Don't Miss

സാമിന്റെ മരണം കൊലയാണെന്ന് പോലീസ് പറയുമ്പോഴാണ് അറിയുന്നതെന്ന് സോഫിയ, കമലാസനന്‍ നല്ല സുഹൃത്ത്


മെല്‍ബണ്‍ : കോളിളക്കം സൃഷ്ടിച്ച സാം എബ്രഹാം വധക്കേസില്‍ പ്രതികള്‍ക്കെതിരെയുള്ള തെളിവുകള്‍ പരിശോധിക്കുന്നത് വിക്ടോറിയന്‍ സുപ്രീം കോടതി പൂര്‍ത്തിയാക്കി. പോലീസ് ചോദ്യം ചെയ്യലില്‍ സാമിന്റെ ഭാര്യയും പ്രതിയുമായ സോഫിയ കുറ്റകൃത്യത്തിലുള്ള പങ്കാളിത്തം പൂര്‍ണമായും നിഷേധിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ ജൂറി പരിശോധിച്ചു. അന്തിമ വിചാരണയുടെ പതിനൊന്നാം ദിവസമാണ് പ്രതികളായ സോഫിയ സാമിനും കാമുകന്‍ അരുണ്‍ കമലാസനനും എതിരെയുള്ള തെളിവുകള്‍ പരിശോധിക്കുന്നത് ജൂറി പൂര്‍ത്തിയാക്കിയത്. സോഫിയയെ പോലീസ് ചോദ്യം ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യങ്ങളാണ് തിങ്കളാഴ്ചത്തെ വിചാരണയില്‍ പ്രധാനമായും പരിശോധിച്ചത്.


സാമിന്റെ മരണശേഷം 2016 ഓഗസ്റ്റ് 18 നു പ്രതികള്‍ രണ്ടു പേരും അറസ്റ്റിലായിരുന്നു. അറസ്റ്റിനു ശേഷം സോഫിയയെ പോലീസ് ചോദ്യം ചെയ്തതിന്റെ വീഡിയോ ദൃശ്യം അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിക്ക് മുന്നില്‍ ഹാജരാക്കിയിരുന്നു. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലില്‍ സാമിനെ മരിച്ച നിലയില്‍ കണ്ടെത്തിയതിന്റെ തലേദിവസം സംഭവിച്ച കാര്യങ്ങളെക്കുറിച്ചും അരുണുമായുള്ള സോഫിയയുടെ ബന്ധത്തെക്കുറിച്ചും സാമുമായുള്ള ദാമ്പത്യത്തിന്റെ കാര്യവുമാണ് പ്രധാനമായും പോലീസ് സോഫിയോട് ചോദിക്കുന്നത്.


സാമിന്റെ മരണത്തെക്കുറിച്ച് ഒന്നുമറിയില്ലെന്നും അതൊരു കൊലപാതകമാണെന്ന് പോലീസ് പറയുമ്പോഴാണ് അറിയുന്നതെന്നുമുള്ള മറുപടിയാണ് സോഫിയ നല്‍കിയിരിക്കുന്നതെന്ന് എസ്ബിഎസ് റിപ്പോര്‍ട്ട് ചെയ്തു. 'എന്നെ എന്തിനാണ് അറസ്റ്റ് ചെയ്തത് എന്ന് എനിക്കറിയില്ല. ഞാന്‍ ഒന്നും ചെയ്തിട്ടില്ല. ഞാന്‍ കൊലപാതകം നടത്തിയിട്ടില്ല' എന്ന് വിതുമ്പിക്കൊണ്ട് സോഫിയ പോലീസിനോട് പറയുന്നതാണ് വീഡിയോ.


സാമിന്റെ മരണകാരണം സയനേഡ് ആണെന്ന് പോലീസ് വെളിപ്പെടുത്തിയപ്പോള്‍ മാത്രമാണ് താന്‍ അറിഞ്ഞതെന്നും സയനേഡ് എങ്ങനെ കിട്ടിയെന്ന് അറിയില്ലെന്നും സോഫിയ പോലീസിനോട് പറയുന്നുണ്ട്. അതേസമയം കൊല്ലപ്പെടുന്നതിന് തലേ ദിവസം രാത്രി സാം വളരെയധികം അസ്വസ്ഥനായാണ് കാണപ്പെട്ടതെന്നും അത്താഴം കഴിക്കാന്‍ മടി കാണിച്ച സാമിന് അവോക്കാഡോ ഷേക്ക് നല്‍കിയെന്നും സോഫിയ പറഞ്ഞു. ഇത് സാമിനൊപ്പം താനും മകനും കഴിച്ചെന്നും സോഫിയ വ്യക്തമാക്കി. അതിനുശേഷം സാമിന് കുടിക്കാനായി ഒരു ഗ്ലാസ് ഓറഞ്ച് ജ്യൂസ് നല്‍കിയെന്നും പിന്നീട് കുടിക്കാനായി ഒരു ഗ്ലാസ് ജ്യൂസ് കൂടി അടുക്കളയില്‍ തന്നെ വച്ചിരുന്നതായും സോഫിയ പറഞ്ഞു.


അന്നേ ദിവസം രാത്രി ചില സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടായാതായി ചോദ്യം ചെയ്യലില്‍ സോഫിയ സമ്മതിക്കുന്നുണ്ട്. 2015 ഒക്ടോബര്‍ 14 ന് രാവിലെ ഒമ്പതുമണിയോടെ ഉറക്കമുണര്‍ന്ന താന്‍ , സാം അനക്കമില്ലാതെ നിലയില്‍ കട്ടിലില്‍ കിടക്കുന്നതാണ് കണ്ടതെന്ന് പറയുന്നു. ഉടന്‍ തന്നെ സഹോദരിയെ ഫോണില്‍ വിളിച്ചുവരുത്തുകയായിരുന്നു. അരുണുമായുള്ള സോഫിയയുടെ ബന്ധത്തെക്കുറിച്ചും പോലീസ് ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു. തന്റെ കോളേജ് പഠന കാലം മുതല്‍ അരുണിനെ അറിയാമെന്നും അരുണ്‍ നല്ല സുഹൃത്തുക്കളില്‍ ഒരാളായിരുന്നുവെന്നുമാണ് സോഫിയ ഇതിന് മറുപടി പറഞ്ഞത്.


'വിഷമഘട്ടങ്ങളില്‍ ആശ്വസിപ്പിക്കുകയും പ്രോത്സാഹനം നല്‍കുകയും ഒക്കെ ചെയ്യുന്ന ഒരു സുഹൃത്ത് മാത്രമാണ് അരുണ്‍. അരുണിന് വര്‍ഷങ്ങള്‍ക്ക് മുന്‍പേ തന്നോട് പ്രണയമുണ്ടായിരുന്നു. എന്നാല്‍ പ്രണയ വിവാഹം തന്റെ കുടുംബത്തില്‍ സ്വീകാര്യമായിരുന്നില്ല. അതുകൊണ്ടു തന്നെ ഒരു സുഹൃത്തായി തുടര്‍ന്നാല്‍ മതി എന്നാണ് താന്‍ അരുണിനോട് പറഞ്ഞത്. അരുണുമായുള്ള സൗഹൃദത്തെക്കുറിച്ച് സാമിനും വ്യക്തമായി അറിയാമായിരുന്നു. എന്നാല്‍ സാമിന് എന്നെ വിശ്വാസം ആയിരുന്നു അതിനാല്‍ അദ്ദേഹത്തിന് അതില്‍ അസ്വാരസ്യമൊന്നും ഉണ്ടായിരുന്നില്ല- സോഫിയ പറയുന്നു.
അരുണ്‍ കമലാസനനെതിരെയുള്ള തെളിവുകളുടെ പരിശോധന കഴിഞ്ഞയാഴ്ച തന്നെ കോടതി പൂര്‍ത്തിയാക്കിയിരുന്നു.


സാമിന്റെ മരണകാരണം സയനൈഡ് തന്നെയാണെന്നും അത് വായിലൂടെ ശരീരത്തില്‍ പ്രവേശിച്ചതാണ് മരണകാരണമെന്നും നേരത്തെ സിഡ്നിയില്‍ നിന്നുള്ള ഫോറന്‍സിക് വിദഗ്ധനും ടോക്‌സിക്കോളജിസ്റ്റുമായ പ്രൊഫസര്‍ നരേന്ദ്ര ഗുഞ്ചനെ കോടതിയില്‍ മൊഴി നല്‍കിയിരുന്നു. എന്നാല്‍ സാമിന്റെ രക്തത്തില്‍ ഒരു ലിറ്ററിന് 35 മില്ലിഗ്രാം എന്ന കണക്കിനാണ് സയനൈഡ്ന്റെ അംശം കണ്ടെത്തിയിരിക്കുന്നത്. ഇത് വളരെ അപകടകരമായ അളവാണെന്നും ശ്വാസത്തിലൂടെയോ ത്വക്കിലൂടെയോ ശരീരത്തില്‍ പ്രവേശിച്ചാല്‍ ഇത്രയധികം അളവ് രക്തത്തില്‍ പ്രകടമാകില്ല എന്ന് പ്രൊഫസര്‍ ഗുഞ്ചന്‍ കോടതിയെ അറിയിച്ചു. ഉറങ്ങിക്കിടന്ന സാമിന്റെ തല ഒരു കൈകൊണ്ട് ഉയര്‍ത്തിപ്പിടിച്ച ശേഷമാകാം ഇത് വായിലേക്ക് ഒഴിച്ച് കൊടുത്തിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. ഏറെ നേരമെടുത്ത് ഒരു പക്ഷേ മണിക്കൂറുകള്‍ എടുത്ത് ചെറിയ അളവില്‍ വായിലേക്ക് ഒഴിച്ചുകൊടുത്തിരിക്കാമെന്നും പ്രൊഫസര്‍ ഗുഞ്ചന്‍ ജൂറിക്കു മുന്നില്‍ പറഞ്ഞു. ഇതിനു പുറമെ ക്ലോണാസിപാം എന്ന മയക്കികിടത്താനുള്ള മരുന്നിന്റെ അംശവും ഈയത്തിന്റെ അംശവും സാമിന്റെ ശരീരത്തില്‍ കണ്ടെത്തിയിട്ടുണ്ട്. മരിക്കുന്നതിന് ഒരു മണിക്കൂര്‍ മുന്‍പെങ്കിലുമാണ് ഇത് ശരീരത്തില്‍ പ്രവേശിച്ചിട്ടുള്ളതെന്നും ഫോറന്‍സിക് വിദഗ്ധന്‍ ജൂറിക്ക് മുന്നില്‍ പറഞ്ഞിരുന്നു.

 • അവള്‍ക്കു വേണ്ടായിരുന്നെങ്കില്‍ ഇട്ടേച്ചു പോയാ മതിയായിരുന്നില്ലേ..? കൊച്ചുമകനെ വിട്ടുകിട്ടാന്‍ ശ്രമിക്കുകയാണെന്ന് സാമിന്റെ പിതാവ്
 • വിവാഹ സമ്മാനം പൊട്ടിത്തെറിച്ച് നവവരനും മുത്തശ്ശിയും മരിച്ചു; വധുവിന് ഗുരുതരം
 • ഗതികിട്ടാത്ത ആത്മാക്കള്‍ ചുറ്റിക്കറങ്ങുന്നു; സെക്രട്ടറിയേറ്റ് മന്ദിരത്തില്‍ ഉടനെ ഹോമം വേണമെന്ന് എംഎല്‍എമാര്‍
 • 17 കാ​രി​യെ ന​ഗ്ന​ചി​ത്രം കാ​ണി​ച്ച് പീഡിപ്പിച്ച പ്രതിശ്രുത വരന്‍ മുഹൂര്‍ത്തത്തിന് മുമ്പ് അറസ്റ്റില്‍ , കല്യാണം മുടങ്ങി
 • സോഫിക്കും കാമുകനുമെതിരായ കോടതിവിധി ഓസ്‌ട്രേലിയയിലെ ദേശീയ മാധ്യമങ്ങളിലും വലിയ വാര്‍ത്ത
 • സ്വന്തം പാര്‍ട്ടിയുണ്ടാക്കി കമലിന്റെ രാഷ്ട്രീയപ്രവേശം; ഇനി രജനിയുടെ ഊഴം
 • സയനൈഡ് നല്‍കി സാമിനെ കൊന്ന കേസില്‍ ഭാര്യയും കാമുകനും കുറ്റക്കാരെന്നു കോടതി
 • നാട്ടില്‍ നിന്നു കാണാതായ യുവാവ് തിരുവനന്തപുരം മൃഗശാലയില്‍ സിംഹത്തിന്റെ കൂട്ടില്‍ ചാടി
 • 'നിങ്ങളെന്നെ രാഷ്ട്രീയക്കാരനാക്കി'; അണ്ണാ ഡിഎംകെ മോശം പാര്‍ട്ടിയാണെന്ന് കമല്‍ ഹാസന്‍
 • കനേഡിയന്‍ പ്രധാനമന്ത്രി ഗുജറാത്തിലെത്തിയിട്ടും മോഡി അറിഞ്ഞ ഭാവമില്ല; ട്വിറ്ററിലും മിണ്ടാട്ടമില്ല
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway