ആരോഗ്യം

ബസുകളില്‍ സ്നാക്സ് നിരോധനം, എല്ലാ ജങ്ക് ഫുഡിനും അധിക നികുതി- കുട്ടികളിലെ പൊണ്ണത്തടിക്കെതിരെ ശക്തമായ നടപടികള്‍

ലണ്ടന്‍ : ബ്രിട്ടനില്‍ കുട്ടികളിലും കൗമാരക്കാരിലും പൊണ്ണത്തടി ആശങ്കപ്പെടുത്തും വിധം കൂടുകയും അവര്‍ രോഗികളായി മാറുന്നതിന്റെയും പശ്ചാത്തലത്തില്‍ ശക്തമായ നടപടികള്‍ക്ക് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡാമേ സാലി ഡേവിസിന്റെ അമിതവണ്ണ വിരുദ്ധ പ്രകടന പത്രിക തയാര്‍ . ബസുകളില്‍ ലഘുഭക്ഷണം നിരോധിക്കുക, എല്ലാ ജങ്ക് ഫുഡിനും അധിക നികുതിയും ഏര്‍പ്പെടുത്തുക എന്നിവയാണ് പ്രധാന നിര്‍ദ്ദേശങ്ങള്‍ .

പരസ്യത്തിനും മറ്റും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് സി‌എം‌ഒ തന്റെ അന്തിമ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടു. ആരോഗ്യകരമായ തിരഞ്ഞെടുപ്പുകള്‍ നടത്താന്‍ കുടുംബങ്ങള്‍ക്ക് കൂടുതല്‍ സഹായം ആവശ്യമാണെന്ന് അവര്‍ പറഞ്ഞു. അമിതവണ്ണത്തിന്റെ തോത് കുറയ്ക്കുന്നതിനുള്ള പോരാട്ടത്തില്‍ മുന്നോട്ടുവരണമെന്ന് അവര്‍ മന്ത്രിമാരോട് അഭ്യര്‍ത്ഥിച്ചു. നമ്മുടെ കുട്ടികള്‍ ഇപ്പോള്‍ വേദനാജനകമായ, ജീവിതത്തെ പരിമിതപ്പെടുത്തുന്ന രോഗത്താല്‍ വലയുകയാണ് എന്ന് സി‌എം‌ഒ ചൂണ്ടിക്കാട്ടി. പൊണ്ണത്തടിയും അമിതവണ്ണമുള്ള കുട്ടികളുടെ അനുപാതവും കഴിഞ്ഞ 30 വര്‍ഷത്തിനിടെ ഇരട്ടിയായി. ഇന്ന് മൂന്നിലൊന്ന് പേര്‍ക്ക് 11 വയസ് പ്രായമാകുമ്പോള്‍ അമിതഭാരമുണ്ട്. പെണ്‍കുട്ടികള്‍ക്കിടയിലാണ് ഈ പ്രശ്നം ഏറ്റവും രൂക്ഷം - ലോകത്ത് ഏറ്റവും ഉയര്‍ന്ന നിരക്കും ഇവിടെയുണ്ട്.

വര്‍ദ്ധനവ് കുറയാന്‍ തുടങ്ങിയതിന്റെ സൂചനകളുണ്ട്, പക്ഷേ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന കമ്മ്യൂണിറ്റികളില്‍ നിരക്ക് ഇപ്പോഴും വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്
കുട്ടികളിലും കൗമാരക്കാരിലും പൊണ്ണത്തടി ആശങ്കപ്പെടുത്തും വിധം കൂടുന്നതിന്റെ പശ്ചാത്തലത്തില്‍ ശീതള പാനീയങ്ങളുടെ പഞ്ചസാര നികുതി മൂലം അവയിലെ പഞ്ചസാരയുടെ അളവ് 29 ശതമാനം കുറയ്ക്കാന്‍ കമ്പനികള്‍ നിര്‍ബന്ധിതരായി. ഇതിന്റെ പശ്ചാത്തലത്തില്‍ ഇനി എല്ലാത്തരം മധുര പലഹാരങ്ങള്‍ക്കും ഷുഗര്‍ടാക്‌സ് ഏര്‍പ്പെടുത്തണാമെന്ന നിര്‍ദ്ദേശം മുന്നോട്ടുവച്ചിരിക്കുകയാണ് പ്രചാരകര്‍. പഞ്ചസാര നിറച്ച മറ്റ് ഭക്ഷണങ്ങളായ പുഡ്ഡിംഗ്സ്, മധുരപലഹാരങ്ങള്‍ , ബിസ്കറ്റ് എന്നിവയ്ക്കും സമാനമായ നികുതി ഏര്‍പ്പെടുത്തണമെന്ന് ആവശ്യം.

ലഘുഭക്ഷണത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനുള്ള നിര്‍മ്മാതാക്കളോടുള്ള സര്‍ക്കാരിന്റെ നിര്‍ബന്ധിതമല്ലാത്ത അഭ്യര്‍ത്ഥന 10 മടങ്ങ് കുറവ് ഫലം കാണുന്നുള്ളൂവെന്നു റിപ്പോര്‍ട്ടില്‍ കണ്ടെത്തി. കണക്കുകള്‍ കാണിക്കുന്നത് സ്വമേധയാ കുറയ്ക്കുന്ന പഞ്ചസാരയുടെ അളവ് വെറും മൂന്ന് ശതമാനം മാത്രമാണ്. ഇത് നിരാശാജനകമാണ് എന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടി.

ഉയര്‍ന്ന പഞ്ചസാരയുള്ള പാനീയങ്ങള്‍ക്ക് കഴിഞ്ഞ ഏപ്രിലില്‍ സര്‍ക്കാര്‍ ലിറ്ററിന് 24 പെന്‍സും ഇടത്തരം പഞ്ചസാര അടങ്ങിയയ്ക്ക് 18 പെന്‍സും നികുതി ചുമത്തി. ഇതുമൂലം ഫാന്റ, ലൂക്കോസാഡെ എന്നിവയുടെ നിര്‍മ്മാതാക്കള്‍ ലെവിയില്‍ പെടാതിരിക്കാന്‍ അവരുടെ ഉല്‍പ്പന്നങ്ങളില്‍ മാറ്റം വരുത്താന്‍ വരെ ശ്രമിക്കുകയാണ്.

കേക്ക്, മധുരപലഹാരങ്ങള്‍ , ബിസ്കറ്റ് എന്നിവയിലെ പഞ്ചസാരയുടെ അളവ് 2020 അവസാനത്തോടെ 20 ശതമാനം കുറയ്ക്കാന്‍ ഇത് കമ്പനികളെ പ്രോത്സാഹിപ്പിക്കും എന്ന് കരുതുന്നു. എന്നാല്‍ ഏറ്റവും പുതിയ പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് റിപ്പോര്‍ട്ടില്‍ ഈ ഉല്‍പ്പന്നങ്ങളിലെ മൊത്തത്തിലുള്ള പഞ്ചസാര 2017 ന് ശേഷം മൂന്ന് ശതമാനം മാത്രമാണ് കുറഞ്ഞതെന്ന് കണ്ടെത്തി. അതുകൊണ്ടു പാനീയങ്ങളിളെപ്പോലെ മധുര ഭക്ഷണങ്ങളിലും നികുതി കൊണ്ടുവരണം. എല്ലാ ഭക്ഷണങ്ങളിലും ഒരു തീരുവ ചേര്‍ക്കണമെന്നത് അനിവാര്യമാണെന്ന് പ്രചാരകര്‍ പറയുന്നു.

യുകെയില്‍ 25 വയസിനു മുമ്പേ ടൈപ്പ് 2 പ്രമേഹം പിടിപെടുന്നവരുടെ എണ്ണം കുതിച്ചുയരുകയാണ്. നാലുവയസില്‍ സ്‌കൂളിലെത്തുന്ന പത്തിലൊന്നു കുട്ടികളും പൊണ്ണത്തടിയുള്ളവരാണ് എന്ന് അടുത്തിടെ റിപ്പോര്‍ട്ട് വന്നിരുന്നു. കഴിഞ്ഞവര്‍ഷം 745 പേര് പീഡിയാട്രിക് ഡയബറ്റിക് ചികിത്സ തേടി. അഞ്ചു വര്‍ഷം കൊണ്ട് 47 ശതമാനം വര്‍ധന. പൊണ്ണത്തടിയുള്ള 85 ശതമാനം പേര്‍ക്കും ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും ഉണ്ട് എന്ന് റോയല്‍ കോളേജ് ഓഫ് പീഡിയാട്രിക്‌സ് ആന്‍ഡ് ചൈല്‍ഡ് ഹെല്‍ത്ത് (RCPCH) റിപ്പോര്‍ട്ട് പറയുന്നു .

ഫാസ്റ്റ് ഫുഡ് ശീലവും വ്യായാമക്കുറവും ആണ് യുകെയില്‍ പൊണ്ണത്തടിക്കാരെ സൃഷ്ടിക്കുന്നത്. ഇതിന്റെ അനന്തരഫലമാണ് ഹൃദ്രോഗം, കൊളസ്ട്രോള്‍, സ്ട്രോക്ക് എന്നിവയും . കുട്ടികളിലും കൗമാരക്കാരിലും പൊണ്ണത്തടി ആശങ്കപ്പെടുത്തും ഉയരുന്നതിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ബജറ്റില്‍ ഷുഗര്‍ ടാക്സ് തന്നെ കൊണ്ടുവന്നത് .

ഭക്ഷണത്തിലെ വെണ്ണ, ക്രീം, പന്നിക്കൊഴുപ്പ് തുടങ്ങിയവ പഞ്ചസാരയേക്കാള്‍ ദൈനംദിന ഭക്ഷണത്തില്‍ കൂടുതല്‍ കലോറി ചേര്‍ക്കുന്നുവെന്നും വിദഗ്ദ്ധര്‍ പറയുന്നു. പഞ്ചസാര നികുതിയോടൊപ്പം കൊഴുപ്പ് നികുതി ഏര്‍പ്പെടുത്തണമെന്ന് ആക്ഷന്‍ ഗ്രൂപ്പ് ആഗ്രഹിക്കുന്നു.
ആറ് വര്‍ഷം മുമ്പ് 100 ഗ്രാമിന് 275 കലോറിയില്‍ കൂടുതല്‍ ജങ്ക് ഫുഡിന് 8% നികുതി ഏര്‍പ്പെടുത്തിയ മെക്സിക്കന്‍ മോഡലിനെ പിന്തുടരുന്നതാണ് ഈ നിരക്ക്. പൂരിത കൊഴുപ്പിന്റെ ദൈനംദിന അളവ് പുരുഷന്മാര്‍ക്ക് 30 ഗ്രാം, സ്ത്രീകള്‍ക്ക് 20 ഗ്രാം എന്നിവയില്‍ കൂടുതലാകരുത്.

ജീവിതശൈലീ രോഗമായ ടൈപ്പ് 1പ്രമേഹം, ടൈപ്പ് 2പ്രമേഹം എന്നിവ സാധാരണ 40 വയസിനു ശേഷമാണ് ഉണ്ടായിരുന്നതെങ്കില്‍ ഇപ്പോഴത് 20 വര്‍ഷം മുമ്പേ പിടിപെടുന്ന സ്ഥിതിയാണ്. 25 വയസിനു മുമ്പേ നിരവധി യുവാക്കള്‍ വിദഗ്ധ ക്ലിനിക്കുകളില്‍ ചികിത്സ തേടുന്നു. ആറ് വയസില്‍ എത്തുമ്പോള്‍ അഞ്ചിലൊന്ന് കുട്ടികളും പൊണ്ണത്തടിക്കാരാണ് എങ്കില്‍ പതിനൊന്നു വയസിലെത്തുമ്പോള്‍ അത് നാലിലൊന്നാകും. ടൈപ്പ് 2പ്രമേഹം നേരത്തെ പിടിപെടുന്നത് ഹൃദ്രോഗം, കിഡ്‌നി തകരാര്‍ ,അന്ധത എന്നിവയ്ക്ക് കാരണമാകുന്നുണ്ട്. പകുതിയോളം യുവാക്കള്‍ക്ക് ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും ഉണ്ട്. അത് പോലെ 34 ശതമാനത്തിനു കൊളസ്‌ട്രോള്‍ കൂടുതലാണ്. 2030 ഓടെ കുട്ടികളിലെ പൊണ്ണത്തടിക്കാരുടെ എണ്ണം കുതിച്ചുയരാന്‍ ഇടയാക്കുമെന്നാണ് മുന്നറിയിപ്പ്.

പൊണ്ണത്തടി വിവിധ ടൈപ്പിലുള്ള കാന്‍സറിനും കാരണമാകുമെന്ന് ആരോഗ്യ വിദഗ്ധര്‍ അടുത്തിടെ ചൂണ്ടിക്കാണിച്ചിരുന്നു. പൊണ്ണത്തടി പുകവലിയേക്കാള്‍ ഹാനികരം എന്നാണ് കാന്‍സര്‍ റിസേര്‍ച്ച് യുകെ ചൂണ്ടിക്കാണിക്കുന്നത്. കുടല്‍ , കിഡ്‌നി, ലിവര്‍ , അണ്ഡശയം എന്നിവിടങ്ങളിലെ കാന്‍സറിനു പൊണ്ണത്തടി പ്രധാന കാരണമായി മാറുന്നുവെന്നാണ് കണ്ടെത്തല്‍ .

പുകവലിയെ അപേക്ഷിച്ചു പൊണ്ണത്തടി മൂലം യുകെയില്‍ പ്രതിവര്‍ഷം 1900 കുടലിലുള്ള കാന്‍സര്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട് . കിഡ്‌നി കാന്‍സര്‍ 1400 , അണ്ഡശയ കാന്‍സര്‍ 460 ലിവര്‍ കാന്‍സര്‍ 180 എന്നിങ്ങനെയാണ് പൊണ്ണത്തടിയുടെ ഫലമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

 • 2030 ഓടെ ബ്രിട്ടനില്‍ പത്തില്‍ ഒരാള്‍ പ്രമേഹ രോഗി: പൊണ്ണത്തടി രോഗത്തിന്റെ എണ്ണം ഇരട്ടിയാക്കുന്നു
 • രണ്ടാം തരംഗം യുവാക്കളെ ആക്രമിച്ചപ്പോള്‍ മൂന്നാം തരംഗം കുട്ടികളെ; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
 • ഓക്‌സ്‌ഫോര്‍ഡ് വാക്‌സിനെ ഭയക്കേണ്ട- യുകെ മെഡിസിന്‍സ് റെഗുലേറ്റര്‍
 • യുകെയിലെ മലയാളികളടക്കമുള്ള വംശീയ ന്യൂനപക്ഷങ്ങളില്‍ വൈറ്റമിന്‍ ഡി ' ഭയപ്പെടുത്തുന്ന' അളവില്‍ കുറവ്, പകര്‍ച്ചവ്യാധികള്‍ പെട്ടെന്ന് പിടികൂടും
 • ഡെങ്കിപ്പനി കോവിഡിനെതിരെ പ്രതിരോധശേഷി നല്‍കുമെന്ന് പഠനം
 • കോവിഡ് ബാധ; ആഗോളമായി സ്ലീപ്പിങ് സിക്ക്‌നെസ് ഉണ്ടായേക്കുമെന്ന് ഗവേഷകര്‍
 • ലോക്ക്ഡൗണ്‍ : 70 ലക്ഷം സ്ത്രീകള്‍ ആഗ്രഹിക്കാതെ ഗര്‍ഭിണികളാവുമെന്നു റിപ്പോര്‍ട്ട്
 • പുതിയ കൊറോണ വൈറസ് കണ്ടെത്തി; ലോകമെങ്ങും പടരുമെന്ന് ആശങ്ക
 • ബ്രിട്ടനില്‍ ലിവര്‍ കാന്‍സര്‍ മൂലമുള്ള മരണം 50% കൂടി; കാരണങ്ങള്‍ നിരത്തി കാന്‍സര്‍ റിസേര്‍ച്ച് യുകെ
 • കൂള്‍ഡ്രിങ്ക്സില്‍ വിജയം; ഇനി എല്ലാത്തരം മധുര പലഹാരങ്ങള്‍ക്കും ഷുഗര്‍ടാക്‌സ് ഏര്‍പ്പെടുത്താന്‍ നിര്‍ദ്ദേശം
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway