നാട്ടുവാര്‍ത്തകള്‍

കസ്റ്റംസ് കസ്റ്റഡിയിലെടുക്കാനെത്തി; ശിവശങ്കര്‍ ഐസിയുവിലെത്തി

തിരുവനന്തപുരം: നാടകീയനീക്കങ്ങള്‍ക്കും അനിശ്ചിതത്വത്തിനുമൊടുവില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ കസ്റ്റംസ് കസ്റ്റഡിയില്‍. അന്താരാഷ്ട്ര സ്വര്‍ണ്ണക്കള്ളക്കടത്ത്, ഈന്തപ്പഴ ഇറക്കുമതി എന്നീ കേസുകളുമായി ബന്ധപ്പെട്ടാണ് കേന്ദ്രഏജന്‍സിയുടെ നടപടി. കസ്റ്റംസ് വാഹനത്തില്‍വെച്ച് ശിവശങ്കറിന് ദേഹാസ്വാസ്ഥ്യമുണ്ടായതോടെ കരമനയിലെ പിആര്‍എസ് ആശുപത്രിയിലെ കാര്‍ഡിയാക് ഐസിയുവില്‍ പ്രവേശിപ്പിച്ചു. ശിവശങ്കറിന്റെ ഭാര്യ ജോലിചെയ്യുന്ന ആശുപത്രി കൂടിയാണ് ഇത്. ശിവശങ്കറിന്റെ ഭാര്യ നെഫ്രോളജിസ്റ്റ് ആയി ജോലിചെയ്യുന്നത് ഇവിടെയാണ്.

ശിവശങ്കറിന് ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും ഇസിജിയില്‍ നേരിയ വ്യതിയാനവും ഉണ്ടായിരുന്നതായി വെള്ളിയാഴ്ച രാത്രി ആശുപത്രി പുറത്തുവിട്ട മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. ആരോഗ്യനില തൃപ്തികരമാണെങ്കില്‍ കസ്റ്റംസ് തുടര്‍ നടപടികളുമായി മുന്നോട്ടു പോയേക്കുമെന്നാണ് സൂചന. അറസ്റ്റ് ആണ് അടുത്ത നീക്കമെന്ന അഭ്യൂഹങ്ങളും ഉയരുന്നുണ്ട്. ഇന്ന് വീണ്ടും ഇ.സി.ജി പരിശോധനയും വേണ്ടിവന്നാല്‍ ആന്‍ജിയോഗ്രാമും നടത്തുമെന്നാണ് റിപ്പോര്‍ട്ട്.

കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണര്‍ രാമമൂര്‍ത്തി അടക്കമുള്ള ഉദ്യോഗസ്ഥര്‍ ശിവശങ്കര്‍ ചികിത്സയില്‍ കഴിയുന്ന ആശുപത്രിയില്‍ എത്തിയിരുന്നു. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് പിന്നാലെ എന്‍ഐഎ ഉദ്യോഗസ്ഥരും ആശുപത്രിയിലെത്തിച്ചേര്‍ന്നിരുന്നു.

വെള്ളിയാഴ്ച ശിവശങ്കറിനെത്തേടി കസ്റ്റംസ് അപ്രതീക്ഷിതമായാണ് എത്തിയത്. നേരത്തേ നോട്ടീസ് നല്‍കി വിളിപ്പിക്കുന്നതിനു പകരം ഉടന്‍ കൂടെച്ചെല്ലാന്‍ ആവശ്യപ്പെടുകയായിരുന്നു. കസ്റ്റംസിന്റെ ഔദ്യോഗിക കാറില്‍ കൂട്ടിക്കൊണ്ടുപോകുകയും ചെയ്തു. പുതിയ കേസ് രജിസ്റ്റര്‍ ചെയ്തുവെന്ന വിവരം ശിവശങ്കറിനെ പരിഭ്രാന്തനാക്കി. അതോടെയാണ് ആശുപത്രി അഡ്മിഷനിലേയ്ക്ക് എത്തുന്നത്.

കോടതിയെ സമീപിക്കാനുള്ള സാവകാശം നല്‍കാത്തവിധത്തിലായിരുന്നു കസ്റ്റംസിന്റെ നീക്കം. വൈകീട്ട് കോടതിസമയം കഴിഞ്ഞശേഷമാണ് കസ്റ്റംസ് എത്തിയത്. വരുന്ന രണ്ടു ദിവസങ്ങള്‍ കോടതി അവധിയുമാണ്. ആശുപത്രിയില്‍ കഴിയുന്ന ശിവശങ്കറിന്റെ നില തൃപ്തികരമാണെന്നും ഒരുദിവസം നിരീക്ഷണം വേണമെന്നുമാണ് ആശുപത്രി അധികൃതര്‍ വെള്ളിയാഴ്ച രാത്രി അറിയിച്ചിരുന്നത്. രാത്രിതന്നെ ശിവശങ്കറെ കൊണ്ടുപോകാന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ മൂന്നുമണിക്കൂറോളം ആശുപത്രിയില്‍ തങ്ങിയശേഷമാണ് കസ്റ്റംസ് സംഘം മടങ്ങിയത്.

ശിവശങ്കര്‍ മുന്‍പ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചശേഷം ശിവശങ്കറിനെ ഈ മാസം 23 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു. ഈ ജാമ്യം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മാത്രമാണ് ബാധകം.

ഈന്തപ്പഴം ഇറക്കുമതി വിതരണം ചെയ്തതിന്റെ മറവില്‍ സ്വര്‍ണ്ണക്കടത്ത് നടത്തിയതായി കസ്റ്റംസ് സംശയിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് സ്വര്‍ണ്ണക്കടത്ത് കേസ് പ്രതികളായ സ്വപ്‌ന സുരേഷും സന്ദീപ് നായരും നല്‍കിയ മൊഴികള്‍ ശിവശങ്കറിനെതിരാണെന്നാണ് വിവരം. ശിവശങ്കര്‍ നല്‍കിയ മൊഴിയില്‍ വൈരുദ്ധ്യങ്ങളുണ്ടെന്നും മറ്റുള്ളവരുടെ മൊഴികളുമായി പൊരുത്തക്കേടുകളുണ്ടെന്നും സൂചനയുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചറിയാനായാണ് ശിവശങ്കറിനെ കസ്റ്റഡിയിലെടുത്തതെന്നാണ് സൂചന.

സ്വര്‍ണ്ണക്കടത്ത് കേസില്‍ ശിവശങ്കറെ പ്രതിചേര്‍ക്കാന്‍ കസ്റ്റംസ് നീക്കം നടത്തുകയാണെന്ന റിപ്പോര്‍ട്ടുകള്‍ ദിവസങ്ങള്‍ക്ക് മുമ്പ് പുറത്തുവന്നിരുന്നു. ഇക്കാര്യം സാധ്യമാണോയെന്ന കാര്യത്തില്‍ കസ്റ്റംസ് നിയമോപദേശം തേടിയെന്നും നിലവില്‍ ലഭ്യമായ തെളിവുകള്‍ ശിവശങ്കറെ പ്രതിയാക്കാന്‍ പര്യാപ്തമാണാ എന്ന് കേന്ദ്ര ഏജന്‍സികള്‍ പരിശോധിക്കുകയാണെന്നും വാര്‍ത്തകളുണ്ടായിരുന്നു.

സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്‌ന സുരേഷിനെ ശിവശങ്കര്‍ സഹായിച്ചതിന്റെ തെളിവുകള്‍ പുറത്തുവന്നിരുന്നു. തനിക്ക് ബാങ്ക് ലോക്കര്‍ എടുത്ത് തന്നത് ശിവശങ്കറാണെന്ന് സ്വപ്ന മൊഴി നല്‍കിയത് വന്‍ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. സ്വപ്‌നയുടെ സാമ്പത്തിക ഇടപാടുകളേക്കുറിച്ച് ശിവശങ്കറിന് അറിയാമായിരുന്നു എന്നാണ് കസ്റ്റംസിന്റെ കണക്കുകൂട്ടല്‍.

 • പിണങ്ങിക്കഴിയവെ ഭാര്യയ്ക്ക് മറ്റൊരാളില്‍ കുഞ്ഞുണ്ടായി; ഒന്നിക്കാനായി ദമ്പതിമാര്‍ നവജാതശിശുവിനെ ഉപേക്ഷിച്ച് കടന്നു
 • സ്വര്‍ണക്കടത്തിനു പിന്നില്‍ മലയാളി പ്രവാസി വ്യവസായി 'ദാവൂദ്'
 • കൊല്ലത്ത് കുഞ്ഞുമായി കായലില്‍ ചാടി ജീവനൊടുക്കിയ യുവതിയുടെ ഭര്‍ത്താവും ജീവനൊടുക്കി
 • സര്‍ക്കാരിന്റെ സാങ്കേതിക പദ്ധതികളില്‍ ശിവശങ്കര്‍ വന്‍തുക കമ്മീഷനടിച്ചെന്ന് മൊഴി; ഇടനില സ്വപ്‍ന!
 • യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ചു ; അഞ്ചു ലക്ഷം തട്ടി , സിപിഎം പ്രവര്‍ത്തകനെതിരെ കേസെടുത്തു
 • കുഞ്ഞിനെ ഭിത്തിയിലെറിഞ്ഞു കൊല: രണ്ടു വര്‍ഷം മുമ്പ് പിതാവിനെയും കൊലപ്പെടുത്തിയതാണെന്ന് സംശയം
 • ഇടുക്കിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍
 • പഞ്ചരത്‌നങ്ങളില്‍ മൂന്നുപേര്‍ ഗുരുവായൂരില്‍ വിവാഹിതരായി
 • താനടക്കമുള്ള സ്ത്രീ തടവുകാരെ പൂര്‍ണ്ണനഗ്നരാക്കി; കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ഷെമീറിന്റെ ഭാര്യ
 • കപില്‍ ദേവിന് ഹൃദയാഘാതം; ആന്‍ജിയോ പ്ലാസ്റ്റിക്ക് വിധേയനാക്കി
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway