അസോസിയേഷന്‍

പെരുവനത്തിന്റെ മേളപ്പെരുമയില്‍ യുക്മ ദേശീയ വെര്‍ച്വല്‍ കലാമേളക്ക് തുടക്കം; മാറ്റുരക്കുന്നത് അഞ്ഞൂറോളം മത്സരാര്‍ത്ഥികള്‍

പതിനൊന്നാമത് യുക്മ ദേശീയ കലാമേളയ്ക്ക് തുടക്കമായി. സുപ്രസിദ്ധ ചെണ്ടമേളം വിദ്വാന്‍ പത്മശ്രീ പെരുവനം കുട്ടന്‍ മാരാരുടെ പുകള്‍പെറ്റ മേളപ്പെരുമയില്‍ ദേശീയ വെര്‍ച്വല്‍ കലാമേള ഉദ്ഘാടനം ചെയ്യപ്പെട്ടു. കോവിഡ് കാലഘട്ടത്തില്‍ ഇത്രയേറെ പ്രതിസന്ധികളെ അതിജീവിച്ച് കലാമേള സംഘടിപ്പിച്ച യുക്മയെ പ്രശംസിച്ച അദ്ദേഹം ചെണ്ട വായിച്ച് കലാമേള ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിച്ചു.

തൃശ്ശൂര്‍ പൂരത്തിലെ കേളികേട്ട ഇലഞ്ഞിത്തറ മേളം അടക്കം കേരളത്തിലെ പ്രശസ്തങ്ങളായ നിരവധി ഉത്സവങ്ങള്‍ക്ക് മേള പ്രമാണിയായ പ്രസിദ്ധ ചെണ്ടമേളം വിദ്വാന്‍ പത്മശ്രീ പെരുവനം കുട്ടന്‍ മാരാര്‍ യുക്മ ദേശീയ കലാമേളയുടെ ഉദ്ഘാടകനായി എത്തി എന്നതു തന്നെ യുക്മയ്ക്കും യു.കെ മലയാളി കലാലോകത്തിന്

തന്നെയും വലിയൊരു അംഗീകാരമായി വിലയിരുത്തപ്പെടുന്നു. മേളപ്പെരുക്കങ്ങളുടെ തമ്പുരാനായ പെരുവനം കുട്ടന്‍ മാരാര്‍ 2011 ല്‍ പത്മശ്രീ അവാര്‍ഡിന് സമ്മാനിതനാകുകവഴി ഒരു രാഷ്ട്രത്തിന്റെ മുഴുവന്‍ ആദരവ് ഏറ്റുവാങ്ങിയ ഗുരുതുല്യനായ കലാകാരനാണ്.

യുക്മ ദേശീയ പ്രസിഡന്റ് മനോജ്കുമാര്‍ പിള്ള അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ മുന്‍ ലൗട്ടന്‍ മേയര്‍ ഫിലിപ്പ് എബ്രഹാം, ദേശീയ വൈസ് പ്രസിഡന്റ്മാരായ അഡ്വ. എബി സെബാസ്റ്റ്യന്‍, ലിറ്റി ജിജോ എന്നിവര്‍ സംസാരിച്ചു. സാജന്‍ സത്യന്‍ ഭദ്രദീപം തെളിയിച്ചു. യു.കെ യിലെ അറിയപ്പെടുന്ന നര്‍ത്തകിയും നൃത്താധ്യാപികയുമായ മഞ്ജു സുനില്‍ അവതരിപ്പിച്ച രംഗപൂജയോട് കൂടെ ഉദ്ഘാടന പരിപാടികള്‍ ആരംഭിച്ചു. സൂര്യ ടിവി യിലൂടെ അവതാരകയായി ശ്രദ്ധേയയായ യു.കെയിലെ സാംസ്‌ക്കാരിക രംഗത്തെ നിറസാന്നിധ്യം ദീപ നായര്‍ അവതരണത്തിന്റെ മികവുമായി ദേശീയ കലാമേള ഉദ്ഘാടന ചടങ്ങുകള്‍ക്ക് ചാരുത പകര്‍ന്നു.

യശഃശരീരനായ സംഗീത ചക്രവര്‍ത്തി എസ് ബി ബാലസുബ്രഹ്മണ്യത്തിന് ആദരവ് അര്‍പ്പിച്ചുകൊണ്ട്, അദ്ദേഹത്തിന്റെ നാമധേയത്വത്തിലുള്ള എസ് പി ബി വെര്‍ച്വല്‍ നഗറിലാണ് പതിനൊന്നാമത് യുക്മ ദേശീയ കലാമേള അരങ്ങേറുന്നത്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തിക്കൊണ്ട് നടക്കുന്ന യുക്മ ദേശീയ കലാമേളയില്‍ ഇനിയുള്ള ദിവസങ്ങള്‍ മത്സര പോരാട്ടങ്ങള്‍തന്നെ ആയിരിക്കുമെന്ന് യുക്മ ദേശീയ ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗീസ് പറഞ്ഞു. യുക്മ ദേശീയ ഭാരവാഹികളായ അനീഷ് ജോണ്‍, സെലീന സജീവ്, ടിറ്റോ തോമസ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

മുന്‍കൂട്ടി അറിയിച്ച് സംപ്രക്ഷേപണം ചെയ്യുന്ന രീതിയിലാണ് യുക്മ ദേശീയ കലാമേള മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. യുക്മയുടെ ഔദ്യോഗീക ഫേസ്ബുക്ക് പേജായ UUKMA യിലൂടെയാണ് മത്സരങ്ങള്‍ സംപ്രേക്ഷണം ചെയ്യപ്പെടുന്നത്. വിവിധ കാറ്റഗറികളിലും വ്യത്യസ്ത ഇനങ്ങളിലുമായി അഞ്ഞൂറിലേറെ മത്സരാര്‍ത്ഥികളാണ് മേളയില്‍ മാറ്റുരക്കുന്നത്.

ഉദ്ഘാടന ചടങ്ങിന് ശേഷം സബ് ജൂനിയേര്‍സ് ഭരതനാട്യത്തോടുകൂടി മത്സരങ്ങള്‍ക്ക് തുടക്കമായി. മുന്‍കൂട്ടി അറിയിച്ച് തുടര്‍ന്നുള്ള ദിവസങ്ങളില്‍ വൈകുന്നേരം ആറ് മണിമുതല്‍ നാല് മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന വിധമാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. 2021 ജനുവരി 2 ശനിയാഴ്ച യുക്മ സംഘടിപ്പിച്ചിരിക്കുന്ന പുതുവത്സര ആഘോഷ പരിപാടിയില്‍ ദേശീയ കലാമേളയുടെ സമാപനവും ഫല പ്രഖ്യാപനങ്ങളും സമ്മാന വിതരണവും നടത്തുന്നതാണ്.

വെര്‍ച്വല്‍ പ്ലാറ്റ്‌ഫോമിന്റെ സാധ്യതകളും വെല്ലുവിളികളും ഏറ്റെടുത്തുകൊണ്ട് യുക്മ നടത്തുന്ന ദേശീയ കലാമേള നിങ്ങളുടെ സ്വീകരണ മുറികളിലേക്കെത്തുമ്പോള്‍, അതിനെ സഹര്‍ഷം ഏറ്റെടുക്കണമെന്നും മത്സരാര്‍ത്ഥികളെ ഹൃദയപൂര്‍വ്വം പ്രോത്സാഹിപ്പിക്കണമെന്നും യുക്മ ദേശീയ നിര്‍വാഹക സമിതി അഭ്യര്‍ത്ഥിക്കുന്നു.

  • സര്‍ഗം സ്റ്റീവനേജ്' ഈസ്റ്റര്‍-വിഷു-ഈദ് ആഘോഷം ഏപ്രില്‍ ഏഴിന്
  • യുകെ മലയാളി ട്രക്കേഴ്സ് അസോസിയേഷന്‍ രണ്ടാമത് സംഗമം
  • യു.കെ.എം.എസ്.ഡബ്ല്യു ഫോറത്തിന്റെ (UKMSW Forum) ആഭിമുഖ്യത്തില്‍ ലോക സോഷ്യല്‍ വര്‍ക്ക് ദിനാചാരണം 16ന്
  • അമ്മമാര്‍ക്ക് ആദരമര്‍പ്പിക്കാന്‍ ജിഎംഎ ; സ്‌പെഷ്യല്‍ മ്യൂസിക്കല്‍ നൈറ്റും വിവിധ കലാപരിപാടികളുമായി 9ന് ഗ്ലോസ്റ്ററില്‍ ഗംഭീര ആഘോഷം
  • യു കെ യിലെ പുതിയ കുടിയേറ്റ നിയമങ്ങള്‍: 'നിയമസദസ്' മികവുറ്റതായി
  • ബ്ലാക്ക്ബേണ്‍ മലയാളി അസോസിയേഷന്‍ ഇരുപതാം വാര്‍ഷികവും പുതിയ ഭാരവാഹികളും
  • 'യു കെ യിലെ പുതിയ കുടിയേറ്റ നിയമങ്ങള്‍': ഐഒസി (യു കെ) കേരള ചാപ്റ്റര്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു
  • മാഞ്ചസ്റ്റര്‍ ട്രാഫോര്‍ഡ് മലയാളി അസോസിയേഷന് നവനേതൃത്വം
  • 2024 ലെ സുപ്രധാന ഇവന്റുകള്‍ പ്രഖ്യാപിച്ചു യുക്മ; ദേശീയ കായികമേള ജൂണ്‍ 29 ന്, കേരളപൂരം വള്ളംകളി ആഗസ്റ്റ് 31 ന്, ദേശീയ കലാമേള നവംബര്‍ 2 ന്
  • പി. ജയചന്ദ്രന്‍ പാടിയ സംഗീത ആല്‍ബം ചെസ്റ്റര്‍ഫീല്‍ഡ് മലയാളി കമ്മ്യൂണിറ്റിയുടെ നേതൃത്വത്തില്‍ റിലീസ് ചെയ്തു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions