അസോസിയേഷന്‍

സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡിലെ കൗമാര താരങ്ങളായ അന്‍സല്‍ സൈജുവും സാം ആന്റണിയും ജോഷ്വാ ആഷ്‌ലിയും 'Let's break it together' ല്‍

യുക്മ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍, കോവിഡ് 19 ന് എതിരായ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍നിരയില്‍ നില്‍ക്കുന്ന ലോകം മുഴുവനുമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പിന്തുണയും ആദരവും അര്‍പ്പിച്ച് കൊണ്ട് ആരംഭിച്ച ലൈവ് ടാലന്റ് ഷോ 'LET'S BREAK IT TOGETHER' യു കെയിലേയും ലോകമെമ്പാടുമുള്ള ജനമനസ്സുകളില്‍ ഇടം നേടി ഉജ്ജ്വലമായി മുന്നേറ്റം തുടരുകയാണ്. യുക്മ പേജിലൂടെ പ്രക്ഷേപണം ചെയ്യുന്ന 'Let's Break it Together' ല്‍ നാളെ (ചൊവ്വാഴ്ച) 5 PM ന് (ഇന്‍ഡ്യന്‍ സമയം രാത്രി 9.30) പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത് വയലിനിലും ഗിറ്റാറിലും പിയാനോയിലും സംഗീതത്തിന്റെ മാന്ത്രികത തീര്‍ക്കുന്ന സ്റ്റോക് ഓണ്‍ ട്രെന്‍ഡില്‍ നിന്നുള്ള അന്‍സല്‍ സൈജു, സാം ആന്റണി, ജോഷ്വാ ആഷ്‌ലി എന്നീ മൂവര്‍ സംഘമാണ്. യുക്മയിലെ കരുത്തുറ്റ റീജിയനായ മിഡ്‌ലാന്‍ഡ്‌സിലെ ഏറ്റവും കരുത്തുറ്റ അംഗ അസ്സോസ്സിയേഷനുകളില്‍ ഒന്നായ S M A സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡിന്റെ അരുമകളാണ് ഈ മൂന്ന് കൌമാര താരങ്ങള്‍.

ചെറു പ്രായത്തില്‍ തന്നെ സംഗീതം ജീവിതത്തോട് ചേര്‍ത്ത് വെച്ച കൌമാര കലാകാരനാണ് അന്‍സല്‍ സൈജു. നന്നേ ചെറുപ്പം മുതല്‍ വയലിനില്‍ പരിശീലനം തുടങ്ങിയ അന്‍സല്‍ ഗ്രേഡ് 5 ല്‍ എത്തി നില്‍ക്കുകയാണ്. സ്റ്റോക്കിലെ സെന്റ്. ജോസഫ് കോളേജിലെ ഇയര്‍ 8 വിദ്യാര്‍ത്ഥിയായ ഈ 13 കാരന്‍ കോളേജിലെ സീനിയര്‍ ഓര്‍ക്കസ്ട്രയിലെ അംഗമാണ്. സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡ് സിറ്റി മ്യൂസിക് സര്‍വീസ് അംഗമായ അന്‍സല്‍ ഇതിനോടകം യുക്മ കലാമേള, S M A പ്രോഗ്രാമുകള്‍, ബൈബിള്‍ കലോത്സവം തുടങ്ങി നിരവധി വേദികളില്‍ തന്റെ വയലിന്‍ പ്രാവീണ്യം തെളിയിച്ച് കഴിഞ്ഞു.

ബൈബിള്‍ കലോത്സവം വയലിന്‍ വിഭാഗത്തില്‍ വിജയിയായ അന്‍സല്‍ തന്റെ 9-ാ മത്തെ വയസ്സില്‍ കരാട്ടെ ബ്‌ളാക്ക് ബെല്‍റ്റ് കരസ്ഥമാക്കി കായിക രംഗത്തും തന്റെ മികവ് തെളിയിച്ചിട്ടുണ്ട്. S M A യുടെ സജീവാംഗങ്ങളായ സൈജു ജോസഫ് - ജയമോള്‍ സൈജു ദമ്പതികളുടെ മകനാണ് അന്‍സല്‍.

കലാ കായികരംഗങ്ങളില്‍ മിന്നിത്തിളങ്ങുന്ന ഒരു ബഹുമുഖ പ്രതിഭയാണ് 14 കാരനായ സാം ആന്റണി. സ്റ്റോക്കിലെ സെന്റ്. ജോസഫ് കോളേജിലെ ഇയര്‍ 9 വിദ്യാര്‍ത്ഥിയായ സാം ഗിറ്റാറിലൂടെ തന്റെ സംഗീതാഭിമുഖ്യം വെളിപ്പെടുത്തുമ്പോള്‍ തന്നെ നൃത്തം, ബാസ്‌കറ്റ് ബോള്‍, ക്രിക്കറ്റ്, ബാഡ്മിന്റണ്‍, കരാട്ടെ എന്നിങ്ങനെ നിരവധി ഇനങ്ങളില്‍ പരിശീലനം തുടരുകയാണ്. ചെറു പ്രായത്തില്‍ തന്നെ ഗിറ്റാര്‍ പരിശീലനം തുടങ്ങിയ സാം നിരവധി വേദികളില്‍ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. സയന്‍സ് അവാര്‍ഡ് കരസ്ഥമാക്കിയിട്ടുള്ള ഈ മിടുക്കന്‍ സ്‌കൂള്‍ ബാസ്‌ക്കറ്റ് ബോള്‍ ടീമിലും അംഗമാണ്. ആന്റോ ജോസിന്റെയും SMA യുടെ സെക്രട്ടറിയും യുക്മ പ്രതിനിധിയുമായ സിനി ആന്റോയുടെയും മകനാണ് സാം.

പിയാനോയില്‍ സ്വര വിസ്മയം തീര്‍ക്കുന്ന ജോഷ്വാ ആഷ്‌ലി സംഗീതം തന്റെ ഹൃദയത്തോട് ചേര്‍ത്ത് വച്ചിരിക്കുന്ന ഒരു കൊച്ച് കലാകാരനാണ്. പിയാനോ ഗ്രേഡ് 4 ല്‍ പരിശീലനം തുടരുന്ന ജോഷ്വാ സ്റ്റോക്കിലെ സെന്റ്. തോമസ് മൂര്‍ കാത്തലിക് അക്കാഡമിയിലെ ഇയര്‍ 9 വിദ്യാര്‍ത്ഥിയാണ്. ചെറിയ പ്രായത്തില്‍ തന്നെ പിയാനോയില്‍ പരിശീലനം തുടങ്ങിയ ജോഷ്വാ ഇതിനോടകം നിരവധി വേദികളില്‍ തന്റെ മികവ് പ്രകടിപ്പിച്ചിട്ടുണ്ട്. കരാട്ടെയില്‍ ബ്‌ളാക്ക് ബെല്‍റ്റ് കരസ്ഥമാക്കിയ ഈ 14 കാരന്‍ പിയാനോയോടൊപ്പം കരാട്ടെയിലും പരിശീലനം തുടരുകയാണ്. S M A യുടെ സജീവാംഗങ്ങളായ ആഷ്‌ലി കുര്യന്‍ - ബെറ്റി കുരിയാക്കോസ് ദമ്പതികളുടെ മകനാണ് ജോഷ്വാ.

ഈ ലൈവ് ഷോ യുക്മയുടെ ഔദ്യോഗീക ഫേസ്ബുക്ക് പേജ് ആയ UUKMA യിലൂടെയാണ് സംപ്രേക്ഷണം ചെയ്യുന്നത്.

എട്ടു വയസ്സു മുതല്‍ 21 വയസ്സ് വരെ പ്രായമുള്ള യു കെ യിലെ വൈവിധ്യമാര്‍ന്ന കലാവാസനയുള്ള പ്രതിഭകളെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രശസ്തരായ കുട്ടികളെയും പങ്കെടുപ്പിച്ച് നടത്തുന്ന ഈ കലാവിരുന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൃതജ്ഞതയും അഭിവാദ്യവും അര്‍പ്പിക്കുന്നതിനായാണ് സംഘടിപ്പിച്ചിരിക്കുന്നത്. വ്യത്യസ്തമായ സംഗീതോപകരണങ്ങളില്‍ കലാവിരുത് പ്രകടിപ്പിക്കുവാന്‍ കഴിവുള്ള പ്രതിഭകളുടെ കലാപ്രകടനങ്ങളാണ് ഈ ലൈവ് ഷോയുടെ പ്രധാന ആകര്‍ഷണം. എന്നാല്‍ ഹാസ്യാത്മകമായ പരിപാടികള്‍ ഉള്‍പ്പെടെ വൈവിധ്യമാര്‍ന്നതും ആകര്‍ഷണങ്ങളുമായ മറ്റു കലാപരിപാടികള്‍ അവതരിപ്പിക്കുവാനുള്ള അവസരവും ഉണ്ടായിരിക്കുന്നതാണ്.

യുകെയിലെ അറിയപ്പെടുന്ന ഗായകനായ റെക്‌സ് ബാന്‍ഡ് യു കെ യുടെ റെക്‌സ് ജോസും, ജെ ജെ ഓഡിയോസിന്റെ ജോജോ തോമസും ചേര്‍ന്ന് പരിപാടികള്‍ അവതരിപ്പിക്കുന്നവര്‍ക്ക് വേണ്ട സാങ്കേതിക സഹായങ്ങള്‍ നല്‍കുന്നതാണ്. കലാപരിപാടികള്‍ അവതരിപ്പിക്കുന്നതിനുവേണ്ട മിനിമം സമയം ഇരുപത് മിനിറ്റ് ആണ്. പരിപാടികള്‍ അവതരിപ്പിക്കുവാന്‍ ആഗ്രഹിക്കുന്ന എട്ടു മുതല്‍ ഇരുപത്തിയൊന്ന് വയസ്സ് വരെ പ്രായപരിധിയിലുള്ള കലാ പ്രതിഭകള്‍ അവതരിപ്പിക്കുവാന്‍ ആഗ്രഹിക്കുന്ന പരിപാടിയുടെ, കുറഞ്ഞത് അഞ്ച് മിനിറ്റ് ദൈര്‍ഘ്യം ഉള്ള വീഡിയോ ക്ലിപ്പ് 07846747602 എന്ന് വാട്‌സ്ആപ്പ് നമ്പറില്‍ അയച്ചു തരേണ്ടതാണ് . ഓര്‍ഗനൈസിംഗ് കമ്മിറ്റിയുടെ തീരുമാനം അനുസരിച്ച് പരിപാടികള്‍ അവതരിപ്പിക്കേണ്ടവരെ മുന്‍കൂട്ടി അറിയിക്കുന്നതുമായിരിക്കും.

ലോകമെമ്പാടുമുള്ള ആതുരസേവകര്‍ക്ക് ആദരവ് നല്‍കുന്നതിനായി യുക്മ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ പ്രതിഭാ സമ്പന്നരായ കുട്ടികള്‍ അവതരിപ്പിക്കുന്ന 'ലെറ്റ്‌സ് ബ്രേക്ക് ഇറ്റ് ടുഗദര്‍ ' എന്ന ലൈവ് കലാവിരുന്നിന് എല്ലാവിധ പ്രോത്സാഹനവും നല്‍കി വിജയിപ്പിക്കണമെന്ന് യുക്മ പ്രസിഡണ്ട് മനോജ്കുമാര്‍ പിള്ള, ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗീസ് വൈസ് പ്രസിഡന്റ് എബി സെബാസ്‌റ്യന്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

യുക്മ സാംസ്‌കാരിക വേദി രക്ഷാധികാരി സി എ ജോസഫ് ദേശീയ കോര്‍ഡിനേറ്റര്‍ കുര്യന്‍ ജോര്‍ജ്, വൈസ് ചെയര്‍മാന്‍ ജോയി ആഗസ്തി, ജനറല്‍ കണ്‍വീനര്‍മാരായ ജയ്സണ്‍ ജോര്‍ജ്ജ്, തോമസ് മാറാട്ടുകളം എന്നിവരാണ് പരിപാടിയുടെ മേല്‍നോട്ടം വഹിക്കുന്നത്.

പ്രോഗ്രാം സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ക്ക് യുക്മ സാംസ്‌കാരിക വേദി രക്ഷാധികാരിയും, പരിപാടിയുടെ പ്രധാന ചുമതല വഹിക്കുന്നയാളുമായ സി എ ജോസഫ് (07846747602) , യുക്മ സാംസ്‌കാരിക വേദി നാഷണല്‍ കോര്‍ഡിനേറ്റര്‍ കുര്യന്‍ ജോര്‍ജ് (07877348602) എന്നിവരെ ബന്ധപ്പെടേണ്ടതാണ്.

 • വാദ്യഘോഷങ്ങളുടെ അനുപമ സംഗീതവുമായി 'Let's Break It Together' ല്‍ നാളെ മാഞ്ചസ്റ്ററില്‍ നിന്ന് അമൃത വര്‍ഷിണി കുംബ്‌ളയും നവ്യ മുകേഷും
 • Let's Break It Together' ല്‍ ഇന്ന് ആസ്വാദകര്‍ക്ക് മുന്നിലെത്തുന്നത് ആറ് അതുല്യ പ്രതിഭകള്‍
 • ശമ്പള വര്‍ദ്ധനവിന് പിന്തുണ അഭ്യര്‍ത്ഥിച്ചു ബ്രിട്ടീഷ് എം.പിമാര്‍ക്ക് നിവേദനങ്ങളുമായി യുക്മ; പുതുതലമുറ നേഴ്സുമാരുടെ കുടുംബത്തിന് വിസാ നിയമങ്ങളില്‍ ദീര്‍ഘകാല ഇളവുകള്‍ക്കുള്ള ശ്രമങ്ങളും
 • 'Let's Break It Together' ല്‍ താളമേള വിസ്മയം തീര്‍ത്ത് ഈസ്റ്റ്ഹാമിന്റെ സ്വരൂപ് മേനോനും ശ്രേയ മേനോനും
 • ലണ്ടനിലെ ഈസ്റ്റ്ഹാമില്‍ നിന്നും MAUK യുടെ അഭിമാന താരങ്ങള്‍ സ്വരൂപ് മേനോനും ശ്രേയ മേനോനും 'Let's Break It Together' ലൈവ് ഷോയില്‍
 • Let's break it together' ല്‍ രാഗ സുന്ദര വിരുന്നൊരുക്കാന്‍ ചൊവ്വാഴ്ച എത്തുന്നത് തെരേസ മാത്തച്ചന്‍, ജോര്‍ജ്ജ് മാത്തച്ചന്‍, ലിസ് മരിയ മാത്തച്ചന്‍ സഹോദരങ്ങളോടൊപ്പം റോസ്‌മേരി ബെന്നിയും
 • കൊറോണ പശ്ചാത്തലത്തില്‍ മാനസീക സമ്മര്‍ദ്ദങ്ങള്‍ അഭിമുഖീകരിക്കുന്നവര്‍ക്കു കൈത്താങ്ങായി യുക്മ ചാരിറ്റി ഫൗണ്ടേഷന്റെ 'ഉയിര്‍'
 • WE SHALL OVERCOME കാമ്പയിനില്‍ ഞായറാഴ്ച വ്യത്യസ്തമായ നൃത്ത സംഗീത പരിപാടി 'ധ്വനി'
 • ശമ്പള വര്‍ദ്ധനയില്‍ നഴ്സുമാരോട് അവഗണന: യുക്മ അംഗ അസോസിയേഷനുകള്‍ വഴി എംപിമാര്‍ക്ക് നിവേദനങ്ങള്‍ സമര്‍പ്പിക്കും
 • യുകെകെസിഎയുടെ ആഭിമുഖ്യത്തില്‍ സൗജന്യ Mock Exam ഞായറാഴ്ച
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway