യു.കെ.വാര്‍ത്തകള്‍

കോവിഡ് കവര്‍ന്ന സ്റ്റാന്‍ലിക്ക് കണ്ണീരോടെ യാത്രാമൊഴി; തീരാ വേദനയുമായി മിനിയും രണ്ടു മക്കളും

വെയിക്ക്ഫീല്‍ഡിലെ പോന്റെ ഫ്രാക്ടില്‍ മെയ് 16 ന് കോവിഡ്- ബാധിച്ചു മരിച്ച സ്റ്റാന്‍ലി സിറിയകി(49)ന് കണ്ണീരോടെ യാത്രാമൊഴി. ഉറ്റ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ വികാര നിര്‍ഭരമായ രംഗങ്ങളോടെ ആണ് സ്റ്റാന്‍ലിയുടെ സംസ്കാര ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചത്. മുന്‍ നിശ്ചയപ്രകാരം കൃത്യം 12.45 നു തന്നെ ഹാര്‍പ്പിന്‍സ് ഫ്യൂണറല്‍ സര്‍വീസ് സെന്ററില്‍ മരണാനന്തര ശുശ്രുഷകള്‍ ആരംഭിച്ചു.
യോര്‍ക്ഷയറില്‍ കൗണ്ടിയിലുള്ള പോന്റെ ഫ്രാക്ടിലെ താമസക്കാരനായിരുന്നു പരേതനായ സ്റ്റാന്‍ലി.

സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായിട്ടാണ് സംസ്ക്കാരച്ചടങ്ങുകള്‍ തുടങ്ങിയത്. അടുത്ത ബന്ധുക്കള്‍ക്ക് മാത്രമായിരുന്നു ഫ്യൂണറല്‍ സര്‍വീസ് സെന്ററില്‍ വരുവാനും സമ്പന്ധിക്കുവാനും അനുവാദം ഉണ്ടായിരുന്നത്. ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത് ലീഡ്‌സ് സീറോ മലബാര്‍ ഇടവകയുടെ വികാരി ഫാ മാത്യു മുളയോളില്‍ ആണ്. എല്ലാ കാര്യങ്ങളിലും സഹായഹസ്തവുമായി ലീഡ്‌സ് പള്ളി ട്രസ്റ്റികളും ലോക്കല്‍ അസോസിയേഷന്‍ ഭാരവാഹികളും മുന്നിലുണ്ടായിരുന്നു. സ്റ്റാന്‍ലിയുടെ കുടുംബത്തിനു പിന്തുണയുമായി ലീഡ്സ് മലയാളികളും ഇടവകക്കാരും അടങ്ങുന്ന മലയാളി സമൂഹം ഒപ്പമുണ്ടായിരുന്നു .

ഇരുപത് മിനിറ്റോളം എടുത്ത ഫ്യൂണറല്‍ സര്‍വീസ് സെന്ററിലെ പ്രാരംഭ ചടങ്ങുകള്‍ അവസാനിപ്പിച്ച് സെമിട്രിയിലേക്ക് കൊണ്ടുപോയി. 1.45 ന് ഫെറിബ്രിഡ്ജ് സെമിത്തേരിയില്‍ എത്തി. ഉടന്‍ തന്നെ സംസ്ക്കാരത്തിന്റെ അവസാനഘട്ട ചടങ്ങുകള്‍ക്ക് തുടക്കമായി. ചുരുങ്ങിയ സമയത്തിനുള്ളില്‍ ചടങ്ങുകള്‍ പൂര്‍ത്തിയാക്കുകയും ചെയ്‌തു . വളരെ വലിയ പാര്‍ക്കിങ് സ്ഥല സൗകര്യങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ സാമൂഹിക അകലം പാലിച്ചു കുറെ സുഹൃത്തുക്കള്‍ കൂടി സെമിട്രിയില്‍ എത്തിയിരുന്നു. ദൂരെ നിന്നെങ്കിലും തങ്ങളെ വിട്ടകന്ന സ്റ്റാന്‍ലിക്ക് അന്ത്യഞ്ജലി അര്‍പ്പിക്കുവാന്‍ അവര്‍ക്കു അവസരം ലഭിക്കുകയും ചെയ്‌തു. സ്റ്റാന്‍ലിയുടെ സഹോദരിമാരായ ജിന്‍സി സിറിയക് (ഡെര്‍ബി), ഷാന്റി സിറിയക് (സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡ്) എന്നിവര്‍ ഭര്‍ത്താക്കന്‍മ്മാര്‍ക്ക് ഒപ്പം എത്തിയിരുന്നു. കുട്ടികളെ പങ്കെടുപ്പിക്കാന്‍ യുകെയിലെ കോവിഡ് നിയന്ത്രണങ്ങള്‍ അനുവദിക്കുന്നില്ല.

സ്റ്റാന്‍ലിക്കും ഭാര്യ മിനിമോള്‍ക്കും ഒരേ സമയമാണ് കൊറോണ ബാധ ഉണ്ടായത്. സ്റ്റാന്‍ലി രോഗാ ബാധിതനെങ്കിലുംമിനിയെ ആശുപത്രിയിലേക്ക് അയച്ചു. സ്റ്റാന്‍ലി വീട്ടില്‍ ഇരുന്ന് മരുന്ന് കഴിച്ചു കുട്ടികള്‍ക്ക് തുണയാവുകയായിരുന്നു. ആശുപത്രിയില്‍ എത്തിയ മിനിയെ ഇതിനോടകം അഡ്‌മിറ്റ്‌ ചെയ്‌തിരുന്നു. ദിവസങ്ങള്‍ കടന്നുപോകവേ സ്റ്റാന്‍ലിയെ വൈറസ് കൂടുതല്‍ ദുര്‍ബലനാക്കി. സ്ഥിതി വഷളാവുകയാണ് എന്ന് മനസിലായ സ്റ്റാന്‍ലി കുട്ടികളെ സുഹൃത്തിന്റെ വീട്ടിലാക്കി ആശുപത്രിയില്‍ അഡ്മിറ്റ് ആകുകയായിരുന്നു . എന്നാല്‍ അഡ്മിറ്റ് ആയ പിറ്റേ ദിനം തന്നെ സ്റ്റാന്‍ലിക്കു സ്ട്രോക്ക് ഉണ്ടാവുകയായിരുന്നു. അതോടെ കോമയിലേക്കും പിന്നീട് മരണത്തിലേയ്ക്കും നീങ്ങി. സ്റ്റാന്‍ലിയുടെ തങ്ങളോടുള്ള സ്നേഹവും കരുതലും ഓര്‍ത്തു വിങ്ങിപ്പൊട്ടുകയായിരുന്നു മിനിയും മക്കളും.

കോഴിക്കോട് താമരശ്ശേരി കാക്കവയല്‍ ഈങ്ങപ്പുഴ സ്വദേശിയാണ് സ്റ്റാന്‍ലി. കുറുപ്പുംതറ സ്വദേശിനിയും നഴ്സുമാണ് ഭാര്യ മിനിമോള്‍ ജോസഫ് . പതിനാലുകാരന്‍ ആല്‍വിനും പന്ത്രണ്ട് വയസ്സുകാരി അഞ്ജലിയും ആണ് മക്കള്‍ . 2004 ആണ് മിനി യുകെയില്‍ എത്തിയത്. ആദ്യം ഇപ്‌സ് വിച്ചിലും പിന്നീട് യോര്‍ക്ഷയര്‍ കൗണ്ടിയിലുള്ള പോന്റെ ഫ്രാക്ടിലെത്തുകയായിരുന്നു. ലീഡ്‌സ് സീറോ മലബാര്‍ ഇടവകയിലെ സജീവ അംഗമായിരുന്നു മരിച്ച സ്റ്റാന്‍ലി.

 • ഇംഗ്ലണ്ടിലെ 43 കൗണ്ടികളില്‍ കോവിഡ് പെരുകുന്നു; മലയാളി കുടുംബങ്ങള്‍ ആശങ്കയില്‍
 • യുകെയില്‍ 85 കൊറോണ മരണങ്ങള്‍കൂടി; കഴിഞ്ഞ ആഴ്ചത്തേക്കാള്‍ നേരിയ കുറവ് മാത്രം
 • തിരുവനന്തപുരം സ്വര്‍ണ കള്ളക്കടത്ത് ബിബിസിയിലും; പേരുദോഷം കേള്‍പ്പിച്ചു പിണറായി സര്‍ക്കാര്‍
 • വീട് വാങ്ങലുകാര്‍ക്ക് കോളടിച്ചു; വീട് വിലകളില്‍ 15,000 പൗണ്ടിന്റെ വരെ കുറവ്
 • നോട്ടിംഗ്ഹാം മലയാളിയ്ക്ക് സമ്മാനമടിച്ചത്‌ ലംബോഗിനി സൂപ്പര്‍ കാറും 20000 പൗണ്ടും
 • മിനി ബജറ്റില്‍ ഓഫറുകളുമായി റിഷി സുനാക്; വാറ്റ് വെട്ടിക്കുറച്ചു, സ്റ്റാമ്പ് ഡ്യൂട്ടി ഇല്ലാതെ വീടുകള്‍ വാങ്ങാം, മൂന്ന് മാസത്തേക്ക് തൊഴിലാളികള്‍ക്ക് 1000 പൗണ്ട്
 • യുകെയില്‍ കോവിഡ് ബാധിച്ച് ഇന്നലെ മരിച്ചത്126 പേര്‍; ഒരാഴ്ചക്കിടെ മരണങ്ങളില്‍ 26% കുറവ്
 • ബ്രിട്ടനില്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത് 155 കൊറോണ മരണം
 • യുവാക്കള്‍ക്കായി റിഷി സുനാകിന്റെ 2 ബില്ല്യണ്‍ പൗണ്ടിന്റെ 'കിക്ക്സ്റ്റാര്‍ട്ട് സ്‌കീം'; പ്രോപ്പര്‍ട്ടി മാര്‍ക്കറ്റിനായി സ്റ്റാമ്പ് ഡ്യൂട്ടി ഹോളിഡേ
 • പബ്ബില്‍ പോളിഷ് സംസാരിച്ച എന്‍എച്ച്എസ് കെയര്‍ വര്‍ക്കറെ ആക്രമിച്ചു
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway