കൊറോണ വൈറസ് ബാധയില്‍ മരണസഖ്യ കുതിച്ചുയരുന്നു. ലോകത്താകമാനം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നാലായിരത്തിലേറെ മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ മരണസഖ്യ 42,000 പിന്നിട്ടു . 8,23,200 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഏറ്റവും കൂടുതല്‍ മരണം ഇറ്റലിയിലാണ്. 12,428 പേര് ഇതുവരെ ഇറ്റലിയില്‍ മരണപ്പെട്ടു. സ്പെയ്നില്‍ 8,269 പേരും അമേരിക്കയില്‍ 3,402 പേരും മരിച്ചു. ചൈനയില്‍ 3,305 പേരാണ് ഇതുവരെ മരിച്ചത്. ഫ്രാന്‍സില്‍ 3,024 പേരും ഇറാനില്‍ 2,898 പേരും മരണപ്പെട്ടു.
അമേരിക്കയിലാണ് കൂടുതല്‍ പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചത്. രോഗികളുടെ എണ്ണം 1.80 ലക്ഷം പിന്നിട്ടു. ഇറ്റലിയില്‍ 1.05 ലക്ഷം പേര്‍ക്കും സ്പെയിനില്‍ 94,000 പേര്‍ക്കും ചൈനയില്‍ 82,000 പേര്‍ക്കുമാണ് വൈറസ് സ്ഥിരീകരിച്ചത്. ജര്‍മനിയില്‍ 68,000 പേര്‍ക്കും രോഗ ബാധയുണ്ട്. ഇന്ത്യയില്‍ വൈറസ് ബാധിതരുടെ എണ്ണം 1,397 ആയി. 35 മരണം ഇതുവരെ റിപ്പോര്‍ട്ട് ചെയ്തു.
അതിനിടെ, കോവിഡ് 19 ബാധിച്ച് ഏറ്റവും കൂടുതല്‍ പേര് മരിച്ച ഇറ്റലിയില്‍ ദുഃഖസൂചകമായി ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടി. ഒരു നിമിഷം മൗനമാചരിച്ചു. രാജ്യത്തെ മുഴുവന്‍ വേദനിപ്പിച്ച പരിക്കെന്നാണ് മൗനാചരണത്തിന് ശേഷം റോം മേയര്‍ വിര്‍ജീനിയ റാഗ്ഗി കോവിഡ് 19-നെ വിശേഷിപ്പിച്ചത്. കോവിഡ് 19 ബാധിച്ച് ലോകത്താകെ റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ മൂന്നിലൊന്നും ഇറ്റലിയിലാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. രണ്ടാംലോക മഹായുദ്ധത്തിന് ശേഷം ഒരു ദുരന്തത്തില്‍ ഇത്രയും പേര് മരണപ്പെടുന്നത് ഇറ്റലിയില്‍ ഇതാദ്യമായാണ്. ഫെബ്രുവരിയിലാണ് ഇറ്റലിയിലെ മിലാനില്‍ കോവിഡ് 19 റിപ്പോര്‍ട്ട് ചെയ്യുന്നത്. രാജ്യത്ത് ഒരുലക്ഷത്തിലേറെ പേര്‍ക്ക് വൈറസ് ബാധയുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍.