വാങ്ങുന്നവര്‍ക്കുമായിട്ടായിരിക്കും ഇത് ബാധകം. ഇമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമുള്ളവര്‍ക്ക് ഇനിമുതല്‍ ഓറഞ്ച് നിറത്തിലുള്ള പാസ്‌പോര്‍ട്ടായിരിക്കുമെന്നാണ് വിദേശ മന്ത്രാലയത്തിന്റെ അറിയിപ്പ്.
പത്താം ക്ലാസ്സ് തോറ്റവര്‍ക്കാണ് സാധാരണഗതിയില്‍ ഇമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമാണെന്ന സീല്‍ പാസ്‌പോര്‍ട്ടില്‍ പതിക്കുന്നത്. സാധാരണതൊഴിലാളികളാണ് ഈ വിഭാഗത്തില്‍ ഏറെയും ഉള്‍പ്പെടുന്നത്. പൗരന്മാരെ തൊഴിലിന്റെയും വിദ്യാഭ്യാസത്തിന്റെയും അടിസ്ഥാനത്തില്‍ വേര്‍തിരിക്കുന്നു എന്നാണു ആക്ഷേപം.


പാസ്‌പോര്‍ട്ട് ഉടമയുടെ അച്ഛന്‍, അമ്മ, ഭാര്യ/ ഭര്‍ത്താവ് എന്നിവരുടെയും പാസ്‌പോര്‍ട്ട് കിട്ടുമ്പോള്‍ ഉള്ള താമസസ്ഥലത്തിന്റെ വിലാസവും വിശദമാക്കുന്നതാണ് അവസാന പേജ്. ഈ പേജാണ് പിന്‍വലിക്കുന്നത്. വിദേശരാജ്യങ്ങളില്‍ ഭാര്യക്കോ അച്ഛനമ്മമാര്‍ക്കോ വിസ എടുക്കുന്നതിന് കുടുംബബന്ധം വിശദമാക്കുന്ന ഈ പേജ് അപേക്ഷകര്‍ക്ക് നല്ല രേഖയാണ്. പാസ്‌പോര്‍ട്ടിലെ ബന്ധം നോക്കിയാണ് ഇപ്പോള്‍ ഇവിടങ്ങളിലെ ഇമിഗ്രേഷന്‍ അധികൃതര്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നത്. പരിഷ്‌കരിച്ച പാസ്‌പോര്‍ട്ടില്‍ ബാര്‍കോഡ് സ്‌കാന്‍ ചെയ്താല്‍ ഇമിഗ്രേഷന്‍ അധികൃതര്‍ക്ക് ഇത്തരം കാര്യങ്ങള്‍ എളുപ്പത്തില്‍ അറിയാനാവുമെന്നാണ് ഔദ്യോഗിക ഭാഭാഷ്യം. എന്നാല്‍ വിദേശത്തെ ഇമിഗ്രേഷന്‍ ഓഫീസുകള്‍ ബന്ധം സ്ഥാപിക്കുന്നതിനുള്ള രേഖ വേറെ ആവശ്യപ്പെട്ടേക്കുമെന്ന് എല്ലാവരും ആശങ്കപ്പെടുന്നുണ്ട്. അങ്ങനെ വന്നാല്‍ നാട്ടില്‍നിന്ന് പുതിയരേഖ സമ്പാദിച്ച് അത് അറ്റസ്റ്റ് ചെയ്യേണ്ടിവരും. ഇത് അധികച്ചെലവുണ്ടാക്കും.


പ്രവാസികള്‍ നാട്ടിലെ വിലാസം സാക്ഷ്യപ്പെടുത്തുന്നതിന് എപ്പോഴും പാസ്‌പോര്‍ട്ടാണ് പ്രധാനരേഖയായി കാണിക്കാറുള്ളത്. പ്രവാസികള്‍ക്ക് ആധാര്‍ വേണ്ട എന്നതിനാല്‍ പാസ്‌പോര്‍ട്ടാണ് ഏറ്റവും ആധികാരികമായ രേഖയായി എല്ലാവരും കൊണ്ടുനടക്കുന്നത്. നാട്ടില്‍ സര്‍ക്കാരുമായി ബന്ധപ്പെട്ട ഏത് കാര്യത്തിനും പാസ്‌പോര്‍ട്ട് മേല്‍വിലാസമാക്കി നല്‍കുന്നതാണ് എല്ലാവരുടെയും ശീലം. പുതിയ പാസ്‌പോര്‍ട്ടുകളില്‍ ഈ പേജ് അപ്രത്യക്ഷമാകുന്നതോടെ ആ സൗകര്യവും നഷ്ടമാകും. പാസ്‌പോര്‍ട്ട് ഇനി തിരിച്ചറിയല്‍ രേഖയല്ലാതാവുകയാണ്.

 • ഒരേയൊരു ശ്രീദേവി, തെന്നിന്ത്യയില്‍ നിന്ന് എത്തി ബോളിവുഡിനെ ഭരിച്ചത് പത്തുവര്‍ഷത്തോളം
 • ശ്രീദേവിയെ അകാല മരണത്തിലേക്ക് നയിച്ചത് എന്താണ്?
 • കണ്ണൈ കലൈമാനേ, മറക്കാനാകുമോ ഈ താരാട്ട്, ആ നായികയെ
 • ബോളിവുഡ് നടി ശ്രീ ദേവി ദുബായില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു
 • പ്രതിഷേധത്തിലെ കുമ്മനം സ്റ്റൈല്‍
 • മധുവിനെ തല്ലിക്കൊന്ന സംഘത്തിലെ 11 പേര്‍ അറസ്റ്റില്‍ ; കൊലക്കുറ്റം ചുമത്തി
 • വിശപ്പിന്റെ പേരില്‍ തല്ലിക്കൊല്ലപ്പെട്ട മധുവിന്റെ കുടുംബത്തിന് 10 ലക്ഷം നല്‍കുമെന്ന് പിണറായി
 • പണം കിട്ടാഞ്ഞു കൊടികുത്തി; പ്രവാസിയുടെ 'ജീവനെടുത്ത' സിപിഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
 • അടിച്ചവശനാക്കി മധുവിന്റെ തലയില്‍ ചാക്കുകെട്ട് വച്ച് നടത്തിച്ചു, വെള്ളം ചോദിച്ചപ്പോള്‍ മൂക്കിലൊഴിച്ചു!
 • സെല്‍ഫ് ഗോള്‍ അടിക്കരുതെന്നു മാണിയെ വേദിയിലിരുത്തി കാനം സിപിഎമ്മിനോട് , കാനം തുത്തുകുണുക്കി പക്ഷിയെന്ന് കേരള കോണ്‍ഗ്രസ്
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway