Don't Miss

കേശവാനന്ദ ഭാരതി വെറുമൊരു സ്വാമിയല്ല

കേരളത്തിന്റെ വടക്കേ മൂലയിലുള്ള കാസര്‍ഗോഡ് നിന്നും രാജ്യം കണ്ട ഏറ്റവും ചരിത്രപരമായ ഒരു വിധിയ്ക്കു അടിസ്ഥാനമായ ഹര്‍ജി നല്‍കി ദേശീയ ശ്രദ്ധ നേടിയ ആളാണ് ഞായറാഴ്ച പുലര്‍ച്ച അന്തരിച്ച കാസര്‍ഗോഡ് എടനീര്‍ മഠാധിപതി കേശവാനന്ദഭാരതി(79). ഇഎംഎസ് സര്‍ക്കാരിന്റെ ഭൂപരിഷ്‌കരണ നിയമത്തിന് എതിരെ നിയമപോരാട്ടം നടത്തിയാണ് സ്വാമി ശ്രദ്ധേയനായത്. അത് മൗലികാവകാശ സംരക്ഷണത്തിനായി സുപ്രീംകോടതിയില്‍ നടന്ന ഏറ്റവും പ്രാധാന്യം നേടിയ കേസും വിധിയുമായി ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടു. ഭരണഘടനയുടെ അടിസ്ഥാന ഘടന നിയമ ഭേദഗതി വഴി മാറ്റാന്‍ സാധിക്കില്ലെന്ന സുപ്രീം കോടതിയുടെ ചരിത്ര വിധി കേശവാനന്ദ ഭാരതിയുടെ ഹര്‍ജിയുടെ അടിസ്ഥാനത്തിലായിരുന്നു എന്നത് നിയവിദ്യാര്‍ത്ഥികള്‍ക്കല്ലാതെ ഇന്നത്തെ തലമുറയ്ക്ക് അറിവില്ല .

ഇ എം എസ് സര്‍ക്കാരിന്റെ സമയത്ത് ഭൂപരിഷ്‌കരണ നിയമത്തിനെതിരെ ഹര്‍ജി നല്‍കിയതോടെയാണ് കേശവാനന്ദ ഭാരതി എന്ന പേര് രാജ്യശ്രദ്ധ നേടുന്നത്. 1969ലെ 29-മത് ഭരണഘടനാ ഭേദഗതിയും, 1969ലെ ഭൂപരിഷ്‌കരണ നിയമവും 1971 ലെ കേരള ഭൂപരിഷ്‌കരണ ഭേദഗതി നിയമവും ചോദ്യം ചെയ്തുകൊണ്ട് ആണ് കേശവാനന്ദഭാരതി നിയമപോരാട്ടത്തിന് ഇറങ്ങിയത്. ഭൂപരിഷ്‌കരണം ഒരു നിമിത്തമായെങ്കിലും മൗലികാവകാശ നിയമഭേദഗതിക്കെതിരെ പരമോന്നത കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ആദ്യ ഹര്‍ജിക്കാരനായി കേശവാനന്ദ സ്വാമി മാറി.

ഭൂപരിഷ്കരണ നിയമത്തിന്റെ സാധുത ചോദ്യം ചെയ്തതിനൊപ്പം മതസ്വാതന്ത്ര്യത്തിനും മതസ്ഥാപനങ്ങള്‍ നടത്തുന്നതിനുമുള്ള അവകാശം, തുല്യതയ്കുള്ള അവകാശം, സമത്വത്തിനുള്ള അവകാശം, സ്വത്തവകാശം തുടങ്ങിയ തന്റെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കണമെന്ന ആവശ്യവും 1970 മാര്‍ച്ച് 21 ന് സമര്‍പ്പിച്ച ഈ റിട്ട് ഹര്‍ജിയില്‍ കേശവാനന്ദഭാരതി ഉയര്‍ത്തിയിരുന്നു.

സ്വത്തവകാശം മൗലികാവകാശമാണോ എന്ന തര്‍ക്കം ഒടുവില്‍ പാര്‍ലമെന്റിന് ഭരണ ഘടന ഭേദഗതി ചെയ്യാനുള്ള അധികാരത്തെ സംബന്ധിച്ച പരിശോധനയായി മാറി. ചരിത്രത്തില്‍ തന്നെ ഏറ്റവും നീണ്ടുനിന്ന വാദമായിരുന്നു പിന്നീട് നടന്നത്. 68 ദിവസം നീണ്ടു നിന്ന വാദം നയിച്ചവരില്‍ പ്രമുഖന്‍ നാനി പാല്‍ഖിവാലാ ആയിരുന്നു. 13 സുപ്രിംകോടതി ജഡ്ജിമാരടങ്ങിയ ഭരണഘടനാ ബഞ്ചാണ് കേസ് കേട്ടത്. ഒടുവില്‍ ഭരണഘടനയുടെ തത്വങ്ങള്‍ മാറ്റരുതെന്ന് 1973 ഏപ്രില്‍ 24ന് സുപ്രീം കോടതി വിധിച്ചു.

ഭൂപരിഷ്കരണ നിയമത്തിന്റെ സാധുത ചോദ്യം ചെയ്തുകൊണ്ട് കേശവാന്ദ ഭാരതി നല്‍കിയ ഹര്‍ജി രാജ്യത്തെ ഭരണഘടനാ കേസുകളില്‍ പ്രധാനപ്പെട്ടതായാണ് ഇന്നും വിലയിരുത്തപ്പെടുന്നത്.ദി കേശവാന്ദ ഭാരതി കേസ്, കേശവാനന്ദ ഭാരതി v/s കേരള സര്‍ക്കാര്‍ എന്ന പേരിലും പ്രസിദ്ധമായ ഈ കേസിലെ സുപ്രീം കോടതി വിധി മൗലികവകാശവും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളും സംബന്ധിച്ച പല കേസുകളിലും വലിയ പ്രധാന്യത്തോടെ ഇന്നും പരാമര്‍ശിക്കാറുണ്ട്.

  • സീറ്റ് കിട്ടിയില്ല; എംഡിഎംകെ എംപി കീടനാശിനി ഉള്ളില്‍ചെന്ന് ഗുരുതരാവസ്ഥയില്‍
  • 'ചിറ്റപ്പന്‍' വേറെ ലെവലാണ്
  • പിസി ജോര്‍ജിനെ തഴഞ്ഞുള്ള ബിജെപിയുടെ രാഷ്ട്രീയം
  • സിദ്ധാര്‍ത്ഥിനെ അവര്‍ വേട്ടയാടി കൊന്നു
  • ലണ്ടനില്‍ നിന്ന് സൂപ്പര്‍ സോണിക് വിമാനങ്ങള്‍!
  • സിനിമയിലൂടെ ശ്രീരാമനെ നിന്ദിച്ചെന്ന്; നയന്‍താരയ്ക്കെതിരെ പൊലീസ് കേസ്
  • യുവതലമുറ കൂട്ടത്തോടെ കടല്‍കടക്കുന്നു; കേരളത്തില്‍ 'പ്രേതഗ്രാമങ്ങള്‍' കൂടുന്നു
  • ഖത്തറില്‍ മലയാളി ഉള്‍പ്പെടെ എട്ട് മുന്‍ ഇന്ത്യന്‍ നാവികരുടെ വധശിക്ഷ റദ്ദാക്കി
  • കുടിയേറ്റം: പുതുവര്‍ഷത്തില്‍ വിസ നയങ്ങള്‍ കടുപ്പിക്കാന്‍ രാജ്യങ്ങള്‍
  • കോണ്‍ഗ്രസിനു നാണക്കേടായി 'കള്ളപ്പണ ശതകോടീശ്വരന്‍'
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions