യു.കെ.വാര്‍ത്തകള്‍

യുകെയിലെ കൊറോണ വൈറസ് അലര്‍ട്ട് ലെവല്‍ 4 ആക്കുന്നു; നിയന്ത്രണമില്ലെങ്കില്‍ പ്രതിദിന കേസുകള്‍ അരലക്ഷമാകും!


ലണ്ടന്‍: കോവിഡ് വ്യാപനം നിയന്ത്രിക്കാന്‍ കൂടുതല്‍ കര്‍ശന നടപടികള്‍ ഉണ്ടായില്ലെങ്കില്‍ യുകെയില്‍ ഒക്ടോബര്‍ പകുതിയോടെ ദിവസേന 50,000 പുതിയ വൈറസ് കേസുകള്‍ ഉണ്ടാകാമെന്നു ചീഫ് മെഡിക്കല്‍ അഡ് വൈസര്‍മാര്‍. അതിനാല്‍ രാജ്യത്തെ
കൊറോണ വൈറസ് അലര്‍ട്ട് ലെവല്‍ ഉയര്‍ത്താന്‍ മെഡിക്കല്‍ അഡ് വൈസര്‍മാര്‍ ശുപാര്‍ശ ചെയ്തു. അലര്‍ട്ട് ലെവല്‍ മൂന്നില്‍ നിന്ന് നാലിലേയ്ക്കാണ് ഉയര്‍ത്തുന്നത്.

കൊറോണ വ്യാപനനിരക്ക് വളരെ കൂടുതല്‍ / കുത്തനെ ഉയരുന്നു എന്നതാണ് ലെവല്‍ 4 അലര്‍ട്ട് സൂചിപ്പിക്കുന്നത്. കോവിഡ് വ്യാപനം നിയന്ത്രിക്കാന്‍ കൂടുതല്‍ നടപടികള്‍ ഉണ്ടായില്ലെങ്കില്‍ ഒക്ടോബര്‍ പകുതിയോടെ ദിവസേന 50,000 പുതിയ ഇന്‍ഫെക്ഷനുകള്‍ യുകെയില്‍ ഉണ്ടാകാമെന്നും മെഡിക്കല്‍ അഡ് വൈസര്‍മാര്‍ അറിയിച്ചു. ഇത്രയും ഇന്‍ഫെക്ഷനുകള്‍ ഉണ്ടാകുന്ന പക്ഷം നവംബര്‍ പകുതിയോടെ ദിവസവും 200 ഓളം കൊറോണ മരണങ്ങള്‍ ഉണ്ടാകുന്ന സ്ഥിതിയിലേയ്ക്ക് രാജ്യം നീങ്ങുമെന്നും സര്‍ പാട്രിക് വാലന്‍സും പ്രൊഫ. ക്രിസ് വിറ്റിയും വ്യക്തമാക്കി.

ഡൗണിംഗ് സ്ട്രീറ്റില്‍ നടന്ന പ്രസ് ബ്രീഫിംഗില്‍ ഇരുവരും നിലവിലെ കോവിഡ് നില വിശദീകരിച്ചു. ഓരോ 7 ദിവസങ്ങളിലും ഇന്‍ഫെക്ഷനുകളുടെ എണ്ണം ഇരട്ടിയാകുന്നുണ്ടെന്ന് അഡ് വൈസര്‍മാര്‍ പറഞ്ഞു. യുകെയില്‍ ഏകദേശം 70,000 ത്തോളം പേര്‍ക്ക് നിലവില്‍ കോവിഡ് ബാധിച്ചിട്ടുണ്ട്. കൂടുതര്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ വരും ദിവസങ്ങളില്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന. പ്രധാനമന്ത്രി ഇന്ന് കോമണ്‍സില്‍ പ്രസ്താവന നടത്തുന്നുണ്ട്.

ഇന്നലെ ബ്രിട്ടനിലെ കോവിഡ് കണക്കുകള്‍ 4,368 എത്തി. ഇത് നാലരമാസത്തെ ഉയര്‍ന്ന നിലയാണ്. മുന്നോട്ടുള്ള ദിവസങ്ങളില്‍ സംഖ്യ കുതിയ്ക്കും എന്നതിന്റെ സൂചനയാണ്. തലേദിവസം 3,899 പുതിയ കോവിഡ് കേസുകളും 18 മരണങ്ങളും ആണ് രേഖപ്പെടുത്തിയത്.

രോഗത്തെ പിടിച്ച് കെട്ടുന്ന കാര്യത്തില്‍ രാജ്യം തെറ്റായ ദിശയിലാണ് സഞ്ചരിക്കുന്നതെന്നു പ്രഫ.ക്രിസ് വിറ്റി മുന്നറിയിപ്പേകി. കൊറോണ അധികരിച്ച് കൊണ്ടിരിക്കുന്നതിനാല്‍ വളരെയേറെ വെല്ലുവിളി നിറഞ്ഞ കാലമായിരിക്കും വിന്ററിലുണ്ടാവുകയെന്നും അദ്ദേഹം പ്രവചിക്കുന്നു. കൂട്ടമരണങ്ങളുണ്ടാകും.

രണ്ടാം കോവിഡ് തരംഗമുണ്ടായ യൂറോപ്പിലെ മറ്റു രാജ്യങ്ങളിലെ അവസ്ഥ ഉദാഹരണമായി യുകെയുടെ മുന്നിലുണ്ട് . ഇംഗ്ലണ്ടിലെ പബ്ബ്കളൊക്കെ രാത്രി 10 മണിക്ക് അടക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

കോവിഡ് ബാധിച്ച് വീടുകളില്‍ സെല്‍ഫ് ഐസൊലേഷനില്‍ കഴിയുന്നവര്‍ ഇത് ലംഘിച്ചാല്‍ 10,000 പൗണ്ട് വരെ പിഴ ഈടാക്കാനുള്ള കര്‍ശനമായ നിയമങ്ങള്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. പോസിറ്റീവായി മാറുന്നവര്‍ക്ക് സെല്‍ഫ് ഐസൊലേറ്റ് ചെയ്യണമെന്നത് ജനങ്ങളുടെ ഉത്തരവാദിത്വമായാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.

ഇതിന് പുറമെ സെല്‍ഫ് ഐസൊലേഷനില്‍ പോകാന്‍ ആവശ്യപ്പെടുന്ന കുറഞ്ഞ വേതനക്കാരായ 4 മില്ല്യണ്‍ ജനങ്ങള്‍ ജോലിക്ക് പോകാന്‍ കഴിയാതെ വീടുകളില്‍ തുടരുമ്പോള്‍ 500 പൗണ്ട് ലംപ് സം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. നിയമം ലംഘിക്കുന്നവര്‍ക്കുള്ള തുക 1000 പൗണ്ടില്‍ തുടങ്ങാനാണ് നിശ്ചയിച്ചിരിക്കുന്നത്. തുടര്‍ച്ചയായി നിയമം ലംഘിച്ചാല്‍ ഇത് 10,000 പൗണ്ടിലേക്ക് ഉയരും.


 • യുകെയില്‍ കോവിഡ് ബാധിച്ചവരില്‍ ആന്റിബോഡികളുടെ അളവ് കുത്തനെ കുറയുന്നതായി കണ്ടെത്തി
 • കോവിഡ് ലോക്ക്ഡൗണിനെതിരെ കലാപമുയര്‍ത്തി 50 ഭരണകക്ഷി എം‌പിമാര്‍; 'എക്സിറ്റ് മാപ്പ്' ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്ത്
 • യുകെയില്‍ കൊറോണയില്‍ ഇന്ത്യക്കാരടങ്ങുന്ന വംശീയ ന്യൂനപക്ഷങ്ങള്‍ കൂടുതലായി മരണപ്പെട്ടത് വിവേചനം കൊണ്ട്!
 • നോട്ടിംഗ്ഹാമിലും വാറിംഗ്ടണിലും ട്രിപ്പിള്‍ ലോക്ക്ഡൗണ്‍; ഞായറാഴ്ചയും ഇരുപതിനായിരത്തിലേറെ പുതിയ കേസുകള്‍, 102 മരണങ്ങള്‍
 • 65കാരനായ ഹരീഷ് സാല്‍വെക്ക് നാളെ വിവാഹം; വധു ലണ്ടനിലെ കലാകാരി
 • ക്രോയ്ഡോണില്‍ നവംബര്‍ 1ന് അശോക് കുമാര്‍ നടത്തുന്ന 10 കിലോമീറ്റര്‍ റണ്ണിങ് ഇവന്റ്
 • ട്രാന്‍സ്പോര്‍ട്ട് ഫോര്‍ ലണ്ടന്‍ മാസ്‌ക് ധരിക്കാത്തതിന് പിഴശിക്ഷ കര്‍ശനമാക്കി
 • യുകെയില്‍ ഇന്നലെ പുതിയ 20,000 കോവിഡ് രോഗികളും 151 മരണങ്ങളും; മരണത്തില്‍ 125% വര്‍ധന
 • ട്രിപ്പിള്‍ ലോക് ഡൗണിലും നില്‍ക്കില്ല; യുകെയില്‍ അടുത്തത് ടിയര്‍ 4 വിലക്ക്, തുറന്നരിക്കുന്ന ഷോപ്പുകളും അടക്കേണ്ടിവരും
 • നാട്ടിലേയ്ക്ക് വരാന്‍ കാത്തിരിക്കുന്ന പ്രവാസികള്‍ക്കായി ക്വറന്റൈന്‍ പാക്കേജ്!
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway