യുകെയിലെത്താന്‍ സാധിക്കാത്തവരുടെ വിസ മേയ് 31 വരെ ദീര്‍ഘിപ്പിക്കും, മലയാളികള്‍ക്ക് ആശ്വാസം
ലണ്ടന്‍: കോവിഡ്-19 എന്ന മഹാമാരി യുകെയില്‍ പടരുന്നതിന് മുമ്പ് മുമ്പ് അവധിയ്ക്ക് നാട്ടിലെത്തിയ മലയാളികള്‍ അടക്കമുള്ളവര്‍ക്ക് ആശ്വാസമായി വിസയുടെ കാലാവധി മേയ് 31 വരെ ദീര്ഘിപ്പിക്കുമെന്നുള്ള അറിയിപ്പുമായി ഹോം ഓഫീസ്. ആയിരക്കണക്കിന് കുടിയേറ്റക്കാരാണ് കൊറോണ പ്രതിസന്ധി കാരണം യുകെയിലേക്ക് മടങ്ങിപ്പോകാനാവാതെ സ്വന്തം രാജ്യങ്ങളില്‍ കഴിയുന്നത്. തങ്ങളുടെ വിസ കാലാവധി തീര്‍ന്നതിനാല്‍ ഇനി ഭാവിയെന്താകുമെന്ന ആശങ്കയിലുള്ളവരാണ് കൂടുതലും. എന്നാല്‍ ഇത്തരക്കാര്‍ പരിഭ്രമിക്കേണ്ടെന്നും ഇവരുടെ വിസയുടെ കാലാവധി മേയ് 31 വരെ ദീര്‍ഘിപ്പിക്കുമെന്നും അധികൃതര്‍ അറിയിക്കുന്നു.
കൊറോണ മൂലമുള്ള യാത്രാ നിയന്ത്രണങ്ങള്‍ കാരണവും വൈറസ് ബാധിച്ച് ഐസൊലേഷനിലായതിനാലുമാണ് നിരവധി പേര്‍ക്ക് വിസ കാലാവധി കഴിഞ്ഞിട്ടും യുകെയില്‍ തിരിച്ചെത്താന്‍ സാധിക്കാതെ പോയിരിക്കുന്നത്. ഇത്തരക്കാരെ നിശ്ചയമായും സഹായിക്കുമെന്നുമാണ് ഹോം ഓഫീസ് വിശദീകരിച്ചിരിക്കുന്നത്. കൊറോണയുടെ പശ്ചാത്തലത്തിലുള്ള ഈ വിട്ട് വീഴ്ചയുടെ ഭാഗമായി ഇവര്‍ക്ക് തങ്ങളുടെ വിസ കാലാവധി നീട്ടാന്‍ അപേക്ഷിക്കാനാവും. ഇത് സംബന്ധിച്ച ആദ്യ പ്രഖ്യാപനം ഇക്കഴിഞ്ഞ 24നാണ് ഹോം സെക്രട്ടറി പ്രീതി പട്ടേല്‍ നടത്തിയിരുന്നത്. ജനുവരി 24ന് ലീവ് തീര്‍ന്നിട്ടും യുകെയിലേക്ക് മടങ്ങിയെത്താന്‍ കഴിയാത്തവര്‍ക്കെല്ലാം പുതിയ നീക്കം ഉപകാരപ്പെടുമെന്നു കരുതുന്നു. ഈ ഗണത്തില്‍ പെടുന്നവര്‍ക്ക് അസുഖം കാരണമുള്ള യാത്രാ നിയന്ത്രണങ്ങളാലോ അല്ലെങ്കില്‍ സെല്‍ഫ് ഐസൊലേഷന്‍ കാരണമോ ആണ് ബ്രിട്ടനിലേക്ക് മടങ്ങി വരാന്‍ കഴിയാതെ പോയതെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഈ ഇളവെന്നു പ്രീതി പട്ടേല്‍ അന്ന് തന്നെ വ്യക്തമാക്കിയിരുന്നു.
ഇപ്പോഴത്തെ നീക്കമനുസരിച്ച് മേയ് 31 വരെയാണ് ഇളവ് അനുവദിക്കുന്നതെങ്കിലും അത് കഴിഞ്ഞും അവസ്ഥ തുടരുകയാണെങ്കില്‍ ഇളവ് ദീര്‍ഘിപ്പിക്കാനും സാധ്യതയുണ്ട്. പുതിയ നീക്കമനുസരിച്ച് വിസ ഉടമകള്‍ക്ക് വേണ്ടുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ പ്രദാനം ചെയ്യുന്നതിനായി യുകെവിഐയില് ഒരു കോവിഡ്-19 ഇമിഗ്രേഷന്‍ ടീമിന് രൂപം കൊടുത്തിട്ടുണ്ട്. തങ്ങളുടെ വിസ യുടെ വാലിഡിറ്റി നഷ്ടപ്പെട്ടാല്‍ എന്ത് ചെയ്യണമെന്നുള്ള ചോദ്യങ്ങള്‍ക്ക് ഈ ടിമിനെ ബന്ധപ്പെട്ടാല്‍ ഉത്തരം ലഭിക്കും. ഇതിനായി ഈ ടീമിന്റെ CIH@homeoffice.gov.uk എന്ന ഇമെയിലില്‍ കോണ്ടാക്ട് ചെയ്യാം.