വീക്ഷണം

അത്ഭുതങ്ങള്‍ ഒളിപ്പിച്ച പിരമിഡുകളും, അലക്‌സാന്‍ഡ്രിയയുംനഷ്ടപ്പെട്ട പാസ്‌പോര്‍ട്ടില്‍ ഒരു വിദേശ യാത്ര -2

പോസ്റ്റുമാന്റെ പക്കല്‍ പാസ്‌പോര്‍ട്ട് ഇല്ല എന്ന് അറിഞ്ഞതോടെ ആലീസാകെ ദുഃഖിതയായി. എന്നാല്‍ ആ വിഷമത്തിനു പതിനഞ്ചു മിനിറ്റേ ആയുസുണ്ടായിരുന്നുള്ളൂ. ഡെലിവറി വാനിലെത്തിയ ആള്‍ പാസ്‌പോര്‍ട്ട് കവറുമായി എത്തുകയായിരുന്നു. അതോടെ ഡെഡ്‌ലിയില്‍ നിന്ന് ആദ്യം കിട്ടിയ കോച്ചു പിടിച്ചു ആലീസ് ഹീത്രുവിലേയ്ക്ക് വച്ചു പിടിക്കുകയായിരുന്നു. തലേ ദിവസം മോന്റെ അടുത്തുവന്നു താമസിച്ച ഞാനും പരീക്ഷ കഴിഞ്ഞു മകളും എത്തി. അങ്ങനെ ഈജിപ്തിലേയ്ക്ക്. ഹോളിഡേ ഇന്നിന്റെ ഒമ്പതാമത്തെ നിലയാണ് കിട്ടിയത്. മനോഹരകാഴ്ചയായിരുന്നു അവിടെനിന്നുള്ളത്. അന്ന് തന്നെ ക്രൂസ് ബുക്ക് ചെയ്തു. ഭക്ഷണവും അതില്‍ത്തന്നെയായിരുന്നു. മനോഹരമായ അറബിക് സംഗീതത്തിനൊപ്പം സുന്ദരിയായ യുവതിയുടെ ബെല്ലിഡാന്‍സും രണ്ടു ചെറുപ്പക്കാരുടെ വക ഡാന്‍സും ഉണ്ടായിരുന്നു. ക്രൂസിലുള്ളവരെല്ലാം പാട്ടിലും ഡാന്‍സിലും ലയിച്ചു.


പിറ്റേന്ന് ഞങ്ങള്‍ മൂന്നു പേരും കൂടി ഒരു ടാക്സി എടുത്തു ഗിസയിലേയ്ക്ക് പുറപ്പെട്ടു. മൂന്നു പിരമിഡുകള്‍ അവിടെയടുത്താണ്. മൂന്നും മൂന്നു വലുപ്പത്തില്‍ ഓരോ കല്ലുകളും രണ്ടു മുതല്‍ അഞ്ചു ടണ്‍ വരെ കാണും. ലോകത്തെ അത്ഭുതപ്പെടുത്തുന്ന ആ പിരമിഡുകള്‍ ഞങ്ങളെ ശരിക്കും വിസ്മയിപ്പിച്ചു. യാതൊരു ടെക്‌നോളജിയും ഇല്ലാതിരുന്ന കാലത്തു നാലുവശവും ഒരു പോലെ കണ്ണെത്താത്ത ഉയരത്തില്‍ പണിത നിര്‍മ്മിതി ആരെയും അതിശയിപ്പിക്കും. ടാക്സിയില്‍ നിന്നിറങ്ങി കുതിരവണ്ടിയിലാണ് പിരമിഡിന്റെ അടുത്തേയ്ക്കു പോയത്. 200 ഈജിപ്ഷ്യന്‍ പൗണ്ട് ആണ് കൂലി.

പിരമിഡിന്റെ പശ്ചാത്തലത്തില്‍ ഞങ്ങളുടെ വിധി പോസുകളിലുള്ള ചിത്രങ്ങള്‍ കുതിരവണ്ടിക്കാരന്‍ എടുത്തുതന്നു. ഒട്ടകത്തിന്റെ പുറത്തുകയറിയും ഫോട്ടോയെടുത്തു. അതിനു വേറെ തുക നല്‍കണം. നൈല്‍ നദിയിലെ വെള്ളം തിരിച്ചു വിട്ടു അതിലൂടെയാണ് പിരമിഡിനുള്ള കൂറ്റന്‍ കല്ലുകള്‍ കൊണ്ടുവന്നതെന്ന് വിശ്വസിക്കുക പ്രയാസം. ഉച്ചയോടെ തിരിച്ചു ഹോട്ടലിലെത്തി. വൈകിട്ട് പിരമിഡിന്റെ അടുത്ത തന്നെ ലൈറ്റ് ആന്റ് സൗണ്ട് ഷോ ഉണ്ട്. അവിടെ പിരമിഡിന്റെ ചരിത്രം വിവരിക്കും. അതിനനുസരിച്ചു ലൈറ്റുകള്‍ ഓരോ പിരമിഡിലും തെളിഞ്ഞുവരും. അവിടുള്ളവര്‍ പൊതുവേ ടൂറിസ്റ്റുകളോട് മാന്യമായി പെരുമാറുന്നവരാണ്. ടാക്സി തുക മാത്രം നമ്മള്‍ നന്നായി പേശി വേണം ഉറപ്പിക്കാനെന്നു മാത്രം.


പിറ്റേ ദിവസം അലക്‌സാന്‍ഡ്രിയയിലേക്കു പുറപ്പെട്ടു. അലക്‌സാന്‍ഡ്രിയ തീരദേശ പട്ടണമാണ്. ഈജിപ്തിലെ രണ്ടാമത്തെ വലിയ നഗരം. ആദ്യത്തേത് കെയ്‌റോയാണ്. ഞങ്ങള്‍ തുലിപ് എന്ന ഹോട്ടലിലാണ് മുറിയെടുത്തത്. പുറത്തുനിന്നു വരുന്നവര്‍ക്ക് അമിത ചാര്‍ജ് ആണ് ഈടാക്കുന്നത്. ഹോട്ടലിലെ ഭക്ഷണത്തിനു പക്ഷെ അധിക നിരക്കില്ല. സാദിഷ്ടമായിരുന്നു. ഹോട്ടലില്‍ നടന്ന ഒരു അറബി കല്യാണവും കൂടാന്‍ സാധിച്ചു. രാത്രി ബീച്ചിലൂടെയുള്ള യാത്രയും ആസ്വദിച്ചു. അവിടെ രാത്രി പുറത്തിറങ്ങി നടക്കുന്നതിനു യാതൊരു ബുദ്ധിമുട്ടും ഇല്ല. പിറ്റേന്ന് രാവിലെ ഞങ്ങള്‍ മ്യൂസിയത്തിലേയ്ക്ക് ആണ് പോയത്. ഫറവോയുടെ ഭരണകാലത്തെ ജീവിത രീതികള്‍ കണ്ടു മനസിലാക്കി.


പിന്നെപ്പോയത് അലക്‌സാന്‍ഡ്രിയ യൂണിവേഴ്‌സിറ്റി ലൈബ്രറിയിലേക്ക് ആണ്. മനോഹരമായ ഇന്റീരിയറും പ്രത്യേക ആകൃതിയിലുള്ള കെട്ടിടവുമായിരുന്നു അത്. ആയിരക്കണക്കിന് പുസ്തകങ്ങളും കംപ്യൂട്ടറുകളും. പുസ്തകങ്ങള്‍ എടുത്തു നമുക്ക് മറിച്ചു നോക്കാം. അവിടെ കയറാന്‍ ഫീസുണ്ട്. അന്‍വര്‍ സാദത്തിന്റെ ഭരണകാലഘട്ടവും ലോക നേതാക്കളുമായുള്ള കൂടിക്കാഴ്ചകളും സമാധാന മീറ്റിങ്ങുകളും എല്ലാം ഭംഗിയായി പത്രങ്ങളിലൂടെയും ഫോട്ടോകളിലൂടെയും വീഡിയോയിലൂടെയും വിവരിച്ചിരിക്കുന്നു. അവസാനം സ്വന്തം സൈനികനാല്‍ കൊല്ലപ്പെട്ടതും വിവരിച്ചിരിക്കുന്നു. മറ്റൊരു സ്ലൈഡ് ഷോയിലൂടയും പിരമിഡിന്റെ ചരിത്രം വിവരിക്കുന്നത് കണ്ടു. അലക്‌സാന്‍ഡ്രിയയില്‍ പോകുന്നവര്‍ കണ്ടിരിക്കേണ്ട ഒന്നാണ് ഈ ലൈബ്രറി.


അവിടുത്തെ ബീച്ചുകളെല്ലാം പ്രൈവറ്റ് പാര്‍ട്ടികള്‍ക്ക് കൊടുത്തിരിക്കുകയായിരുന്നു. ബീച്ചില്‍ എവിടെയെങ്കിലും ഇറങ്ങണമെങ്കില്‍ ഫീസ് കൊടുക്കണം. അതിനായി ഗേറ്റും ഫീസ് വാങ്ങാന്‍ ആള്‍ക്കാരുമുണ്ട്. കുടുംബമായി ബീച്ചില്‍ എത്തുന്നവരാണ് കൂടുതല്‍ . തലയില്‍ തട്ടമിട്ടും മറ്റുമായിരുന്നു മിക്ക സ്ത്രീകളും .


രണ്ടു ദിവസത്തെ അലക്‌സാന്‍ഡ്രിയ യാത്രയ്ക്ക് ശേഷം ഞങ്ങള്‍ കെയ്‌റോ എയര്‍പോര്‍ട്ടിന് സമീപമുള്ള ഹോട്ടലിലേക്ക് പോയി. അവിടെയും തദ്ദേശീയര്‍ക്കും വിദേശിയര്‍ക്കും വ്യത്യസ്ത നിരക്കായിരുന്നു. മാതാവ് പ്രത്യക്ഷപ്പെട്ടു എന്ന വിശ്വസിക്കപ്പെടുന്ന സേറ്റിയം എന്ന സ്ഥലത്താണ് ഞങ്ങള്‍ താമസിച്ചത്. 1968 മുതല്‍ 70 വരെ മാതാവ് പലതവണ പ്രത്യക്ഷപ്പെട്ടു എന്നും ആയിരക്കണക്കിന് വിശ്വാസികള്‍ അത് കണ്ടു എന്നുമാണ് വിശ്വസിക്കപ്പെടുന്നത്. ഞങ്ങളും പള്ളിയില്‍ പോയി പ്രാര്‍ത്ഥിച്ചു.

(അവസാനിച്ചു)

 • ലോക പരിസ്ഥിതി ദിനത്തില്‍ 'മരത്തിനൊരു മുത്തം' പരിപാടിയുമായി ഒരു സ്‌കൂള്‍
 • കര്‍ഷകസമരം: ടൂള്‍കിറ്റിന്റെ പേരില്‍ പെണ്‍കുട്ടി അറസ്റ്റില്‍
 • അര്‍ണബ് ഗോസ്വാമിയെ ഇനിയെങ്കിലും പൂട്ടുമോ?
 • റിമംബറന്‍സ് ഡേ അഥവാ പോപ്പി ഡേ ഇന്ത്യക്കാരുടെതുകൂടി; ആ ഓര്‍മ്മ ദിവസം തിങ്കളാഴ്ച
 • യഹൂദരെ കൊന്ന് തള്ളിയ ഡാന്യൂബ് നദീതീരത്തെ ഈ ഷൂകള്‍ക്ക് വലിയൊരു കണ്ണീര്‍ക്കഥ പറയാനുണ്ട്
 • നേത്രാദാമിന് തീപിടിക്കുമ്പോള്‍ മുരളി തുമ്മാരുകുടി എഴുതുന്നു.....
 • കനവ്
 • കത്തോലിക് -ഓര്‍ത്തഡോക്സ് വിഭജനവും, ഗ്രാന്‍ഡ്‌ ബസാറും സുലൈമാന്‍ മോസ്ക്കും
 • ഇസ്ലാമിക കടന്നു കയറ്റത്തിന്റെ നാള്‍വഴികളിലൂടെ... യാത്രാവിവരണം -2
 • ചരിത്രം ഉറങ്ങുന്ന കോണ്‍സ്റ്റാന്റിനോപ്പിള്‍ - യാത്രാവിവരണം
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway