നാട്ടുവാര്‍ത്തകള്‍

ആക്രമിക്കപ്പെട്ട നടിയും ലാലും ഭീഷണിപ്പെടുത്തുന്നതായി പ്രതി മാര്‍ട്ടിന്‍

കൊച്ചി: മലയാള സിനിമാ രംഗത്ത് ഏറെ കോളിളക്കമുണ്ടാക്കിയ നടിയെ ആക്രമിച്ച കേസില്‍ രണ്ടാം പ്രതി മാര്‍ട്ടിന്‍ നടിക്കെതിരെയും സംവിധായകന്‍ ലാലിനെതിരെയും ഗുരുതരമായ ആരോപണവുമായി രംഗത്തെത്തി. റിമാന്‍ഡില്‍ കഴിയുന്ന മാര്‍ട്ടിനെ തിങ്കളാഴ്ച അങ്കമാലി ഒന്നാം ക്ലാസ് മജിസ്‌ടേറ്റ് കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് കോടതിക്കുമുന്നില്‍ പരാതി ഉന്നയിച്ചത്.

തനിക്ക് രഹസ്യമായി പരാതി പറയാനുണ്ടെന്ന് മാര്‍ട്ടിന്‍ കോടതിയെ അറിയിച്ചു. ഇതേതുടര്‍ന്ന് അടച്ചിട്ട കോടതിമുറിയില്‍ മാര്‍ട്ടിനു പറയാനുള്ള കാര്യങ്ങളെല്ലാം വ്യക്തമാക്കാന്‍ അവസരം നല്‍കുകയായിരുന്നു. കോടതിയെ അറിയിക്കാനുള്ള കാര്യങ്ങളെല്ലാം മാര്‍ട്ടിന്‍ പിന്നീട് എഴുതി നല്‍കി. നടിയേയും പള്‍സര്‍ സുനിയേയും തനിക്ക് ഭയമാണെന്നും മാര്‍ട്ടിന്‍ കോടതിയെ അറിയിച്ചു. ഇത് പ്രകാരം പള്‍സര്‍ സുനിയേയും മറ്റ് പ്രതികളേയും കോടതി മുറിക്കുള്ളില്‍ നിന്ന് പുറത്തേക്ക് മാറ്റിയ ശേഷം അടച്ചിട്ട മുറിയിലായിരുന്നു മാര്‍ട്ടിന്റെ രഹസ്യമൊഴി കോടതി രേഖപ്പടുത്തിയത്.


കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചതിനാല്‍ കോടതി ഇതെല്ലാം വിചാരണക്കോടതിയുടെ പരിഗണനയില്‍ വരുന്ന കാര്യങ്ങളാണെന്ന് അറിയിച്ചു. അതേസമയം, നടിയില്‍ നിന്നും സംവിധായകന്‍ ലാലില്‍ നിന്നും വധഭീഷണിയുണ്ടെന്നുള്ള പരാതിയില്‍ വേണ്ട സുരക്ഷ നല്‍കാന്‍ നിര്‍ദേശവും നല്‍കി. നടന്‍ ലാലും ആക്രമണത്തിനിരയായ നടിയും ഭീഷണിപ്പെടുത്തുന്നതെന്നു കോടതി നടപടികള്‍ക്കു ശേഷം പുറത്തിറങ്ങിയ മാര്‍ട്ടിന്റെ പിതാവാണ് മാധ്യമങ്ങളോടു വെളിപ്പെടുത്തിയത്. കേസിലെ യഥാര്‍ഥ കാര്യങ്ങള്‍ പുറത്തു പറയരുതെന്ന് ആവശ്യപ്പെട്ടാണ് ഭീഷണിയെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, റിമാന്‍ഡില്‍ കഴിയുന്ന പ്രതിയെ എങ്ങനെയാണ് ഭീഷണിപ്പെടുത്തിയതെന്ന് ഇവര്‍ക്കു മറുപടിയുണ്ടായില്ല. ആക്രമിക്കപ്പെടുമ്പോള്‍ നടിയുടെ ഡ്രൈവറായിരുന്നു മാര്‍ട്ടിന്‍ .


നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതി സ്ഥാനത്തുള്ളത് സിനിമയ്ക്ക് അകത്തും പുറത്തും പ്രബലനായ നടന്‍ ദിലീപ് ആണ്. അതുകൊണ്ട് തന്നെ കേസ് ഏതെങ്കിലും തരത്തില്‍ അട്ടിമറിക്കപ്പെടാനുള്ള സാധ്യത നേരത്തെ തന്നെ ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുള്ളതാണ്. വിചാരണ തുടങ്ങാനിരിക്കുന്ന ഘട്ടത്തിലുള്ള മാര്‍ട്ടിന്റെ ഈ വെളിപ്പെടുത്തല്‍ ഏതെങ്കിലും തരത്തിലുള്ള അട്ടിമറി ശ്രമത്തിന്റെ ഭാഗമാണോ എന്നാണ് സംശയിക്കപ്പെടുന്നത്.
ദിലീപിനെ അനുകൂലിക്കുന്നവര്‍ നേരത്തെ തന്നെ ആക്രമിക്കപ്പെട്ട നടിയെ പ്രതിക്കൂട്ടിലാക്കാന്‍ ശ്രമം നടത്തിയിരുന്നു. ദിലീപ് തന്നെ ഒരു അഭിമുഖത്തില്‍ അത്തരത്തില്‍ നടിക്കെതിരെ പരാമര്‍ശം നടത്തിയിരുന്നു. പള്‍സര്‍ സുനിയും നടിയും തമ്മില്‍ സൗഹൃദത്തിലായിരുന്നുവെന്നും കൂട്ടുകെട്ടുകളുണ്ടാക്കുമ്പോള്‍ സൂക്ഷിക്കണം എന്ന തരത്തില്‍ ദിലീപ് പറഞ്ഞത് വലിയ ഒച്ചപ്പാടുകളുണ്ടാക്കിയിരുന്നു.


ആക്രമിക്കപ്പെട്ട നടിയെ പ്രതിക്കൂട്ടിലാക്കാനും സംശയ മുനയില്‍ നിര്‍ത്താനുമുള്ള ശ്രമം അന്വേഷണ സംഘവും കോടതിയും എങ്ങനെ കൈകാര്യം ചെയ്യുമെന്നത് കാത്തിരുന്ന് കാണേണ്ടതാണ്. അതിനിടെ കേസിലെ പൂര്‍ണമായ തെളിവുകളുടെ നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളുടെ പകര്‍പ്പും ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി കോടതി നാളെ പരിഗണിക്കും. കുറ്റപത്രം റദ്ദാക്കണം എന്നാവശ്യപ്പെട്ടും ദിലീപ് ഹര്‍ജി നല്‍കിയിട്ടുണ്ട്.

 • ഒരേയൊരു ശ്രീദേവി, തെന്നിന്ത്യയില്‍ നിന്ന് എത്തി ബോളിവുഡിനെ ഭരിച്ചത് പത്തുവര്‍ഷത്തോളം
 • ശ്രീദേവിയെ അകാല മരണത്തിലേക്ക് നയിച്ചത് എന്താണ്?
 • കണ്ണൈ കലൈമാനേ, മറക്കാനാകുമോ ഈ താരാട്ട്, ആ നായികയെ
 • ബോളിവുഡ് നടി ശ്രീ ദേവി ദുബായില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു
 • പ്രതിഷേധത്തിലെ കുമ്മനം സ്റ്റൈല്‍
 • മധുവിനെ തല്ലിക്കൊന്ന സംഘത്തിലെ 11 പേര്‍ അറസ്റ്റില്‍ ; കൊലക്കുറ്റം ചുമത്തി
 • വിശപ്പിന്റെ പേരില്‍ തല്ലിക്കൊല്ലപ്പെട്ട മധുവിന്റെ കുടുംബത്തിന് 10 ലക്ഷം നല്‍കുമെന്ന് പിണറായി
 • പണം കിട്ടാഞ്ഞു കൊടികുത്തി; പ്രവാസിയുടെ 'ജീവനെടുത്ത' സിപിഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
 • അടിച്ചവശനാക്കി മധുവിന്റെ തലയില്‍ ചാക്കുകെട്ട് വച്ച് നടത്തിച്ചു, വെള്ളം ചോദിച്ചപ്പോള്‍ മൂക്കിലൊഴിച്ചു!
 • സെല്‍ഫ് ഗോള്‍ അടിക്കരുതെന്നു മാണിയെ വേദിയിലിരുത്തി കാനം സിപിഎമ്മിനോട് , കാനം തുത്തുകുണുക്കി പക്ഷിയെന്ന് കേരള കോണ്‍ഗ്രസ്
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway