വിദേശം

അമേരിക്കയില്‍ സ്ഥിതി അതീവഗുരുതരം; ഒറ്റ ദിവസം 1320 മരണം, രോഗബാധിതര്‍ മൂന്നു ലക്ഷത്തിലേക്ക്, വിറങ്ങലിച്ച്​ ന്യൂയോര്‍ക്ക്​​

ന്യൂയോര്‍ക്ക്​​: അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരിതം വിതച്ചു കോവിഡ് വ്യാപനം നിയന്ത്രണാതീതമായി പെരുകുന്നു. കണ്ണടച്ച് തുറക്കുന്ന വേഗത്തില്‍ ദിവസം മുപ്പതിനായിരം എന്ന കണക്കിലാണ് രോഗബാധിതര്‍ കൂടുന്നത്. അമേരിക്കയിലെ രോഗബാധിതരുടെ ആകെ എണ്ണം ഇന്ന് മൂന്നു ലക്ഷം പിന്നിടുമെന്നാണ് കണക്കുകള്‍. ഇന്നലെ മാത്രം 1320 പേര്‍ കൂടി മരിച്ചതോടെ രാജ്യത്ത്‌ ഇതുവരെ 7392 പേരുടെ ജീവന്‍ വൈറസ് കവര്‍ന്നു. ഒരു ദിവസം കൊറോണ മൂലം ഇത്രയും മരണം മറ്റൊരു രാജ്യത്തുമുണ്ടായിട്ടില്ല എന്നത് അമേരിക്കയിലെ സ്ഥിതി അതീവ ഗുരുതരമാണെന്ന് വ്യക്തമാക്കുന്നു.

ന്യൂയോര്‍ക്ക് നഗരത്തിന്​ ഇന്നലെ കറുത്ത ദിനമായിരുന്നു. ഒറ്റ ദിവസം 600ലേറെ പേരുടെ ജീവനാണ് പൊലിഞ്ഞത്. ഇതുള്‍പ്പെടെ ന്യൂയോര്‍ക്കില്‍ മൊത്തം മരണസംഖ്യ 2,900 കവിഞ്ഞതായി ഗവര്‍ണര്‍ ആന്‍ഡ്രൂ ക്യൂമോ പറഞ്ഞു. മാര്‍ച്ച്​ ഒന്നിനാണ്​ ന്യൂയോര്‍ക്കില്‍ ആദ്യ​ കോവിഡ്​ കേസ്​ റിപ്പോര്‍ട്ട്​ ചെയ്​തത്​. അതിനുശേഷം ഏറ്റവും കൂടുതല്‍പേര്‍ മരണപ്പെട്ട ദിവസമാണ്​ ഇന്നലെ. ഇതിനകം 1,02,863​ പേര്‍ക്കാണ്​ ന്യൂയോര്‍ക്കില്‍ മാത്രം കൊറോണ വൈറസ് ബാധ സ്​ഥിരീകരിച്ചത്​. ലോങ്​ ഐലന്‍ഡിലും കേസുകള്‍ വര്‍ധിക്കുന്നതില്‍ ഗവര്‍ണര്‍ ആശങ്ക പ്രകടിപ്പിച്ചു. ന്യൂയോര്‍ക്ക് നഗരത്തെപ്പോലെ വിശാലമായ ആരോഗ്യസംരക്ഷണ സംവിധാനം ലോങ്​ ഐലന്‍ഡില്‍ ഇല്ല.
രോഗബാധിതരുടെയും മരണപ്പെടുന്നവരുടെയും എണ്ണം കുതിച്ചുയര്‍ന്നതോടെ ട്രംപ്​ ലോകരാഷ്​ട്രങ്ങളുടെ സഹായം അഭ്യര്‍ഥിച്ചിരുന്നു. റഷ്യയില്‍നിന്ന്​ വേന്റിലേറ്ററുകളും ദക്ഷിണകൊറിയയില്‍നിന്ന്​ പരിശോധന കിറ്റുകളും ചൈനയില്‍ നിന്ന്​ ഉപകരണങ്ങളടക്കമുള്ള ആരോഗ്യസേവനങ്ങളുമാണ്​ അമേരിക്ക ആവശ്യപ്പെട്ടത്​.

ഇതിനിടെ ലോകത്തെ മൊത്തം രോഗ ബാധിതരുടെ എണ്ണം പതിനൊന്ന് ലക്ഷമെത്തി. ഇന്നലെ മാത്രം 82,745 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ ആറായിരത്തിലേറെ മരണവും റിപ്പോര്‍ട്ട് ചെയ്തു. ലോകത്ത് ഇതുവരെ മരിച്ചവരുടെ എണ്ണം 59,140 ആയി. ഇറ്റലിയില്‍ 766 പേരാണ് വെള്ളിയാഴ്ച മരിച്ചത്. ഇവിടെ ആകെ മരണം 14681 ആയി. സ്‌പെയിനില്‍ ഇന്നലെ മരിച്ച 850 പേരടക്കം ആകെ മരണസംഖ്യ 11198 ഉം ആയി.
ഇറ്റലിക്കും സ്‌പെയിനിനും പിന്നാലെ കൊറോണയുടെ അടുത്ത യൂറോപ്യന്‍ രാജ്യത്തെ ആഘാത കേന്ദ്രമായി മാറിയിരിക്കുകയാണ് ഫ്രാന്‍സ്. 1,120 പേര്‍ 24 മണിക്കൂറിനിടെ ഫ്രാന്‍സില്‍ മരിച്ചു. ഇതോടെ അവിടെ ആകെ മരിച്ചവരുടെ എണ്ണം 6507 ആയി. കഴിഞ്ഞ ഒന്നു രണ്ട് ദിവസങ്ങളിലാണ് ഫ്രാന്‍സിലെ 50 ശതമാനത്തോളം മരണവും എന്നതാണ് ഞെട്ടിക്കുന്നത്.

ഇന്ത്യയില്‍ കോവിഡ്-19 ബാധിച്ചവരുടെ എണ്ണം 2,547 ആയതായി കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. ഇതില്‍ 62 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 2322 പേര്‍ ചികിത്സയില്‍ തുടരുകയാണ്. 162 പേര്‍ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 478 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. രോഗികളുടെ എണ്ണത്തിന്റെ കാര്യത്തില്‍ ഇതുവരെയുള്ളതില്‍ വെച്ച് ഏറ്റവും വലിയ വര്‍ധനയാണിത്.

രാജ്യത്ത് സ്ഥിരീകരിച്ച 950 ഓളം കേസുകള്‍ക്ക് നിസാമുദ്ദീനില്‍ നടന്ന മതസമ്മേളനവുമായി ബന്ധമുണ്ടെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ രണ്ടുദിവസമായി സ്ഥിരീകരിച്ച 647 കേസുകളും നിസാമുദ്ദീനിലെ മതസമ്മേളനത്തില്‍ പങ്കെടുത്തവരുടേതാണ്.

 • ജോര്‍ജ് ഫ്ളോയിഡിനെ കാല്‍മുട്ടിനാല്‍ കഴുത്തുഞെരിച്ചു കൊന്ന വെള്ളക്കാരന്‍ പൊലീസ് അറസ്റ്റില്‍
 • അവസാന രോഗിയും ആശുപത്രിവിട്ടു; ന്യൂസിലന്‍ഡ് ലോകത്തോട് പറയുന്നത്
 • ലൈവ് പരിപാടിക്കിടെ ഭൂമികുലുക്കം, പതറാതെ ന്യൂസിലന്‍ഡ് പ്രധാനമന്ത്രി
 • പാകിസ്ഥാനില്‍ തകര്‍ന്നു വീണത് ചൈന 'പാട്ട വിലക്ക്' വിറ്റ പഴയ വിമാനം
 • 107 പേരുമായി പാക് യാത്രാവിമാനം ലാന്റിങ്ങിനു തൊട്ടുമുമ്പ് കറാച്ചിയില്‍ തകര്‍ന്നു വീണു
 • മിഷിഗണില്‍ കനത്ത മഴയില്‍ ഡാം തകര്‍ന്നു; വെള്ളപ്പാച്ചിലിന്റെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി പൈലറ്റ്
 • കോവിഡിന്റെ ഉറവിടം; അന്വേഷണം ആവശ്യപ്പെട്ട് ഇന്ത്യയും യുകെയുമടക്കം 62 രാജ്യങ്ങള്‍
 • എമിറേറ്റ്സ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു; 21 മുതല്‍ ലണ്ടനില്‍ നിന്നും സര്‍വീസ്
 • കോവിഡ് കുതിച്ചു കയറുന്നു; ബ്രസീലില്‍ ഒരു മാസത്തിനിടെ രണ്ടാമത്തെ ആരോഗ്യമന്ത്രിയും രാജിവച്ചു
 • കൊറോണ എച്ച്‌ഐവി പോലെ; തുടച്ചുനീക്കാനാവില്ലെന്ന് ലോകാരോഗ്യ സംഘടന
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway