നാട്ടുവാര്‍ത്തകള്‍

'ഇത് എന്തൊരു ദുരന്തമാണ് '; നടി ആക്രമിക്കപ്പെട്ട കേസില്‍ കോടതിക്കെതിരെ ആഞ്ഞടിച്ചു ഡബ്ല്യു.സി.സി

കൊച്ചി: ആക്രമിക്കപ്പെട്ട പെണ്‍കുട്ടിക്ക് നീതി കിട്ടണമെങ്കില്‍ കേസ് മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ തന്നെ കോടതിയെ സമീപിച്ചെന്ന വാര്‍ത്ത ഞെട്ടിപ്പിച്ചെന്ന് ഡബ്ല്യു.സി.സി. ഞങ്ങളുടെ സഹപ്രവര്‍ത്തക ആക്രമിക്കപ്പെട്ട കേസില്‍ മൂന്ന് വര്‍ഷമായി തുടരുന്ന നീതിക്ക് വേണ്ടിയുള്ള കാത്തിരിപ്പില്‍ ഇനിയും അനിശ്ചിതത്വം വിതയ്ക്കപ്പെടുന്നത് എന്തൊരു ദുരന്തമാണെന്നും ഡബ്ല്യു.സി.സി ചോദിച്ചു.

ഇക്കാര്യത്തില്‍ പൊതുസമൂഹവും മുഖ്യമന്ത്രിയും അടിയന്തരമായി ഇടപെടണം എന്ന് അഭ്യര്‍ത്ഥിക്കുകയാണ്. നീതിക്ക് വേണ്ടിയുള്ള ഈ ദുസ്സഹമായ കാത്തിരിപ്പിന് അറുതി വരുത്തുകയെന്നത് സര്‍ക്കാറിന്റെ മാത്രം ഉത്തരവാദിത്തമല്ല. അത് ഈ രാജ്യത്തെ പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും ഭാവിയില്‍ കരുതലുള്ള മുഴുവന്‍ പേരുടെയും ഉത്തരവാദിത്തമായിരിക്കണമെന്നും ഡബ്ല്യു.സി.സി ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

'ഈ കോടതിയില്‍ നിന്നും അക്രമിക്കപ്പെട്ട പെണ്‍കുട്ടിക്ക് നീതി കിട്ടില്ല , ആയതിനാല്‍ കോടതി തന്നെ മാറ്റണം എന്ന് പറഞ്ഞ് നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രോസിക്യൂഷന്‍ തന്നെ കോടതിയെ സമീപിച്ചിരിക്കുന്നു’ എന്ന വാര്‍ത്ത ഞെട്ടലോടെയാണ് ഡബ്ല്യു.സി.സി. കേള്‍ക്കുന്നത്.

കോടതി പക്ഷപാതപരമായി പെരുമാറുന്നു എന്ന് പ്രോസിക്യൂട്ടര്‍ തന്നെ സംശയിക്കുന്നതായി അറിയുന്നു. ഞങ്ങളുടെ സഹപ്രവര്‍ത്തക ആക്രമിക്കപ്പെട്ട കേസില്‍ മൂന്ന് വര്‍ഷമായി തുടരുന്ന നീതിക്ക് വേണ്ടിയുള്ള കാത്തിരിപ്പില്‍ ഇനിയും അനിശ്ചിതത്വം വിതയ്ക്കപ്പെടുന്നത് എന്തൊരു ദുരന്തമാണ്.

ഇക്കാര്യത്തില്‍ പൊതുസമൂഹവും മുഖ്യമന്ത്രിയും അടിയന്തരമായി ഇടപെടണം എന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. നീതിക്ക് വേണ്ടിയുള്ള ഈ ദുസ്സഹമായ കാത്തിരിപ്പിന് അറുതി വരുത്തുകയെന്നത് സര്‍ക്കാറിന്റെ മാത്രം ഉത്തരവാദിത്തമല്ല. അത് ഈ രാജ്യത്തെ പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും ഭാവിയില്‍ കരുതലുള്ള മുഴുവന്‍ പേരുടെയും ഉത്തരവാദിത്തമായിരിക്കണം എന്ന് ഞങ്ങള്‍ ഓര്‍മ്മപ്പെടുത്തട്ടെ!

കഴിഞ്ഞ ദിവസമാണ് പ്രത്യേക കോടതിയിലെ ജഡ്ജിയെ മാറ്റണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ കോടതിയെ സമീപിച്ചത്. പ്രത്യേക കോടതി ജഡ്ജ് ഹണി. എം വര്‍ഗീസിനെതിരെയാണ് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ രംഗത്ത് എത്തിയത്.

നടിയെ ആക്രമിച്ച കേസ് ഈ കോടതി മുമ്പാകെ തുടര്‍ന്നാല്‍ ഇരയ്ക്ക് നീതി കിട്ടില്ലെന്നാണ് പബ്ലിക് പ്രോസിക്യൂട്ടര്‍ വിചാരണ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നത്. കോടതിയുടെ പെരുമാറ്റം അങ്ങേയറ്റം പക്ഷപാതിത്വം നിറഞ്ഞതാണെന്നും നീതിന്യായവ്യവസ്ഥയ്ക്കാകെയും പ്രോസിക്യൂഷനും കോട്ടം വരുത്തുന്നതാണ് ഇത്തരം സമീപനമെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ എ.സുരേശന്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു.

സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ക്കെതിരെ അനാവശ്യവും അടിസ്ഥാനരഹിതവും നിന്ദ്യവുമായ പരാമര്‍ശങ്ങള്‍ നടത്തുകയാണെന്നും എ.സുരേശന്‍ നല്‍കിയ അപേക്ഷയില്‍ പറയുന്നുണ്ട്. നീതിപൂര്‍വ്വമായ വിചാരണ കേസില്‍ ഉറപ്പാക്കണമെന്നും നീതിയ്ക്ക് വേണ്ടി നിലനില്‍ക്കേണ്ടത് പ്രോസിക്യൂഷന്റെ കടമയാണെന്നും ഹര്‍ജിയില്‍ പറയുന്നു. കേസ് മറ്റേതെങ്കിലും കോടതിയിലേക്ക് മാറ്റണമെന്നും പ്രോസിക്യൂഷന്‍ കോടതിയോട് അപേക്ഷിച്ചു.

നടിയെ ആക്രമിച്ച കേസില്‍ വിചാരണ ഇന്നലെ നിര്‍ത്തിവച്ചിരുന്നു. വിചാരണ മാറ്റുകയാണെന്നും മറ്റു കാര്യങ്ങള്‍ പിന്നീട് അറിയിക്കാമെന്നും കോടതി വ്യക്തമാക്കി . കോടതിയില്‍നിന്ന് സുതാര്യമായ വിചാരണ പ്രതീക്ഷിക്കുന്നില്ലെന്നും തുടര്‍നടപടികള്‍ നിര്‍ത്തിവെക്കണമെന്നും ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ ഹര്‍ജി ഫയല്‍ ചെയ്ത സാഹചര്യത്തിലാണ് കോടതിയുടെ നടപടി. ഇന്നലെ പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയില്‍ എത്തിയിരുന്നില്ല.

നേരത്തെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് നടന്‍ ദിലീപിന്റെ ജാമ്യം റദ്ദ് ചെയ്യണമെന്ന് പ്രൊസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.

കേസിലെ പ്രധാന സാക്ഷിയെ സ്വാധീനിക്കാന്‍ അഭിഭാഷകന്‍ വഴി ശ്രമിച്ചെന്നാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ നല്‍കിയ അപേക്ഷയില്‍ പറഞ്ഞത്. നേരത്തെ ദിലീപിനെതിരെ മൊഴി നല്‍കിയിരുന്ന സാക്ഷികള്‍ കോടതിയില്‍ മൊഴി മാറ്റി പറഞ്ഞിരുന്നു. പ്രധാന സാക്ഷിയും ഇത്തരത്തില്‍ മൊഴി മാറ്റിയതോടെയാണ് പ്രോസിക്യൂഷന്‍ ദിലീപിനെതിരെ കോടതിയെ സമീപിച്ചത്.

തൃശൂര്‍ ടെന്നീസ് ക്ലബില്‍ വെച്ച് ദിലീപും പള്‍സര്‍ സുനിയും തമ്മില്‍ കൂടിക്കാഴ്ച നടത്തുന്നത് കണ്ടുവെന്നായിരുന്നു സാക്ഷിയുടെ മൊഴി. ഈ മൊഴി നല്‍കിയ സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നാണ് പ്രോസിക്യൂഷന്‍ പറയുന്നത്.

  • പിണങ്ങിക്കഴിയവെ ഭാര്യയ്ക്ക് മറ്റൊരാളില്‍ കുഞ്ഞുണ്ടായി; ഒന്നിക്കാനായി ദമ്പതിമാര്‍ നവജാതശിശുവിനെ ഉപേക്ഷിച്ച് കടന്നു
  • സ്വര്‍ണക്കടത്തിനു പിന്നില്‍ മലയാളി പ്രവാസി വ്യവസായി 'ദാവൂദ്'
  • കൊല്ലത്ത് കുഞ്ഞുമായി കായലില്‍ ചാടി ജീവനൊടുക്കിയ യുവതിയുടെ ഭര്‍ത്താവും ജീവനൊടുക്കി
  • സര്‍ക്കാരിന്റെ സാങ്കേതിക പദ്ധതികളില്‍ ശിവശങ്കര്‍ വന്‍തുക കമ്മീഷനടിച്ചെന്ന് മൊഴി; ഇടനില സ്വപ്‍ന!
  • യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ചു ; അഞ്ചു ലക്ഷം തട്ടി , സിപിഎം പ്രവര്‍ത്തകനെതിരെ കേസെടുത്തു
  • കുഞ്ഞിനെ ഭിത്തിയിലെറിഞ്ഞു കൊല: രണ്ടു വര്‍ഷം മുമ്പ് പിതാവിനെയും കൊലപ്പെടുത്തിയതാണെന്ന് സംശയം
  • ഇടുക്കിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍
  • പഞ്ചരത്‌നങ്ങളില്‍ മൂന്നുപേര്‍ ഗുരുവായൂരില്‍ വിവാഹിതരായി
  • താനടക്കമുള്ള സ്ത്രീ തടവുകാരെ പൂര്‍ണ്ണനഗ്നരാക്കി; കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ഷെമീറിന്റെ ഭാര്യ
  • കപില്‍ ദേവിന് ഹൃദയാഘാതം; ആന്‍ജിയോ പ്ലാസ്റ്റിക്ക് വിധേയനാക്കി
  •  
        © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway